പത്തനംതിട്ട:ചിത്തിരയാട്ട വിശേഷ സമയത്ത് ശബരിമലയിൽ എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി.റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് പ്രകാശ് ബാബു നേരത്തെ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകള്‍ നിലവിലുണ്ട്. കലാപത്തിന് ശ്രമിച്ചു, സ്ത്രീയെ ആക്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.
നികുതിയടച്ചില്ല;കെഎസ്‌ആര്‍ടിസിയുടെ മൂന്ന് സ്കാനിയ ബസ്സുകള്‍ ആര്‍.ടി.ഒ. പിടിച്ചെടുത്തു
തിരുവനന്തപുരം:നികുതിയടയ്ക്കാത്തതിനെ തുടർന്ന് കെഎസ്‌ആര്‍ടിസിയുടെ മൂന്ന് സ്കാനിയ ബസ്സുകള്‍ ആര്‍.ടി.ഒ. പിടിച്ചെടുത്തു. ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂന്ന് സ്കാനിയ വാടക ബസ്സുകളാണ് തിരുവനന്തപുരം ആര്‍.ടി.ഒ. പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് ഈ ബസ്സുകള്‍ക്ക് അടച്ചിട്ടുള്ളത്.പിടിച്ചെടുത്ത ബസ്സുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ തന്നെ കിടക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെഎസ്‌ആര്‍ടിസി മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചു.ഇതോടെ ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടിലേക്കുള്ള സര്‍വീസുകള്‍ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.
ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ബഹിരാകാശനിലയത്തിന് ഭീഷണിയെന്ന് നാസ
വാഷിങ്ടൺ:കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മിഷന്‍ ശക്തി എന്ന ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയായിരുന്നെന്ന് നാസ.400 കഷ്ണങ്ങളായാണ് ചിതറിയ ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഭൗമതലത്തില്‍ അവശേഷിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപടകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.നാസയുടെ തലവന്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബഹിരാകാശ നിലയത്തിനും ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയായി കൂട്ടിമുട്ടല്‍ സാധ്യതയുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് ഒഴുകി നടക്കുന്നതായി നേരത്തെ അമെരിക്കന്‍ സൈന്യം കണ്ടെത്തിയിരുന്നു.പത്ത് സെന്‍റീ മീറ്ററില്‍ അധികം വലിപ്പമുള്ള 23,000 വസ്തുക്കളാണ് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പതിനായിരം എണ്ണം ബഹിരാകാശ അവശിഷ്ടങ്ങളാണ്. 3000 എണ്ണം 2007ല്‍ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ്.ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 ഭാഗങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്:കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചെന്നാണ് പോലീസ് നൽകുന്ന സൂചന.ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി ഷാലുവിനെ കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ്റ്റാന്റിന് പുറകവശത്തെ യുകെഎസ് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, പ്രതി പോലീസ് വലയിലായതായും സൂചനയുണ്ട്.ഷാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റിയുടെ തീരുമാനം.
വിവാദ പരാമര്‍ശം;എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി
ആലത്തൂര്‍: പ്രസംഗത്തിനിടയില്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.എ വിജയരാഘവന്റേത് ആസൂത്രിതമായ പരാമര്‍ശമാണെന്ന് രമ്യ പറഞ്ഞു.’ആലത്തൂരിലെ സ്ഥാനാര്‍ഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താന്‍ പറയുന്നില്ലെന്നുമായിരുന്നു’ വിജയരാഘവന്‍റെ പരാമര്‍ശം.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം രമ്യ ഹരിദാസിനെതിരെ നടത്തിയ പ്രസ്താവനയെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നെന്ന് എ.വിജയരാഘവന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന് മാത്രമാണ് പറഞ്ഞതിന് പിന്നിലെ ഉദ്ദേശം. ചില മാധ്യമങ്ങളാണ് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചത്.തന്റെ ഭാര്യയും ഒരു പൊതു പ്രവര്‍ത്തകയാണ്.ഒരിക്കലും ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളു അല്ലാതെ വ്യക്തിപരമായി ഒരു വിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനോ ഇടത് മുന്നണിക്കോ ഇല്ല. സ്ത്രീകള്‍ പൊതുരംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ.വിജയരാഘവന്‍ പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്കോ രമ്യക്കോ എതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും
തിരുവനന്തപുരം:തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം ഇന്ന് ഉണ്ടായേക്കും.തൃശൂര്‍ സീറ്റ് നേരത്തെ ബി.ഡി.ജെ.എസിനാണ് നല്‍കിയിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നതോടെ തുഷാര്‍ അവിടേക്ക് മാറുകയായിരുന്നു.സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള ഒരു മണ്ഡലമാണ് തൃശൂർ.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയ ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകൾ ഇവിടേക്ക് പരിഗണിച്ചിരുന്നെങ്കിലും സുരേഷ് ഗോപി നിന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവര്‍ത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.
