കൊച്ചി:മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം വരുത്തി മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.എന്നാൽ സര്‍ക്കാറിന്റെ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസയച്ചു.ഹരജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലേയെന്നും ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സി.സി.ടി.വി ഇല്ലേയെന്നും കോടതി ചോദിച്ചു.മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നാണ് ഹരജിയിലെ വാദം.ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും മെഡിക്കല്‍ കോളജ് ട്രോമാ ഐ.സി.യുവിലാണ് ശ്രീറാം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നെങ്കിലും നട്ടെല്ലിന്റെ എം.ആര്‍.ഐ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഡിസ്ചാര്‍ജിന്റ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വൈകീട്ടോടെ ഫലം ലഭിച്ചാല്‍ ഇന്ന് തന്നെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരും. കടുത്ത മാനസിക സമ്മര്‍ദ്ദവും ഛര്‍ദ്ദിയും തുടരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
പെരിയ ഇരട്ടക്കൊലകേസ്;പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത്ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസിലെ 9 മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.കേസിലെ മുഖ്യപ്രതിയായ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയിൽ ജാമ്യാപേക്ഷ തള്ളിയത്.
കാസർകോഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു
കാസർകോഡ്:സെപ്റ്റംബർ 13,14,15 തീയതികളിൽ കാസർകോഡ് കോൺഫെറൻസ് ഹാൾ,വനിതാ ഭവൻ എന്നിവിടങ്ങളിലായി കാസർകോടിനൊരിടം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പതിനഞ്ചിൽപ്പരം അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം കൂടാതെ ഹ്രസ്വ ചിത്ര മത്സരത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച പത്തോളം ചിത്രങ്ങളുടെ പ്രദർശനവും ഓപ്പൺ ഫോറം, പുസ്തകമേള,ചിത്ര-ഫോട്ടോ പ്രദർശനം,അവാർഡ് നൈറ്റ് ആൻഡ് മെഗാ ഷോ എന്നിവ കാണാനുള്ള സൗകര്യവും രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കും.350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.വിദ്യാർത്ഥികൾക്ക് 250 രൂപയാണ് ഫീസ്.പരിമിതമായ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.രജിസ്‌ട്രേഷൻ ഫോം ഫിൽ ചെയ്യുന്നതിനും ഫീസ് അയക്കേണ്ട അക്കൗണ്ട് ഡീറ്റൈൽസിനും shorturl.at/hQ124 എന്ന ലിങ്ക് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് +917736365958,+919961796489,+918129664465 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
For more information visit: www.frames-kiff.com
കനത്ത മഴ;വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കല്‍പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കഴിഞ്ഞ ദിവസം വയനാട് അമ്പലവയൽ കരിങ്കുറ്റിയില്‍ മണ്‍ഭിത്തിയിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമുണ്ടായ കുറിച്യര്‍മല ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ ഇന്ന് കോടതിയിൽ അപ്പീൽ നൽകും
തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് കോടതിയിൽ അപ്പീൽ സമർപ്പിക്കും.തിരുവനന്തപുരം സിജെ എം കോടതിയാണ് ശ്രീറാമിന് ജാമ്യം നല്‍കിയത്.ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. അതേസമയം മദ്യം കഴിച്ചോ എന്ന് ഉറപ്പിക്കാനുള്ള രക്തപരിശോധന പൊലീസ് മനപൂര്‍വ്വം വൈകിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനും ജാമ്യത്തിനെതിരെ അപ്പീല്‍ പോകാനുമുള്ള സര്‍ക്കാര്‍ തീരുമാനം. ശ്രീറാം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ചികിത്സയിലാണ്.എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് നേതൃത്വം നല്‍കുന്ന പ്രത്യേക പൊലീസ് സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡൽഹി:മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.66 വയസ്സായിരുന്നു.ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുഷമ സ്വരാജ്. ഇതിനിടയിലാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായി അന്ത്യം.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി,കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം.അതിനു മുൻപായി ആയി 11:00 വരെ വരെ വസതിയിലും ശേഷം 3 മണി വരെ ബി.ജെ.പി ആസ്ഥാനത്തും പൊതുദർശനത്തിനു വെയ്ക്കും.അന്തസ്, ധൈര്യം, സമഗ്രത എന്നിവയുടെ പ്രതീകമായ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായമാണ് അവസാനിക്കുന്നതിന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അസാധാരണ നേതാവും പ്രശസ്ത പ്രാസംഗികയും മികച്ച പാർലമെന്റേറിയനുമായിരുന്നു സുഷമാ സ്വരാജ് എന്ന് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിസോറാം മുൻ ഗവർണറും സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശൽ ആണ് ഭർത്താവ്.
സംസ്ഥാനത്ത് ഓഗസ്റ്റ് 12 തിങ്കളാഴ്ച പൊതുഅവധി
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളി. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്.കേസില്‍ നിരവധി തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.അതേസമയം, ശ്രീറാം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ എന്ത് രേഖകളാണ് പ്രോസിക്യൂഷന്റെ കൈയിലുള്ളതെന്നും അദ്ദേഹം മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. ഇതിന് സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ മറുപടി. എന്നാല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരിക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി.അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നു കണ്ടെത്താനുള്ള പരിശോധനയാണ് ഡോപുമിന്‍ ടെസ്റ്റ്.സ്വാധീനമുപയോഗിച്ച് ശ്രീറാം കേസ് അട്ടിമറിച്ചെന്ന് സിറാജ് മാനേജ്‌മെന്റ് ആരോപിച്ചു.ശ്രീറാമിന് ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിച്ചതായി കരുതുന്നില്ലെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സൈഫുദീന്‍ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു
ഉത്തരാഖണ്ഡ്:ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു.തെഹ്‌രി ഗര്‍വാളിലെ കാങ്‌സാലിയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് ഏഴ് കുട്ടികള്‍ മരിച്ചത്. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 18 പേരാണ് ബസിലുണ്ടായത്. ബദരിനാഥ് ഹൈവേയിലാണ് രണ്ടാമത്തെ അപകടം. ബസിനു മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിക്കുകയായിരുന്നു. ഈ അപകടത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം:മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക.കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടർന്നുണ്ടായതാണ്. മാധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന ആക്ഷേപത്തെ തുടർന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ ഇന്നലെ സസ്പെൻഡ് ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.കേസ് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.