കോട്ടയം:പാലായിൽ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പാല ചാവറ സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.
കർണാടക പ്രതിസന്ധി;ഇന്ന് വൈകുന്നേരം ആറുമണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂർത്തിയാക്കി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു.വേണമെങ്കില്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു.ഇനി വോട്ടെടുപ്പ് നീട്ടാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കിയതോടെ നിയമസഭ ബഹളത്തില്‍ മുങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍ദേശിച്ച രണ്ടു സമയപരിധിയും തള്ളിയാണു സര്‍ക്കാര്‍ ചര്‍ച്ച ഇന്നലത്തേക്കു നീട്ടിയെടുത്തത്. ജനങ്ങള്‍ അവജ്ഞയോടെയാണ് ഇതെല്ലാം കണ്ടിരിക്കുന്നയെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതു ഭരണപക്ഷം വകവച്ചില്ല. വിമത എംഎല്‍എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്.ഇതിനിടയില്‍ തന്നെ ഇതുപോലെ ത്രിശങ്കുവില്‍ ഇരുത്തിയാല്‍ രാജിവെയ്ക്കുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയോടും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയോടും പറഞ്ഞു.സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ ‘രാജി വയ്ക്കു’മെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന.
ശക്തമായ മഴ ബുധനാഴ്ച വരെ തുടരും; കണ്ണൂർ,കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട്
കണ്ണൂർ:സംസ്ഥാനത്ത് ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.ഇന്ന് രാത്രി വരെ പൊഴിയൂർ മുതൽ കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
കനത്ത മഴ;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്നും കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് അവധിയായിരുന്നു.കണ്ണൂര്‍ ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് അഭിമാന നിമിഷം;ചാന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു;ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ശ്രീഹരിക്കോട്ട:ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു.ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരും ഇതിനു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലെ 15-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
അതേസമയം ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും.ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐഎസ്‌ആര്‍ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ അറിവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.
നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
തിരുവനന്തപുരം:നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു.ഇതോടെ പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു.എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കാസർകോഡ്:കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെയും കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് കലക്റ്റർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്.കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. മധുര്‍ മേഖലയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘർഷം;കല്ലേറിൽ പോലീസിനും മാധ്യമ പ്രവത്തകർക്കും പരിക്കേറ്റു
തിരുവനന്തപുരം:കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘർഷം.പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു.പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു.സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു.നിരവധി കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്. മാതൃഭൂമി ഓൺലൈൻ ക്യാമറാമാൻ പ്രവീൺ അടക്കമുള്ള മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു. കെഎസ്‍യുവിന്‍റെ സമരപ്പന്തലിൽ കയറി പൊലീസ് സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധവുമുണ്ടായി. സംഘർഷത്തെത്തുടർന്ന് കെ എം അഭിജിത്ത് നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാൽ രാപ്പകൽ സമരം യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തുടരുമെന്ന് എംപി ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചു.അതേസമയം, ഡീനിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തു കൊണ്ടുപോയവരുടെ വാഹനം തടഞ്ഞതിനാണ് ഡീനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കപ്പലുകളിൽ അകപ്പെട്ട എല്ലാ മലയാളി ജീവനക്കാരും സുരക്ഷിതർ;മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളിലകപ്പെട്ട മലയാളി ജീവനക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ മലപ്പുറം സ്വദേശികളുള്‍പ്പടെ മൂന്ന് മലയാളികളാണ് അകപ്പെട്ടത്. മലപ്പുറം സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളതെന്നാണ് വിവരം.ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളുള്‍പ്പടെ 18 ഇന്ത്യക്കാര്‍ ഉള്ളതായാണ് ഔദ്യോഗിക സ്ഥിരീകരണം. ക്യാപ്റ്റനുള്‍പ്പടെ മൂന്നുപേരും എറണാകുളം സ്വദേശികളാണ്.ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു.ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പെന്നോണം, ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ബ്രിട്ടന്റെ സ്റ്റെനാ ഇംപറോ എന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി
മുംബൈ:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി. കേസിൽ തനിക്കെതിരായി റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഇപ്പോൾ രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് പൊലീസിനെ അറിയിച്ചു.കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻദോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.ഇതനുസരിച്ച് ഇന്നും ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി.