ന്യൂഡൽഹി:കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി.രാജിവച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി.ഇക്കാര്യത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വിമത എം.എല്‍.എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാമെന്നായിരുന്നു സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.
മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
കൊച്ചി:മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിൻവലിച്ചതിനെ തുടർന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചത്.ഹര്‍ജി പിന്‍വലിക്കാനുള്ള സുരേന്ദ്രന്റെ അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു.കേസ് നടത്തിപ്പിന്റെ ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.സുരേന്ദ്രനെതിരെ മല്‍സരിച്ച് വിജയിച്ച എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനിശ്ചിതത്വത്തിലായത്. 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.
സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു.200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില.വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില.അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി.ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്.മുരിങ്ങക്കായയ്ക്ക് മൊത്തവിപണിയില്‍ 60 രൂപയും, ചില്ലറവിപണിയില്‍ 20 രൂപ കൂടി 80 രൂപയുമായി. കിലോയ്ക്ക് 80 രൂപയാണ് കാരറ്റ് വില. കാബേജിന് 45ഉം പയറിന് 45 മുതല്‍ 60 രൂപ വരെയും വിലയുണ്ട്.
സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം മൂലം;മറ്റ് പ്രചാരണങ്ങൾ തെറ്റെന്നും ഡി.വൈ.എസ്.പി
കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം മൂലമാണെന്നും മറ്റ് പ്രചാരണങ്ങൾ തെറ്റെന്നും ഡി.വൈ.എസ്.പി, വി.എ കൃഷ്ണദാസ്.കുടുംബ പ്രശ്നങ്ങളാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പൂര്‍ണമായി നിഷേധിച്ചു.അതേസമയം സംഭവത്തില്‍ നഗരസഭാ അധികൃതരെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഇതിനിടെ പോലീസ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും സംഭവത്തില്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി സമാന്തര അന്വേഷണം നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി;സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി:കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം.രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.വിമത എംഎൽഎമാരുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ കുമാര സ്വാമി സര്‍ക്കാര്‍ വീഴും.എന്നാല്‍ ഒരേസമയം രാജിക്കത്ത് സ്വീകരിക്കാനും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനും സ്പീക്കർക്ക് കോടതി അനുമതി നൽകിയാൽ സര്‍ക്കാര്‍ക്കാരിന് പിന്നെയും പ്രതീക്ഷക്ക് വകയുണ്ടാകും. കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും ബി.ജെ.പിക്കും ഇന്നത്തെ ഉത്തരവ് വളരെ നിർണായകമാണ്.കേസിന്റെ ഭരണഘടന വശങ്ങള്‍ ഇന്നലെ സുപ്രിം കോടതി വിശദമായി പരിശോധിച്ചിരുന്നു. രണ്ട് ഭാഗത്തിന്റെയും വാദങ്ങള്‍ക്ക് ബലമുണ്ടെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണം എന്ന് നിര്‍ദ്ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം വൈകിയതിനെയും കോടതി വാദത്തിനിടെ ചോദ്യം ചെയ്തു.എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറുടെ മേല്‍ സമയം നിശ്ചയിക്കുന്നതിന് പോലും കോടതിക്ക് ഭരണഘടനാപരമായ പരിമിതിയുണ്ടെന്നാണ് സ്പീക്കറുടെ പ്രധാന വാദം.
സഞ്ചാരികളെ മാടിവിളിച്ച് റാണീപുരം, ‘കേരളത്തിന്റെ ഊട്ടി’
കാസർകോഡ്:പ്രകൃതി സൗന്ദര്യം വഴിഞ്ഞൊരുകുന്ന കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണീപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.വേനല്‍കാലത്താണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ അധികവും എത്താറുള്ളത്.എങ്കിലും ഈ വര്‍ഷമാണ് ഇവിടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രാധാന്യമേറിയത്. കാടിന്റെ ഇടവഴികളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മഴനനഞ്ഞ് റാണിപുരം കുന്നിന്റെ അത്യൂന്നതിയായ ‘മണിക്കുന്നി’ലേക്കുള്ള യാത്രയും മഴമാറിനില്‍ക്കുന്ന ഇടവേളകളില്‍ വീശിയെത്തുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്.വൈവിധ്യമാര്‍ന്ന പൂമ്പാറ്റകൾ, അപൂര്‍വ്വങ്ങളായ കരിമ്പരുന്ത്, ചുള്ളിപരുന്തി,ചിലന്തിവേട്ടക്കാരന്‍ തുടങ്ങിയവയും റാണിപുരത്തിന്റെ മറ്റൊരു സവിശേഷതയാണ്.പ്രകൃതിദത്ത ഗുഹ,നീരുറവ,പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകവരും.സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച് വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്.ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.
ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി
ബീഹാർ:ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു.ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. കാസിരംഗ ദേശീയ പാര്‍ക്ക്, പൊബി തോറ വന്യജീവി സങ്കേതം, മാനസ് ദേശീയ പാര്‍ക്ക് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒരുലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. ബീഹാറിലും മരണസംഖ്യ 24 കടന്നു. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും ത്രിപുരയും മഴക്കെടുതിയിലാണ്. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. ആവശ്യമായ സഹായങ്ങള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിമാര്‍ അറിയിച്ചു.
കോട്ടയത്ത് ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
കോട്ടയം:മെഡിക്കൽ കോളേജിന് സമീപം ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍.മരിച്ച തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയ്ക്കൊപ്പം കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് താമസിച്ചിരുന്ന കോഴഞ്ചേരി സ്വദേശി സത്യനാണ് അറസ്റ്റിലായത്.മൂന്ന് ദിവസം മുൻപ് കത്തിക്കരിഞ്ഞ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പൊന്നമ്മയുടെ മൃതദേഹം മകളാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ദ്രവിച്ച് പോയതിനാല്‍ മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിക്കാന്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയിരുന്നു. കല്ലോ ഭാരമേറിയ വസ്തു ഉപയോഗിച്ച് അടിച്ചതാണ് തലയോട്ടിക്ക് സാരമായി ക്ഷതമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ.പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊലപ്പെടുത്തിയത്.നാല്‍പ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പുരപ്പുറസൗരോർജ്ജ പദ്ധതി;ജില്ലയിൽ 12000 അപേക്ഷകർ;ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നത് 30 മെഗാവാട്ട് വൈദ്യുതി ഉൽപാദനം
കണ്ണൂർ:കെഎസ്ഇബി നടപ്പാക്കുന്ന പുരപ്പുറസൗരോർജ്ജ പദ്ധതിയിൽ ജില്ലയിൽ നിന്നും 12000 അപേക്ഷകർ. ദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നത് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ജില്ലയിൽ നിന്നും പ്രതീക്ഷിക്കുന്നത്.ബോർഡിന്റെ ഓവർസിയർമാരുടെ നേതൃത്വത്തിലുള്ള സംഘം അപേക്ഷകരുടെ കെട്ടിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകി.വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മുകളിൽ കെഎസ്ഇബി നേരിട്ട് സൗരോർജ പാനൽ സ്ഥാപിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ‘സൗര’ എന്ന പദ്ധതിയാണിത്.അപേക്ഷകരുടെ വീടുകളിൽ നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രേഡുകളായി തിരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.കെട്ടിടത്തിന്റെ ചരിവ്,ഗതാഗത സൗകര്യം,ടെറസ്സിൽ കയറാനുള്ള സൗകര്യം,തൊട്ടടുത്ത് തണൽ മരങ്ങളുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് ഗ്രേഡ് തീരുമാനിക്കുന്നത്.തണലുണ്ടെങ്കിൽ പദ്ധതി ഫലപ്രദമാകില്ല.സിംഗിൾ ഫേസ് ലൈനുള്ള വീടുകളിൽ ഒന്നുമുതൽ നാലുവരെ കിലോവാട്ട് സൗരോർജ പാനലാണ് സ്ഥാപിക്കുക.ത്രീ ഫേസ് ലൈനാണെങ്കിൽ 10 കിലോവാട്ട് വരെയാകും പരിധി.ചുരുങ്ങിയത് 15-16 യൂണിറ്റ് വൈദ്യുതി ഓരോ പുരപ്പുറത്തു നിന്നും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.അതേസമയം സ്വന്ത ചിലവിൽ പാനൽ സ്ഥാപിക്കുകയും മറ്റ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നവർക്ക് ആവശ്യമെങ്കിൽ വൈദ്യുതി മുഴുവൻ എടുക്കാം.ബാക്കി ഉണ്ടെങ്കിൽ വൈദ്യുതി ബോർഡ് വാങ്ങും.ഇതിനായി ബോർഡിന്റെ പ്രത്യേക മീറ്റർ സ്ഥാപിക്കും. ബോർഡിന്റെ വൈദ്യുതി ഉപയോഗിക്കുന്നതും ബോർഡിന് നൽകുന്ന വൈദ്യുതിയുടെ കണക്കും പ്രത്യേകം മീറ്ററിൽ രേഖപ്പെടുത്തും.ബോർഡിന് നൽകുന്ന വൈദ്യുതിക്ക് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന വില നൽകും.അതേസമയം ബോർഡിന്റെ ചെലവിലാണ് പാനൽ സ്ഥാപിക്കുന്നതെങ്കിൽ പത്തു ശതമാനം വൈദ്യുതി വാടകയെന്ന നിലയിൽ ഗുണഭോക്താവിന് എടുക്കാം.ബാക്കി ബോർഡിന് അവകാശപ്പെട്ടതായിരിക്കും.ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ പതിനായിരത്തോളം പേരുടെ അപേക്ഷ സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഇടുക്കി,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:ഈ മാസം 19 വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ജൂലൈ 18 ന് മലപ്പുറത്തും 19 ന് ഇടുക്കിയിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം.ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.19 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍ 19 വരെ മല്‍സ്യ ബന്ധനത്തിന് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലില്‍ ചൊവ്വാഴ്ച്ചയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച്ചയും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശമുണ്ട്.