ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു
ട്രിപ്പോളി:ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു.250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ടാണ് തകര്‍ന്നത്. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ലിബിയന്‍ നാവികസേനാ അധികൃതര്‍ പറഞ്ഞു.ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് ബോട്ട് തകര്‍ന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാര്‍ത്ഥികളുടെ രീതി. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും യാത്ര ചെയ്യുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയത്.2019-ല്‍ മാത്രം ഇതുവരെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 600-ന് മുകളിലെത്തിയിട്ടുണ്ടെന്ന് യുഎന്‍ ഏജന്‍സി പറയുന്നു.
കൊലക്കത്തിക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരം
മംഗളൂരു:കൊലക്കത്തിക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരം.മംഗളൂരു ദെര്‍ളഗട്ടെ കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫനാണ് കര്‍ണാടക സംസ്ഥാനതല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്ക്കാരം ലഭിച്ചത്.ശനിയാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.ഇക്കഴിഞ്ഞ ജൂൺ 28 ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണിത്.12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.കൊലക്കത്തിക്കു മുന്നില്‍നിന്ന് സ്വന്തം ജീവന്‍ മറന്ന് യുവതിയെ രക്ഷിക്കാന്‍ നിമ്മി കാണിച്ച ധീരതയാണ് ഇവരെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒൻപത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല.യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയ ജൂലായ് 14-നാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാന്‍ പിടിച്ചെടുത്തത്.യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് എന്ന കമ്പനി വാടകയ്‌ക്കെടുത്തതാണ് ഈ കപ്പല്‍.അതേ സമയം കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല.ഇതില്‍ നാല് മലയാളികളുണ്ട്. ഇവരടക്കം രണ്ട് കപ്പലുകളിലായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്.
കാസര്‍ക്കോട് ബദിയടുക്കയില്‍ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന
കാസര്‍ക്കോട്:ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്ററ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹ,5 വയസ് പ്രായമുള്ള മകന്‍ സിനാൻ എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ മരിച്ചത്.കുട്ടികളുടെ അമ്മയും സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് കണ്ടെത്താനാവത്തതായിരുന്നു ആദ്യഘട്ടത്തില്‍ ആശങ്കക്കിടയാക്കിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് പകര്‍ച്ചപ്പനിയെല്ലെന്ന് വ്യക്തമായത്.
നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ ഒന്നും നാലും പ്രതികളായ എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തൊടുപുഴ സെഷന്‍സ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പീരുമേട് കോടതിയും തള്ളിയിരുന്നു.ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കി.അതേസമയം ASI റോയി പി വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരെ ഇന്ന് വൈകിട്ടോടെ പീരുമേട് കോടതിയില്‍ ഹാജരാക്കും.രാജ്‌കുമാറിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇവരെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം ഏഴായി.
രണ്ടു കോടി രൂപ മോചനദ്രവമാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി
കാസർകോഡ്:രണ്ടുകോടി രൂപ മോചനദ്രവമാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി.മംഗളൂരുവിലെ ഒരു ബസ് സ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.തുങ്കതക്കട്ട കളിയൂര്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയത്.സഹോദരിക്കൊപ്പം ബൈക്കില്‍ മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു.ഹാരിസ് തന്നെയാണ്താന്‍ മാംഗളൂരിലേക്ക് വരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ ഉടനെ പോലീസിനെ വിളിച്ചറിയിച്ചു.പൊലീസ് മംഗളൂരുവിലെത്തിയാണ് കുട്ടിയെ കൂട്ടുകൊണ്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ഹാരിസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിട്ടയക്കും.ഗള്‍ഫില്‍നിന്നുള്ള ക്വട്ടേഷനാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന. ബന്ധുക്കള്‍ക്ക് ഗള്‍ഫ് നമ്ബറുകളില്‍നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഗള്‍ഫില്‍ വച്ച് നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഹാരിസിന്റെ അമ്മാവന്‍ ലത്തീഫും മറ്റൊരാളുമായി 2 കോടിയിലറെ രൂപയുടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലത്തീഫിന്റെ കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ആളുമാറി ഹാരിസിനെ കൊണ്ടുപോകുകയായിരുന്നുവെന്നാണ് നിഗമനം.
