ദില്ലി:രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ്. ഈ വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്ബത്തിക സര്‍വ്വേ നിര്‍ദ്ദേശം. ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.ഇന്ത്യന്‍ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തില്‍ ഇടം നേടും.
ക്രീം ബിസ്‌ക്കറ്റിനുള്ളിൽ ബ്ലേഡ്;അന്വേഷിക്കുമെന്ന് കമ്പനി
കാസര്‍കോട്:ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ ബ്ലേഡ് കഷ്ണങ്ങൾ കണ്ടെത്തി.മഞ്ചേശ്വരത്തെ പെട്രോള്‍ പമ്പിന് സമീപമുള്ള തട്ടുകടയില്‍ നിന്നും വാങ്ങിയ ബിസ്‌കറ്റിനുള്ളില്‍ നിന്നാണ് ബ്ലേഡ് കിട്ടിയത്.വാണിജ്യ നികുതി ചെക്‌പോസ്റ്റിന് സമീപമുള്ള പമ്പിലെ സൂപ്പര്‍വൈസറായ പി.ജെ ഡെല്‍സിനാണ് രാവിലെ ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ നിന്നും ബ്ലേഡ് കിട്ടിയത്.തുടര്‍ന്ന് ബിസ്‌കറ്റ് പാക്കറ്റില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി.അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണം;റിമാൻഡ് റിപ്പോർട്ട് പുറത്ത്;മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനം
ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ രാജ്‌കുമാർ മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.രാജ് കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനമാണെന്നും ന്യുമോണിയ ബാധയ്ക്ക് കാരണം കടുത്ത മര്‍ദ്ദന മുറകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാകൃതമായ രീതിയിലാണ് രാജ്‌കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദ്ദനം തടയാന്‍ എസ്‌ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്.ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ ലഭിച്ചത്.നേരത്തെ ഇതുസംബന്ധിച്ച രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനാണ് ഇവരുടെ അറസ്റ്റ്.ഇരുവര്‍ക്കുമെതിരെ 302, 331, 343, 34 എന്നീ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്രം, കസ്റ്റഡിയില്‍ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കല്‍, അന്യായമായി കസ്റ്റഡിയില്‍ വയ്ക്കല്‍, ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കല്‍ എന്നിവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.
മകളെ കൊന്നത് അവിഹിതബന്ധത്തിന് തടസ്സം നിന്നതിന്;കിണറ്റിലെറിഞ്ഞ സമയത്ത് മകള്‍ക്ക് ജീവനുണ്ടായിരുന്നതായും അമ്മയുടെ മൊഴി
തിരുവനന്തപുരം:മകളെ കൊന്നത് കാമുകനോടൊപ്പം ജീവിക്കുന്നതിനാണെന്നും കിണറ്റിലെറിയുന്ന സമയത്ത് മകൾക്ക് ജീവനുണ്ടായിരുന്നതായും അമ്മയുടെ മൊഴി.നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്തു വീട്ടില്‍ മീരയുടെ മരണത്തിലാണ് അമ്മ മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. മഞ്ജു(39)വിനെയും കാമുകന്‍ അനീഷി(32)നെയും സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ജൂണ്‍ 10-ന് രാത്രി മഞ്ജുവും മീരയും അനീഷുമായുള്ള ബന്ധത്തെ ചൊല്ലി വഴക്കിട്ടിരുന്നു.മകളെ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഇവര്‍ മീരയെ ബലമായി കീഴ്പ്പെടുത്തി തറയില്‍ കമിഴ്ത്തിക്കിടത്തി. ചവിട്ടിപ്പിടിച്ചശേഷം കഴുത്തില്‍ ഷാളിട്ട് കഴുത്തില്‍ മുറുക്കി.മീര മരിച്ചുവെന്നാണ് കരുതിയ ഇരുവരും ശേഷം നെടുമങ്ങാട് ടൗണിലെത്തി വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം ഭക്ഷണം കഴിച്ച് തിരിച്ചെത്തി.രാത്രി ഒൻപതരയോടെ ഇരുവരും ചേര്‍ന്ന് മീരയെ അനീഷിന്റെ വീട്ടിലെത്തിച്ചു.മീരയെ മതിലിനു മുകളിലൂടെ പൊട്ടക്കിണറ്റിന്റെ ഭാഗത്തേയ്ക്കിട്ടപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്നു മനസ്സിലായത്.തുടര്‍ന്ന് അനീഷ് വീട്ടില്‍ നിന്നു രണ്ട് ഹോളോബ്രിക്സുകള്‍ കൊണ്ടുവന്ന് മീരയുടെ ശരീരത്തില്‍ കെട്ടിവച്ചു. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് മീരയെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാതാവ് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്ജുഷ , കാമുകന്‍ കരുപ്പൂര് കാരാന്തല സ്വദേശി അനീഷ് എന്നിവരെ 28ന് നാഗര്‍കോവിലില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കോടതിയില്‍ നിന്ന് ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ മഞ്ജുഷയേയും അനീഷിനേയും പറണ്ടോട് വാടക വീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു മീപത്തെ കിണറ്റിനരികിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.നാട്ടുകാര്‍ അക്രമാസക്തരായി പ്രതികള്‍ക്ക് നേരെ തിരിഞ്ഞു. കല്ലേറിന് ശ്രമിച്ചപ്പോള്‍ കൂടുതല്‍ പൊലീസ് ഇടപെട്ട് നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു. സി ഐ രാജേഷ്‌കുമാറിന്റെയും എസ് ഐ സുനില്‍ഗോപിയുടെയും മേല്‍നോട്ടത്തിലായിരുന്നു തെളിവെടുപ്പ്.
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയാവും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക.അടുത്ത ആഴ്ചയോടെ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന.രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും.നിലവിലെ നിരക്കില്‍ നിന്ന് എട്ട് മുതല്‍ പത്തു ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പ്രതിമാസം 100 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 രൂപ കൂടും. ദ്വിമാസ ബില്ല് ആയതിനാല്‍ 50 രൂപയിലേറെ നിരക്ക് കൂടുമെന്ന് സാരം. 2017ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച് നിരക്ക് കൂട്ടുകയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഉപയോക്താക്കളില്‍ 78 ശതമാനവും വീടുകളാണ്. വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നതും അവര്‍ തന്നെ. അതിനാല്‍ ഗാര്‍ഹിക ഉപയോക്താക്കളെയാവും നിരക്ക് വര്‍ധന ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.ജല വൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 12 ശതമാനം മാത്രമാണ് ജലം.ഇതു 15 ദിവസത്തേയ്ക്കു മാത്രം തികയും.മഴ പെയ്തില്ലെങ്കില്‍ ഗുരുതതരമായ വൈദ്യുത പ്രതിസന്ധിയിലേയ്ക്കാണ് കേരളം നീങ്ങുന്നത്.
വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണം;കണ്ണൂർ ചിന്മയ വനിതാ കോളേജില്‍ എസ്.എഫ്.ഐ. അക്രമം
കണ്ണൂര്‍:വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ചിന്മയ വനിതാ കോളേജില്‍ അക്രമം. സംഘമായെത്തിയ പ്രവര്‍ത്തകര്‍ കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കാറും പൂച്ചട്ടികളും മറ്റും കേടുവരുത്തി. പോലീസെത്തിയശേഷമാണ് സംഘം പിരിഞ്ഞു പോയത്.സംഭവത്തില്‍ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സി.പി ഷിജു (26) സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ(24), ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ബഷീര്‍ (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജിലെ നിയമാധ്യാപികയെ പിരിച്ചുവിടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ വിദ്യാര്‍ഥിനികള്‍ നേരത്തെ സമരം ചെയ്തിരുന്നു. ഇതിന് നേതൃത്വം നല്‍കിയ പിജി വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് വിദ്യാര്‍ഥിനി കുഴഞ്ഞു വീണെന്നുമാണ് എസ്‌എഫ്‌ഐ ആരോപിക്കുന്നത്.അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് മകള്‍ക്ക് ദേഹാസ്വാസ്ഥമുണ്ടായതായി വിദ്യാര്‍ഥിനിയുടെ രക്ഷിതാവും വ്യക്തമാക്കി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടുണ്ട്.വിദ്യാര്‍ഥിനിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ മഹേന്ദ്രന്‍ വ്യക്തമാക്കി.അതേസമയം മാനേജ്‌മെന്റില്‍നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.കെ.എസ്.യു. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിട്ടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയില്‍ കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി.മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ സുപ്രീം കോടതി വിധി.ജാര്‍ഖണ്ഡില്‍ നിന്നു ബിഹാറിലേക്കു സ്വന്തം കാറില്‍ വരുംവഴി മദ്യപിച്ച നിലയില്‍ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സത്‌വീന്ദര്‍ സിംഗ് എന്നയാള്‍ പട്‌ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2016 ലെ ബിഹാര്‍ എക്‌സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി പൊതു നിരത്തിലെ സ്വകാര്യ വാഹനങ്ങളിലെ വെള്ളമടിയും കുറ്റമായി മാറും.
നെടുങ്കണ്ടം കസ്റ്റഡി മരണം;അറസ്റ്റിലായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി
കോട്ടയം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്‌കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പോലീസുകാരാണ് അറസ്റ്റിലായിരിക്കുന്നത്.കൂടുതല്‍ പൊലീസുകാര്‍ വരുംദിവസങ്ങളില്‍ അറസ്റ്റിലാവും എന്നും സൂചനയുണ്ട്.സംഭവത്തെതുടര്‍ന്ന് എസ്.ഐ ഉള്‍പ്പെടെ എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ പ്രവർത്തനമാരംഭിച്ചു
തൃശൂർ:സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ തൃശൂർ ജില്ലയിലെ വിയ്യൂരില്‍ പ്രവർത്തനമാരംഭിച്ചു.തീവ്രവാദികളടക്കമുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് അതിസുരക്ഷാ ജയിലില്‍ ഒരുക്കിയിരിക്കുന്നത്.ഒരേസമയം അറുനൂറോളം തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ജയിലിൽ ഒരുക്കിയിട്ടുണ്ട്. 2016 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയിലിന്റെ ഉദ്ഘാടനം നടത്തിയിരുന്നവെങ്കിലും ഇപ്പോഴാണ് പണി പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒൻപതേക്കർ സ്ഥലത്ത് മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കാനറിലൂടെ നടന്ന് വിരല്‍ പഞ്ചിംഗ് നടത്തിയ ശേഷം മാത്രമേ ജയിലിന്‍റെ അകത്ത് പ്രവേശിക്കാന്‍ കഴിയുകയുള്ളു.തടവുകാര്‍ക്ക് പരസ്പരം കാണാന്‍ കഴിയില്ല.എല്ലാ മുറികളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.അത്യാവശ്യ ഘട്ടങ്ങളില്‍ കോടതി നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യവും ജയിലില്‍ ഒരുക്കിയിട്ടുണ്ട്.24 മണിക്കൂറും സുരക്ഷാ ഭടന്മാരുള്ള നാല് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്.