തിരുവനന്തപുരം:18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു.യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം. അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്.ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെഎസ്യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്യു നേതൃത്വം വ്യക്തമാക്കി. യൂണിയന് രൂപീകരിച്ച ശേഷം വിദ്യാര്‍ത്ഥികളായ ഇവര്‍ കോളേജ് ക്യാമ്പസ്സിനുള്ളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാര്‍ഡുകള്‍ കാണിച്ച ശേഷമാണ് ഇവര്‍ ക്യാമ്പസിൽ പ്രവേശിച്ചത്. എസ്.എഫ്.ഐ പ്രവര്ത്തകന് തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്എഫ്ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്.
പത്തു ദിവസത്തെ അവധിക്ക് ശേഷം കനത്ത സുരക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു
തിരുവനന്തപുരം:അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പത്തു ദിവസമായി അടച്ചിട്ടിരുന്ന യൂനിവേഴ്സിറ്റി കോളേജ് ഇന്ന് തുറന്നു.ശക്തമായ പൊലീസ് കാവലിലാണ് കോളജ് തുറന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. റാഗിങ് ബോധവല്‍ക്കരണ നോട്ടീസും പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. എസ്എഫ്ഐ നേതാക്കളുടെ കുത്തേറ്റ് എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് കോളജില്‍ പ്രക്ഷോഭവും സമരങ്ങളും അരങ്ങേറിയത്. തുടര്‍ന്ന് പത്ത് ദിവസത്തോളം കോളജ് അടച്ചിടുകയായിരുന്നു.അതേസമയം യൂണിവേഴ്സിറ്റി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
പീഡന പരാതി;കേസ്-റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു
മുംബൈ:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും. ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് സാംപിൾ നൽകിയിരുന്നില്ല.മറ്റു തടസ്സങ്ങളില്ലെങ്കില്‍ ബിനോയിയുടെ രക്തസാംപിള്‍ ഇന്നെടുത്തേക്കും.
കനത്ത മഴ;കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
ചന്ദ്രയാൻ 2 വിക്ഷേപണം ഇന്ന്
ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണം ഇന്ന്.ഉച്ചയ്ക്ക് 2.43ന് ശ്രീഹരികോട്ടയില്‍ നിന്നാണ് വിക്ഷേപണം . ഇന്നലെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ജൂലൈ 15 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.തകരാറുകള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും ചാന്ദ്രയാന്‍ – 2 കുതിക്കാനൊരുങ്ങുന്നത്.വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43-ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് തീരുമാനം. മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ 2വിന്റെ ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ലാന്‍ഡിംഗ് മൊഡ്യൂളിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചന്ദ്രയാന്‍ 2 റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ചന്ദ്രയാന്‍ – ഒന്നാം ദൗത്യത്തില്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്ബ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 978 കോടി ചെലവ് വരുന്ന ചന്ദ്രയാന്‍ വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാകും.
ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി
കണ്ണൂര്‍: ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി.ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.മാട്ടറയില്‍ നിന്ന് മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്. ഇയാള്‍ക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.പാലത്തിന് കൈവരി ഇല്ലാത്തതും പാലത്തിൽ വെള്ളം കയറിയതുമാണ് അപകടത്തിന് കാരണമായത്.
കനത്ത മഴ;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു.അതേസമയംസര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;കാസർകോഡ് ജില്ലയിൽ റെഡ് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം കയറി. കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.നാളെ അർധരാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് തീരത്ത് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം വിഴിഞ്ഞത്തു നിന്നും കടലില്‍ കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. ശക്തമായ തിരയില്‍ ബോട്ടിന്റെ യന്ത്രം തകരാറിലായതോടെയാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്.
കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം:കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹം തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സഹായരാജുവിനൊപ്പം കാണാതായ രാജു, ജോണ്ബോസ്കോ എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നേവിയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ബോട്ടുകളും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തമിഴ്നാട് സ്വദേശികളായ അഞ്ചുമത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. നീണ്ടകര തീരത്തേക്ക് മടങ്ങിയ വള്ളം തകര്‍ന്ന് അഞ്ചുപേരും കടലില്‍ വീണു. നിക്കോളാസ്, സ്റ്റാലിന് എന്നിവര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
ഈ മാസം നാലാം തീയതി ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ മൂന്നു മലയാളി ജീവനക്കാർ ഉള്ളതായി സ്ഥിതീകരിച്ചു
ബ്രിട്ടൺ:ഈ മാസം നാലാം തീയതി ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ മൂന്നു മലയാളി ജീവനക്കാർ ഉള്ളതായി സ്ഥിതീകരണം.ടാങ്കറിലെ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളത്.കപ്പലിലുള്ളവര്‍ നിലവില്‍ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അജ്മല്‍ സാദിഖിന്റെ സഹോദരന് പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം വിളിച്ചിരുന്നുവെന്നും ഉടനെ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.ഈ മാസം നാലിനാണ് ബ്രിട്ടന്, ജിബ്രാള്‍ട്ടറില്‍ നിന്നും ഇറാന് കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണം ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു.ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലും മൂന്ന് മലയാളികളുണ്ട്. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മറ്റൊരാളുമാണ് ഈ കപ്പലിലുള്ള മലയാളികള്‍. ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.