മലബാറിന്റെ ഗവി ‘വയലട’
മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലേക്ക് യാത്ര പോയിട്ടുണ്ടോ നിങ്ങൾ?ഇല്ലെങ്കിൽ തയ്യാറായിക്കോളു.മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട കാര്യമില്ല.മഴയിൽ വയലടയുടെ ഭംഗി അല്പം കൂടുതലായിരിക്കും.കാട്ടുപച്ചയും ആകാശ നീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു.മൺസൂൺ ടൂറിസത്തിൽ മലബാറിന്റെ ശ്രദ്ധകേന്ദ്രമാവുകയാണ് കോഴിക്കോടിന്റെ സ്വന്തം വയലട.ബാലുശ്ശേരി ടൗണില്‍നിന്ന് ഏഴ് കിലോമീറ്ററോളം വടക്കാണ് വയലട സ്ഥിതിചെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ് തലയുയർത്തി നിൽക്കുന്നത്.മഴയും വെയിലും ഇടകലർന്ന ദിനങ്ങളിൽ വയലടയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്.വയലടയിലെ 2000 അടി മുകളിൽ നിന്നുള്ള കാഴ്ച അവര്ണനീയമാണ്.കണ്മുന്നിലെ മേഘക്കൂട്ടങ്ങളും താഴെ നിരനിരയായി നിൽക്കുന്ന മലനിരകളും ജലാശയങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കും.ഈ കാഴ്ചയും കാലാവസ്ഥയുമാണ് വയലടയെ മലബാറിന്റെ ഗവി ആക്കി മാറ്റുന്നത്.വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പാറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയം ഡാം കാണാം.
ബാലുശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് വയലടയിലെ വ്യൂ പോയിന്റുകൾ. കോഴിക്കോട് നിന്നും വരുന്നവർക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവർക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.ബാലുശ്ശേരിയിൽ നിന്നും മണിക്കൂറുകളുടെ ഇടവേളകളിൽ കെഎസ്ആർടിസി സർവീസുകളുമുണ്ട്.യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വയലട ഒരുക്കി വെച്ചത് വിസ്മയങ്ങളുടെ അപൂര്‍വ്വ സൗന്ദര്യമാണ്.സഞ്ചരികളെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന കാഴ്ചകലാണ് വയലട കരുതിവെച്ചിരിക്കുന്നത്.കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ വയലടയോട് ചോദിയ്ക്കാൻ ഒരൊറ്റ ചോദ്യമേ ഉള്ളൂ ‘എവിടെയായിരുന്നു ഇത്രയും കാലം…’.
പീഡനപരാതി;യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന ബിനോയ് കോടിയേരിയുടെ ശബ്ദരേഖ പുറത്ത്
മുംബൈ:ബീഹാർ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിയായ യുവതിയുമായി ബിനോയ് കോടിയേരി നടത്തിയ ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്.പ്രമുഖ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖയില്‍ അഞ്ച് കോടി നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറയുന്നുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് ആവശ്യപ്പെടുന്നു. എന്നാല്‍, അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍ കഴിയും അത്ര നല്‍കൂവെന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു.’, ‘പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിറുത്തണം. താനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും ബിനോയ് പറയുന്നു. നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും ബിനോയ് പറയുന്നുണ്ട്.അതിനിടെ തനിക്കെതിരേ യുവതി നല്‍കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഹർജിനൽകിയത് ചൂണ്ടിക്കാട്ടി ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിളുകള്‍ നല്‍കിയിരുന്നില്ല.
ദുബായ്-കണ്ണൂർ ഗോ എയർ സർവീസ് ഇന്ന് മുതൽ
കണ്ണൂർ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗോ എയറിന്റെ ആദ്യ സര്‍വീസ് ഇന്ന്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രാത്രി 12.20-ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35-ന് കണ്ണൂരിലെത്തിച്ചേരും. വൈകീട്ട് 7.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.15-ന് ദുബൈയില്‍ എത്തിച്ചേരും.335 ദിര്‍ഹം മുതലാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കുമാണ് നിലവിൽ ഗോ എയര്‍ സര്‍വീസ് നടത്തുന്നത്.വൈകാതെ തന്നെ കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത അറിയിച്ചു. കണ്ണൂരില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുള്ളത്. മുബൈയിലേക്കുള്ള സര്‍വീസ് വൈകാതെ ആരംഭിക്കുന്നതാണ്.