കണ്ണൂര്‍:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാന്‍ മദ്യലഹരിയില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവം.കണ്ണൂര്‍ ഗവണ്‍മെന്ഡറ് ഗസ്റ്റ് ഹൗസില്‍ അത്താഴം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സിപിഒ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിനെയാണ് സസ്‌പെൻഡ് ചെയ്തത്.വിവിഐപിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന അലക്‌സാണ്ടര്‍ മദ്യപിച്ചിരുന്നതിനാല്‍ എസ്പിജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതുമൂലം രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ കൃത്യവിലോഭത്തെക്കുറിച്ച് എസെിപിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.
ആലപ്പുഴയിൽ വാഹനാപകടം;കണ്ണൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു
ആലപ്പുഴ: ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം വിവാഹ നിശ്ചയത്തിനു പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ എതിരെ വന്ന സൂപ്പര്‍ ഫാസ്റ്റിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തലശേരി കീഴല്ലൂര്‍ പാടിച്ചാല്‍ രവീന്ദ്രന്റെ മകന്‍ വിനീഷ് (25), മാതൃസഹോദരി പ്രസന്ന (55), ബന്ധുവായ മട്ടന്നൂര്‍ ചാവശേരി ഓതയത്ത് വിജയകുമാര്‍ (38) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 11.15 ഓടെ ആണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രാവലില്‍ നിന്ന് പുറത്തേക്കു തെറിച്ചു വീണ വിനീഷും പ്രസന്നയും തത്ക്ഷണം മരിക്കുകയായിരുന്നു. വാനില്‍ കുടുങ്ങി ഗുരുതര പരിക്കേറ്റാണ് വിജയകുമാര്‍ മരിച്ചത്.11 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും കെ.വി.എം, മതിലകം ആശുപത്രികളിലും പ്രവേശിപ്പിച്ചു.തിരുവനന്തപുരം പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന സ്കോര്‍പ്പിയോ വാനിനെ മറികടക്കുന്നതിനിടെയാണ് ബസ് ട്രാവലറില്‍ ഇടിച്ചത്. ട്രാവലര്‍ തലകീഴായി മറിഞ്ഞു. മൂന്ന് കുട്ടികളും ഡ്രൈവറും ഉള്‍പ്പെടെ 14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അപകടം നടന്ന് അരമണിക്കൂറിനുശേഷം പൊലീസെത്തിയാണ് പരിക്കറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുകയായിരുന്നു.
അന്തസംസ്ഥാന ബസ് ഓഫീസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി
തിരുവനന്തപുരം:അന്തഃസംസ്ഥാന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ബസ്സുകളുടെ ഓഫീസുകളിൽ പരിശോധന ശക്തമാക്കി.സംസ്ഥാന വ്യാപകമായി 100 ബസ്സുകൾ പരിശോധിച്ചതിൽ 28 എണ്ണത്തിൽ ക്രമക്കേട് കണ്ടെത്തി.പ്രത്യേകം ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുക, അനധികൃതമായി പാർസൽ കടത്തുക,അമിത വേഗം തുടങ്ങിയ ക്രമക്കേടുകൾക്ക് 40000 രൂപ പിഴയീടാക്കി.39 ബുക്കിംഗ് ഓഫീസുകൾക്ക് ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് ഹാജരാക്കാൻ നിർദേശം നൽകി.അല്ലാത്തപക്ഷം ഓഫീസിൽ അടയ്ക്കണമെന്നും നിർദേശം നൽകി. തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തിക്കുന്ന കല്ലട ട്രാവൽസിന്റെ ഓഫീസിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതോടെ ഓഫീസിൽ അടയ്ക്കാൻ നിർദേശം നൽകി.തമ്പാനൂരിലെ ഒരു ഓഫീസിനു മാത്രമേ അംഗീകൃത ബുക്കിംഗ് ഏജൻസിക്കുള്ള എൽ.എ.പി.ടി ലൈസൻസ് ഉള്ളൂ.ഇവരുടെ ലൈസൻസിൽപ്പെട്ട 20 ബസ്സുകൾക്ക് മാത്രമേ യാത്രക്കാരെ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം
ദോഹ:ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കണ്ടില്‍ ഫിനിഷ് ചെയ്താണ് താരം കേരളത്തിന്റെ അഭിമാനം കാത്തത്.പക്ഷേ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് പതിനാറാം സംസ്ഥാന സമ്മേളനം മെയ് 4 ശനിയാഴ്ച ബർണ്ണശ്ശേരി ഇ.കെ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു
കണ്ണൂർ:അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് പതിനാറാം സംസ്ഥാന സമ്മേളനം 2019 മെയ് 4 ശനിയാഴ്ച ബർണ്ണശ്ശേരി ഇ.കെ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.കേരളത്തിലെ ടാക്സ് പ്രാക്ടീഷണർമാരുടെ തൊഴിൽപരമായ ക്ഷേമവും ഐക്യവും സഹവർത്തിത്വവും ഉറപ്പുവരുത്തുന്നതിനും ഗവൺമെന്റിൽ നിന്നും അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി ജാതിമത രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന ടാക്സ് പ്രാക്ടീഷണർമാരുടെ ഒരേയൊരു സംഘടനയാണ് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ്.അംഗങ്ങളുടെ തൊഴിൽപരമായ ഉയർച്ചയും ക്ഷേമവും മുൻനിർത്തി സംസ്ഥാനത്താകെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ള ഈ സംഘടനയുടെ സംസ്ഥാന സമ്മേളനമാണ് മെയ് 4 ശനിയാഴ്ച്ച നടത്തപ്പെടുന്നത്.
രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട സംസ്ഥാന കായിക-വ്യവസായ വകുപ്പ് മന്ത്രി ശ്രീ.ഇ.പി ജയരാജൻ പൊതു സമ്മേളനം ഔപചാരികമായി ഉൽഘാടനം ചെയ്യും.ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശ്രീ.മഹേഷ് തയ്യൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രെട്ടറി ശ്രീ.മനോജ് കുമാർ എ സ്വാഗതം പറയും. ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി സുമേഷ് മുഖ്യാതിഥിയാവും. ബഹുമാനപ്പെട്ട ശ്രീ.കെ.സദാനന്ദൻ IRS(ജോയിന്റ് കമ്മീഷണർ ഇൻകം ടാക്സ്,കണ്ണൂർ),ശ്രീ.രാം മനോഹർ IRS(അസി.കമ്മീഷണർ,സെൻട്രൽ ജി.എസ്.ടി),ശ്രീമതി.ചിപ്പി ജയൻ(ഡെപ്യുട്ടി കമ്മീഷണർ,സ്റ്റേറ്റ് ജി.എസ്.ടി),കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രെട്ടറി പുനത്തിൽ ബാഷിദ്,കേരളാ സംസ്ഥാന വ്യാപാരി വ്യവസായ സമിതി സ്റ്റേറ്റ് ജോയിന്റ് സെക്രെട്ടറി ശ്രീ.ഗോപിനാഥൻ വി.,ശ്രീ.സി.എ സാജു ശ്രീധർ കെ.B.Com.,FCA(ചെയർമാൻ,കണ്ണൂർ ബ്രാഞ്ച് SIRC of ICAI), ശ്രീ.വിനോദ് നാരായണൻ.കെ(പ്രസിഡന്റ്,നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്,കണ്ണൂർ),ശ്രീ.പ്രസാദ് ടി.പി(സെക്രെട്ടറി,ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ, കണ്ണൂർ ബ്രാഞ്ച്), അഡ്വ.ടോംസൺ.ടി.ഇമ്മാനുവേൽ(ലീഗൽ അഡ്വൈസർ), അഡ്വ.ദേവാനന്ദ നരസിംഹം(ലീഗൽ അഡ്വൈസർ),ശ്രീ.റോയി റിപ്പൺ(സംസ്ഥാന ട്രെഷറർ),ശ്രീ.മസൂദ് കെ.എം(സംസ്ഥാന ജോയിന്റ് സെക്രട്ടറി),ശ്രീ.രമേശ് കുമാർ എ.എം(സംസ്ഥാന വക്താവ്) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.ശ്രീ.ടോമി.തോമസ്(സ്വാഗതസംഘം കൺവീനർ) കൃതജ്ഞത രേഖപ്പെടുത്തും.
ഉച്ചഭക്ഷണത്തിനു ശേഷം 2.30 നടക്കുന്ന പ്രതിനിധി സമ്മേളനം ശ്രീ.കെ.സദാനന്ദൻ IRS(ജോയിന്റ് കമ്മീഷണർ ഇൻകം ടാക്സ്,കണ്ണൂർ) ഉൽഘാടനം ചെയ്യും. ചടങ്ങിൽ ശ്രീ.മഹേഷ് തയ്യൂർ(സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്)അധ്യക്ഷത വഹിക്കും.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.ലതീഷ് എൻ സ്വാഗതം ആശംസിക്കും.സംസ്ഥാന ജനറൽ സെക്രെട്ടറി ശ്രീ.മനോജ് കുമാർ എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.സംസ്ഥന ട്രെഷറർ സർ.റോയി റിപ്പൺ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും.തുടർന്ന് ചർച്ച,ബൈലോ ഭേദഗതി,പൊതു ചർച്ച,സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.നിയുക്ത സംസ്ഥാന ജനറൽ സെക്രെട്ടറി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തും.
