കാസർകോഡ്:കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും.കല്യാശ്ശേരിയില്‍ പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69,70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്.അബ്ദുള്‍ സമദ് ഒരേ ബൂത്തില്‍ രണ്ടുതവണയും വോട്ട് ചെയ്തു. കെ.എം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി.
ശുദ്ധീകരിക്കാത്ത സിറിഞ്ചിന്റെ ഉപയോഗം മൂലം പാകിസ്താനില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 90ഓളംപേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്
ഇസ്ലാമബാദ്:ശുദ്ധീകരിക്കാത്ത സിറിഞ്ചിന്റെ ഉപയോഗം മൂലം പാകിസ്താനില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 90ഓളംപേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്.സംഭവത്തെ തുടര്‍ന്ന് സിറിഞ്ച് ഉപയോഗിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇയാൾക്കും എച്ച്‌ഐവി ബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തി.എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ കുറവ്;ലഭ്യത കുറഞ്ഞതോടെ വില കുതിച്ചുയരുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ ഗണ്യമായ കുറവ്.ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നു.കടുത്ത ചൂടിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നത് കുറഞ്ഞിരുന്നു.ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൂടി വന്നതോടെ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു.അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി.സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് 200ഉം, 140ല്‍ നിന്ന് അയല വില 280ലുമെത്തി. ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും മേല്‍പ്പോട്ടാണ്.കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അമേത്തിയിൽ സരിത നായർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
അമേത്തി:രാഹുൽ ഗാന്ധിയും സ്‌മൃതി ഇറാനിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന അമേത്തിയിൽ സരിത എസ് നായർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പച്ചമുളകാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നം. എറണാകുളത്തും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും നേരത്തെ സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പത്രിക തള്ളുകയായിരുന്നു. തിങ്കളാഴ്ച്ചയാണ് അമേത്തിയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്.
ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേയ്ക്ക് കടന്നു;ഒഡീഷയിൽ മരണം 8
ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. രാവിലെയോടെയാണ് ഫോനി ബംഗാള്‍ തീരത്തെത്തിയതെന്ന് കാലാവസ്ഥാ നിരാക്ഷണകേന്ദ്രം അറിയിച്ചു.മണിക്കൂറില്‍ 90 മുതല്‍ 105 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. മണിക്കൂറുകള്‍ക്ക് ശേഷം തീവ്രത കുറഞ്ഞ് മണിക്കൂറില്‍ 60 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയില്‍ ബംഗ്ലാദേശ് തീരത്തേക്ക് ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പശ്ചിമബംഗാളില്‍ ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള 8 ജില്ലകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ദുരന്തനിവാരണസേനയെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഒഡീഷ തീരത്ത് വീശിയടിച്ച ഫോണി ചുഴലിക്കാറ്റില്‍ മരണം എട്ടായി.കാറ്റിനെ തുടര്‍ന്ന് നിരവധി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ പലഭാഗങ്ങളിലും രാത്രിയും കനത്ത മഴയും കാറ്റും തുടര്‍ന്നു. പുരിയിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണാമായി തകരാറിലായതാണ് റിപ്പോര്‍ട്ടുകള്‍.താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ആഞ്ഞടിച്ച് ഫോനി;ഒഡിഷയിൽ മൂന്നു മരണം;കനത്ത ജാഗ്രത നിർദേശം
ഭുവനേശ്വർ:ഫോനി ചുഴലിക്കാറ്റ് ഒഡിഷയിൽ ആഞ്ഞടിക്കുന്നു.ഇപ്പോള്‍ പൂര്‍ണമായും ഒഡീഷ തീരത്താണ് ചുഴലിക്കാറ്റുള്ളത്.ചുഴലിക്കാറ്റിൽ ഇതുവരെ ഒഡിഷയിൽ മൂന്നുപേർ മരിച്ചു.നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായി നിലച്ചു.ശക്തമായ മഴയും കടല്‍ക്ഷോഭവുമാണ് കിഴക്കന്‍ തീരങ്ങളില്‍. ആന്ധ്ര തീരത്തു നിന്നും 11 മണിയോടെ ഫോനി പൂര്‍ണമായും ഒഢീഷയിലെത്തി. 11 ലക്ഷത്തോളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായം കുറക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ പുരി നഗരം പൂര്‍ണമായും ഫോനിയുടെ സംഹാരതാണ്ഡവത്തില്‍ തകര്‍ന്നു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. 250-ഓളം തീവണ്ടികള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫാനി ചുഴലിക്കാറ്റ് ബാധിച്ചത്. ഫാനി ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് എത്തുമെന്നാണ് വിവരം. തുടര്‍ന്ന് തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേത്ത് കടക്കും.
കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ;ഉത്തരവ് നടപ്പാക്കാൻ സമയം നീട്ടി നൽകി
കൊച്ചി:എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.നേരത്തെ ഏപ്രില്‍ 30-നകം 1,565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണനയ്ക്ക് വരുന്നുണ്ട്.
കണ്ണൂരിൽ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു
കണ്ണൂർ:പാമ്പുരുത്തിയിൽ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു.പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 ആം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍, എല്‍ഡിഎഫ് പോളിംഗ് ഏജന്റുമാരായ മുഹമ്മദ് കുഞ്ഞി, സഹീര്‍ എന്നിവരാണ് കളക്ടര്‍ക്ക് മുൻപാകെ ഹാജരായി വിശദീകരണം നല്‍കിയിരിക്കുന്നത്.ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ടവരെ കളക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും.പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകള്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്;വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഹർജി പരിഗണിച്ച കോടതി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതലാണോ എന്നു സംസ്ഥാന സര്‍ക്കാരിനോടു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദിലീപിന്‍റെ ഹര്‍ജിയില്‍ ജുലൈയില്‍ കോടതി വാദം കേള്‍ക്കും.നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കി പോലീസ് കേസെടുക്കുകയായിരുന്നുവെന്നും പോലീസിന്‍റെ കൈവശമുള്ള ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.
കോഴിക്കോട് ചെറുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.നല്ലളം ചിലാറ്റിപാരാത്ത് മുല്ല വീട്ടില്‍ ഹസന്‍ കുട്ടി (58), മക്കളായ ബഹാവുദ്ദീന്‍ (18) അബ്ദുല്‍ ഖാദര്‍ (12) എന്നിവരാണ് മരിച്ചത്.മതപഠന പരിപാടി കഴിഞ്ഞ് നല്ലളത്തെ വീട്ടിലേക്ക് മടങ്ങവെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഇവർ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഹസന്‍കുട്ടി, വഹാബുദ്ദീന്‍ എന്നിവര്‍ സംഭവസ്ഥലത്തും അബ്ദുല്‍ കാദര്‍ സ്വകാര്യ ആശുപത്രില്‍ വെച്ചുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.