ഇരിട്ടി മേഖലയിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

keralanews widespread damage in huriccane in iritty region

കണ്ണൂർ:ഇരിട്ടി മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. കാക്കയങ്ങാട്  ഓട്ടോടാക്‌സിക്ക് മുകളിലേക്ക് മരം വീണ് ഓട്ടോയുടെ മുൻഭാഗം തകർന്നു. ഇരിട്ടി,എടൂർ,കാക്കയങ്ങാട്,മണത്തണ എന്നീ ഇലെക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ പതിനെട്ടോളം വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് ഈ മേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായി. എടക്കാനം ചേലത്തൂരിലെ പി.രഞ്ജിത്തിന്റെ വീടിനു പിന്നിൽ നിർമിച്ച പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ് മരംപൊട്ടിവീണ് തകർന്നു.കുപ്പിവെള്ള വിതരണ കമ്പനിയുടെ ഡ്രൈവറായ രഞ്ജിത്ത് കുപ്പിവെള്ളം സൂക്ഷിക്കുന്നതിനായാണ് ഷെഡ് നിർമ്മിച്ചത്.ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന കുടിവെള്ള ജാറുകൾ തകർന്നു. ഇവിടെയുണ്ടായിരുന്ന വാഹനത്തിനും കേടുപാട് പറ്റി.വീട്ടുമുറ്റത്തെ തെങ്ങ് വീടിനു മുകളിലേക്ക് പതിച്ചതിനെ തുടർന്ന് എടക്കാനം ചേളത്തൂരിലെ കൊമ്പിലാത്ത്‌ സന്ദീപിന്റെ ഇരുനില വീടിന്റെ മേൽക്കൂര തകർന്നു.അപകടം നടക്കുമ്പോൾ സന്ദീപും കുടുംബവും തൊട്ടടുത്ത സഹോദരന്റെ വീട്ടിലായതിനാൽ ആളപായം ഒഴിവായി.പായം കാടമുണ്ടയിലെ ചിറമ്മൽ രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിച്ചു

keralanews stole the golden chain of teacher who slept at home

പാപ്പിനിശ്ശേരി:വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിച്ചു.അരോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ടി.അനിതയുടെ നാലരപ്പവന്റെ മാലയാണ് മോഷണം പോയത്.ഐക്കലിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.മാല പൊട്ടിക്കുന്നതിനിടെ ഞെട്ടിയുണർന്ന അനിത ഭർത്താവ് പ്രകാശനെ വിളിച്ചുണർത്തിയെങ്കിലും മോഷ്ട്ടാവ് രക്ഷപ്പെട്ടു.വീടിന്റെ പിൻഭാഗത്തും നിന്നും അടുക്കളയിലേക്കുള്ള വാതിൽ തകർത്താണ് മോഷ്ട്ടാവ് അകത്തു കയറിയത്. വീട്ടിൽ നിന്നെടുത്ത മൊബൈൽ ഫോണും വാതിൽ തകർക്കാൻ ഉപയോഗിച്ച ആയുധവും ഉപേക്ഷിച്ചാണ് മോഷ്ട്ടാവ് രക്ഷപ്പെട്ടത്.പരാതി നൽകിയതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ദ്ധരും ക്രൈം സ്ക്വാർഡുമെത്തി തെളിവെടുത്തു. വളപട്ടണം എസ്‌ഐ പി.വിജേഷ്,ക്രൈം എസ്‌ഐ കെ.മോഹനൻ,വിരലടയാള വിദഗ്ദ്ധൻ യു.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ധർമടം നിയോജകമണ്ഡലത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു

keralanews global dairy village is coming up in dharmadam constituency

കണ്ണൂർ:ധർമടം നിയോജകമണ്ഡലത്തിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു.പദ്ധതിക്കായുള്ള പ്രാരംഭ ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നു.മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു,ക്ഷീരവികസന വകുപ്പ് ഡയറക്റ്റർ എസ്.ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഇന്ത്യൻ ജനുസ്സുകളിലുള്ള പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഡയറി ഫാമാണ് നിർമിക്കുക. പ്രതിദിനം പതിനായിരം ലിറ്റർ പാൽ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് സാറ്റലൈറ്റ് ഡയറി ഫാമുകൾ,ജൈവ പാൽ,ജൈവ പച്ചക്കറി,ചാണകം,ഗോമൂത്രം എന്നിവയിൽ നിന്നും മൂല്യവർധിത ഉൽപ്പനങ്ങൾ എന്നിവ നിർമ്മിക്കും. ഫാം ടൂറിസം സെന്റർ, ഐസ്ക്രീം, വെണ്ണ, നെയ്യ്,ചീസ്,ഫങ്ഷണൽ മിൽക്ക് തുടങ്ങിയ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ക്ഷീര വികസന പദ്ധതിയാണിത്. പദ്ധതി നിലവിൽ വരുന്നതോടെ ആയിരത്തോളംപേർക്ക് തൊഴിൽ ലഭിക്കും.ധർമടം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിലവിൽ 12 ക്ഷീരകർഷക സംഘങ്ങളാണ് ഉള്ളത്.1700 ക്ഷീരകർഷകരിൽ നിന്നും പ്രതിദിനം 13500 ലിറ്റർ പാൽ ഇപ്പോൾ സംഭരിക്കുന്നുണ്ട്.

കായം‌കുളം എം.എൽ.എ പ്രതിഭ ഹരിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

keralanews kayamkulam m l a prathibha hariss husband found dead

നിലമ്പൂർ:കായം‌കുളം എം.എൽ.എ പ്രതിഭ ഹരിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ആലപ്പുഴ തകഴി സ്വദേശിയായ ഇയാൾ നിലമ്പൂർ ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായിരുന്നു.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്.നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ മോചനമാവശ്യപ്പെട്ട് പ്രതിഭ നൽകിയ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.

നെടുങ്കണ്ടം കസ്റ്റഡി മരണം;അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്തുന്നതായി പരാതി

keralanews nedumkandam custody death complaint that the phone calls of investigating officers were trapped

ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ഫോൺ കോളുകൾ ചോർത്തുന്നതായി പരാതി.കേസുമായി ബന്ധപ്പെട്ട ഏഴു ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.അതേസമയം കസ്റ്റഡിക്കൊലയില്‍ പ്രതിഷേധിച്ച്‌ സി.പി.ഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തും.ഒമ്പതോളം  പോലീസുകാര്‍ രാജ്‌കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതില്‍ എസ്.ഐ അടക്കം നാല് പേര്‍ അറസ്റ്റിലായി. മര്‍ദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.എസ്.ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെതീരുമാനം.

പീഡന പരാതി;ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി;പരിശോധന അടുത്ത തിങ്കളാഴ്ച

keralanews binoy kodiyeri ready for d n a test and test on next monday

മുംബൈ:യുവതിയുടെ പീഡന പരാതിയിൽ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി. രക്ത സാംപിള്‍ നല്‍കണമെന്ന മുംബൈ ഓഷിവാര പോലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത സാംപിള്‍ ശേഖരിച്ച ശേഷം മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക.ഇന്നലെ ഓഷിവാര സ്‌റ്റേഷനിലെത്തിയ ബിനോയിയെ അര മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.ഒരുമാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഓഷിവാര പൊലീസ് ബിനോയിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;കണ്ണൂരില്‍ അധ്യാപികയ്ക്ക് നഷ്ടമായത് ഒൻപത് ലക്ഷം രൂപ

keralanews online fraud teacher lost nine lakh rupees in kannur

കണ്ണൂർ:ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂരിൽ അധ്യാപികയ്ക്ക് ഒൻപത് ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി.പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.ജൂണ്‍ 26-നാണ് സംഭവം.ബാങ്കില്‍ നിന്ന് മാനേജര്‍ എന്ന വ്യാജേനെ അധ്യാപികയെ ഒരാള്‍ വിളിക്കുകയും പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും അതിനായി അക്കൗണ്ട് നമ്പറും യൂസര്‍നെയിമും പാസ്സ്‌വേർഡും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു.പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന രണ്ടുദിവസത്തിനുള്ളില്‍

keralanews electricity charge will increase in the state within two days

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്.മാസങ്ങള്‍ക്കു മുൻപ് തന്നെ നിരക്കുവര്‍ധന തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം പ്രഖ്യാപനം നീട്ടുകയായിരുന്നു. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്തവിധമാകും മാറ്റം. ഇങ്ങനെ മാറ്റിയ നിരക്കുകള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാനാവുമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.രണ്ടുവര്‍ഷത്തേക്ക് ഒരുമിച്ച്‌ നിരക്ക് പരിഷ്‌കരിക്കാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷത്തേക്കു മാത്രമുള്ള നിരക്കുവര്‍ധനയേ ഇപ്പോള്‍ പ്രഖ്യാപിക്കൂ. നിരക്കുവര്‍ധനയ്ക്കു പിന്നാലെ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്.

ഗോ എയര്‍ കണ്ണൂരില്‍നിന്നും പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

keralanews go air will start new international service from kannur

കണ്ണൂര്‍: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ കണ്ണൂരില്‍നിന്നും പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.കണ്ണൂര്‍,മുംബൈ,ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ദുബായ്, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുള്ളത്. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം ഈമാസം 19 ന് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.

ആഗ്രയിലെ എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു

keralanews 29 killed when a bus falls into canal in agra express way

ലഖ്‌നൗ:ആഗ്രയിലെ എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലഖ്‌നോവില്‍നിന്നും ഡല്‍ഹി ആനന്ദ് വിഹാറിലേക്കു പോവുകയായിരുന്ന ഡബിള്‍ഡക്കര്‍ ബസ്സാണ് നിയന്ത്രണംവിട്ട് 50 അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞത്.44 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.മുങ്ങല്‍വിദഗ്ധരുടെയും എക്‌സ്‌കവേറ്റിന്റെയും സഹായത്താലാണ് യാത്രക്കാരെ പുറത്തെടുത്തത്.ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി.