കോഴിക്കോട്:സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.സംസ്ഥാനത്ത് 63 പേരാണ് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിത്തുടങ്ങി.മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വ്വീസ് പുനരാരംഭിച്ചു. തൃശൂര്‍ – എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസുണ്ട്.
കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മലപ്പുറം:കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തനിവാരണസേനയും സന്നദ്ധ പ്രവര്‍ത്തകരും ഇവരോടൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണു നിറഞ്ഞു കിടക്കുന്നുണ്ട്.45 വീടുകളാണ് മണ്ണിനടിയില്‍ പെട്ടുപോയത്. വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാത്ത രീതിയിലാണ് മണ്ണു നിറഞ്ഞത്.അൻപതടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കിയാല്‍ മാത്രമേ ഉള്ളില്‍ കുടുങ്ങിയവെ കണ്ടെത്താനാകൂ.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.കനത്ത മഴ തുടര്‍ന്നതിനാല്‍ ചെളിനിറഞ്ഞ് ദുഷ്‌കരമായിരുന്നു ശനിയാഴ്ചത്തെ തിരച്ചില്‍.രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ശനിയാഴ്ച വീണ്ടും ഉരുള്‍പൊട്ടി.രക്ഷാപ്രവര്‍ത്തകര്‍ ഓടിമാറിയതിനാല്‍ മറ്റൊരു ദുരന്തമൊഴിവാകുകയായിരുന്നു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിർത്തിവെയ്ക്കുകയായിരുന്നു.അൻപതിലധികം പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകൂട്ടൽ.നിലവില്‍ മരങ്ങളും മറ്റു മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.ശനിയാഴ്ച കടപുഴകിയ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.അതേസമയം മേഖലയില്‍ വീണ്ടും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണ്ണ് ശക്തമായി താഴേക്ക് തെന്നി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മലപ്പുറം കവളപ്പാറയില്‍ ഉരുൾപൊട്ടൽ;50ലേറെ പേര്‍ മണ്ണിനടിയിൽപെട്ടതായി സംശയം
മലപ്പുറം:മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വൻ ഉരുൾപൊട്ടൽ.50ലേറെ പേര്‍ മണ്ണിനടിയിൽപെട്ടതായി സംശയം.അപകടം നടന്ന സ്ഥലത്ത് എഴുപതോളം വീടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കവളപ്പാറയിലെ ആദിവാസി കോളനിയിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത് എന്നാണ് സ്ഥലത്ത് നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. സ്ഥലത്തേക്ക് എത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും എന്നും നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട വീടുകളിലെ ആരും ദുരിതാശ്വാസ ക്യാംപുകളിലോ ബന്ധുവീടുകളിലോ എത്തിയിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.കവളപ്പാറയിലേക്കുളള റോഡുകളും പാലവുമടക്കം തകര്‍ന്നത് കൊണ്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് വിശദീകരണം.അതേസമയം ദുരന്തം വാര്‍ത്തയായതോടെ കവളപ്പാറയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മണ്ണിടിച്ചില്‍ ഉണ്ടായി രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദേശീയ ദുരന്തപ്രതിരോധ സേന എത്തുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘത്തോട് വേഗത്തില്‍ നിലമ്ബൂരിലേക്ക് എത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് 24 മണിക്കൂർ കൂടി അതിശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്;അടിയന്തിര സാഹചര്യം നേരിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്.ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമര്‍ദ്ദവും ശാന്തസമുദ്രത്തിൽ രൂപമെടുത്ത ചുഴലിക്കാറ്റുമാണ് സംസ്ഥാനത്താകെ കാറ്റിന്‍റെയും മഴയുടേയും ശക്തികൂട്ടിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തെക്കൻ ജില്ലകളിൽ വ്യാപക മഴയുണ്ടെങ്കിലും വടക്കൻ ജില്ലകളിലേതുപോലെ തീവ്രമഴയോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്.വയനാട് അടക്കം വടക്കൻ ജില്ലകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്യുകയാണ്. ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴ പെയ്തതോടെഅട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു.പ്രളയസമാനമായ സാഹചര്യം ഉണ്ടായതോടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്.കനത്ത മഴക്കിടെയും അടിയന്തരമായി രക്ഷാ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്.
വടകര വിലങ്ങാട് ആലിമലയില്‍ ഉരുൾപൊട്ടൽ;മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു;കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
കോഴിക്കോട്: വടകര വിലങ്ങാട് ആലിമലയില്‍ ഉരുൾപൊട്ടൽ.മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബേബി, ഭാര്യ ലിസ, മകന്‍ എന്നിവരുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി.ഒരു വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയിലായ ഒരു വീട്ടില്‍ നിന്ന് നാട്ടുകാര്‍ ദാസന്‍ എന്നയാളെ രക്ഷപ്പെടുത്തി.എന്നാല്‍ ഇയാളുടെ ഭാര്യ മണ്ണിനടിയില്‍പെട്ടതായാണ് വിവരം.റോഡ് തകര്‍ന്നതിനാല്‍ പരിക്കേറ്റ ദാസനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ഒരു പിക്കപ്പ് വാന്‍, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി. കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ജെസിബി എത്തിച്ച് മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് കാരണം വൈകുകയാണ്.
