സംസ്ഥാനത്ത് കാലവർഷം കനത്തു;ചൊവ്വാഴ്ച വരെ ശക്തമായ മഴ;എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

keralanews heavy rain in kerala alert in all districts

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം കനത്തു.കനത്ത മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു.ഇടുക്കിയിലെ മലങ്കര ,കല്ലാര്‍ക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താന്‍കെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പെരിയാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കല്ലാര്‍ക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടര്‍ വീതവും, ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്‍പത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്.ശക്തമായ മഴ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് 40 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാധ്യത.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കാലവർഷം ശക്തമായതോടെ  മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി.തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂര്‍ തലശേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരണമടഞ്ഞു.കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്.

കേരളത്തിൽ മഴ കനക്കുന്നു; കോഴിക്കോട് ഉരുൾപൊട്ടൽ;ഇടുക്കിയിൽ മണ്ണിടിഞ്ഞു

keralanews heavy rain in kerala landslide in idukki and kozhikode

തിരുവനന്തപുരം:കേരളത്തിൽ മഴ കനക്കുന്നു.ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്ന് ശക്തമായി തുടരുകയാണ്.കനത്തമഴയെ തുടർന്ന് പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി – വാഗമൺ റൂട്ടിൽ പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു.കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി.വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ ലൂയിസ്,ബെന്നി,കൊച്ചുപള്ളി സ്വദേശികളായ ആന്റണി യേശുദാസന്‍ എന്നിവരെ കാണാതായി.ബുധനാഴ്ച വൈകീട്ട് മത്സബന്ധനത്തിന് പോയ ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ മറൈന്‍ എന്‍ഫോഴ്സ്മെന്റന്റെ നേത്യത്വത്തില്‍ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സോന്‍ഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു;പ്രദേശത്ത് സംഘർഷ സാധ്യത

keralanews priyanka gandhi taken into preventive custody on the way to meet sonbhadra land dispute victims

ഉത്തർപ്രദേശ്:മിര്‍സാപൂരിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ വെച്ചത്.മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പോലീസ് തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രിയങ്ക റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്റെ മകന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്.രണ്ടുവര്‍ഷം മുൻപ് ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് എന്നയാൾ ഇവിടെ 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തുകയും ട്രാക്ടറുകള്‍ എത്തിച്ചു നിലമുഴാനും തുടങ്ങി.ഈ നീക്കം ഗ്രാമവാസികള്‍ തടഞ്ഞു. തുടര്‍ന്ന് യാഗ്യ ദത്തിന്റെ അനുയായികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം സംഭവത്തില്‍ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

 

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു മത്സ്യത്തൊഴിലാളികളെ കാണാതായി

keralanews four fishermen missing from vizhinjam

തിരുവനന്തപുരം:വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു മത്സ്യത്തൊഴിലാളികളെ  കാണാതായി.പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ക്കായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തതോടെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് തിരച്ചില്‍ ആരംഭിച്ചു.മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കർണാടകയിൽ വിശ്വാസവോട്ടിന് ഗവർണ്ണറുടെ അന്ത്യശാസനം;ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിശ്വാസവോട്ട് തേടണം

keralanews governor sets a deadline of 1-30pm today for trust vote in karnataka

ബെംഗളൂരു:കർണാടകയിൽ വിശ്വാസവോട്ടിന് ഗവർണ്ണറുടെ അന്ത്യശാസനം.കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിശ്വാസവോട്ട് തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തുനല്‍കി. വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഇന്നലെ തന്നെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സ്പീക്കര്‍, ഇന്നലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഗവര്‍ണര്‍ നല്‍കിയ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും.വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതില്‍ പ്രതിഷേധിച്ച്‌ യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും നിയമസഭില്‍ തന്നെ കിടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം;അ​ഖി​ലി​നെ കുത്താനുപയോഗിച്ച ക​ത്തി ക​ണ്ടെ​ടു​ത്തു; പ്ര​തി​ക​ളെ കോ​ള​ജി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

keralanews knife used to stab akhil was discovered accused bring college for evidence collection

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്‌എഫ്‌ഐ നേതാക്കള്‍ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ പോലീസ് കോളജിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെടുത്തത്.ക്യാമ്പസിനകത്ത് അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്തു നിന്നാണ് ആയുധം കണ്ടെടുത്തത്. കോളജിലെ യൂണിയന്‍ മുറിയിലും പരിസര പ്രദേശങ്ങളിലുമടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.അതേസയമം പ്രതികൾ കത്തി വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് പോലീസ് പറഞ്ഞു. ആവശ്യമനുസരിച്ച്‌ നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിത്.കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു;മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

keralanews rain is strengthening in the state red alert in three districts

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു.ദുരന്ത സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവം;എബിവിപി പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ

keralanews the incident of removing flag from campus principal said there was a threat from abvp workers

തലശ്ശേരി:ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തിൽ എബിവിപി പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ കെ ഫൽഗുണൻ.മരണ ഭയമുണ്ടെന്നും പൊലീസിന്റെ സംരക്ഷണം ആവശ്യുപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാല്‍ എടുത്തുമാറ്റിയിരുന്നു. ഇതില്‍ എ.ബി.വി.പി വ്യാപകമായി പ്രതിഷേധിച്ചിരുന്നു.അതേസമയം, പ്രിൻസിപ്പൽ മാറ്റിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ വീണ്ടും പുനസ്ഥാപിച്ചു. സംഭവം നടക്കുന്നതിനിടെ പൊലീസും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് കൊടിമരം വീണ്ടും പുനസ്ഥാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രിന്‍സിപ്പാള്‍ നീക്കിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു

keralanews flag removed by principal in brennen college was restored by abvp workers

തലശ്ശേരി:തലശ്ശേരി ബ്രണ്ണൻ കോളേജ് ക്യാമ്പസ്സിൽ നിന്നും പ്രിന്‍സിപ്പാള്‍ നീക്കിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു.ഏഴു വര്‍ഷം മുൻപ് മത തീവ്രവാദികളുടെ കുത്തേറ്റു മരിച്ച എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ അനുസ്മരണ ദിനത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിയാണ് പ്രിന്‍സിപ്പാള്‍ നീക്കം ചെയ്തത്. സംഘര്‍ഷമൊഴിവാക്കാനാണ് താന്‍ തന്നെ കൊടിമരം പിഴുതുമാറ്റിയത് എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ന്യായീകരണം.ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ വീട്ടിലേക്ക് എ ബി വി പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.സംഭവത്തില്‍ പ്രിന്‍സിപ്പാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ പ്രവര്‍ത്തി ഗുണ്ടകള്‍ക്ക് ചേര്‍ന്നതാണെന്നും, രാഷ്ട്രീയം കളിക്കണമെങ്കില്‍ രാജിവെച്ച്‌ ലോക്കല്‍ സെക്രട്ടറിയാവുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്‌ യൂനിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകള്‍ തന്നെ; സംഭവം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

keralanews answer sheets seized from shivaranjiths house belongs to university syndicate subcommittee will investigate the incident

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തി.ഇതുസംബന്ധിച്ച്‌ പരീക്ഷാ കണ്‍ട്രോളര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റിന് കൈമാറിയിട്ടുണ്ട്. സര്‍വകലാശാല, യൂനിവേഴ്‌സിറ്റി കോളജിന് അനുവദിച്ച ഉത്തരക്കടലാസുകള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്.ക്രമനമ്പർ അനുസരിച്ചാണ് യൂനിവേഴ്‌സിറ്റി വ്യത്യസ്ത കോളജുകള്‍ക്ക് ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്.പിടിച്ചെടുത്ത ഉത്തരക്കടലാസുകളില്‍ നിന്നുള്ള സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് തന്നെയാണ് ഉത്തരപേപ്പര്‍ ചോര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായി.ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് അന്വേഷിക്കുന്നതിനോടൊപ്പം 2015 മുതലുള്ള ഉത്തരക്കടലാസുകളുടെ വിനിയോഗം സംബന്ധിച്ച്‌ പരിശോധന നടത്താനും ഉപസമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.