തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുന്നു.പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മുന്നേറുകയാണ്.
വോട്ടെണ്ണൽ ആരംഭിച്ചു;ദേശീയതലത്തിൽ എൻഡിഎ ക്ക് മുൻതൂക്കം;കേരളത്തിൽ ഒപ്പത്തിനൊപ്പം
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്.ആദ്യ ഫലസൂചനയനുസരിച്ച് 24 മണ്ഡലങ്ങളിൽ പതിനാറിടങ്ങളിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.ആറിടത്ത് കോൺഗ്രസ് മുന്നിലാണ്.കേരളത്തിൽ പത്തു സീറ്റുകളിലായി എൽഡിഎഫും യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്.കാസർകോഡ്,കണ്ണൂർ,വടകര, കോഴിക്കോട്, ആറ്റിങ്ങൽ,കൊല്ലം,ആലപ്പുഴ,ആറ്റിങ്ങൽ,തൃശൂർ,പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
ജനവിധി ഇന്നറിയാം;വോട്ടെണ്ണൽ അല്പസമയത്തിനകം
ന്യൂഡൽഹി:പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 29 കേന്ദ്രങ്ങളിലായി കൃത്യം എട്ടുമണിക്ക് തന്നെ എണ്ണിത്തുടങ്ങും.പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ അറിയാൻ സാധിക്കും.പതിനൊന്നുമണിയോടെ തിരഞ്ഞെടുപ്പിലെ ഏകദേശ ട്രെൻഡുകൾ മനസിലാക്കാം.വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ആറളത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം; ഭീതിയോടെ നിവാസികൾ
ഇരിട്ടി:ആറളത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ.പ്രദേശത്ത് നിരവധി പേരുടെ കാർഷികവിളകൾക്കാണ് ആന നാശം വരുത്തിയിരിക്കുന്നത്.ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നുമാണ് മൂന്നെണ്ണം കക്കുവപ്പുഴയും കടന്ന് ജനവാസമേഖലയിലെത്തിയത്. വാഴകളും തെങ്ങുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. ഒരുമാസത്തിനിടയിൽ മൂന്നും നാലും തവണയാണ് ആനക്കൂട്ടം എത്തുന്നത്.ആനയെ ഭയന്ന് ടാപ്പിങ് പോലും പ്രദേശവാസികളിൽ ചിലർ നിർത്തിവെച്ചിരിക്കുകയാണ്.പ്രദേശത്ത് നിരവധി പേരുടെ കാർഷികവിളകൾക്ക് കനത്തനാശം ഉണ്ടായിട്ടും പലർക്കും അർഹതപ്പെട്ട നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.
വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
ന്യൂഡൽഹി:വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്.അതേസമയം വിവിപാറ്റ് ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നിരാശാജനകമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. കമ്മീഷന്റെ തീരുമാനത്തില്‍ ഭിന്നതയുണ്ടോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുകയാണ്. ഇവിഎം ബി.ജെ.പിയുടെ ഇലക്ട്രോണിക് വിക്ടറി മെഷീന്‍ ആണോയെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്‌വി ചോദിച്ചു.
നടൻ സിദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി രംഗത്ത്
തിരുവനന്തപുരം:നടൻ സിദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്.2016 ഇൽ തിരുവനന്തപുരം നിള തീയേറ്ററിൽ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ നടക്കുന്നതിനിടെ സിദ്ധിക്ക് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘അമ്മ സംഘടനയുടെ പ്രതികരണമറിയിക്കാനെത്തിയ സിദിക്കിന്റെയും കെ.പി.എസ്.സി ലളിതയുടെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
രേവതി സമ്പത്തിന്റെ ഫേസ്ബുക് പോസ്റ്റ്:
‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എനിക്ക് അഭിപ്രായം പറയുന്നതിൽ നിന്നും എന്നെ തടഞ്ഞു നിർത്താനാവുന്നില്ല.2016 ഇൽ തിരുവനന്തപുരം നിള തീയേറ്ററിൽ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ നടക്കുന്നതിനിടെ നടൻ സിദ്ധിക്ക് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു.വാക്കാലുള്ള ലൈംഗികാധിക്ഷേപം ഇരുപത്തിയൊന്നാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി.അതുണ്ടാക്കിയ ആഘാതം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്.നിങ്ങളുടെ മകൾക്ക് സമാനമായ ഒരനുഭവമുണ്ടായാൽ നിങ്ങൾ എന്ത് ചെയ്യും?ഇതുപോലുള്ള ഒരു മനുഷ്യന് എങ്ങനെയാണു ഡബ്ലിയൂ സി സി യെപോലുള്ള അന്തസുള്ള ഒരു സംഘടനയ്‌ക്കെതിരെ വിരൽ ചൂണ്ടാനാകുന്നത്?നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ?സ്വയം ചിന്തിച്ചു നോക്ക്.ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട സ്വയം പ്രഖ്യാപിത യോഗ്യന്മാരെ കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു’-ഇങ്ങനെ പറഞ്ഞാണ് രേവതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വോട്ടെണ്ണൽ നാളെ;രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി
തിരുവനന്തപുരം:കാത്തിരിപ്പിന‌് വിരാമം കുറിച്ച‌് പതിനേഴാം ലോക്സഭാ ഇലെക്ഷൻറെ ഫലം നാളെ അറിയും.കേരളത്തിൽ വ്യാഴാഴ‌്ച 29 ഇടത്തായി 140 കേന്ദ്രത്തിലാണ‌് വോട്ടെണ്ണൽ നടക്കുക. എക‌്സിറ്റ‌്പോൾ പ്രവചനങ്ങളുടെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലും യഥാർഥ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ‌് കേരളം. രാവിലെ എട്ടിന‌് തപാൽ വോട്ടുകളാണ‌് ആദ്യം എണ്ണുക. ഒപ്പം സർവീസ‌് വോട്ടുകളുടെ സ‌്കാനിങ‌് ആരംഭിക്കും.ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും.വോട്ടിങ‌് യന്ത്രത്തിലെ എണ്ണൽ രാവിലെ എട്ടരയോടെ ആരംഭിക്കും. ആദ്യഫലസൂചന രാവിലെ ഒമ്പതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും.ഒരു റൗണ്ട‌് എണ്ണിക്കഴിഞ്ഞ‌് ലീഡ‌് നില തെരഞ്ഞെടുപ്പ‌് കമീഷന്റെയും എൻഐസിയുടെയും പോർട്ടലിലേക്ക‌് അപ‌്‌ലോഡ‌് ചെയ‌്ത ശേഷമേ അടുത്ത റൗണ്ട‌് എണ്ണൂ. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്ത് മാതൃക വോട്ടെണ്ണൽ കേന്ദ്രവും സജ്ജമാക്കി.തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രം.വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
വോട്ടെണ്ണൽ;ആദ്യം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:നാളെ നടക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ആദ്യം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും.സുപ്രീം കോടതി നിർദേശിച്ച പ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് ഒത്തുനോക്കുന്ന നടപടി ആദ്യം പൂർത്തിയാക്കണം. അതിനു ശേഷം മാത്രമേ മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാവൂ.വോട്ടുകളും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റും എണ്ണണം.പോൾ ചെയ്ത വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ എന്തുചെയ്യുമെന്ന് വ്യക്തത വരുത്തണം,ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപാകെ വെച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 22 പാർട്ടികൾ ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനു ശേഷമാണ് ഇത്തരം ആവശ്യങ്ങളുമായി ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ എത്തിയത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്,സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി,മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അഹമ്മദ് പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
മസ്‌ക്കറ്റ്:ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.മഹാരാഷ്ട്ര സ്വദേശിനി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.28 ദിവസം പറയമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ശക്തമായ മലവെള്ളപാച്ചിലിൽപെട്ട് ഒലിച്ചുപോവുകയായിരുന്നു.ഇവരോടൊപ്പമുണ്ടായിരുന്ന ഫസൽ അഹമ്മദ് കാറിൽ നിന്നും ചാടി സമീപത്തെ മരത്തിൽപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു.