പ്രളയ ഭീതിയിൽ മുംബൈ;കനത്ത മഴ രണ്ടു ദിവസം കൂടി;വിമാനങ്ങൾ റദ്ദാക്കി;റെയിൽ,റോഡ് ഗതാഗതം തടസ്സപ്പെട്ടു

keralanews heavy rain continues in mumbai rail road flight services interrupted

മുംബൈ:മുംബൈയിൽ കനത്ത മഴ.ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരും എന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രളയ ഭീതിയിലാണ് മുംബൈ നഗരം.താനെ, കല്ല്യാണ്‍ പ്രദേശങ്ങളില്‍ വീടുകളുടെ ഒന്നാം നില വരെ വെള്ളം കയറി. പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നേരിടാന്‍ എല്ലാ തയ്യാറെടുപ്പു നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.കനത്തമഴയും പ്രതികൂല കാലവസ്ഥയും കാരണം മുബൈ വിമാനത്താവളത്തില്‍ നിന്നുള്ള പതിനൊന്നു വിമാനസര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയിരുന്നു.മുബൈയില്‍ ഇറങ്ങേണ്ടിയിരുന്ന ഒൻപത് വിമാനങ്ങളെ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ മഴ ശക്തമാകും. തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.വിദര്‍ഭയില്‍ ഇന്ന് മാത്രം ഏതാണ്ട് 40 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. മറാത്ത്‌വാഡയിലും, ദക്ഷിണ മധ്യ മാഹ് മേഖലയിലും നല്ല മഴ ലഭിച്ചു. കൊളാബയില്‍ മാത്രം 24 മണിക്കൂറില്‍ പെയ്തത് 19.1 മില്ലീമീറ്റര്‍ മഴ. സാന്താക്രൂസ് സ്‌റ്റേഷനില്‍ 44 മില്ലീമീറ്റര്‍ മഴ. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയില്‍ സിയോണ്‍, മാട്ടുംഗ, മാഹിം, അന്ധേരി, മലാഡ്, ദഹിസര്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.

കാസർകോഡ് ബദിയടുക്കയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിതീകരണം

keralanews the death of two children in kasarkode badiyadukka is due to melioidosis

കാസർകോഡ്: ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിതീകരണം.അദ്ധ്യാപകനായ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.ഇതേ രോഗലക്ഷണങ്ങളോടെ കുട്ടികളുടെ മാതാപിതാക്കളടക്കം നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. പനിബാധിച്ച്‌ ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തു രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന സംശയം ബാക്കിയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു.ഇത്തരം  ജലത്തിൽ നിന്നതിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് നിഗമനം.മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്.പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം എളുപ്പത്തിൽ ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും.

രാജ്യത്ത് വാഹന രജിസ്​ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയർത്താൻ തീരുമാനം

keralanews decision to increase vehicle registration charge in the country

ന്യൂഡൽഹി:രാജ്യത്ത് വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം.ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്ട്രര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രജിസ്ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം.  നിലവില്‍ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്‌ട്രേഷന്‍ ചാര്‍ജ് പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാന്‍ 2000 രൂപയാക്കിയും ഉയര്‍ത്താനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുള്ളത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും പെട്രോള്‍-ഡീസല്‍ വാഹന വില്‍പന കുറയ്ക്കാനുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജുംഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ കാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് 5000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അടയ്‌ക്കേണ്ടി വരും, നിലവില്‍ ഇത് 2500 രൂപയാണ്.കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

keralanews b s yedyoorappa take oath as karnataka chief minister

ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാലാം തവണയാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും ചേര്‍ത്ത് 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബി.ജെ.പി പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് തിരിഞ്ഞത്.അതേസമയം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തേടും. രാവിലെ 11 മണിക്കാണ് സഭ ചേരുക.ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ തിങ്കളാഴ്ച ഭൂരിപരക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് തന്നെ ധനബില്ലിന് അംഗീകാരം നല്‍കും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പരമാവധി കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരായിരിക്കും ബി.ജെ.പിയുടേതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച്‌ കെ.എസ്.ആര്‍.ടി.സി;നൂറുകോടി രൂപ ഉടൻ അനുവദിച്ചില്ലെങ്കിൽ കട്ടപ്പുറത്താകുമെന്ന് മുന്നറിയിപ്പ്

keralanews ksrtc seeks assistance from govt allot 100crore immediately

തിരുവനന്തപുരം:സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച്‌ കെ.എസ്.ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി കടുത്ത  സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തരമായി നൂറുകോടി അനുവദിച്ചില്ലെങ്കില്‍ ദൈനദിന പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുമെന്നും സര്‍ക്കാരിന് എം.ഡി മുന്നറിയിപ്പ് നൽകി.വരുമാനം കൂട്ടാനും നഷ്‌ടം കുറയ്‌ക്കാനുമായി നടത്തിയ ശ്രമങ്ങള്‍ പാളിയതാണ് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കിയത്. സ്‌പെയര്‍ പാട്‌സ് കുടിശിക 21.50 കോടി, ബസ് വാങ്ങിയ വകയില്‍ പതിനെട്ടരക്കോടി ,അപകടനഷ്ടപരിഹാരമായി കൊടുക്കാനുള്ളത് 25.60കോടി രൂപ, ജി.പി.എസും ജി.എസ്.ടിക്കുമായി 17 കോടി, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കുടിശിക 13 കോടി, വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്ക് ഫീസ് കുടിശിക നാലരക്കോടി എന്നിങ്ങനെ കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയുണ്ട്.ഈ സാമ്ബത്തിക വര്‍ഷത്തെ ഇതുവരെയുള്ള നഷ്ടം 234 കോടിയാണ്. വരവ് ചെലവ് ഇനത്തില്‍ പ്രതിദിനം എഴുപത്തിയൊന്‍പത് ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ടെന്നും എം.ഡി.ദിനേശ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു;മരിച്ചത് മലയാളികളെന്ന് സൂചന

keralanews five died when lorry and car hits in koyambathoor

കോയമ്പത്തൂർ:കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്  അഞ്ചുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.കേരളാ രെജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇവർ മലയാളികളാണെന്നാണ് സൂചന.പാലക്കാട്‌നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ടു പേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അമ്പൂരി കൊലപാതകം;അഖിലേഷും രാഖിയും വിവാഹിതനായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്

keralanews amboori murder case police report that akhilesh and rakhi were married

തിരുവനന്തപുരം:അമ്പൂരിയിൽ കൊന്ന് കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ രാഖിയും കാമുകൻ അഖിലേഷും വിവാഹം ചെയ്തിരുന്നതായി പോലീസ്.ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 21ന് എറണാകുളത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ രാഖി അഖിലേഷിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മധ്യേ തനിക്ക് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിട്ടുള്ള വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ രാഹുല്‍ രാഖിയുടെ  കഴുത്തില്‍ കയർ കുരുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് എന്‍ജിന്‍ ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല.നഗ്നയാക്കിയ നിലയില്‍ മൃതദേഹം അഖിലേഷിന്റെ പറമ്പിൽ  മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി.ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച്‌ രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രളയ രക്ഷാപ്രവര്‍ത്തനം; സംസ്ഥാനത്തിനോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന

keralanews flood rescue process airforce demands 113crore rupees from state

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉണ്ടായ പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സർക്കാരിന് കത്തയച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച്‌ ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിരുന്നു.ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതിലേക്കായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്.ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച്‌ ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്;സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം 6 മണിക്ക്

keralanews bjp to form govt in karnataka yedyurappa take oath as cm at 6pm today

ബെഗളൂരു:കർണാടകയിൽ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും.ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി.വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ.അതേസമയം യെദ്യൂരപ്പ മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് സൂചന.കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു. ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച്‌ ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.16 വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പ തീരുമാനിക്കുന്നത്.അതേസമയം, മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.

കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്

keralanews two injured when lorry collided in kannapuram

കണ്ണൂർ:കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്.പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.കാസര്‍കോട് സ്വദേശി വിനീത് (25), യു പി സ്വദേശി അരവിന്ദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പൂഴി കയറ്റി പോകുകയായിരുന്ന ലോറിയും എതിരെനിന്നും വരികയായിരുന്ന കണ്ണൂര്‍ ഭാഗത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന  ലോറിയുമാണ് കൂട്ടിയിടിച്ചത്.