മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു

keralanews police take student under custody suspected maoist connection

കൽപ്പറ്റ:മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു.കല്‍പ്പറ്റ എന്‍.എം.എസ്എം. ഗവണ്‍മെന്‍റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്‌റിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത ആര്‍.കെ ബിജുരാജിന്‍റെ ‘നക്‌സല്‍ ദിനങ്ങള്‍’ എന്ന പുസ്തകം കൈവശം വെച്ചതാണ് ശബാനയെ കസ്റ്റഡിയിലെടുത്തത്.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ശബാന നസ്‌റിന്‍ സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കവെയാണ പൊലീസ് എത്തി ചോദ്യം ചെയ്തത്.രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് ശബാന നസ്‌റിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം നിരോധിക്കപ്പെടാത്ത പുസ്തകം കയ്യിൽ വച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാവില്ലെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ 303 നാ​മ​നി​ര്‍​ദേ​ശ​ പ​ത്രി​ക​ക​ള്‍;സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇന്ന് നടക്കും

keralanews loksabha election 303 nominations in kerala and scrutiny will take place today
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി 303 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു.വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു.വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് കൂടുതല്‍ പത്രികകള്‍ -23 വീതം. കുറവ് ഇടുക്കിയിലാണ് ഒൻപതെണ്ണം.തിരുവനന്തപുരം -20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂര്‍ -17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14, ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂര്‍ -13, മാവേലിക്കര -12, കൊല്ലം -12, പത്തനംതിട്ട -11, കാസര്‍കോട് -11, ആലത്തൂര്‍ -10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും.ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.

11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ

keralanews supplyco ready to supply bottled water for rs11

തിരുവനന്തപുരം:വേനൽ കടുത്തതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയിലെ ചൂഷണം ഒഴിവാക്കാൻ 11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ.വെള്ളിയാഴ‌്ച മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട‌്‌ലെറ്റ‌ുകള്‍ വഴി ലിറ്ററിന‌് 11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കും. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ‌് സപ്ലൈകോ നടപടി.20 രൂപയാണ‌് വിപണിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില. റെയില്‍വേയില്‍ 15 രൂപയും.ആദ്യഘട്ടത്തില്‍ മാവേലി സ‌്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ‌്റ്റോറുകള്‍ എന്നിവ വഴിയാണ‌് കുപ്പിവെള്ള വിതരണം. അംഗീകൃത സ്വകാര്യ കമ്പനികളിൽ നിന്ന‌് കുപ്പിവെള്ളം വാങ്ങി വില്‍പ്പന നടത്തുന്നതിന‌് കരാറായി.ഇവര്‍ സപ്ലൈകോയുടെ ഔട്ട‌്‌ലെറ്റുകളില്‍ വെള്ളമെത്തിക്കും.കുപ്പിവെള്ള വില്‍പ്പനയുടെ സംസ്ഥാനതല ഉദ‌്ഘാടനം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സപ്ലൈകോ മാനേജിങ‌് ഡയറ‌ക‌്ടര്‍ എം എസ‌് ജയ ആര്‍റ്റിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ‌് അഡ്വ. ഡി ബി ബിനുവിന‌് കുപ്പിവെള്ളം നല്‍കി ഉദ‌്ഘാടനം ചെയ‌്തു.

ഇരിക്കൂർ പെരുമണ്ണിൽ വിദ്യാർഥികൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയും

keralanews the driver was fined 10years imprisonment and rs10lakh was fined for the death of students in perumannu

കണ്ണൂർ:ഇരിക്കൂർ പെരുമണ്ണിൽ പത്തു വിദ്യാർഥികൾ  വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയും.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി പി.എന്‍.വിനോദാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ അബ്ദുള്‍ കബീറിര്‍ (47) നെയാണ് ശിക്ഷിച്ചത്.2008 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.പെരുമണ്ണ് ശ്രീനാരായണവിലാസം എല്‍.പി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കബീർ ഓടിച്ച വാഹനം പാഞ്ഞുകയറുകയായിരുന്നു.അപകടത്തിൽ പത്തു വിദ്യാർഥികൾ മരിക്കുകയും പത്തോളം വിദ്യാർത്ഥികൾക്ക്  ചെയ്തിരുന്നു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 ആം വകുപ്പ് പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കുകയും ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു ലക്ഷത്തിനു മൂന്നുമാസം വീതം തടവ് അനുഭവിക്കേണ്ടിവരും. പിഴ തുക മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ലഭിക്കും.പെരുമണ്ണ് കുംഭത്തി ഹൗസില്‍ രമേശന്റെ മക്കളായ അഖിന(ഏഴ്), അനുശ്രീ(എട്ട്), ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്റെ മകള്‍ സാന്ദ്ര സുരേന്ദ്രന്‍(എട്ട്), കുംഭത്തി ഹൗസിലെ നാരായണന്റെ മകള്‍ കാവ്യ(എട്ട്), കൃഷ്ണാലയത്തില്‍ കുട്ടന്റെ മകള്‍ നന്ദന(ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകള്‍ മിഥുന(അഞ്ച്), ബാറുകുന്നുമ്മല്‍ ഹൗസില്‍ മോഹനന്റെ മകള്‍ സോന(എട്ട്), സറീന മന്‍സിലില്‍ ഇബ്രാഹിമിന്റെ മകള്‍ സി.വി.എന്‍.റംഷാന(എട്ട്), സജീവന്റെ മകള്‍ സഞ്ജന(അഞ്ച്), ബാറുകുന്നുമ്മല്‍ വീട്ടില്‍ വിജയന്റെ മകന്‍ വൈഷ്ണവ്(ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദേശപത്രിക സമർപ്പിച്ചു

keralanews nda candidate suresh gopi submitted nomination

തൃശൂർ:തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനുശേഷം  പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ മുന്‍പാകെ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ലോക്‌സഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി വയനാട്ടിലേക്ക് മാറ്റുകയും പകരം സുരേഷ് ഗോപിയെ തൃശൂര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

keralanews four bsf jawan killed in maoist attack

ഛത്തീസ്ഗഡ്:കാങ്കർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് ബറ്റാലിയൻ 114 അംഗങ്ങൾ പരിശോധന നടത്തവേയാണ് ആക്രമണമുണ്ടായത്.ഇക്കഴിഞ്ഞ 28 ന് സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പോലീസ് ഫോഴ്‌സും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

