ഡി.കെ. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews mumbai police warned d k shivakumar will be arrested if he does not return and prohibitory order issued in the area

മുംബൈ:കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മൂന്നു മണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലാണ്. ശിവകുമാറിന് മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.ഇതേത്തുടര്‍ന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാന്‍ മുംബൈ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.ഇന്ന് പുലർച്ചെയാണ് ശിവകുമാറും ജെഡി-എസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയില്‍ എത്തിയത്.മുംബൈയിലെ റിനൈസന്‍സ് പവായ് ഹോട്ടലിലേക്ക് ശിവകുമാര്‍ എത്തിയതോടെ പോലീസ് തടഞ്ഞു.തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് നേതാക്കളെ ഹോട്ടലിലേക്ക് പോലീസ് കടത്തിവിടാതിരുന്നത്.ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്ബില്‍ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.എന്നാല്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.ഹോട്ടലിന് മുന്നില്‍ വന്‍ സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പോലീസിനേയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.

എൽ.പി,യു.പി സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം

SONY DSC

കൊച്ചി: കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ എല്‍പി ക്ളാസുകള്‍ ഒന്നു മുതല്‍ അഞ്ച് വരെയും , യുപി ക്ളാസുകള്‍ ആറ് മുതല്‍ എട്ട് വരെയുമാണ്. ഇതാണ് കോടതി അംഗീകരിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളാണ് എല്‍പി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി.ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാൾ മരിച്ചു

keralanews one died when an under construction building collapses in bengalooru

ബെംഗളൂരു:ബെംഗളൂരിലെ പുലിക്കേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാൾ മരിച്ചു.രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.ബിഹാര്‍ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചില്‍ തുടരുകയാണ്.എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക് മാറ്റി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

കർണാടകയിൽ പ്രതിസന്ധി തുടരുന്നു;മുംബൈയില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഡി കെ ശിവകുമാറിനെ തടഞ്ഞു

keralanews crisis continues in karnataka police blocked d k shivakumar outside the hotel

മുംബൈ:കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഭരണസ്വാധീനമുപയോഗിച്ച്‌ തടയാന്‍ നീക്കം.വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലീസ് തടഞ്ഞു. വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം എംഎല്‍എമാര്‍ മുംബൈ പോലിസ് മേധാവിക്ക് കത്തെഴുതിയത്.തങ്ങളെ തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറുമെന്നും അവരെ തടയണമെന്നുമായിരുന്നു ആവശ്യം. കത്ത് കിട്ടിയ ഉടനെ തന്നെ പോലിസ് ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു. 100ലേറെ പോലിസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം, താന്‍ മുംബൈയിലെത്തിയത്‌ പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്‌തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിമത എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം ശ്രമം നടത്തി.

കൊല്ലം ബൈപാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്;ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു

keralanews three injured when ambulance and car collided in kollam and the ambulance completely burned

കൊല്ലം:കൊല്ലം ബൈപാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു.ഇന്ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കാറുമായി ഇടിച്ച്‌ ആംബുലന്‍സ് തലകീഴായി മറിഞ്ഞു.ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാന്‍ കാരണമായത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.

ഇരുചക്ര വാഹനത്തിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ ഹെൽമറ്റ് നിർബന്ധം;കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കണം

keralanews helmets and seat belt mandatory for all two wheeler and car passengers

തിരുവനന്തപുരം:ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന രണ്ടുപേർക്കും ഹെൽമറ്റും കാർ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു.ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എല്ലാ ബൈക്ക്-കാര്‍ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു.ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികൾക്ക് അധികാരമുണ്ട് – കത്തില്‍ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരക രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ട്

keralanews report that deadly chemicals are mixed in fish exported from tamilnadu to kerala

തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൽസ്യം ധാരാളമായി എത്തുന്നുണ്ട്.എന്നാൽ ഇവിടെ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍ കലർത്തുന്നതായി റിപ്പോർട്ട്.കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്,അമോണിയ,ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്.കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ പെട്ടികളാക്കി ഐസ് ഇട്ട് ശേഷം അതിന്റെ മുകളില്‍ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.പ്രമുഖ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ കാശിമേട് തുറമുഖം സജീവമാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയ്ക്കും.ഇതിന് പിന്നാലെ കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്.ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മീന്‍ ചെന്നൈ എഫ്‌എഫ്‌എസ്‌എസ്‌ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു.കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം മത്സ്യങ്ങളിൽ കണ്ടെത്തി.കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.അതേസമയം ചെക്ക്‌പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.

കണ്ണൂർ മുഴക്കുന്നിൽ മധ്യവയസ്കൻ കടന്നല്‍ കുത്തേറ്റ് മരിച്ചു

keralanews man dies in bee attack in muzhakkunnu kannur

ഇരിട്ടി:കണ്ണൂർ മുഴക്കുന്നിൽ കടന്നല്‍ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു.മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് മരിച്ചത്.റബ്ബര്‍ മരം മുറിച്ചു മാറ്റുന്നതിനിടെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബാബുവിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി

keralanews permission granted for the convension center of sajan who committed suicide in anthoor

കണ്ണൂര്‍:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി.ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നേരത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനക്ക് ശേഷം പുതിയ നഗരസഭാ സെക്രട്ടറി എം സുരേശന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിച്ച് അന്തിമാനുമതിക്കായുള്ള റിപ്പോര്‍ട്ട് സാജന്‍റെ കുടുംബം സമര്‍പ്പിച്ചു. ഇന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീണ്ടും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തി.പാര്‍ക്കിങ് സ്ഥലത്ത് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത് പോരായ്മയായി പരിശോധനയില്‍ വിലയിരുത്തിയിരുന്നു.ഇത് മാറ്റി സ്ഥാപിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍; പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി എം.എം മണി

keralanews severe power crisis in the state will have to impose tight control within ten days

ഇടുക്കി:സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്നും പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി എം.എം മണി.മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.ഇടുക്കി,വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.സംസ്ഥാനത്താകെ ഈ കാലയളല്‍ 799 മില്ലീ മീറ്റര്‍ മഴ പെയ്യണം. ഇത്തവണ കിട്ടിയതാകട്ടെ 435 മീല്ലീ മീറ്ററും.പതിനാല് ജില്ലകളിലും മഴയുടെ വന്‍കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സ്ളാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാര്‍ജും യൂണിറ്റ് നിരക്കും ഒരേ സമയം കൂട്ടിയാണ് ഇരട്ട അടി നല്‍കിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18 രൂപ മുതല്‍ 254 രൂപ വരെ നിരക്കു കൂടും. ഒപ്പം അധിക ഫിക്സ‌ഡ് ചാര്‍ജും നല്‍കണം. അഞ്ചു രൂപ മുതല്‍ 70 രൂപ വരെയാണ് ഫിക്സഡ് ചാര്‍ജ് വര്‍ദ്ധന. ചാര്‍ജ് വര്‍ദ്ധന ഇന്നലെ മുതല്‍ നിലവില്‍ വന്നതായി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.