മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം വഴി പാൻമസാല കടത്താൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കാസർകോഡ് സ്വദേശി ഇഖ്ബാൽ മധൂരിനെ(45) എയർപോർട്ട് പോലീസ് പിടികൂടി.4951 പായ്ക്കറ്റ് പാൻപരാഗാണ് ഇയാളിൽ നിന്നും പിടികൂടിയത്.മുംബൈയിലേക്കാണ് ഇയാൾ പാൻ മസാല കടത്താൻ ശ്രമിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള ഗോ എയർ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്കാനറുപയോഗിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പാൻ മസാല പിടികൂടിയത്. കേരളത്തിൽ വിൽപ്പന നിരോധിച്ച പാൻമസാലകൾ മംഗളൂരുവിൽനിന്നെത്തിച്ചാണ് മുംബൈയിലേക്ക് കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1659 പായ്ക്കറ്റ് പുകയില ഉൽപ്പനങ്ങളുമായി കാഞ്ഞങ്ങാട് സ്വദേശി ജസീർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.
ദളിത് വനിതാ ഡോക്റ്റർ ആത്മഹത്യ ചെയ്ത സംഭവം;മൂന്നു സീനിയർ ഡോക്റ്റർമാർ അറസ്റ്റിൽ
മുംബൈ:മുംബൈയിലെ സർക്കാർ ആശുപത്രിയായ ബി വൈ എൽ നായർ ഹോസ്പ്പിറ്റലിൽ റസിഡന്റ് ഡോക്ട്ടരും ഗൈനക്കോളജി വിദ്യാർത്ഥിനിയുമായ പായൽ ആശുപത്രിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ ആശുപത്രിയിലെ തന്നെ മൂന്ന് സീനിയർ ഡോക്റ്റർമാർ അറസ്റ്റിൽ.പായലിന്റെ റൂം മേറ്റ് ഡോ.ഭക്തി മോഹാര,ഡോ.ഹേമ അഹൂജ,ഡോ.അങ്കിത ഖണ്ഡൽവാർ എന്നിവരാണ് അറസ്റ്റിലായത്.പായലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവിൽ പോയിരുന്നു. സവർണ്ണരായ സീനിയർ വിദ്യാർത്ഥിനികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിച്ചിരുന്നതായി സഹപ്രവർത്തകർ മൊഴിനല്കിയിരുന്നു.ജാതി പീഡനം മൂലമാണ് പായൽ ആത്മഹത്യാ ചെയ്തതെന്ന് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജനും സ്ഥിതീകരിച്ചു. മൂന്നുപേരും മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പായലിന്റെ കുടുംബം ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
രാജി നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി;പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിർദേശം
ന്യൂഡൽഹി:2019 ലെ ലോക്സഭാ ഇലക്ഷനിൽ ഏറ്റ കനത്ത പരാജയത്തെ തുടർന്ന് രാജി വെയ്ക്കാനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മുതിർന്ന നേതാക്കളും സഹോദരി പ്രിയങ്ക ഗാന്ധിയും പലവട്ടം രാജി തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി.അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് ഗെലോത്ത്, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ തുടങ്ങിയവരെ കാണാൻ പോലും രാഹുൽ ഇന്നലെ കൂട്ടാക്കിയിരുന്നില്ല.മറ്റ് പി.സി. സികളും രാജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്ത് തന്നെ കോണ്‍ഗ്രസ് പ്രവർത്തക സമിതി ചേര്‍ന്നേക്കും.
നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ;മന്ത്രിമാരെ ഇന്ന് തീരുമാനിക്കും
ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം ഏഴുമണിക്ക് രാഷ്ട്രപതിഭവനിൽ നടക്കും.മന്ത്രിമാരെ കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ അറിയാം.രാവിലെയോടെ എല്ലാവർക്കും ഔദ്യോഗികമായി വിവരം കൈമാറും.നാളെ രാവിലെ പ്രധാമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണവും മന്ത്രിസഭംഗങ്ങൾക്ക് ലഭിക്കും.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന.ഒന്നാം മോഡി സർക്കാരിൽ മന്ത്രിമാർ വഹിച്ചിരുന്ന വകുപ്പുകളിൽ വലിയ തോതിലുള്ള മാറ്റത്തിനു സാധ്യത കുറവാണ്.എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രെട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ഇന്ന് തീരുമാനിക്കും. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ,വി.മുരളീധരൻ,അൽഫോൻസ് കണ്ണന്താനം എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ ആയിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ നാളെ അധികാരമേൽക്കുക.
ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
കോട്ടയം:ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചങ്ങനാശ്ശേരി തെങ്ങനായിൽ വാടകയ്ക്ക് താമസിക്കുന്ന അഴകാത്തുപടി സ്വദേശി മാത്യു(38),പശ്ചിമബംഗാൾ സ്വദേശി വിജയ് ഒറോൺ(29) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.ചങ്ങനാശ്ശേരി ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഫൗസിയ ഹോട്ടലിന്റെ കിണറിൽ മോട്ടോർ നന്നാക്കുന്നതിനായി ഇറങ്ങിയതാണിവർ. അപകടത്തിൽപ്പെട്ട ഇവരെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ ഫയർമാന്മാരായ എസ്.ടി ഷിബു,റോബിൻ വർഗീസ് എന്നിവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇവരെ ചങ്ങനാശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ബംഗാളിൽ രണ്ട് തൃണമൂല്‍ എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
കൊൽക്കത്ത:മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കി പശ്ചിമ ബംഗാളിൽ അട്ടിമറി നീക്കവുമായി ബി.ജെ.പി. രണ്ട് എം.എല്‍.എമാരും അന്‍പതോളം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു സി.പി.എം എം.എൽ.എയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.തൃണമൂൽ കോൺഗ്രസിൻറ എം.എൽ.എമാരായ ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. അതേസമയം ഇനിയും കുറേ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള സി.പി.എം എം.എൽ.എ രവീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച മറ്റൊരു എം.എല്‍.എ. പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.എം.എൽ.എമാരെയും കൌണ്‍സിലര്‍മാരെയും ചാക്കിട്ട് പിടിച്ചതോടെ മമത ബാനര്‍ജിയെയും തൃണമൂൽ കോൺഗ്രസിനെയും കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി.
നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
കൊച്ചി:നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.കൊല്ലം കുളക്കട പുത്തൂർമുക്ക് ഉദയയാണ്(30) മകൾ അദിതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.പാലാരിവട്ടം പി.ജെ ആന്റണി റോഡ് പുനത്തിൽ ലൈനിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ ജീവനക്കാരിയാണ് ഉദയ.തിങ്കളാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന മുറി തുറക്കാറായതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടത്തിയത്. ജീവിക്കാൻ വരെ മാർഗ്ഗമില്ലെന്നും മരണത്തിനുത്തരവാദി ഭർത്താവാണെന്നും കാണിച്ചുള്ള ഒരു കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു.ഭർത്താവ് രാജീവിനൊപ്പമാണ് ഉദയ കൊച്ചിയിൽ ജോലിക്കെത്തിയത്.കുറച്ചുദിവസമായി ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം
പത്തനംതിട്ട:ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം.ഇവയെ കുറിച്ച് മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാൽ സ്ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു.സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ശബരിമലയിലെയും സ്ട്രോങ് റൂമിലെയും രേഖകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.സ്വർണ്ണത്തിന്റെ അളവിൽ കുറവില്ലെന്നും സ്വര്‍ണം നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ദേവസ്വ ബോര്‍ഡ് വ്യക്തമാക്കി. ഒരുമാസം മുമ്പ് നിശ്ചയിച്ച പരിശോധനയാണ് നടന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാര്‍ വിശദീകരിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടി.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ജസീറിൽ (34) നിന്നാണ് 1650 പായ്ക്കറ്റ് ലഹരിവസ്തുക്കൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.ഇവ വിമാനത്താവള പൊലീസിന് കൈമാറി.കഴിഞ്ഞ ദിവസം വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ദോഹയിലേക്ക് പോകാനെത്തിയതായിരുന്നു ജസീർ.മംഗളൂരുവിൽ നിന്നും കൊണ്ടുവന്നതാണ് ലഹരിവസ്തുക്കളെന്ന് ഇയാൾ പറഞ്ഞു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്ലസ് വൺ പ്രവേശനം;വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി
കണ്ണൂർ:പ്ലസ് വൺ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി.വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടായി 500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന സർക്കാർ നിർദേശം നിലനിൽക്കവെയാണ് നിർബന്ധിത പിരിവ്.500 രൂപ തന്നെ ഇത് നല്കാൻ ശേഷിയും സന്നദ്ധതയും ഉള്ളവരിൽ നിന്നും മാത്രമേ ഈടാക്കാവൂ എന്നും നിർദേശിച്ചിരുന്നു.എന്നാൽ മലയോരമേഖലയിലെ ചില വിദ്യാലയങ്ങൾ 2000 മുതൽ 8000 രൂപവരെ പിടിഎ ഫണ്ടായി ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിടിഎ ഫണ്ട് വാങ്ങുന്നതിനു രസീത് നൽകണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും വാങ്ങുന്ന ഫണ്ടിന് രസീതിയൊന്നും നൽകുന്നുമില്ല.രക്ഷിതാക്കളിൽ നിന്നും ഇതിനെതിരെ പരാതിയുയർന്നതോടെ വാങ്ങുന്ന തുകയിൽ 500 രൂപമുതൽ 1000 രൂപവരെ കുറവുവരുത്തിയിട്ടുണ്ട്.എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വൻ തുകയാണ് ഫീസായി ഈടാക്കുന്നത്.ഇതിനു പുറമെയാണ് ഉന്നത റാങ്ക് നേടി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ട് എന്ന പേരിൽ പിരിവ് നടത്തുന്നത്. പിടിഎ ഫണ്ട് ഇനത്തിൽ വാങ്ങുന്ന തുക സ്കൂളിലെ നിത്യച്ചിലവുകൾക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.ഇതിൽ കൂടുതൽ ചിലവുകളും മറ്റും വന്നാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ സമ്മതത്തോടെ ഫണ്ട് ശേഖരിക്കാമെന്നും സർക്കാർ നിർദേശമുണ്ട്. ഈ നിർദ്ദേശങ്ങളൊക്കെ നിലനിൽക്കെയാണ് ചിലവിദ്യാലയങ്ങൾ തോന്നിയപോലെ പണം ഈടാക്കുന്നത്.