കോടതിയില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നൽകി

keralanews high court allowed the lawyers to appear before the court without wearing the gown

കൊച്ചി: വിചാരണ കോടതിയില്‍ കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് ഷാജി പി ചാലിയുടേത് ഉത്തരവ്.അതേസമയം ഹൈക്കോടതിയില്‍ അഭിഭാഷകർ ഗൗണ്‍ ധരിക്കണം.അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച്‌ കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ദീപക് ഹര്‍ജി നല്‍കിയത്.ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്റെ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കടുത്ത ചൂടില്‍ കറുത്ത കോട്ടും അതിന് മുകളില്‍ ഗൗണും ധരിച്ചെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് അഭിഭാഷകര്‍ക്ക് ഉണ്ടാക്കുന്നത്. അതേസമയം ഹൈക്കോടതി പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ടെങ്കിലും കീഴ് കോടതികളിലൊന്നും ശീതീകരണമില്ല. കൂടാതെ ആവശ്യത്തിന് ഫാനുകളും ഇല്ല.

ബിഎസ്എൻഎല്ലിൽ കൂട്ടപ്പിരിച്ചുവിടൽ;54,000പേര്‍ക്ക് ജോലി നഷ്ടമാകും

keralanews bsnl dismissing employees and 54000 employees will lost job

ന്യൂഡല്‍ഹി:പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.ഇതോടെ 54,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.ജീവനക്കാരെ പിരിച്ച്‌ വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്‌എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ബി എസ് എന്‍ എല്ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച്‌ വിടലടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.അതേ സമയം 50 വയസ്സിന് മേലെയുള്ള ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബിഎസ്‌എന്‍എലില്‍ ഇന്ത്യയിലാകമാനം 1.76 ലക്ഷം ജീവനക്കാരാണ് ഉള്ളത്.കഴിഞ്ഞ കുറച്ച്‌ നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്‌എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ബിഎസ്‌എന്‍എലില്‍ ശമ്പളം മുടങ്ങിയിരിക്കുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ കെഎസ്ഇബി

keralanews kseb to provide electricity at lower cost for battery charging stations for electric vehicles

തിരുവനന്തപുരം:സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി.ഇലക്ട്രിക്ക് വാഹങ്ങളെയും ചാർജിങ് സ്റ്റേഷനുകളെയും സംബന്ധിച്ച ശില്പശാലയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.പൊതു ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് ആദ്യവർഷങ്ങളിൽ ശരാശരിയിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.വരും വർഷങ്ങളിലെ സംസ്ഥാനത്തിന്റെ ഊർജ ഉപയോഗം കണക്കിലെടുത്ത് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചും അന്തർസംസ്ഥാന പ്രസരണ ശൃംഖല ശക്തിപ്പെടുത്തിയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.ഏതാനും മാസങ്ങൾക്കുള്ളിൽ സ്വീകാര്യമായ വിധത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വ്യാപിപ്പിക്കുന്നതിന് ആദ്യഘട്ടത്തിൽ മുൻഗണന നൽകുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

വൈദ്യുതി വാഹന നയമനുസരിച്ച് സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബി യാണ്.2020 ഓടെ വൈദ്യുതിയിൽ ഓടുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അൻപതിനായിരം ഓട്ടോറിക്ഷകളും ആയിരം ചരക്കുവണ്ടികളും 3000 ബസ്സും 100 ബോട്ടും കേരളത്തിൽ എത്തിക്കാനും 2022 ആകുമ്പോഴേക്കും ഒരുദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.ബാറ്ററി ചാർജിങ് സ്റ്റേഷനും അനുബന്ധ സേവനങ്ങളും നൽകുന്ന ബഹുരാഷ്ട്ര കമ്പനികൾ,കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ,വൈദ്യുത വാഹന ഡീലർമാർ,ആസൂത്രണ രംഗത്തെ വിദഗ്ദ്ധർ,ഗതാഗത വകുപ്പ്,ഊർജ വകുപ്പ്,കെഎസ്ആർടിസി,അനെർട്,കെൽ,കെൽട്രോൺ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.ഊർജ സെക്രെട്ടറി ഡോ.ബി.അശോക്,ഗതാഗത സെക്രെട്ടറി കെ.ആർ ജ്യോതിലാൽ,മുൻ ചീഫ് സെക്രെട്ടറി കെ.എം എബ്രഹാം,കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു

keralanews congress president rahul gandhi submitted nomination

വയനാട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.നാല് സെറ്റ് പത്രികയാണ് രാഹുല്‍ സമര്‍പ്പിച്ചത്.പ്രിയങ്ക ഗാന്ധി, മുകള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍ ടി. സിദ്ദിഖ് , വി.വി. പ്രകാശ് എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്.നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റ ടൗണില്‍ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തും.മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ എസ്പിജി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വയനാട് കളക്റ്റ്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണാനെത്തി.