കണ്ണൂർ:വ്യാജ ദിനേശ് ബീഡി നിർമിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.രാമന്തളി കുന്നതെരുവിലെ വി.രാജീവനെയാണ്(55) തളിപ്പറമ്പ് എസ്‌ഐ കെ.പി ഷൈൻ അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച വൈകുന്നേരം പയ്യന്നൂരിൽ വെച്ച് എസ്‌ഐ യും ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദിനേശ് ബീഡി നിർമിക്കുന്നണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നേരത്തെ കേസെടുത്തിരുന്നു.വിതരണക്കാരായ രണ്ടുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് മുഖ്യപ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് രാജീവനെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി തന്നെ പ്രതിയോടൊപ്പം എറണാകുളത്തേക്ക് തിരിച്ച അന്വേഷണ സംഘം പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ ബീഡി നിർമ്മാണകേന്ദ്രം കണ്ടെത്തി. ഗോഡൗണില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജബീഡി ശേഖരവും അസംസ്‌കൃത സാധനങ്ങളും പിടിച്ചെടുത്തു.ദിനേശ് ബീഡിയുടെ ലേബലുകളും പിടികൂടി.കെട്ടിടം വാടകയ്‌ക്കെടുത്ത് സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ചാണ് വ്യാജ ബീഡി നിർമിച്ചിരുന്നത്.കഴിഞ്ഞ 35 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.ഇയാളുടെ സംഘത്തില്‍ പെട്ട എരുവാട്ടി സ്വദേശിയും വായാട്ടുപറല്‍ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അലകനാല്‍ ഷാജി ജോസഫ്, പുതിയതെരു അരയമ്പത്തെ കരിമ്പിന്‍കര കെ. പ്രവീണ്‍എന്നിവരെ കഴിഞ്ഞ മാസം 26 ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തിതിരുന്നു.ചെമ്പന്തൊട്ടി,ചപ്പാരപ്പടവ്, ആലക്കോട്, നടുവില്‍, കരുവഞ്ചാല്‍, ചെറുപുഴ, നല്ലോമ്പുഴ,ചിറ്റാരിക്കാല്‍,കമ്പല്ലൂര്‍,പാലാവയല്‍ പ്രദേശങ്ങളില്‍ ദിനേശ് ബീഡിയുടെ വില്‍പ്പന വലിയ തോതില്‍ കുറഞ്ഞതോടെ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്
തലശ്ശേരിയിൽ അധ്യാപകൻ തീവണ്ടി തട്ടി മരിച്ചു
തലശ്ശേരി:തലശ്ശേരി രണ്ടാം ഗേറ്റിനു സമീപം അധ്യാപകൻ തീവണ്ടി തട്ടി മരിച്ചു.മമ്പറം ഹയർസെക്കണ്ടറി അധ്യാപകൻ നാദാപുരം കക്കട്ട് കൈവേലി വണ്ണാത്തിപ്പോയിൽ വേണ്ടെങ്ങോട്ട് ചാലിൽ ബാബു(51)ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് അപകടം.തൃശ്ശൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസ്സന്ജർ ട്രെയിൻ ആണ് തട്ടിയത്.കുട്ടിയുടെയും കല്യാണിയുടെയും മകനാണ്.ഭാര്യ:അനു(അദ്ധ്യാപിക,മീഞ്ചന്ത രാമകൃഷ്‌ണ മിഷൻ സ്കൂൾ), മക്കൾ:അദ്വൈത്,അധർവ്.
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു
ചെന്നൈ:കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു.ജയിലിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്.കേസില്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഏതാനും ദിവസംമുൻപാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയ രാജഗോപാലിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു. മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഇദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു.ശരവണഭവൻ ഹോട്ടലിലെ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999-ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി.ഇതേ തുടർന്ന് 2001-ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി.രണ്ടുദിവസത്തിനുള്ളില്‍ പ്രിൻസ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിച്ചേക്കും
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിച്ചേക്കും.മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്.ഇന്നലെ രേഖപ്പെടുത്തിയ അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 പേരുള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.അതേസമയം സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസെടുത്തു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലച്ചോറില്‍ രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എംആര്‍ഐ അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി.തുടര്‍ ചികില്‍സകള്‍ എങ്ങനെ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച കാബിനറ്റ് മീറ്റിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യവും കാലിന് ബലക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി കാലിന് ബലക്കുറവും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് നീതി.ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.പാകിസ്താന്‍ സൈനിക വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് നടപടി.ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ജാദവിനെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം തള്ളി. അതേസമയം പട്ടാകളകോടതി വിധി റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചില്ല.2017 ഡിസംബറില്‍ കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും അദ്ദേഹത്തെ കാണാന്‍ പാകിസ്താന്‍ അവസരം നല്‍കിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരായത്.
നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ജാദവിനെ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം.അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത കുറ്റസമ്മതമൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാകിസ്താന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി യുടെ കൊടിമരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി
കണ്ണൂർ:തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി.എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ചാണ് പ്രവർത്തകർ കോളേജിൽ കൊടിമരം സ്ഥാപിച്ചത്.ഇതാണ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റിയത്.ഈ കൊടിമരം തകർക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണി മുഴക്കിയിരുന്നു.ഇതെ തുടർന്ന് കോളേജിൽ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിശാല്‍ അനുസ്മരണത്തിനായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളേജില്‍ പരിപാടി സംഘടിപ്പിക്കുകയും കൊടിമരം നാട്ടുകയും ചെയ്തത്. ചടങ്ങിനു ശേഷം കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയും കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറുകയുമായിരുന്നു.
അതേസമയം കൊടിമരം എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ഫല്‍ഗുനന്റെ വീട്ടിലേക്ക് രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഇന്നലെ രാത്രി 8.45 -ഓടെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. എ.ബി.വി.പി.യുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു നടപടി. അനുമതി വാങ്ങിയ ശേഷമാണ് കോളേജില്‍ കൊടിമരം നാട്ടിയതെന്നാണ് എ.ബി.വി.പി പറഞ്ഞത്. എന്നാല്‍ പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ റോഡില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ഇവരെ അഭിസംബോധന ചെയ്ത് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സംസാരിക്കുകയും ചെയ്തു.
കർണാടകത്തിന്റെ വിധി ഇന്നറിയാം;വിശ്വാസ വോട്ടെടുപ്പ് 11 മണിക്ക്
ബെംഗളൂരു: 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ ഭാവി ഇന്ന് അറിയാം. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോൾ സര്‍ക്കാര്‍ വീഴാനാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 12 വിമത എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയത്.എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ജോലി സമയത്ത് ടിക് ടോക് വീഡിയോ ചിത്രീകരിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍
തെലങ്കാന: ജോലി സമയത്ത് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍. ജോലി സമയത്ത് ടിക് ടോക്കില്‍ അഭിനയിച്ചവരെ സ്ഥലം മാറ്റിയതിന് ഒപ്പം ഇവരുടെ ശമ്പളവും വെട്ടിക്കുറച്ചു. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കിടെ ടിക് ടോക്ക് വീഡിയോയില്‍ അഭിനയിച്ചതിന് സ്ഥലം മാറ്റിയത്.ജീവനക്കാരുടെ ടിക് ടോക്ക് വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെയും ഇവരെ അനുകൂലിച്ചും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വരുന്നുണ്ട്.ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സമയമില്ലാതെ ടിക് ടോക് ചെയ്ത ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍.ഭുവനേശ്വറില്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നടപടി നേരിടേണ്ടി വന്നിരിന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടിക് ടോക് വാര്‍ത്ത പുറത്തു വരുന്നത്.
നെടുംകണ്ടത്ത് കസ്റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും;കുടുംബത്തിന് 16 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കാനും തീരുമാനം
ഇടുക്കി:നെടുംകണ്ടത്ത് കസ്റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്കാൻ തീരുമാനം.രാജ്‌കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കാനും ഇന്നു ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗം തീരുമാനിച്ചു.രാജ്കുമാറിന്റെ വീട്ടിലുള്ള അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം.രാജ്കുമാറിന്റെ ഭാര്യയ്ക്ക് ഏതുവകുപ്പില്‍ ജോലി നല്‍കണം എന്നത് പിന്നീട് തീരുമാനിക്കും.ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 12 നാണ് രാജ്കുമാറിനെയും കൂട്ടിപ്രതികളായ ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന പതിനാറാം തീയതി വരെ രാജ്‌കുമാറിന്റെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.ഇടുക്കി എസ് പിയായിരുന്ന കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതെന്ന് കേസില്‍ അറസ്റ്റിലായ നെടുങ്കണ്ടം മുന്‍ എസ് ഐ സാബു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇന്നലെ ഇയാള്‍ കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്‌കുമാറിനെ കസ്റ്റഡിയില്‍ വച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.രാജ്‌കുമാറിന്റെ രണ്ട് കാലിലും കാല്‍ പാദത്തിലും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്.കേസിലെ നാലാം പ്രതിയും പൊലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്‌കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്‌ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ രാജ്‌കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി. കാല്‍ പുറകിലേക്ക് വലിച്ച് വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. അവശ നിലയിലായിട്ടും രാജ്‌കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്‌കുമാർ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.