തിരുവനന്തപുരം:ഞായറാഴ്ചകളില്‍ തിരുവനന്തപുത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.കൊച്ചുവേളിയില്‍ നിന്നു ഞായറാഴ്ച വൈകിട്ടു 5ന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്ത് എത്തും.മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.ഈ മാസം 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ഇത് താല്‍ക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കും.ഞായറാഴ്ച സ്ഥിരം സര്‍വീസ് ലഭിക്കാന്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്‌സ്പ്രസിന്റെ യാത്രാദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാല്‍ മതിയാകും.
ന്യുനമര്‍ദം ചുഴലിക്കാറ്റാകുന്നു;കേരളത്തിൽ ജാഗ്രത നിർദേശം;എട്ടു ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം നൽകി.എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിനൊപ്പം കേരളത്തില്‍ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു നടപടി.ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട്-ആന്ധ്രാ തീരത്ത് പതിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം 28, 29 തീയതികളില്‍ കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയും കാറ്റുമുണ്ടാകും. 28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. 29ന് ഇത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനുമുള്ള സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തിന്‍റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും മത്സ്യബന്ധനത്തിന് പോകുന്നതു വിലക്കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഉടന്‍ തിരിച്ചെത്താനും നിര്‍ദേശം നല്‍കി.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിക്കും.മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. അതേസമയം എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പുറത്തു വരുന്നതിന്റെ അടുത്ത ദിവസം തന്നെ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കും. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലെന്ന പോലെ കുറ്റമറ്റ രീതിയില്‍ പരീക്ഷാ ഫലം തയ്യാറാക്കാനുള്ള നടപടികളും പരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസി കളക്‌ട്രേറ്റിലാണ് പ്രധാനമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വാരണാസിയിലെ കാലഭൈരക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിന് എത്തിയത്.എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കളക്ടേറ്റില്‍ പ്രധാനമന്ത്രിക്കായി കാത്തുനിന്നു. പുഷ്പവൃഷ്ടി നടത്തിയാണ് അണികള്‍ പ്രധാനമന്ത്രിയെ വരവേറ്റത്.ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ ശെല്‍വം, ജെഡിയു നേതാവ് നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി എത്തിയിരുന്നു
വയനാട് ബത്തേരിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു
വയനാട്:സുൽത്താൻബത്തേരിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു.നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്.മരിച്ച ഇരുവരും അയല്‍വാസികളാണ്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കേരളത്തിന്റെ ആദ്യ ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂൺ മാസത്തിൽ നിരത്തിലിറങ്ങും
തിരുവനന്തപുരം:കേരളത്തിന്റെ ആദ്യ ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂൺ മാസത്തിൽ നിരത്തിലിറങ്ങും.വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നതിനു മുൻപുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് സമര്‍പ്പിച്ചു.കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഓട്ടോകള്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. അനുമതി ലഭിച്ചാല്‍ ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകും. നിലവില്‍ നാലു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഗ്രീന്‍ ഓട്ടോറിക്ഷയ്ക്ക് രണ്ടര ലക്ഷം രൂപയാണ് വില.നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ ഓടാനാകും. ഒരു കിലോ മീറ്ററിന് വെറും 50 പൈസയാണ് ചെലവ്.സാങ്കേതിക വിദ്യ, രൂപ കല്‍പ്പന എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഗ്രീന്‍ഓട്ടോ. ഓട്ടോസ്റ്റാന്‍ഡുകളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കെഎഎല്‍ സ്ഥാപിക്കും.നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഇന്ത്യയില്‍ ഇ ഓട്ടോകള്‍ നിര്‍മിക്കുന്നത്.വിപണിയിലെത്തിയില്ലെങ്കിലും ഗ്രീന്‍ ഓട്ടോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.ഡല്‍ഹി,മുംബൈ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അന്വേഷകരില്‍ ഭൂരിഭാഗവുമെന്ന് കെഎഎല്‍ മാനേജിങ് ഡയറക്ടര്‍ എ ഷാജഹാന്‍ പറഞ്ഞു.ഓട്ടോറിക്ഷകള്‍ വിപണി പിടിച്ചാല്‍ നാലുചക്ര ഇ വാഹനങ്ങളുടെ നിര്‍മാണത്തിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിച്ചു.ഭാവിയില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഇ ഓട്ടോകള്‍ മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം.മെയ് 23നു ശേഷമാണ് ഉത്തരവ് പുറത്തിറക്കുക.ഉത്തരവ് ഇറങ്ങാനായി കാലതാമസമുണ്ടെങ്കില്‍ പോലും മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധന നടപ്പാക്കുക. അടുത്തിടെ ചാര്‍ജ് വര്‍ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു.ഗാര്‍ഹിക ഉപയോക്താക്കളുടെ ക്രോസ് സബ്‌സിഡി നിര്‍ത്തലാക്കാനും വ്യവസായത്തിനുള്ള വൈദ്യുതി വില കുറക്കാനുമുള്ള നിര്‍ദേശം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്ല് പ്രകാരമാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.ആദ്യവര്‍ഷം സാധാരണ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്രോസ് സബ്‌സിഡി 20 ശതമാനം കുറയ്ക്കാനും മൂന്നുവര്‍ഷംകൊണ്ട് സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കാനും നിര്‍ദേശിക്കുന്ന അപേക്ഷയാണ് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിരുന്നത്. ഇതോടെ സബ്‌സിഡി ഇല്ലാത്ത വൈദ്യുതിയാകും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്കാൻ തീരുമാനം
തിരുവനന്തപുരം:തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍ നല്കാൻ തീരുമാനമായത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടില്‍ തിങ്കളാഴ്ച മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ്. കേരളത്തില്‍ ഞായറും തിങ്കളും 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.
ശ്രീലങ്കയിലെ ഭീകരാക്രമണം;മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്ബരകള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവരെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്.ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു.76 പേരാണ് കസ്റ്റഡിയിലുള്ളത്. നാഷണല്‍ തൗഹീദ് ജമാഅത്തിലെ (എന്‍.ടി.ജെ) അംഗങ്ങളായ ഒൻപത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലിസ് നിഗമനം. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ചാവേറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ അതികൃതര്‍ പുറത്തു വിട്ടിരുന്നു. സ്‌ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്ബന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ ഒന്പതുപേരിൽ രണ്ടുപേര്‍. ഇവരിലൊരാള്‍ ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡിനെ തുടര്‍ന്ന് പിടിക്കപ്പെടുംമെന്ന് ഉറപ്പായതോടെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ചു. ഗര്‍ഭിണിയായ ഫാത്തിമയും അവരുടെ മൂന്ന് കുട്ടികളും, റെയ്ഡ് നടത്താന്‍ എത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും രണ്ടു കോണ്‍സ്റ്റബിള്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.ചാവേറുകളായ സഹോദരന്മാരുടെ പിതാവും ശ്രീലങ്കയിലെ അതിസമ്ബന്നനും സുഗന്ധ വ്യഞ്ജന വ്യാപാരിയുമായ മുഹമ്മദ് ഇബ്രാഹിമിനെ അന്വേഷണ വിധേയമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെവിൻ വധക്കേസ്;പിതാവിനും സഹോദരനും എതിരെ സാക്ഷി പറയാനായി നീനു ഇന്ന് കോടതിയിലേക്ക്
കോട്ടയം: കേരളത്തെ നടുക്കിയ അതിക്രൂരമായ ദുരഭിമാനക്കൊലയായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം.കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ കോടതിയിൽ പുരോഗമിക്കുകയാണ്.വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിനെ അതിക്രൂരമായി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ തന്റെ പിതാവിനെയും സഹോദരനുമെതിരെ സാക്ഷിപറയാന്‍ കോടതിയിലേക്ക് കെവിന്റെ പ്രതിശ്രുത വധുവായിരുന്ന നീനു എത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുമ്ബാകെയാണ് വിസ്തരിക്കുക. ഗൂഡാലോചനയില്‍ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തില്‍ നീനുവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമാകും.പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജന്‍ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും. കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്.