കണ്ണൂർ:റെയില്‍വേ ഗേറ്റ് തുറന്ന് വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ട്രാക്കിലൂടെ ട്രെയിന്‍ എന്‍ജിന്‍ കടന്നുപോയി. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ തലശ്ശേരി ദേശീയപാതയിലെ നടാല്‍ റെയില്‍വേ ഗേറ്റിലാണ് സംഭവം.തലനാരിഴയ്ക്കാണ് ഇവിടെ വൻ ദുരന്തം ഒഴിവായത്.ഒരു ട്രെയിന്‍ ഇതുവഴി കടന്ന് പോയി റെയില്‍വേ ക്രോസിലെ ഗേറ്റ് ഉയര്‍ത്തിയ ഉടനെയായിരുന്നു സംഭവം.ഗേറ്റിനിരുവശവും കാത്തുനിന്ന വാഹനങ്ങള്‍ റെയില്‍വേ ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ കണ്ണൂരില്‍നിന്ന് തലശ്ശേരി ഭാഗത്തേക്ക് ട്രെയിന്‍ എന്‍ജിന്‍ കടന്ന് പോകുകയായിരുന്നു.റെയില്‍വേ ക്രോസ് കടക്കുകയായിരുന്ന ബസ് തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.ട്രെയിന്‍ എന്‍ജിന്‍ പിന്നീട് എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എടക്കാട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ പറഞ്ഞു.
പീഡന പരാതി;ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇന്ന് വിധി പറയും
മുംബൈ:വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇന്ന് വിധി പറയും.ജാമ്യപേക്ഷയിൽ വിധി എതിരായാൽ ബിനോയെ അറസ്റ്റ് ചെയ്യും. ബിനോയിക്കെതിരായ പീഡനക്കേസിലെ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച വാദം കേട്ടിരുന്നു. അതിന് ശേഷം കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്നാൽ പ്രോസിക്യൂഷന്റെ വാദത്തിന് പുറമെ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവ എഴുതി നൽകാൻ കോടതി നിർദേശിച്ചിരുന്നു.ഈ വാദമുഖങ്ങൾ കൂടി എഴുതി നൽകിയതിനാലാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് ജാമ്യാപേക്ഷയിൽ വിധി എതിരായാൽ ബിനോയിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് മുംബൈ പോലീസ് നീങ്ങും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. ഒളിവിലുള്ള ബിനോയ്ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ടിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.ബിനോയ് കോടിയേരിക്കെതിരായി പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. നേരത്തെ, യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നു രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.
ശാസ്താംകോട്ടയിൽ വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍
കൊല്ലം: പ്രണയാഭ്യര്‍ത്ഥ്യന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശി അനന്തുവാണ്(22) പിടിയിലായത്. ശാസ്താംകോട്ടയില്‍ സ്വകാര്യ ബസ്സിലെ ക്ലീനറാണ് അനന്തു.ഇയാളെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ മറ്റ് ചില കാരണങ്ങളാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ കാരണമെന്നുമാണ് അനന്ദുവിന്റെ മൊഴി. പ്രണയം നിരസിച്ചതിനാലാണ് അനന്ദു ആക്രമിച്ചത് എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ജൂലായ് ഒന്നിന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.ടെറസിലൂടെ വീട്ടില്‍ കടന്ന അനന്ദു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അടിവയറ്റില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കള്‍ അടുത്ത മുറിയില്‍ നിന്ന് ഓടി എത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ഉടന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കേരളത്തിലെ ആദ്യത്തെ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ സെക്രെട്ടറിയേറ്റ് വളപ്പിൽ പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം:കേരളത്തിലെ ആദ്യത്തെ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ(ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സ്ഥലം)സെക്രെട്ടറിയേറ്റ് വളപ്പിൽ പ്രവർത്തനമാരംഭിച്ചു. ഒരേസമയം രണ്ട വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന കേന്ദ്രം കന്റോൺമെന്റ് ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് പ്രവർത്തനമാരംഭിച്ചത്.നിലവിൽ സെക്രെട്ടറിയേറ്റിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ സർവീസ് നടത്തുന്ന വൈദ്യുത വാഹനങ്ങൾക്കാണ് സ്റ്റേഷന്റെ സേവനം ലഭ്യമാവുക.സെക്രെട്ടെറിയറ്റിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ പുതുതായി പത്തോളം വൈദ്യുത വാഹനങ്ങൾ വാങ്ങുന്നുമുണ്ട്.