ദളിത് യുവാവിനെ പ്രണയിച്ച മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
സേലം:ദളിത് യുവാവിനെ പ്രണയിച്ചതിന് എൻജിനീയറിങ് വിദ്യാർത്ഥിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയില്‍ കഴിഞ്ഞദിവസമാണു സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19)യും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും പിന്നീട് കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.സംഭവം നടന്ന ഞായറാഴ്ച രാത്രി മുത്തശ്ശിയുടെ വീട്ടിലായിരുന്നു ദമ്പതികളുടെ മകൻ പ്ലസ് ടു വിദ്യാർത്ഥിയായ ലോക്‌നാഥ്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെത്തി വാതില്‍ തട്ടിനോക്കിയപ്പോള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളേയും അയല്‍ക്കാരേയും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.ആദ്യം കൂട്ട ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ രമ്യ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തി. മരണത്തില്‍ സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പെട്ട ഇയാളെ പ്രണയിച്ചതു രമ്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.സേലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണു രമ്യ. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് രമ്യ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പിന്നീട് മാതാപിതാക്കളും ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡൽഹി സര്‍വീസുകള്‍ ഇന്ന് മുതല്‍
മട്ടന്നൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കോഴിക്കോട് സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉള്ളത്. ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സര്‍വീസ്. രാവിലെ 9.05-ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് 12.15-ന് കണ്ണൂരിലെത്തും.ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോടും തിരിച്ച് 2.15 ന് കണ്ണൂരിലേക്കുമാണ് സര്‍വീസ്. തുടര്‍ന്ന് കണ്ണൂരിൽ നിന്നും 3.30 നു പുറപ്പെടുന്ന വിമാനം 6.45-ഓടെ ഡല്‍ഹിയില്‍ എത്തിച്ചേരും.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിൽ;ലോഡ് ഷെഡ്‌ഡിങ്ങിനു സാധ്യത
തിരുവനന്തപുരം:ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദുതി ഉപയോഗം റെക്കോർഡിൽ. ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്നാണ് സൂചന. ചൂട് വര്‍ധിച്ചതോടെ കൂടുതല്‍ പേര്‍ എയര്‍കണ്ടീഷണറുകളിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്. ലോഡ്ഷെഡ്ഡിങ്ങ് ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികളിൽ നിന്ന് വന്‍ തുകയ്ക്കാണ് കെഎസ്‌ഇബി വൈദ്യുതി വാങ്ങുന്നത്. ഇത്ര ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി എത്രത്തോളം മുന്നോട്ട് പോകും എന്നതാണ് നിലവിലെ സാഹചര്യത്തില്‍ കെഎസ്‌ഇബി നേരിടുന്ന വെല്ലുവിളി. പ്രതിദിനം വേണ്ട വൈദ്യുതിയുടെ അളവ് തലേദിവസം ബെംഗളൂരിലെ സതേണ്‍ റീജണല്‍ ലോഡ് ഡെസ്പാച്ച് സെന്‍ററില്‍(എസ്‌ആര്‍എല്‍ഡിസി) അറിയിക്കണം.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതിലും കൂടുതല്‍ വൈദ്യുതി വേണ്ടി വന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒന്നരമണിക്കൂര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലഭിക്കാതെയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ നിയന്ത്രണം മറികടന്നാല്‍ പിഴ അടയ്ക്കേണ്ടി വരും. ഇത്തവണ പകല്‍ സമയം പരമാവധി വൈദ്യുതി ഉപയോഗം 3352 മെഗാവാട്ടും രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞ വര്‍ഷം ഇത് പകല്‍ 2800ഉം രാത്രി 4,011 മെഗാവാട്ടും വീതമായിരുന്നു.
മോശം പരാമര്‍ശം;എ.വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്
മലപ്പുറം:അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് രമ്യ പറഞ്ഞു. ആശയ പരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇടതുമുന്നണി കണ്‍വീനറിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. മനനനഷ്ടത്തിനായിരിക്കും കേസ് കൊടുക്കുക. വിജയരാഘവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.