ജില്ലയിൽ കനത്ത മഴ തുടരുന്നു;ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരവാസികള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നൽകി
കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു.പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.ഈ സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. അതിനിടെ, ജില്ലയില്‍ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ഇരിട്ടി താലൂക്കില്‍ പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55 വയസ്സ്) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. ഉരുള്‍പൊട്ടലുണ്ടായ അടക്കാത്തോട് മേമലക്കുന്ന്, കൊട്ടിയൂര്‍ ചാപ്പമല എന്നിവിടങ്ങളില്‍ നിന്ന് 10 കുടുംബങ്ങളെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്.ഇരിട്ടി,ഇരിക്കൂർ,കുറുമാത്തൂര്‍, ചെങ്ങളായി, ശ്രീകണ്ഠാപുരം, മയ്യില്‍, കൊളച്ചേരി, ആലക്കോട് തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകളും കടകളും തകര്‍ന്നു.വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
വയനാട്:കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി.അൻപതോളം ആളുകൾ ഇപ്പോഴും ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖലയിലുള്ള വീടുകള്‍, പള്ളി, ക്ഷേത്രം കാന്‍റീന്‍ എന്നിവയൊക്കെ തകർന്നു.വ്യാഴാഴ്ച മുതല്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ നിന്നും റോഡുകള്‍ ഒലിച്ചുപോയതിനാല്‍ കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്.എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.മണ്ണ് മാറ്റുന്നതിനിടെ വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവര്‍ത്തനം ദുസഹമാക്കുന്നുണ്ട്. പരിക്കേറ്റ പത്ത് പേര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു;മരണസംഖ്യ 23 ആയി;ഇന്ന് മാത്രം മരിച്ചത് 13 പേര്‍
തിരുവനന്തപുരം:കനത്ത നാശം വിതച്ച് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി.ഇന്ന് മാത്രം വിവിധയിടങ്ങളിലായി 13 പേരാണ് മരിച്ചത്.വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.വയനാട് മേപ്പാടി പുതുമലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ട്.ഇവിടെ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.രണ്ടു പാര്‍പ്പിട കേന്ദ്രങ്ങള്‍, വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. ദുരന്തസമയത്ത് ആള്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍കര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ നടന്നുപോകേണ്ട സ്ഥിതിയാണ് ഇവിടെ നേരിടുന്നത്. വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.മലപ്പുറം നാടുകാണിയില്‍ വീട് ഒലിച്ചുപോയി രണ്ട് സ്ത്രീകളെ കാണാതായി.കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്ബൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി.
റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ റെയില്‍പാളത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം ആലപ്പുഴ (56379), ആലപ്പുഴഎറണാകുളം പാസഞ്ചറുകളാണ് സര്‍വീസ് നിര്‍ത്തി വെയ്ക്കുന്നത്. നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. കൊച്ചി നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാല്‍ വക്താവ് അറിയിച്ചു. മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. മറ്റു വിമാനങ്ങള്‍ വഴി തിരിച്ചുവിടുമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം എന്നിവ ഒഴികെയുള്ള 12 ജില്ലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കോയമ്പത്തൂരിൽ റെയില്‍വെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേർ മരിച്ചു
കോയമ്പത്തൂര്‍: റെയില്‍വെ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചു. പവിഴമണി, ഇബ്രാഹിം മേട്ടുപാളയം എന്നിവരാണ് മരിച്ചത്. രാജു എന്ന തൊഴിലാളിക്ക് പരിക്കുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം.റെയില്‍വെ അധികൃതര്‍ അറിയിച്ചതനുസരിച്ച് 50ഓളം അഗ്നിശമന സേനാംഗങ്ങളും റെയില്‍വെ സുരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കെട്ടിടത്തിനകത്ത് അകപ്പെട്ട മൂന്ന് പേരെയും ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പവിഴമണിയുടേയും ഇബ്രാഹിമിേന്‍റയും ജീവന്‍ രക്ഷിക്കാനായില്ല. രാജുവിെന തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ ജില്ലയിൽ കനത്തമഴയും ഉരുൾപൊട്ടലും; പുഴകൾ കരകവിഞ്ഞൊഴുകുന്നു; വീടുകളിൽ വെള്ളം കയറി;ഗതാഗതം താറുമാറായി
കണ്ണൂർ:ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ആറളം വനത്തിലും കേളകം അടക്കാത്തോട്ടം ഉരുള്‍പ്പെട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാല്‍ ഓഫീസ് പരിസരം വെള്ളത്തിലായി. അടക്കാത്തോട് മുട്ടുമാറ്റിയില്‍ ആനമതില്‍ വീണ്ടും തകര്‍ന്നു. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് മലയോര ഹൈവെയില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം മുടങ്ങി.കനത്ത മഴയില്‍ മണ്ണിടിഞ്ഞു കൊട്ടിയൂര്‍ – വയനാട് പാല്‍ചുരം റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പോലീസ്, ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.കൊട്ടിയൂരിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു