കണ്ണൂർ:സ്കൂൾ വിദ്യാർത്ഥികളെ ബസില്‍ കയറ്റിയില്ല എന്ന് ആരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം.ഇതേ തുടർന്ന് കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ സ്വകാര്യ ബസ് ഉടമകളുടെ മിന്നല്‍ പണിമുടക്ക്.ഈ റൂട്ടില്‍ ഓടുന്ന നബീല്‍ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്റ്റർക്കാണ് മർദനമേറ്റത്. ഇന്ന് രാവിലെ കൂത്തുപറമ്പ് ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.പുറക്കളത്ത് വച്ചായിരുന്നു സംഭവം.
പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ വഴിത്തിരിവ്;ക്രൈം ബ്രാഞ്ച് അന്വേഷണം പുതിയ ദിശയിൽ
കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിലുളള മനോവിഷമം സാജനെ അലട്ടിയിരുന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമേയുളള കാരണങ്ങളുടെ സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സാജന്റെ അടുപ്പക്കാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ ബീന, പാര്‍ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സാജന്റെ പേരിലെടുത്തതും അടുത്ത ബന്ധു ഉപയോഗിക്കുന്നതുമായ സിം കാര്‍ഡിലേക്കു കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന 2000 ലേറെ ഫോണ്‍ കോളുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദിശയില്‍ പോലീസ് അന്വേഷണം നീങ്ങുന്നത്. വിളികളെല്ലാം ഒരേ നമ്പറിൽ നിന്നാണു വന്നത്. ഇതു സാജനുമായി ഏറെ അടുപ്പമുള്ള ഒരാളുടെ നമ്പറാണ്.കോളുകള്‍ വന്ന സമയവും സംശയം ജനിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. ഫോണ്‍ വിളിച്ചയാളില്‍നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്.ഇത്തരം സംശയങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പാര്‍ഥാ ബില്‍ഡേഴ്‌സിലെ ചില ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.സാജന്‍, കുടുംബാംഗങ്ങള്‍ , ജീവനക്കാര്‍ എന്നിവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം;പ്രതികളെ റിമാൻഡ് ചെയ്തു
കൊച്ചി: എറണാകുളം നെട്ടൂരില്‍ 20-കാരനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പിടിയിലായ നാലു പ്രതികളെ റിമാന്‍ഡ് ചെയ്തത്. കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജ്ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി,നിബിന്‍, അനന്തു, അജയന്‍ എന്നിവരെയാണ് എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച് അപകടത്തില്‍ ഇയാൾ മരിക്കുകയും അർജുന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്.പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ടു തലയ്ക്കടിച്ച ശേഷം, അജിത് കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന് കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്നും 50 മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി.കൊലപാതകത്തിനുശേഷം അര്‍ജുന്റെ മൊബൈൽ ലോറിയില്‍ ഉപേക്ഷിച്ച് ‘ദൃശ്യം’ സിനിമയിലേതുപോലെ പോലീസിനെ കബളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.
127 രൂപയുടെ വിയ്യൂർ ജയിൽ ‘ഫ്രീഡം കോംബോ ഓഫർ’ സൂപ്പർ ഹിറ്റ്;ഇരുപതു മിനിറ്റിനുള്ളിൽ തയ്യാറാക്കിയത് മുഴുവൻ വിറ്റുതീർന്നു
വിയ്യൂർ:’ചിക്കൻ ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം’ ഇവയെല്ലാം ഒരു കവറില്‍ അതും 127 രൂപയ്ക്ക്. ഇത് ഒരു ഹോട്ടലിന്റെയും ഓഫര്‍ അല്ല, മറിച്ച് വിയ്യൂര്‍ ജയിലിലെ സ്‌പെഷ്യല്‍ കോംബോ ഓഫറാണ്.കശുവണ്ടിയും ഉണക്കമുന്തിരിയും യഥേഷ്ടം കോരിയിട്ട 300 ഗ്രാം ബിരിയാണി. ഒപ്പം പൊരിച്ച കോഴിക്കാല്‍, കോഴിക്കറി, സലാഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പി വെള്ളം.ബിരിയാണി കഴിച്ച് വയറു നിറയുമ്പോൾ മധുരത്തിനായി ഒരു കപ്പ് കേക്കും ‘ഫ്രീഡം കോംബോ’ ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. ജയില്‍ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലോ ഫ്രീഡം കോംബോ കിട്ടില്ല. ഓണ്‍ലൈന്‍ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ.ഇന്നലെ മുതലാണ് ഭക്ഷണം ഓൺലൈനായി ലഭിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു.തുടക്കം തന്നെ തിക്കും തിരക്കുമായി.വില്പന തുടങ്ങി 20 മിനിറ്റിനുള്ളിൽ മുഴുവനും വിറ്റു തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപയാണ് ജയിലിന്റെ പോക്കറ്റില്‍ വീണത്. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ജയശ്രീയാണ് നിര്‍വഹിച്ചത്. ‘ഫ്രീഡം കോംബോ ഓഫര്‍’ എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ സജീവമാകും.
സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്
മാഞ്ചെസ്റ്റർ:സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്.ന്യൂസിലന്‍ഡ് മുന്നോട്ടു വച്ച 240 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്ണിന് ഓള്‍ഔട്ടായി. ആദ്യം ബാറ്റു ചെയ്‌ത ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് 239 റണ്ണെടുത്തു.കനത്ത മഴ കാരണം ചൊവ്വാഴ്‌ച്ച നിര്‍ത്തിവെച്ച മത്സരം ഇന്നലെ പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് ആരംഭിച്ചത്.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 എന്ന വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.രോഹിത് ശർമ്മ,രാഹുൽ,കോഹ്ലി എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.ഓപ്പണര്‍മാരായ രോഹിതും രാഹുലും ഓരോ റണ്‍സ് വീതം മാത്രമാണ് നേടിയത്.തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും ഒരു റണ്‍സുമായി മടങ്ങി. നാലാം നമ്പറിൽ ഇറങ്ങിയ റിഷഭ് പന്ത് 32 റണ്‍സ് എടുത്ത് പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യയും 32 റണ്‍സ് നേടി.പിന്നാലെ ക്രീസില്‍ ഒന്നിച്ച ധോണി-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി. ഒരറ്റത്ത് ധോണി നിലയുറപ്പിച്ചപ്പോള്‍ ജഡേജ ആക്രമിച്ചു കളിച്ചു. 59 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്.അവസാനം വരെ പിടിച്ചു നിന്ന ധോണി 49 മത്തെ ഓവറിന്‍റെ ആദ്യ പന്തില്‍ ഫെര്‍ഗൂസനെ സിക്‌സര്‍ പറത്തി.തുടര്‍ന്ന് 2 റണ്‍സ് നേടാനുള്ള ശ്രമത്തിനിടെ ധോണി റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും ഫെര്‍ഗൂസണ്‍, നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം.ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്ച ലോര്‍ഡ്‌സിലാണ് ഫൈനല്‍.
കൊച്ചി നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി
കൊച്ചി:നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.നെട്ടൂര്‍ നോര്‍ത്തില്‍ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തായി കണിയാച്ചാല്‍ എന്ന സ്ഥലത്ത് ആള്‍ താമസമില്ലാത്ത ഭാഗത്തെ കുറ്റിക്കാടിനുള്ളിലെ ചതുപ്പു നിലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിനു മുകളില്‍ വലിയ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവെച്ചിട്ടുണ്ടായിരുന്നു. പരിശോധനക്ക് ശേഷം സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കാണാതായ കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവിന്റെ മൃതദേഹമാണെന്നാണ് സൂചന.ജൂലൈ രണ്ടാം തീയതി ചൊവ്വാഴ്ച മുതല്‍ കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന്‍ എം.വി. അര്‍ജുന്‍ (20) എന്ന യുവാവിനെ കാണാതായതായി വീട്ടുകാര്‍ പനങ്ങാട് പോലിസില്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ള രണ്ടുപേരുടെ പേരും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അർജുനെ കാണാതായ രണ്ടാം തീയതി രാത്രി 10 മണിയോടെ വീട്ടില്‍ നിന്നും ഫോണില്‍ വിളിച്ചിറക്കിയ യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മൃതദേഹത്തിനരികിലേക്ക് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശികളായ രണ്ടു യുവാക്കളും കുമ്പളം സ്വദേശികളായ രണ്ടു യുവാക്കളും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.ഫോറന്‍സിക് പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന കാര്യം സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി:എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്നും രാജിക്കാര്യത്തില്‍ സ്പീക്കർ ഇന്ന് തീരുമാനമെടുക്കണമെന്നും കോടതി
ന്യൂഡൽഹി:കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. എം.എല്‍.എമാര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് സ്പീക്കറുടെ മുന്‍പില്‍ ഹാജരാകണമെന്നും രാജി സംബന്ധിച്ച് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.പ്രതാപ് ഗൗഡ പാട്ടീൽ ഉൾപ്പടെ 10 വിമത എം.എൽ.എമാർ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. രാജി സ്വീകരിക്കാൻ സ്‌പീക്കറോട് നിർദേശിക്കുക, അയോഗ്യരാക്കാനുള്ള നടപടികൾ തടയുക എന്നിവയായിരുന്നു വിമത എം.എല്‍.എമാരുടെ പ്രധാന ആവശ്യങ്ങള്‍.വിമത എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടുന്നു;ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം:അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടിവരുന്നതിനാൽ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി.വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 15 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പാദനത്തിനുള്ള വെളളം ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഒഴുകിയെത്തിയിട്ടുണ്ട്. അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് സംഭരണശേഷിയുടെ ഒരു ശതമാനം കൂടി 12 ശതമാനമായി. നീരൊഴുക്കിന്റെ തോത് കുറവാണെങ്കിലും വൈദ്യുതി ബോര്ഡിന് ആശ്വാസം പകരുന്നതാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 89 ദശലക്ഷം വൈദ്യുതിയ്ക്കുള്ള ജലം ഒഴുകിയെത്തിയിരുന്നു. കാലവർഷം മെച്ചപ്പെടുകയാണെങ്കില്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് രക്ഷനേടാം.
ലോകകപ്പ് ക്രിക്കറ്റ്;ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം;രോഹിത്തും കോഹ്‌ലിയും രാഹുലും, ദിനേശ് കാര്‍ത്തികും പുറത്ത്
മാഞ്ചസ്റ്റർ:ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിംഗ് തകർച്ച.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി.ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. നായകന്‍ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോള്‍ട്ടിന്റെ പന്തിൽ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച് ന്യൂസിലാൻഡ് മൂന്നാം പ്രഹരവും ഏല്പിച്ചു.പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ത്തിക്കും വീണു.ഇതോടെ ഇന്ത്യ 24ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.നേരത്തെ, മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നില്‍ 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് ആണ് നേടിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ റോസ് ടെയ്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.റിസര്‍വ് ദിനത്തിലേക്ക് മാറിയ മത്സരത്തില്‍ അവസാന 3.5 ഓവറില്‍ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തിയ ന്യൂസിലാന്‍ഡ് 28 റണ്‍സ് കൂടിയാണ് ചേര്‍ത്തത്. റോസ് ടെയ്ലര്‍ 74(90) ടോം ലഥാം 10(11) മാറ്റ് ഹെന്റി 1(2) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് ഇന്ന് നഷ്ടമായത്.
ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്.വൈദ്യുത വാഹന നയത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടിയുള്ള ഐടി സെക്രട്ടറിക്കു വേണ്ടി സർക്കാർ ആദ്യ ഇ–കാർ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ടാറ്റയുടെ ടിഗോറിന്‍റെ ഇലക്ട്രിക് പതിപ്പാണ് ഐടി സെക്രട്ടറിക്കു വേണ്ടി സ്വന്തമാക്കിയ സര്‍ക്കാരിന്‍റെ ആദ്യത്തെ ഇ-കാര്‍. മൂന്നു മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഈ കാറിന് ഏകദേശം 12 ലക്ഷം രൂപയാണു വില.രണ്ട് ദിവസം കൂടുമ്പോഴാണ് വാഹനം ചാർജ്ജ് ചെയ്യേണ്ടത്.ദീർഘദൂരയാത്രയ്ക്ക് ബുദ്ധിമുട്ടായതിനാൽ തലസ്ഥാനത്തെ യാത്രകൾക്കാണ് ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുകയെന്നാണ് സൂചന.