കൊച്ചിയില്‍ നിന്നും കേസന്വേഷണത്തിനായി തമിഴ്നാട്ടില്‍ പോയ പൊലീസ് സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു
കോയമ്പത്തൂർ:കൊച്ചിയില്‍ നിന്നും കേസന്വേഷണത്തിനായി തമിഴ്നാട്ടില്‍ പോയ പൊലീസ് സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.കോയമ്പത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാനാണ് സംഘം പോയത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഹരിനാരായണന്‍ ആണ് മരിച്ചത്.ഒരു എ എസ് ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോയത്. എ എസ് ഐ വിനായകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, അര്‍നോള്‍ഡ്, ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുടെ മറ്റൊരു ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. എ എസ് ഐ വിനായകന്‍റെ ആരോഗ്യ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
ഫാനി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേയ്ക്ക്, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്
തിരുവനന്തപുര: ശ്രീലങ്കയുടെ തെക്കുകിഴക്ക് രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ‘ഫാനി’ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്.ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26 ന് അതിരാവിലെ 12 മണിക്ക് മുമ്ബ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28 ഓടെ ഇത് 80-90 കിലോമീറ്റര്‍ വേഗം വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40-50 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റ് വീശുക. 30-ന് -ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.അതേസമയം തിരുവനന്തപുരം തീരത്ത് കടലാക്രമണം രൂക്ഷമാണ്.വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 10 ലധികം വീടുകളില്‍ വെള്ളം കയറി.തുറമുഖ വകുപ്പിന്‍റെ ഓഫീസ് തിരമാലയില്‍ തകര്‍ന്നു.ശക്തമായി ഉയര്‍ന്ന തിരമാലകള്‍ അന്‍പത് മീറ്ററോളം കരയിലേക്ക് അടിച്ച് കയറി.അഞ്ചുതെങ്ങ്, ശംഖുമുഖം ഭാഗങ്ങളില്‍ കടല്‍ തിരകള്‍ റോഡിലേക്ക് അടിച്ച് കയറി .നിരവധി ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രി വരെ ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി
ചെന്നൈ: യുവതലമുറയുടെ മേലുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല വീഡിയോകളുടെ പ്രചാരണം അനുവദിക്കരുത് എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്.അശ്ലീലം കലര്‍ന്നതും വിവാദപരവുമായ ഏതെങ്കിലും വീഡിയോകള്‍ വ്യവസ്ഥ ലംഘിച്ച് അപ് ലോഡ് ചെയ്യപ്പെട്ടു എന്ന് കണ്ടാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്‌എസ് സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അശ്ലീല വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് പത്രപ്രസ്താവനയില്‍ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അഭിഭാഷകനായ മുത്തുകുമാര്‍ നല്‍കിയ കേസിലാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 18ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക്ക് പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധിയെന്നും ഇതുമൂലം കമ്പനിക്ക് വലിയ രീതിയില്‍ നഷ്ടമുണ്ടായെന്നും ടിക് ടോക് കോടതിയില്‍ വാദിച്ചു.അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാമെന്ന് ടിക് ടോക് അറിയിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്.നിരോധനം നീക്കിയതോടെ ആപ്ളിക്കേഷന്‍ വീണ്ടും പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ചൈനീസ് ആപ്പായ ടിക് ടോകിന് ഇന്ത്യയിലാണ് കൂടുതല്‍ ഉപഭോക്താക്കളെന്നാണ് റിപ്പോര്‍ട്ട്. നിരോധനത്തെ തുടര്‍ന്ന് ജീവനക്കാരെയും പ്രതിസന്ധിയില്‍ ആഴ്ത്തിയിരിന്നു. അതേസമയം അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയതായി സൂചന
കോഴിക്കോട്:രാസവസ്തു കലർന്ന മൽസ്യം വിൽക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി.വ്യാഴാഴ്ച പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്നാണ് പരിശോധന നടത്തിയത്.അമോണിയം കലര്‍ത്തിയെന്ന് സംശയിച്ച മത്സ്യം കണ്ടെത്തിയതായും സൂചനയുണ്ട്.പ്രാഥമിക പരിശോധനയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ഇവയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി; ഇത്തവണ ‘മാറി നില്‍ക്ക് അങ്ങോട്ട്’
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കലിപ്പ് ഡയലോഗുമായി മുഖ്യമന്ത്രി.പോളിംഗ് ശതമാനം കൂടിയതിനെ കുറിച്ച് അഭിപ്രായം പറയാന്‍ മടിച്ച മുഖ്യമന്ത്രി ക്ഷുഭിതനായി മാധ്യമപ്രവർത്തകരോട് ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നു പ്രതികരിച്ചു. തുടര്‍ന്നു വാഹനത്തില്‍ കയറി പോകുകയായിരുന്നു.എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ദേഹം രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്ബോഴാണു മാധ്യമങ്ങള്‍ സമീപിച്ചത്. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. നേരത്തെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.