കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.മരുന്നുകളോട് ഇതുവരെ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്.ഇടുക്കി ജില്ലാ കളക്ടര്‍ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിലയിരുത്തും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് വെന്റിലേറ്റര്‍ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മെഡിക്കല്‍ ബോര്‍ഡ് കുട്ടിയുടെ ശരീരത്തില്‍ പഴയതും പുതിയതുമായ ഇരുപതിലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. പഴയ മുറിവുകളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ കുട്ടിയെ പരിശോധിക്കും.
ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ;നാല് ഭീകരരെ വധിച്ചു
ശ്രീനഗർ:ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു.ലഷ്‌ക്കർ ഇ തോയ്‌ബ ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുല്‍വാമയിലെ ലാസ്സിപുര മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.ഇതിനിടെയാണ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.സംഭവ സ്ഥലത്ത് നിന്ന് എകെ47 ഉള്‍പ്പെടെയുള്ള തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നുപിടിക്കുന്നു;അൻപതോളം വീടുകൾ കത്തിനശിച്ചു
ഇടുക്കി:ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നുപിടിക്കുന്നു.കാട്ടുതീയില്‍ അൻപതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തിനശിച്ചു.സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി,ആട്, പശു എന്നിവയും തീയില്‍ പെട്ടു. മൂന്ന് ദിവസമായി പടര്‍ന്നുകൊണ്ടിരിക്കുന്ന തീ അണക്കാന്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ ശ്രമം നടക്കുകയാണ്.സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ നിന്നും പടർന്ന കാട്ടുതീ നാഷണൽ പാർക്കിലേക്കും പടരുകയായിരുന്നു.കുന്ദള ഡാമില്‍ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഉള്‍വനത്തില്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് കടുത്ത ജാഗ്രതയിലാണ്.
നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍
കോഴിക്കോട്:വവ്വാലുകളുടെ പ്രജനനകാലമായതോടെ നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍. മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാൻ ഡോക്റ്റർമാർക്കും നിര്‍ദേശം നല്‍കി.തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.വവ്വാലുകളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി യാതൊരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.