മുംബൈ:പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. മുംബൈയിലെ ദിന്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്.25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം,ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം,സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പ് ബിനോയിയുടേതല്ല. ബിനോയിയുടെ പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ല. ജാമ്യാപേക്ഷയില്‍ ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.അതേ സമയം, ജാമ്യാപേക്ഷയില്‍ വിധി വരും വരെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റ് ഒഴിവാക്കാനാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.കഴിഞ്ഞ ജൂണ്‍ 20നാണ് ബിനോയ് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്.
രാഹുല്‍ ഗാന്ധി ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു
ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി.അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാഹുൽ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി
തിരുവനന്തപുരം:കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി.മന്ത്രിസഭാ യോഗത്തിേന്‍റതാണ് തീരുമാനം.സഹകരണ ബാങ്കുകളില്‍ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നിലവില്‍ കര്‍ഷക കടാശ്വാസ പരിധി ഒരു ലക്ഷം രൂപയാണ്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ കടാശ്വാസ പരിധി ഉയര്‍ത്തുമെന്ന് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ലോകകപ്പ് ക്രിക്കറ്റ്;ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു
ബര്‍മിംഗ്‌ഹാം:ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിഫൈനലിൽ കടന്നു.എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ(104 റണ്‍സ്) സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 314 റണ്‍സ് നേടി.ലോകേഷ് രാഹുലുമൊത്ത് 180 റണ്‍സിന്‍റെ കൂട്ടുകെട്ടിന് ശേഷമാണ് രോഹിത് മടങ്ങിയത്. രാഹുല്‍ 77(92) റണ്‍സെടുത്തു.ശേഷം വന്ന നായകന്‍ കോഹ്‍ലി 26 റണ്‍സും റിഷബ് പന്ത് 48 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ധോണി 35 റണ്‍സ് നേടി മടങ്ങി. അവസാന ഓവറുകളില്‍ ബംഗ്ലാദേശ് മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെയാണ് 314 എന്ന സ്കോറില്‍ ഇന്ത്യ ഒതുങ്ങിയത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റെടുത്തു.ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിംഗ്സ് 286 ല്‍ അവസാനിക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.ഹര്‍ദ്ദിക് മൂന്നും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസനും മുഹമ്മദ് സെയ്ഫുദ്ദീനും അര്‍ദ്ധ സെഞ്ച്വറി നേടി.
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ്;രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍;അറസ്റ്റിലായ എസ്‌ഐ കുഴഞ്ഞുവീണു
തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മദ്യപിക്കുകയും രാജ്‌കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്ബോഴാണ് എസ്‌ഐ കുഴഞ്ഞു വീണത്.ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ഇ സിജിയില്‍ വേരിയേഷന്‍ കാണുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ പരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രം ആശുപത്രിയില്‍ കിടത്തും. കുഴപ്പങ്ങളില്ലെങ്കില്‍ ഇന്ന് തന്നെ റിമാന്റ് ചെയ്യും.റിമാന്‍ഡിലായിരുന്ന രാജ്‌കുമാറിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളില്‍ നാലെണ്ണമെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്നുണ്ടായതാണെന്നായിരുന്നു റിപ്പോര്‍ട്ട്.രാജ്കുമാറിനെ പൊലീസ് അനധികൃതമായി നൂറു മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചതായും ക്രൂരമായി മര്‍ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എസ് ഐ കെഎ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്.രാജ്‌കുമാറിന്റെ മരണത്തിലേക്കു നയിച്ച കസ്റ്റഡി മര്‍ദനം എസ്‌ഐയുടെ നേതൃത്വത്തിലാണ് നടന്നതെന്നായുന്നു ആരോപണം. അതേസമയം കൂട്ടുപ്രതി സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ പിന്നീട് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നും വിവരമുണ്ട്.
കണ്ണൂർ താളിക്കാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു
കണ്ണൂർ: താളിക്കാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.താഴെചൊവ്വ ‘ജയനിവാസിൽ’ ജിതിൻ ജയചന്ദ്രന്റെ(24) മൃതദേഹമാണ് കണ്ടെത്തിയത്.കിണറിനു സമീപം കാണപ്പെട്ട ബൈക്കും മൃതദേഹത്തിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ,ചെരുപ്പ് എന്നിവ ജിതിന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചൊവ്വാഴ്ച ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു.ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ പൂർവ്വവിദ്യാർഥിയാണ് ജിതിൻ.ക്ഷീരവികസന വകുപ്പിൽ നിന്നും വിരമിച്ച എം.കെ ജയചന്ദ്രന്റെയും കണ്ണൂർ ജില്ലാ ബാങ്ക് മുൻ മാനേജർ സി.സുമതിയുടെയും മകനാണ്.ചക്കരക്കൽ ഡിസ്പെൻസറിയിലെ ഡോ.ജിഷ സഹോദരിയാണ്. ചെറുപ്പത്തിൽ തന്നെ മയക്കുമരുന്നിന് അടിമയായ ജിതിന്റെ പേരിൽ ചില കേസുകളും നിലവിലുണ്ടായിരുന്നു.ബന്ധുക്കൾ ജിതിനെ ലഹരിവിമോചന ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.പഠനത്തിൽ മിടുക്കനായിരുന്ന ജിതിൽ എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.പിന്നീട് വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റിൽ ഗുസ്തിയിൽ ചാമ്പ്യനായിരുന്നു ജിതിൻ.മരണം എങ്ങനെ സംഭവിച്ചു എന്നുള്ളത് മൃതദേഹ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് ടൌൺ എസ്‌ഐ ബാബുമോൻ പറഞ്ഞു.
