തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര്‍ണആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്.മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് മുറിവുകളോ രാമചന്ദ്രന്റെ ശരീരത്തില്‍ ഇല്ലെന്നും ആന പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയന്നു.ജില്ലാ കളക്‌ടര്‍ ടി.വി അനുപമ നിയോഗിച്ച മൂന്നംഗ മെഡിക്കല്‍ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആനയ്‌ക്ക് മദപ്പാടുണ്ടോ, ശരീരത്തില്‍ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മെഡിക്കല്‍ സംഘം പരിശോധിച്ചത്.അനുസരണക്കേട് കാട്ടുന്നുണ്ടോ എന്ന് അറിയാൻ അതിരാവിലെ ആനയെ കുളിപ്പിക്കുന്ന സമയത്താണ് മെഡിക്കൽ സംഘം എത്തിയത്.ഈ നേരമായിരിക്കും ആനകള്‍ അനുസരണാ ശീലങ്ങള്‍ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്ബേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും.രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.ആരോഗ്യം അനുകൂലമാണെങ്കില്‍ പൂരവിളംബരത്തിന് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ ഒരു മണിക്കൂര്‍ ഉള്‍പ്പെടുത്തുമെന്ന് തൃശൂര്‍ കലക്ടര്‍ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു;ഏഴുപേർക്ക് പരിക്കേറ്റു
തൃശൂർ:തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു.അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.തിരൂര്‍ സ്വദേശി ആറുവയസ്സുള്ള അലന്‍ ആണ് മരിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിനു സമീപം പുറ്റേക്കരയിലാണ് അപകടം നടന്നത്.ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിതീകരണം;തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയെന്ന് ടീക്കാറാം മീണ
കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിതീകരണം.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണിതെന്നും കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാമ്ബുരുത്തി, ധര്‍മ്മടം എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നത്. 10 കള്ളവോട്ടുകള്‍ നടന്നതായാണ് സ്ഥിരീകരണം. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുക്കും.എല്‍ഡിഎഫ്-യുഡിഎഫ് പോളിംഗ് ഏജന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധച്ച ശേഷമാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്.
സിബിഎസ്‌ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച് ഒരമ്മയെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി:സിബിഎസ്‌ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച് ഒരമ്മയെഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദില്ലിയിലെ വീട്ടമ്മയായ വന്ദന കത്തോച്ച് ആണ് തന്റെ മകനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.പരീക്ഷയില്‍ മകന്‍ നേടിയ 60 ശതമാനം വിജയം അഭിനന്ദനാര്‍ഹമാണ്. അത് 90 ശതമാനം അല്ലെങ്കില്‍ പോലും തനിക്ക് ഉണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ലെന്നു പറഞ്ഞാണ് വന്ദനയുടെ കുറിപ്പ് ആരംഭിക്കുന്നത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ എന്റെ മകന്റെ വിജയത്തില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുന്നു.അത് 90 ശതമാനം മാര്‍ക്കല്ല എങ്കില്‍ പോലും എനിക്കുണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ല.ചില വിഷയങ്ങളില്‍ അവന്‍ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് എനിക്കറിയാം. കഴിഞ്ഞ ഒന്നര മാസം അവന്‍ അതിന് വേണ്ടി എത്രത്തോളം പരിശ്രമിച്ചുവെന്നറിയാം. ഈ വിജയം നിന്നെ പോലുള്ളവര്‍ക്ക് അഭിമാനിക്കേണ്ട ഒന്നാണ്”-വന്ദന പറയുന്നു.ചില ഉപദേശങ്ങളും ഇവരുടെ പോസ്റ്റിലുണ്ട്.വിശാലമായ സമുദ്രം പോലെയുള്ള ഈ ജീവിതത്തിൽ എങ്ങനെ ജീവിക്കണമെന്ന് നീതന്നെ തീരുമാനിക്കുക.ഒപ്പം നിന്റെ നന്മയും അന്തസ്സും കാത്തു സൂക്ഷിക്കുക.നിന്റെ തമാശ രീതിയിലുള്ള ഇടപഴകലും ഒപ്പം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴായിരത്തിലധികം തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം അഭിപ്രായങ്ങളും പോസ്റ്റിന് ലഭിച്ചു.മക്കളുടെ യഥാർത്ഥ കഴിവിനെ അംഗീകരിക്കുന്ന പൊങ്ങച്ചം കാണിക്കാതെ കളവ് പറയാൻ പ്രേരിപ്പിക്കാതെ ജീവിതത്തിൽ വേണ്ടത് മാർക്ക് മാത്രമല്ല എന്ന ലോകത്തോട് വിളിച്ചു പറഞ്ഞ ധീരയും സ്നേഹനിധിയുമായ അമ്മയായാണ് പലരും വന്ദനയെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കാത്തതിന്റെ പേരിൽ മക്കളെ ക്രൂരമായി ഉപദ്രവിക്കുന്നവരുടെ ഇടയിൽ വന്ദന വ്യത്യസ്തയാവുന്നതിങ്ങനെയാണ്.ഈ പോസ്റ്റ് കണ്ട പലരും’ഇങ്ങനെയൊരു അമ്മയെ ലഭിച്ച ആ കുട്ടി ഭാഗ്യവാനാണെന്ന്’ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന് ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അവര്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മാത്രമല്ല മകനോടും തന്നോടുമുള്ള സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം;ഐആര്‍ ബറ്റാലിയൻ കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം:പോലീസിലെ പോസ്റ്റൽ വോട്ട് വിവാദത്തിൽ ഐആര്‍ ബറ്റാലിയൻ കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു.ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഐആര്‍ ബറ്റാലിയനിലെ ബാലറ്റ് ശേഖരണത്തിന് നേതൃത്വം നല്‍കിയത് വൈശാഖാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.വിവാദവുമായി ബന്ധപ്പെട്ട മറ്റ് നാല് പോലീസുകാര്‍ക്കെതിരായ നടപടി വിശദമായ അന്വേഷണത്തിനു ശേഷം മാത്രം മതിയെന്നും തീരുമാനിച്ചു.ഇതിനിടെ പോസ്റ്റല്‍ വോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ അയച്ച വാട്സ്‌ആപ്പ് ഗ്രൂപ്പ് നശിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പാണ് നശിപ്പിച്ചത്. ഇതോടെ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് നശിപ്പിക്കപ്പെട്ടത്. വൈശാഖ് ഒരു മാസത്തോളം മുഖ്യമന്ത്രിയുടെയും പിന്നീട് തോമസ് ചാണ്ടിയുടെയും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്‍റെ അടുത്ത ബന്ധുവുമാണ്.
ലോക്സഭാ ഇലക്ഷൻ;ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച;കൊട്ടിക്കലാശം ഇന്ന്
ന്യൂഡൽഹി:ലോക്സഭാ ഇലക്ഷന്റെ ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും.ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മദ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുക. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 11 ഉം ലോക്സഭ മണ്ഡലങ്ങളാണുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഇവിടങ്ങളിലെ പരസ്യപ്രചാരണം അവസാനിക്കും.ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൌതം ഗംഭീര്‍, ആംആദ്മി പാര്‍ട്ടിയുടെ ആതിഷി മെര്‍ലേന, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എന്നീ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. ബീഹാറില്‍ നിന്ന് കേന്ദ്രമന്ത്രി രാധ മോഹന്‍ സിങാണ് ജനവിധി തേടുന്ന പ്രമുഖന്‍.
ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മന്ത്രി എംഎം മണി തള്ളി
തിരുവനന്തപുരം: എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം എം മണി തള്ളി.സമരസമിതി പ്രവത്തകർ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാമെന്നും എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു.ശാന്തി വനത്തിന്റെ ഉടമ മീനാ മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കാണാനെത്തിയത്.ശാന്തി വനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.ചര്‍ച്ചക്ക് ശേഷം വികാരധീനയായാണ് മീനാ മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശാന്തിവനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മീന മേനോന്‍ പറഞ്ഞു. മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും വിവരങ്ങള്‍ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ശാന്തിവനം സംരക്ഷണ സമിതി കണ്‍വീനര്‍ കുസുമം ജോസഫ് പറഞ്ഞു.
മന്നം മുതല്‍ ചെറായി വരെയുള്ള അൻപതിനായിരത്തോളം കുടുംബങ്ങള്‍ നേടിരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാണ് പറവൂര്‍ ശാന്തിവനത്തിലൂടെ ടവര്‍ സ്ഥാപിച്ച് വൈദ്യുതി ലൈന്‍ നിര്‍മ്മിക്കാന്‍ കെഎസ്‌ഇബി പണി തുടങ്ങിയത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തില്‍ നിന്നും അന്‍പതോളം മരങ്ങള്‍ മുറിച്ചതോടെയാണ് പദ്ധതി വിവാദമായത്.ടവര്‍ നിര്‍മ്മാണത്തിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി.തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് നിര്‍മ്മാണം നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം. ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിര്‍മ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്‍ കെഎസ്‌ഇബി ചെയര്‍മാന്റെ മകന്റെ ഭൂമി ഒഴിവാക്കാനാണ് ഇത്തരത്തില്‍ നിര്‍മ്മാണം നടത്തുന്നതെന്നാണ് ആരോപണം.
കൊച്ചിയിൽ വൻ സ്വർണക്കവർച്ച;കവർന്നത് ആറുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണം
കൊച്ചി:കൊച്ചിയിൽ വൻ സ്വർണക്കവർച്ച.കാറില്‍ കൊണ്ടുവരികയായിരുന്ന ആറ് കോടിയോളം വിലവരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ആലുവ ഇടയാറിലെ സിആര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. കാറിന്‍റെ പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സിആര്‍ജി മെറ്റല്‍സ് കമ്ബനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തില്‍ കാര്‍ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു.അതേസമയം കവര്‍ച്ചയ്ക്ക് പിന്നില്‍ സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവര്‍തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. കമ്പനിയുടെ സമീപത്ത് വച്ച് നടന്ന കവര്‍ച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് പറയുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിആര്‍ജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ, സ്വര്‍ണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്തിന്റെ കൈകളിൽ വവ്വാലിന്റെ രക്തം പറ്റിയിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ
കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്തിന്റെ കൈകളിൽ വവ്വാലിന്റെ രക്തം പറ്റിയിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. അപകടത്തില്‍ പെട്ട വവ്വാലിനെ കൈ കൊണ്ട് എടുത്തു മാറ്റിയപ്പോൾ സാബിത്തിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി സാബിത്തിന്റെ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാന്‍ കുട്ടിയാണ് വെളിപ്പെടുത്തിയത്.നേരത്തെ ബീരാന്‍കുട്ടി ഇക്കാര്യം പറയാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ അത് ഉള്‍പ്പെട്ടിരുന്നില്ല. സാബിത്തിന് വവ്വാലില്‍ നിന്നാണ് നിപ വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പും വിദഗ്ധരും ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും ഏത് സാഹചര്യത്തില്‍ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലായിരുന്നു.സാബിത്തുമായി പാലേരിയിലേക്ക് ബൈക്കില്‍ പോകുമ്ബോഴാണ് പരിക്കു പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത് പറഞ്ഞതെന്ന് ബീരാന്‍ കുട്ടി വ്യക്തമാക്കി.
നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി
ലണ്ടൻ:വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി.വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം.ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ക്രമവിരുദ്ധമായി 13,000 കോടി രൂപ വായ്പയെടുത്ത് മുങ്ങി എന്നാണ് കേസ്.കഴിഞ്ഞ ജനുവരിയില്‍ രാജ്യംവിട്ട നീരവ് മോദി ബ്രിട്ടണില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതായി ലണ്ടനിലെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് സ്‌കോട്ട്‌ലന്‍ഡ്‌യാഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല