കണ്ണൂർ:ജില്ലയില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ പകല്‍ 11 നും മൂന്നിനും ഇടയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ മൂന്ന് മണിവരെ കുട്ടികള്‍ക്ക് നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം, അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷണര്‍ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.ഉച്ചസമയത്ത് ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷ അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 നും മൂന്നിനും ഇടയില്‍ കുടകള്‍ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ മുന്നറിയിപ്പ് ഗൗരവമായി കാണണം. വരും ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
കാസർകോഡ് ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊലചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്‍റെ അന്വേഷണം ഫലപ്രദമല്ല, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചു.ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ ചില സ്‌കൂളുകളില്‍ ആരംഭിച്ചതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അവധിക്കാല ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതിന് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
കൊല്ലം:ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കേസില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നിര്‍ദേശം നല്‍കി.യുവതി അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതിനാല്‍ സ്ത്രീധന പീഡന മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചന്തുലാലിനും ഗീതാലാലിനും പുറമെ ചന്തുലാലിന്റെ സഹോദരിക്കെതിരെയും കേസെടുക്കണമെന്ന് തുഷാരയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 21ന് രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് കണ്ടെത്തി.തുഷാരയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീത ലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.സ്ത്രീധന തുകയായ 2 ലക്ഷം രൂപ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിടുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമാണ് ഇവർ തുഷാരയ്ക്ക് നൽകിയിരുന്നത്.
സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി:സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു.സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.എന്നാൽ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എത്താതിരുന്നതോടെയാണ് കേരള ഫിലിം ചേംബര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിക്കു മേല്‍ വീണ്ടും പത്തുശതമാനം വിനോദ നികുതി കൂടി ചുമത്തുമെന്നായിരുന്നു മന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചത്.100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12 ശതമാനവും 100 രൂപയ്ക്ക് മുകളില്‍ 18 ശതമാനവുമാണ് നിലവിലുള്ള നികുതി. 10 ശതമാനം അധിക വിനോദ നികുതിയും ഒരു ശതമാനം പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു 11 ശതമാനം വില വര്‍ധിക്കും.
തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി
വയനാട്:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചു. മാത്രമല്ല എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കേരളത്തില്‍ എന്‍ഡിഎ ബിഡിജെഎസിന് നല്‍കിയ അഞ്ച് സീറ്റിലുള്ളതാണ് വയനാട്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് മല്‍സരിക്കുമെങ്കില്‍ തുഷാര്‍ വയനാട്ടില്‍ നില്‍ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ സീറ്റ് ബിജെപിക്ക് തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.നേരത്തെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച തുഷാര്‍ അവിടെ പ്രചാരണം തുടങ്ങിയിരുന്നു. ഇനി ആ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.തൃശ്ശൂരിലേക്ക് എംടി രമേശിനെ പരിഗണിച്ചിരുന്നുവെങ്കിലും താല്‍പര്യം ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി നേതൃത്വം ആയിരിക്കും എടുക്കുക.
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി
ന്യൂഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.ഇത് ആറാം തവണയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നത്. നേരത്തേ മാര്‍ച്ച് 31 വരെയാണ് സമയം നല്‍കിയിരുന്നത്.അതേസമയം ഈ സാമ്പത്തിക വർഷം മുതൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിച്ചിരിക്കണമെന്നത് ആദായ നികുതി വകുപ്പ് നിർബന്ധമാക്കി.ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.റിട്ടേൺ സമർപ്പിക്കുന്നവർക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2019 മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് കൂടാതെ ലിത്വാനിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 28 ചെറു ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും .ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്‌എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും.മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.ഡി.ആര്‍.ഡി.ഒയും ഐഎസ്‌ആര്‍ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.
തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു
കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കുഞ്ഞിനെ സന്ദര്‍ശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.അതേസമയം കുട്ടിക്ക് ഇപ്പോള്‍ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം.
ലോക്സഭാ തിരഞ്ഞെടുപ്പ്;വയനാട്ടിൽ രാഹുൽഗാന്ധി വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുക.ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.