ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സി ബി ഐക്കു കൈമാറി.പെണ്‍കുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതകശ്രമമാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൂടാതെ ഗുരുബക്ഷ്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.ബി ജെ പി എം എല്‍ എ കുല്‍ദീപ് സെന്‍ഗറിനെതിരെയാണ് പെണ്‍കുട്ടി ബലാല്‍സംഗ പരാതി നല്‍കിയിരുന്നത്. 2017ല്‍ ജോലി അന്വേഷിച്ച് ചെന്ന തന്നെ എം എല്‍ എ ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതിയും സി ബി ഐയാണ് അന്വേഷിക്കുന്നത്.
ഇന്ന് കർക്കിടകവാവ്;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തജനങ്ങൾ ബലിതർപ്പണം നടത്തുന്നു
തിരുവനന്തപുരം:ഇന്ന് കർക്കിടകവാവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ തന്നെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിച്ചു. എല്ലായിടത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുകയാണ് എന്ന സങ്കല്പമാണ് കര്‍ക്കിടകമാസത്തിലെ അമാവാസിയുടെ പ്രത്യേകത. തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖം കടപ്പുറം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണത്തിനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.ആലുവാമണപ്പുറത്തും രാവിലെ ചടങ്ങുകള്‍ ആരംഭിച്ചത് മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ബലിതര്‍പ്പണം നടത്താന്‍ മണപ്പുറത്ത് എത്തി.മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങളാണെത്തിയത്.തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 3.30 നു തുടങ്ങി. പാപനാശിനി തീരത്തു ഒരേസമയം 10 ബലി തറകളിലായി 150 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.മെഡിക്കല്‍ സംഘം, മുങ്ങല്‍ വിദഗ്ദര്‍ എന്നിവരുടെ സേവനവും എല്ലായിടത്തും ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും
തൃശ്ശൂര്‍: സംസ്ഥാനത്ത് ഒരു മാസത്തിലധികമായി ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഇതോടെ 52 ദിവസങ്ങൾക്ക് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ട്രോളിങ് സമയത്ത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ കുറച്ച് മത്സ്യം മാത്രം ലഭിച്ചത് ചെറിയൊരു ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാലും നാളെ മുതല്‍ ചാകര ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് മുഴുവന്‍ റേഷന്‍ സാധനങ്ങളും സൗജന്യമായി അനുവദിച്ചതും മത്സ്യതൊഴിലാളി സമാശ്വാസപദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 4500 രൂപയുടെ സഹായവും തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
തൃശൂർ ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു;ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് കോൺഗ്രസ്
തൃശൂർ:ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് – എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചകിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. നൗഷാദ് ആണ് മരിച്ചത്.നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.ഇതിൽ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്. ബിജേഷിന്റെയും നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നത്.ഒൻപത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു.
ഡോക്റ്റർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോകസഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റർമാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു.24 മണിക്കൂറാണ് സമരം. ഇന്ന് കാലത്ത് ആറു മണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ ആറു വരെ തുടരും.അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദപ്രവേശനത്തിന് മാനദണ്ഡമാക്കാനടക്കം ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലുണ്ട്.
കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ:കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വെട്ടേറ്റ് വഴിയരികിൽ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.
കോഴിക്കോട് പയ്യോളിയിൽ വാഹനാപകടത്തിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
കോഴിക്കോട്:പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു.ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ്, പേരാമ്പ്ര സ്വദേശി വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് വെച്ചാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഡി എൻ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കോടതി നിർദേശമനുസരിച്ച് ഡിഎൻഎ ടെസ്റ്റിനായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി.ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയുണ്ടായി.മുംബൈ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചിരുന്നു. മുംബൈ ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. ഫലം രണ്ടാഴ്ച്ചക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം; ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി പണിമുടക്കും
ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ നേതൃത്വം അറിയിച്ചു.അത്യാഹിത വിഭാഗത്തെയും അടിയന്തിര ശസ്ത്രക്രിയാ വിഭാഗത്തെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കും.പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മറികടന്നാണ് മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കും തുടങ്ങിയവയും ബില്ലിലെ വ്യവസ്ഥകളാണ്.അതേസമയം മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണമാണ് ഡോക്റ്റർമാരുടെ ഭാഗത്തുനിന്നുമുള്ളത്.
പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതി ഉത്തരവ്
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു.ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി രണ്ടാഴ്ച്ചക്കുളളിൽ ഡി.എൻ.എ പരിശോധന ഫലം സമർപ്പിക്കാനും നിർദേശിച്ചു.പരിശോധനഫലം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം 26ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ, കേസിൽ ബിനോയിക്ക് ജാമ്യം അനുവദിച്ച മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ നിലനിൽക്കുന്നതിനാൽ രക്തസാമ്പിൾ നല്കാനാവില്ലെന്നായിരുന്നു ബിനോയിയുടെ നിലപാട്.ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.