പീഡന പരാതി;ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിൾ നല്‍കിയില്ല

keralanews binoy kodiyeri unable to give blood sample for d n a test

മുംബൈ:പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിൾ നല്‍കിയില്ല. പരിശോധനയ്ക്കായി സാമ്പിൾ നൽകണമെന്ന് കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇന്നലെ സാമ്പിൾ നല്കാൻ തയ്യാറാണെന്ന് നേരത്തെ ബിനോയ് അറിയിച്ചിരുന്നു.എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ഇന്നലെ ബിനോയ് കോടിയേരി ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. അരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാൽ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു.ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിൾ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

keralanews suicide of expatriate petition given to c m demanding-c b i probe in the case

കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സാജന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ഇപ്പോഴത്തെ അന്വേഷണസംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്.നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.സാജന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.എന്നാല്‍, തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശ്യത്തോടെ, താനും ഡ്രൈവറും തമ്മില്‍ തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുകയാണെന്നു ബീനയുടെ പരാതിയില്‍ പറയുന്നു. ഇതാണു സാജന്റെ ആത്മഹത്യക്കു പിന്നിലെന്നും അതേക്കുറിച്ചു മകള്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരമെന്ന രീതിയിലാണു ഈ വാർത്തകൾ പ്രചരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാജനുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല.വസ്തുതകള്‍ മറച്ചുവച്ച്‌ തന്നെയും കുടുംബത്തെയും തേജോവധം ചെയ്യാനും മാനസിക സമ്മര്‍ദത്തിലാക്കി തകര്‍ക്കാനുമുള്ള നീക്കമാണു നടക്കുന്നത്.ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കുക എന്ന ദുരുദ്ദേശവും ഇതിനു പിന്നിലുണ്ട്.കുടുംബത്തെ മോശമായി ചിത്രീകരിച്ച്‌ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് കേസന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നല്‍കിയത്.

ലോകകപ്പ് ക്രിക്കറ്റ്;ഇംഗ്ലണ്ട് ചാമ്പ്യന്മാർ

keralanews world cup cricket england champions

മാഞ്ചെസ്റ്റർ:ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഏവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തു.മികച്ച രീതിയിൽ ഇംഗ്ലീഷ് ബൌളർമാർ പന്തെറിഞ്ഞതോടെയാണ് കിവീസ് സ്കോർ 250 ൽ താഴെ ഒതുങ്ങിയത്.242 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ ഒരോവറിൽ രണ്ട് ബൌണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.55 റണ്‍സെടുത്ത നിക്കോള്‍സിന്റെയും 47 റണ്‍സ് നേടിയ ലാഥത്തിന്റെയും പ്രകടനമാണ് കിവീസിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. നായകൻ കെയ്ൻ വില്യംസൺ 30 റൺസ് നേടിയപ്പോൾ ഓപ്പണർ മാർട്ടിൻ ഗുപ്ടിലും ജിമ്മി നീഷാമും 19 റൺസ് വീതം നേടി.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോഗ്സും ലിയം പ്ലങ്കറ്റുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജോഫ്ര ആർച്ചറും മാർക്ക് വുഡും ഓരോ വിക്കറ്റുകളും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പതിയെയായിരുന്നു. തുടക്കത്തിൽ തന്നെ നാല് മുൻനിര വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റോക്ക്സ് – ബട് ലർ സഖ്യം ഇംഗ്ലീഷ് സ്കോർ ഉയർത്തി. ബട് ലർ പുറത്തായപ്പോഴും ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയ തീരത്തെത്തിച്ചത് ബെൻ സ്റ്റോക്സാണ്. സ്റ്റോക്ക്സ് 84 റൺസുമായി പുറത്താകാതെ നിന്നു.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമ കേസ്; മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു

keralanews conflict in university college main accused confessed

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു.ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്‍. നസീം എന്നിവരാണ് പിടിയിലായത്. അഖിലിനെ കുത്തിയെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.കേശവദാസപുരത്തെ വീട്ടില്‍വെച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഇവരെ പിടികൂടിയത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.ശിവരഞ്ജിത് കോളജ് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റും നസീം സെക്രട്ടറിയുമാണ്. വധശ്രമക്കേസില്‍ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. അദ്വൈത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരാണ് നേരത്തെ പിടിയിലായത്. എട്ട് പ്രതികള്‍ക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇതോടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പടെ ആറുപേര്‍ പിടിയിലായി.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിൽ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം സര്‍വകലാശാല അന്വേഷിക്കും

keralanews university will investigate the incident of answer sheets found in the house of accused in the case

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ  പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം സര്‍വകലാശാല അന്വേഷിക്കും.അന്വേഷണം നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വൈസ്ചാന്‍സലര്‍ ഉന്നതതല യോഗം വിളിച്ചു.പ്രോവൈസ് ചാന്‍സലറും പരീക്ഷാ കണ്‍ട്രോളറും അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.അതിന് ശേഷമാകും ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കുക. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍.ഓരോ കോളേജിനും ആവശ്യമായ ഉത്തരക്കടലാസുകള്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് കോളേജുകള്‍ക്കാണെന്നും കേരള സര്‍വകലാശാല പറയുന്നു. ഇങ്ങനെ നല്‍കുന്ന ഉത്തരക്കടലാസുകള്‍ ബാക്കിവരുന്നുണ്ടെങ്കില്‍ അത് കോളേജുകള്‍ അടുത്ത പരീക്ഷയ്ക്കായി ഉപയോഗിക്കുക എന്നതാണ് നിലവിലെ രീതി. അതിനാല്‍ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് ബന്ധമില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് കൗണ്‍സില്‍ ചേര്‍ന്നാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അമര്‍, ആരോമല്‍, അദ്വൈത് തുടങ്ങിയ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഡിഎൻഎ പരിശോധന;ബിനോയ് കോടിയേരി ഇന്ന് രക്തസാമ്പിൾ നൽകും

keralanews d n a test binoy kodiyeri will give blood sample today

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിൾ നല്‍കും.വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച്‌ രക്ത സാമ്പിൾ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞതവണ ഹാജരായപ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് സമ്മതം അറിയിച്ചെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കേസിൽ ബിനോയിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു;തിരുവനന്തപുരത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു

keralanews worm found in biriyani bought online food safety department sealed the restaurant

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വാങ്ങിയ ബിരിയാണിയില്‍ പുഴു.ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു.കവടിയാറിയിലെ ലാമിയ ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ ആണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.അധികൃതര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. ഇതിനു പുറമെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിന് അടിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകള്‍ക്കെതിരെ കോര്‍പറേഷന്‍ നടപടിയെടുത്തിരുന്നു.

ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴുപേർ മരിച്ചു

keralanews seven including six soldiers died when hotel building collapsed in himachal pradesh

ഷിംല:ഹിമാചൽ പ്രദേശിലെ സോളനിൽ കനത്ത മഴയിൽ ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴുപേർ മരിച്ചു.28 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി.ഇനിയും ഏഴോളം സൈനികര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.ഇന്നലെ വൈകീട്ടോടെയാണ് സോളനില്‍ അപകടമുണ്ടായത്.30 സൈനികരും ഏഴ് പ്രദേശവാസികളും ഹോട്ടലില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.സൈനികരും കുടുംബാംഗങ്ങളും ഉത്തരാഖണ്ഡിലേക്കുള്ള വഴിയില്‍ ഉച്ചഭക്ഷണത്തിനായി റസ്റ്റോറന്റില്‍ നിര്‍ത്തിയതായിരുന്നു. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം;മുഖ്യപ്രതികൾ പിടിയിൽ

keralanews conflict in university college main accused caught

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ  മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്‌, നസീം എന്നിവര്‍ പിടിയിലായി.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ്‌ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട്‌ മണിയോടെ ഇവര്‍ പിടിയിലായത്‌. കേസിലെ മറ്റു പ്രതികളായ കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മാല്യത്തില്‍ അദ്വൈത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്‌ന്‍ എസ്.എന്‍. നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്. അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇരുമ്ബുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു.

തന്നെ കുത്തിയത് ശിവരഞ്ജിത്ത്‌ തന്നെയെന്ന് അഖിലിന്റെ മൊഴി

keralanews university college crisis akhils statement was that he was stabbed by shivaranjith

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ മൊഴി പുറത്ത്.തന്നെ കുത്തിയത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്താണെന്ന് അഖില്‍ ഡോക്ടറോട് പറഞ്ഞു.എസ്.എഫ്.ഐ നേതാവ് നസീം അടക്കമുള്ളവര്‍ മര്‍ദിച്ചു. കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അഖില്‍ പറഞ്ഞു.അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.ഇന്നലെ രാവിലെയാണ് കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി.ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.