ഇതൊക്കെ മുൻകൂട്ടി കണ്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ ചാർജിങ് സ്റ്റേഷൻ ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്.ഈ സ്റ്റേഷനുകളുടെ പോരായ്മകളും അപാകതകളും പരിഹരിച്ച ശേഷമാണ് മറ്റിടങ്ങളിൽ ചാർജിങ് സ്ഥാപിക്കുക.ദേശീയപാതയിൽ നിശ്ചിത കിലോമീറ്റർ ഇടവിട്ട് സർക്കാർ സ്ഥലങ്ങൾ, കെഎസ്ഇബിയുടെ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.സ്ഥലം കണ്ടെത്തുന്നതിനുള്ള ഏകദേശ രൂപരേഖ തയ്യാറായി.വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷം കരാർ ക്ഷണിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.കുറഞ്ഞ സമയത്തിനുള്ളിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് അതിവേഗ ചാർജിങ് സ്റ്റേഷനുകളുടെ പ്രത്യേക.വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ഇബിയുടെ റിന്യൂവബിൾ എനർജി ഡിപ്പാർട്മെന്റാണ് സ്റ്റേഷനുകൾ ആരംഭിച്ചത്.ഇതിന്റെ ഔദ്യോഗിക ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
ആധാര്‍ ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡൽഹി:ആധാര്‍ ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി ബില്ല്. നേരത്തെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍, സുപ്രിംകോടതി ഇടപെട്ട് ഇത് റദ്ദാക്കിയിരുന്നു. കോടതി വിധിയനുസരിച്ച് ആധാര്‍ നിയമം പരിഷ്കരിക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകില്ല. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയോടെ ഒഴിവാകും. ബില്ല് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കും.ഇതിനു പുറമെ ഇന്ത്യൻ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലും ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും.
കാലവർഷം കനിഞ്ഞില്ല;സംസ്ഥാനം രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലേക്കെന്ന് മന്ത്രി
തിരുവനന്തപുരം:ജൂണിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് വന്നതോടെ സംസ്ഥാനം കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്.ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു.മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്. രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന. നിശ്ചിത ഇടവേളകളില്‍ ചെറിയതോതില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരുന്നുണ്ട്. 36 വര്‍ഷത്തിനിടയില്‍ ജൂണ്‍ മാസത്തില്‍ എറ്റവും കുറവ് മഴ ലഭിച്ചത് 2019ലാണ്. ജൂണ്‍ 8നാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ മഴയുടെ ശക്തി കുറഞ്ഞു.ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
ന്യൂഡൽഹി:രാജ്യത്ത് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതോടെയാണ് രാജ്യത്തും വില കുറക്കാന്‍ തീരുമാനിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പിലാണ് വില കുറച്ച കാര്യം അറിയിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രിയില്‍ നിലവില്‍ വന്നു. ഇതോടെ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 637 രൂപയായി കുറയും. നിലവില്‍ 737 രൂപ 50 പൈസയാണ് വില.സബ്സിഡിയുള്ള സിലിണ്ടറിന് 495 രൂപ 35 പൈസയാണ് വില.
എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം:എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം.തെക്കന്‍ കേരളത്തെയാണ് പ്രതിസന്ധി ഏറെ ബാധിച്ചത്.ഇന്നു രാവിലെ മാത്രം 100ലധികം സർവീസുകളാണ് മുടങ്ങിയത്.തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകളാണ് റദ്ദാക്കി.അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.ഇന്ന് പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ആലോചിക്കുന്നത്.അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. അവധിയിലുള്ളവര്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ പ്രതിസന്ധി എറണാകുളം ഡിപ്പോയെ ബാധിക്കില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം:ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.സ്വകാര്യ ബസ്ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം.പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു.നേരത്തേമുതല്‍ പെണ്‍കുട്ടിയെ അനന്തു ശല്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതേതുടര്‍ന്നാണ് ഇയാള്‍ അക്രമം നടത്തിയതെന്നാണ് വിവരം.