തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്.തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വൈകീട്ട് നാലുമണിക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയില്‍ സഹകരണവകുപ്പ് മന്ത്രി അധ്യക്ഷനാകും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതിന് രേഖമൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്.
ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍; 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ നാടുകടത്തി
കൊളംബോ:ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ ശ്രീലങ്കൻ സർക്കാർ നാടുകടത്തി.ആക്രമണത്തിനു പിന്നില്‍ രാജ്യത്തെ തന്നെ സംഘടനകളാണെന്ന് കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.അതേസമയം, നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതായി സുരക്ഷാപരിശോധനയില്‍ കണ്ടതിനാലാണ് നടപടിയെന്ന് ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തുടര്‍ന്നുവെന്ന് കണ്ടെത്തിയവരില്‍ക്കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിലേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.
അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം; പുൽവാമയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡാക്രമണം
ന്യൂഡൽഹി:ലോക്‌സഭാ ഇലക്ഷന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം.കശ്മീരിലെ പുൽവാമയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡാക്രമണം. അനന്ത്നാഗ് മണ്ഡലത്തിലെ പോളിങ് പുരോഗമിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.പ്രദേശത്ത് സൈന്യം സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് (14), രാജസ്ഥാന്‍ (12), ബംഗാള്‍ (7), മദ്ധ്യപ്രദേശ് (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (4), ജമ്മുകാശ്മീര്‍ (2) എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, അര്‍ജുന്‍ റാം മേഘ്‌വാള്‍ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും
തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും.ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇന്ന് ഉണ്ടാകും.ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. എസ്.എസ്.എല്‍.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് https://thslcexam.kerala.gov.in ലും ലഭ്യമാകും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്
കാസര്‍കോഡ്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ശരത് ലാലിന്‍റെയും സുഹൃത്തായ ദീപു കൃഷ്ണന്‍റെ വീടിനു നേരെ ഞായറാഴ്ച അർധരാത്രിയോടെയാണ് ബോംബേറുണ്ടായത്.സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കി.
പെരിയ ഇരട്ടക്കൊലപാതകം;ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ വെട്ടേറ്റ് മരിച്ച കേസിൽ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു.ഇന്ന് രാവിലെയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നതിനായി എംഎല്‍എയെ വിളിച്ചു വരുത്തിയത്. എംഎല്‍എയ്ക്ക് പുറമേ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെയും ഏരിയ സെക്രട്ടറി കെ മണികണ്ഠന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫയുടെയും മൊഴികൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരന്‍ ഉള്‍പ്പടെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; സുൽത്താൻ ബത്തേരി സ്വദേശി പിടിയിൽ
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.അബൂദാബിയില്‍ നിന്നെത്തിയ സുൽത്താൻ ബത്തേരി സ്വദേശി നിയാസ് കണ്ണോത്ത് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.ഫ്രൂട്ട് ജ്യൂസറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാൾ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും 28 ലക്ഷം രൂപ വിലവരുന്ന 886 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നിയാസ് കണ്ണൂരിലെത്തിയത്. സംശയം തോന്നി ഫ്രൂട്ട് ജ്യൂസര്‍ കസ്റ്റഡിയിലെടുത്ത് ടെക്‌നീഷ്യനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ്;അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.7 സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി, ലഖ്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനാലും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.രാജസ്ഥാന്‍ 12, മധ്യപ്രദേശ് 7, ഝാര്‍ഖണ്ഡ് 4, ബീഹാര്‍ 5, ബംഗാള്‍ 7, കശ്മീര്‍-2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സ്മൃതി ഇറാനി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന 51 മണ്ഡലങ്ങളില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരുന്നു ബിജെപി നേടിയിരുന്നത്. 51ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തില്‍ നിന്നും വലിയൊരു തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. കശ്മീരില്‍ കശ്മീരില്‍ ലഡാക്ക് മണ്ഡലത്തിലെ കാര്‍ഗില്‍, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പം ഇന്നാണ് നടക്കുന്നത്. അനന്തനാഗില്‍ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പില്‍ 10% വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്.543ല്‍ 425 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം കഴിയുന്നതോടെ പൂര്‍ത്തിയാകും.
തലശ്ശേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം;ഒരാൾക്ക് പരിക്ക്
കണ്ണൂർ:തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. രണ്ടുകൈകൾക്കും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പ്രദേശത്ത് ബോംബ് സ്ക്വാര്‍ഡ് പരിശോധന നടത്തുന്നു.
നീറ്റ് പരീക്ഷ ഇന്ന്;15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു;കേരളത്തിൽ നിന്നും ഒരുലക്ഷത്തോളം പേർ
ന്യൂഡൽഹി:മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷയായ ‘നീറ്റ്’ ഇന്ന് നടക്കും.രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ചുമണി വരെയാണ് പരീക്ഷ. പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടക്കുക.ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി,ബെല്‍റ്റ് എന്നിവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലീസിന് വിലക്കുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം.എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തുകയും വേണം.