മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മാത്രം മരിച്ചവരുടെ എണ്ണം 38ആയി.കാണാതായ 11പേരെ കൂടി കണ്ടെത്താനുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.സംസ്ഥാനത്ത് പ്രളയത്തില്‍ ഇതുവരെ പൊലിഞ്ഞത് 107 ജീവനുകളാണ്. കണ്ടെത്താനുള്ള പലരും മണ്‍കൂനക്കടിയിലാണ്. മഴകുറഞ്ഞതോടെ പ്രളയം നാശം വിതച്ച മേഖലകളില്‍ രക്ഷാദൗത്യം ഊർജ്ജിതമായിട്ടുണ്ട്.വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴു പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ തുടരുന്നത്.അതേസമയം കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും സർക്കാരിനില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി;ഇതുപോലുള്ളവർ ഉള്ളപ്പോൾ ആര്‍ക്കാണ് നമ്മളെ തോല്‍പ്പിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി
മലപ്പുറം:ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി.മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് തന്റെ കാതില്‍ക്കിടന്ന കടുക്കന്‍ ഊരിക്കൊടുത്ത് പ്രളബാധിതരെ സഹായിച്ചത്.സിപിഐഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ക്കാണ് ശ്രീനാഥ് കടുക്കന്‍ നല്‍കിയത്.ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്ബൂതിരി സംഭാവന നല്‍കിയത്. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്ബൂതിരി.
മേല്‍ശാന്തിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ‘ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക’ എന്നാണ് പിണറായി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
പ്രളയ ദുരിതമേഖലയിലെ കുരുന്നുകളില്‍ പുഞ്ചിരി വിടര്‍ത്താന്‍ തലസ്ഥാന നഗരിയിൽ നിന്നും കളിപ്പാട്ടവണ്ടി ഒരുങ്ങി
തിരുവനന്തപുരം:പ്രളയ ദുരിതം കുഞ്ഞുങ്ങളിൽ നിന്നും തകർത്തെറിഞ്ഞ കളിചിരികൾ തിരികെ കൊണ്ടുവരാൻ തലസ്ഥാനത്ത് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്.കുട്ടികളുടെ സന്തോഷങ്ങള്‍ കൂടിയാണ് പ്രളയം തകര്‍ത്തെറിയുന്നത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചത്. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ വീണ്ടും സന്തോഷത്തിന്റെ ലോകത്തേക്ക് കൊണ്ടുവരുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് റൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാവുന്നതാണ്. ഇന്ന് കളിപ്പാട്ടവണ്ടി കോഴിക്കോട്ടേക്ക് പുറപ്പെടും. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ക്രയോണ്‍സും, കളര്‍പെന്‍സിലും ചെസ് ബോര്‍ഡും തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനുളളതെന്തും ഇവര്‍ക്ക് കൈമാറാം എന്നും സംഘടന അറിയിച്ചിട്ടുണ്ട്.
വയനാടിന് സാന്ത്വനമായി രാഹുൽ ഗാന്ധി;50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ചു
വയനാട്:മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് താങ്ങായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.എം.പിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വയനാടിന് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ എത്തിക്കും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റും എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
ആശങ്കയിൽ വയനാട്ടിലെ കുറിച്യർ മല;വീണ്ടും മണ്ണിടിച്ചിലിന് സാധ്യത;മലമുകളിലെ ജലാശയം താഴേക്ക് പതിച്ചേക്കുമെന്ന് മുന്നറിയിപ്പ്
വയനാട്:ആശങ്കയുയർത്തി വയനാട്ടിലെ കുറിച്യാർ മല.കുറിച്യാർമലയിൽ ഇനിയും ഒരു മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടർച്ചയായ രണ്ടാം വർഷവും കുറിച്യാർ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലെ വിള്ളൽ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ഇനിയും ഉരുൾപൊട്ടൽ ഉണ്ടായാൽ ഈ ജലാശയം താഴേക്ക് പതിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുറിച്യാർമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രഭവ കേന്ദ്രത്തിന്റെ അടുത്താണ് ഈ തടാകം. മലയിൽ 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ കുറിച്യാർ മലയുടെ താഴ്വാരത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.ശനിയാഴ്ച ഉച്ചയോടെ വിദഗ്ധസംഘം ഈ പ്രദേശത്ത് എത്തി പരിശോധന നടത്തും. തടാകത്തിലെ വെള്ളവും മമ്ണും കല്ലും മരങ്ങളുമെല്ലാം താഴ്വാരത്തേക്ക് ഒലിച്ചു വന്നാൽ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും തിരച്ചിൽ ഇന്നും തുടരും
വയനാട്:ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനി കണ്ടെത്തേണ്ടത്.നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ രാവിലെ ഏഴരയോടെ തുടങ്ങി.പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തിരച്ചിൽ നടത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരെ കാണാതായത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെ കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആകെ 33 ആയി സ്ഥിരീകരിച്ചു.പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു;ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം.ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്.കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഈ മാസം ആദ്യം മുപ്പത് ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ മഴ ലഭിച്ചതായാണ് കണക്ക്. 1601 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 1619 മില്ലീമീറ്റര്‍ മഴ. ഇടുക്കിയില്‍ മാത്രമാണ് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തിയത്.
ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി
ടെഹ്‌റാൻ:ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി.മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ.കെ.അജ്മല്‍ (27), കാസര്‍കോട് ഉദുമ നമ്ബ്യാര്‍ കീച്ചില്‍ ‘പൗര്‍ണമി’യില്‍ പി. പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നും മൂന്നുലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയുമായി സിറിയയിലേക്കു പോയ ‘ഗ്രെയ്‌സ് വണ്‍’ എന്ന കപ്പലിനെ സ്‌പെയിനിനു സമീപം ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു മാറി ബ്രിട്ടന്റെ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. 18,000 കിലോമീറ്ററും 25 രാജ്യങ്ങളും താണ്ടി കഴിഞ്ഞ മാസം 4ന് ജിബ്രാള്‍ട്ടറില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ നിറയ്ക്കുന്നതിനായി കപ്പല്‍ കരയിലേക്കു നീങ്ങി. ഈ സമയത്താണ് ഹെലികോപ്റ്ററില്‍ എത്തിയ ബിട്ടീഷ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ജീവനക്കാരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് ഫോണ്‍ തിരിച്ചു കിട്ടിയതോടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
പ്രളയക്കെടുതിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും
തിരുവനന്തപുരം:പ്രളയക്കെടുതിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും.തന്റെ വരുമാനത്തിന്റ ഒരു പങ്കാണ് ഇല്‍സി സ്‌ക്രോമേന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.’ കേരളത്തില്‍ കൊല്ലപ്പെട്ട നമ്മുടെ എല്ലാം നൊമ്ബരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരി ഇല്‍സി നമുക്ക് പിന്തുണയറിയിച്ചു. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇല്‍സിയുടെ മനസ് വലുതാണ്. ഇല്‍സിയുടെ സന്ദേശം മലയാളികള്‍ക്കാതെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദര’ വെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അയര്‍ലന്‍ഡിലുള്ള അവര്‍ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമാവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇല്‍സിയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് അവര്‍ ആശംസിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പുത്തുമലയില്‍ സ്നിഫര്‍ നായ്‍ക്കളെ ഉപയോഗിച്ച് നടത്തിയ തിരച്ചിലും വിഫലം; ഇനിയും കണ്ടെത്താനുള്ളത് ഏഴുപേരെ കൂടി
വയനാട്:ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിലെ പുതുമലയിൽ കാണാതായവർക്കായി സ്നിഫര്‍ നായ്‍ക്കളെ ഉപയോഗിച്ച് നടത്തിയ തിരച്ചിലും വിഫലം.നായ്ക്കള്‍ ചെളിയില്‍ താഴ്‍ന്നുപോകാന്‍ തുടങ്ങിയതോടെ ഇവരെ ഉപയോഗിച്ചുള്ള തിരച്ചിൽ നിര്‍ത്തി വച്ചു. ഏഴ് പേരെയാണ് ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുള്ളത്.മനുഷ്യശരീരം മണത്ത് കണ്ടെത്താന്‍ കഴിവുള്ള ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍ പെട്ട നായ്‍ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്.എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്. പക്ഷേ, ആ തെരച്ചില്‍ വിഫലമായി. മാത്രമല്ല, നായ്ക്കളുടെ കാലുകള്‍ ചെളിയില്‍ താഴാനും തുടങ്ങി.മൃതദേഹം കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചില്‍ നടത്തുന്നത്. ഭൂപടത്തില്‍ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച് നോക്കിയിട്ടും ഏഴില്‍ ഒരാളെ പോലും കണ്ടെത്താനായില്ല.