നഗരമധ്യത്തിലെ ബഹുനിലകെട്ടിടത്തിന്റെ ലിഫ്റ്റിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കണ്ണൂർ:നഗരമധ്യത്തിലെ ബഹുനിലകെട്ടിടത്തിന്റെ ലിഫ്റ്റിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സെൻട്രൽ പ്ലാസ കെട്ടിടത്തിൽ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.തോട്ടട സ്വദേശികളായ പ്രസിദ്ധ്,പ്രണവ്,ചെറുകുന്ന് സ്വദേശികളായ അക്ഷയ്,നിതീഷ് എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ഇവർ കുടുങ്ങിയത്.കെട്ടിടത്തിലെ ജീവനക്കാർ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്പൈഡർ എന്ന ഉപകരണമുപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പുറത്തെത്തിക്കുമ്പോൾ ശ്വാസതടസം അനുഭവപ്പെട്ട് നേരിയതോതിൽ അവശനിലയിലായിരുന്നു യുവാക്കൾ.സ്റ്റേഷൻ ഓഫീസർ കെ.വി ലക്ഷ്മണൻ,അസി.സ്റ്റേഷൻ ഓഫീസർ ടി.അജയൻ,ലീഡിങ് ഫയർമാൻ കെ.കെ ദിലീഷ്,ഫയർമാന്മാരായ സി.വിനീഷ്, കെ.നിജിൽ,.എം.സുനീഷ്,ഡ്രൈവർമാരായ കെ.രാധാകൃഷ്ണൻ,അരുൺരാജ്,ഹോം ഗാർഡ് സി.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വരും ദിവസങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി.
തിരുവനന്തപുരം:വരും ദിവസങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് ആവശ്യമാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു.അടുത്ത പത്തു ദിവസത്തിനകം സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥായാണുള്ളത്. നിലവില്‍ ഡാമുകളില്‍ പത്തു മുതൽ പന്ത്രണ്ട് ശതമാനം മാത്രമാണ് വെള്ളമുള്ളത്.മാത്രമല്ല ചൂട് കുടുന്നതിനാല്‍ ഓരോ ദിവസവും വൈദ്യുതി ഉപഭോഗവും കൂടിവരികയാണ്.ഈ സാഹചര്യം തുടര്‍ന്നാല്‍ പത്തു ദിവസം മാത്രമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന വൈദ്യുതി നിയന്ത്രണമില്ലാതെ നല്‍കാന്‍ സാധിക്കൂഎന്നും പിള്ള വ്യക്തമാക്കി.വരും ദിവസങ്ങളിലെ വൈദ്യുതി വിതരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ വൈദ്യുതി ബോര്‍ഡ് നാളെ യോഗം ചേരും. അണക്കെട്ടുകളുടെ നിലവിലെ സ്ഥിതി,ഓരോ ദിവസവും ശരാശരി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്രയളവില്‍ വൈദ്യുതി കൊണ്ടു വരേണ്ടിവരും തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനു പറുമെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു;ഡാം തകർന്ന് രണ്ടുപേർ മരിച്ചു;22 പേരെ കാണാതായി
മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു.വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.ജാഗ്രത നിര്‍ദേശത്തെതുടര്‍ന്ന് ഇന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു22 ഓളം പേരെ കാണാതായി.15 വീടുകള്‍ ഒഴുകിപ്പോയി.അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കമുണ്ടായി.രാത്രി 10 മണിയോടെ അണക്കെട്ട് തകര്‍ന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുന്‍ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.കനത്ത മഴയില്‍ ഇന്നലെ 35 പേരാണ് മരിച്ചത്. മുംബൈ നഗരവും താനെ, പല്‍ഘര്‍ മേഖലകളും വെള്ളത്തില്‍ മുങ്ങി.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. 203ലെറെ വിമാനസര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.1500 ലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.മഴ മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷ സര്‍ക്കുലര്‍ ഇറക്കി. ജനങ്ങളെ സഹായിക്കുന്നതിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് നാളത്തേക്ക് മാറ്റി
മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് നാളത്തേക്ക് മാറ്റി.ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോശി കോടതിയില്‍ വാദം പൂര്‍ത്തിയായി. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് ബിയോയിയുടേതല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ബിനോയിയുടെ പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും. ജാമ്യാപേക്ഷയില്‍ ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയിയുടെ അഭിഭാഷകൻ കോടതിയില്‍ ആരോപിച്ചു.ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടാണെന്ന് യുവതി.യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ്.ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു.ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു.ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു.