കണ്ണൂർ:എടക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി.എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നുമാണ് രണ്ടു ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്.ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് പുലര്‍ച്ചെ നാലോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
ശ്രീലങ്കയിലെ ഭീകരാക്രമണം;കേരളാ തീരത്തും അതീവ ജാഗ്രത നിർദേശം
കൊച്ചി: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കേരള തീരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലേക്ക് തീവ്രവാദികള്‍ കടന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയത്.അതീവ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നയിപ്പ് നല്‍കി.തീരസംരക്ഷണ സേനയും വ്യേമസേനയും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കൂടുല്‍ സേനാ കപ്പലുകളും ഡോണിയര്‍ നിരീക്ഷണ എയര്‍ക്രാഫ്റ്റുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.അതേസമയം ഭീകാരക്രമണത്തിന്റെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രിമുതലാണ് അടിയന്തരാവസ്ഥ.അതിനിടെ കൊളംബോയില്‍ ഇന്നും സ്‌ഫോടനം ഉണ്ടായി. പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്‌ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോര്‍ട്ട് ഏരിയയില്‍ നിന്നും സംശയകരമായ പാര്‍സല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സുരക്ഷാസേന ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി.ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് കൊളംബോ മെയിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 87 ബോംബ് ഡിറ്റണേറ്ററുകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് വ്യാപക പരിശോധനകള്‍ തുടരുകയാണ്. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈസ്റ്റർ ദിനത്തിൽ കൊളംബോയില്‍ ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്.അഞ്ഞൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പത്തനംതിട്ട:പത്തനംതിട്ട അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം, അജ്മൽ, ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ മുങ്ങിമരിച്ചത്.നാസിമും അജ്മലും കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു നിയാസ്. മൂന്ന് പേരുടെയും മൃതദേഹം അടൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘർഷം
തിരുവനന്തപുരം:സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘർഷം.43 ദിവസത്തെ പരസ്യ പ്രചാരണത്തിനാണ് വൈകിട്ട് ആറ് മണിയോടെ സമാപനമായത്. 20 ലോക്സഭ മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്.ഇതിനിടെയാണ് ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.തിരുവനന്തപുരം വേളിയില്‍ എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാഗത തടസ്സം മാത്രമാണുണ്ടായതെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. കരുനാഗപ്പള്ളിയില്‍ സി.പി.എം – ബി.ജെ.പി സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.കഴക്കൂട്ടത്ത് ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.കൊട്ടിക്കലാശം കഴിഞ്ഞതോടെയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. രമ്യാ ഹരിദാസിനേയും അനില്‍ അക്കര എം.എല്‍.എയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര മണ്ഡലത്തിലെ മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. കാസര്‍കോട് പടന്നയിലും ഉദുമയിലും എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടിടത്തും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.കണ്ണൂര്‍ മട്ടന്നൂരിലും കലാശക്കൊട്ടിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് പരിക്കേറ്റു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക.
കൊട്ടിക്കലാശത്തിനിടെ വയനാട്ടില്‍ വന്‍ ഭൂമി കൈയ്യേറ്റം;കൈയ്യേറിയത് തൊവരിമലയിലെ 104 ഹെക്റ്റര്‍ ഭൂമി
വയനാട്:കൊട്ടിക്കലാശത്തിനിടെ വയനാട്ടില്‍ വന്‍ ഭൂമി കൈയ്യേറ്റം.ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത തൊവരിമലയിലെ 104 ഹെക്റ്റര്‍ ഭൂമിയാണ് കൈയ്യേറിയത്.റവന്യൂ ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ളവര്‍ കൊട്ടിക്കലാശ തിരിക്കില്‍ ആയതോടെയാണ് വയനാട്ടിലെ നെന്‍മേനി പഞ്ചായത്തിലെ തൊവരിമലയില്‍ രഹസ്യമായി കൈയ്യേറ്റം നടന്നത്.സിപിഐ എഎല്‍ നേതൃത്വത്തിലുള്ള ഭൂസമര സമിതിയാണ് കൈയ്യേറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി സംഘടിച്ചെത്തി ഞായറാഴ്ച വൈകീട്ടോടെ ഭൂമി കൈയ്യേറുകയായിരുന്നു.പരിസരത്തുകാര്‍ പോലും സംഭവം അറിഞ്ഞില്ലെന്നും വിവരം ചോരാതിരിക്കാന്‍ ഫോണ്‍ പോലും സംഘടിച്ചെത്തിയവര്‍ ഉപയോഗിച്ചില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കമുള്ള കെട്ടിടങ്ങളില്‍ കൈയ്യറ്റക്കാര്‍ നിലയുറപ്പിച്ചതോടെയാണ് പോലീസ് സംഭവം അറിഞ്ഞത്. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടുച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉള്‍പ്പെടെ സമരം നടത്തിയിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കുമെന്നാണ് കൈയ്യറ്റക്കാര്‍ പറയുന്നത്.
കേന്ദ്രം അനുവദിച്ചാല്‍ ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
കൊച്ചി:കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി കേന്ദ്രം അനുവദിച്ചാല്‍ ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടും.മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കും-മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നേരത്തെ സൂചന നൽകിയിരുന്നതായി റിപ്പോര്‍ട്ട് പുറത്ത്.ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റസമ്മതം നടത്തി.നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും കൂട്ടാളികളും ചേർന്ന് പള്ളികളിലും ആഡംബര ഹോട്ടലുകളിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്.ഇന്ത്യയുടെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ പത്തിന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.പക്ഷേ പക്ഷേ അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതില്‍ സുരക്ഷ ഏജന്‍സികള്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇനി നിശബ്ദ പ്രചാരണം;കേരളം നാളെ പോളിങ് ബൂത്തിലേക്ക്
തിരുവനന്തപുരം:രാഷ‌്ട്രീയ കേരളം ഒന്നരമാസം സാക്ഷ്യംവഹിച്ച വാശിയേറിയ പ്രചാരണത്തിന‌് പരിസമാപനം.അത്യന്തം ആവേശം മുറ്റിയ അന്തരീക്ഷത്തിലാണ‌് കൊട്ടിക്കലാശം അരങ്ങേറിയത്.മെഗാ റോഡ‌് ഷോയും ബൈക്ക‌് റാലികളും ഒക്കെ ചേര്‍ന്ന‌് കലാശക്കൊട്ട‌് നാടിനെ ഇളക്കിമറിച്ചു. പതിനായിരക്കണക്കിന‌് പ്രവര്‍ത്തകരാണ‌് പരസ്യപ്രചാരണത്തിന‌് സമാപനംകുറിച്ച‌് നടന്ന റാലികളിലും മറ്റും അണിനിരന്നത‌്.അങ്ങിങ്ങ‌് ഉന്തും തള്ളും വാക്കേറ്റവുമൊക്കെ ഉണ്ടായെങ്കിലും കാര്യമായ അനിഷ‌്ട സംഭവങ്ങളില്ല.ഇന്ന് നിശബ്ദ പ്രചാരണമാണ്.നാളെ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.രാവിലെ ഏഴുമുതല്‍ വൈകിട്ട‌് ആറുവരെയാണ‌് വോട്ടെടുപ്പ‌്. 24,970 പോളിങ‌് സ‌്റ്റേഷനാണ‌് ക്രമീകരിക്കുന്നത‌്. വോട്ടിങ‌് മെഷീന്‍ അടക്കമുള്ള പോളിങ‌് സാമഗ്രികള്‍ തിങ്കളാഴ‌്ച വിതരണം ചെയ്യും. വോട്ടെടുപ്പിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. 58,138 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട‌്. പ്രശ‌്ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷയും ഒരുക്കും. സംസ്ഥാന പൊലീസിന‌് പുറമെ സിആര്‍പിഎഫ‌് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനയെയും വിന്യസിക്കും.
ശ്രീലങ്കയിൽ സ്‌ഫോടനത്തിൽ മരിച്ച കാസർകോഡ് സ്വദേശിനിയുടെ സംസ്ക്കാരം ശ്രീലങ്കയില്‍ നടത്തും
കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയിൽ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും.ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ മതിയെന്ന് ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് സ്‌ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്‌ഫോടനം നടന്നത്. രാവിലെ ഉണ്ടായ ആറ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യാത്രക്കാരെ മർദിച്ച് ബസ്സിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു
കൊച്ചി:തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സിൽ നിന്നും യാത്രക്കാരെ മർദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.’സുരേഷ് കല്ലട ‘ ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്. ബസ് തകരാറിലായതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയഘോഷ് എന്നിവര്‍ക്കാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ ബസ് ജീവനക്കാരിൽ നിന്നും മർദനമേറ്റത്. ബസിലുണ്ടായിരുന്ന ജേക്കബ് ഫിലിപ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ട് ഹരിപ്പാട് എത്തിയതോടെ ബസ് തകരാറിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്ര പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തു. ഇതാണ് വാഗ്വാദത്തിനും പിന്നീടുണ്ടായ മര്‍ദ്ദനത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ മൂന്ന് ഓഫീസ് ജീവനക്കാരെത്തി യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു.സംഭവത്തില്‍ അജയഘോഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.