വേനലവധിക്ക് യാത്രപോകാം കണ്ണൂരിന്റെ സ്വന്തം വയലപ്ര പാർക്കിലേക്ക്

keralanews visit vayalapra park in summer vacation

കണ്ണൂർ:വെള്ളത്തിന് മുകളിൽ ഒരു പാർക്ക്….ഇത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് തായ്‌ലൻഡിലെ പട്ടായ പോലുള്ള സ്ഥലങ്ങളിലെ തകർപ്പൻ ഫ്‌ളോട്ടിങ് പാർക്കുകളാണ്.കേരളത്തിലാണെങ്കിൽ ഇത്തരം പാർക്കുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ.എന്നാൽ അധികം ആരും അറിയപ്പെടാത്ത ഒരു കൊച്ചു സുന്ദരമായ ഫ്‌ളോട്ടിങ് പാർക്കുണ്ട് നമ്മുടെ കേരളത്തിൽ.അതും കണ്ണൂരിൽ….കണ്ണൂരിലെ പഴയങ്ങാടിക്ക് സമീപം വയലപ്ര എന്ന സ്ഥലത്താണ് ഈ ഫ്‌ളോട്ടിങ് ടൂറിസം പാർക്ക് സ്ഥിതി ചെയ്യുന്നത്. 2015 ലാണ് ഈ പാർക്ക് പ്രവർത്തനമാരംഭിച്ചത്. വയലപ്ര കായലിനു തൊട്ടരികിലായാണ് പാർക്ക്. പാർക്കിനു ഒരു വശത്തായി ധാരാളം കണ്ടൽക്കാടുകൾ കാണാവുന്നതാണ്. എന്നിരുന്നാലും കായലിനു മീതെ നിർമ്മിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് പാർക്ക് തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം.

keralanews visit vayalapra park in summer vacation (2)

ചരിത്ര പ്രാധാന്യമുള്ള ഏഴിമലയുടെ താഴ്‌വര ഗ്രാമമായ വയലപ്രയിലാണ്. വയലപ്ര പരപ്പ് എന്ന മനോഹരമായ തടാകം.ഈ തടാകത്തിനു മുകളിലാണ് ഫ്‌ളോട്ടിങ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്ക് ആസ്വദിക്കുവാനായി ഗെയിം സ്റ്റേഷനുകൾ, സുരക്ഷിതമായ ചിൽഡ്രൻസ് സ്പെഷ്യൽ ബോട്ടിംഗ്, കിഡ്‌സ് പാർക്ക് തുടങ്ങിയ കുറെ ആക്ടിവിറ്റികൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.ഒപ്പം പെഡൽ ബോട്ടിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, ഫാമിലി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടിംഗ് പാക്കേജുകൾ അവിടെ ലഭ്യമാണ്. ബോട്ടിംഗ് നടത്തുന്ന സമയത്തിനനുസരിച്ചാണ് നിരക്കുകൾ.പാർക്കിൽ കയറുന്നതിന് ഒരാൾക്ക് 20 രൂപയും അഞ്ചു വയസ്സിനു മേലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ചാർജ്ജ്. കൂടാതെ ക്യാമറ കയ്യിലുണ്ടെങ്കിൽ അതിനു സ്പെഷ്യൽ ചാർജ്ജും കൊടുക്കണം. സ്റ്റിൽ ക്യാമറയ്ക്ക് 60 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് നിരക്കുകൾ. രാവിലെ 10 മണി മുതൽ രാത്രി 8 മണിവരെയാണ് സന്ദർശന സമയം.കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് വീക്കെൻഡുകളിൽ കുടുംബവുമായി ചെലവഴിക്കുവാൻ പറ്റിയ മികച്ച ടൂറിസം സ്പോട്ടാണ് വയലപ്ര ഫ്‌ളോട്ടിങ് പാർക്ക്.

തിരുവനന്തപുരത്ത് യുവാവിനെ തലയ്‌ക്കടിച്ച്‌ കൊന്നു

keralanews youth was killed in thiruvannathapuram

തിരുവനന്തപുരം: ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്‌ക്കടിച്ച്‌ കൊന്നു.വക്കം സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ സന്തോഷ് കുമാറിനെ കടയ്‌ക്കാവൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു.കൊല്ലപ്പെട്ട ബിനുവും സന്തോഷും തമ്മില്‍ ഏറെ നാളായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു.വക്കം ഉത്സവത്തിനിടെ ഇരുവരും വീണ്ടും കണ്ടതോടെ വാക്കുതര്‍ക്കമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാക്കുതര്‍ക്കത്തിനൊടുവില്‍ സന്തോഷ് കുമാര്‍ സമീപത്ത് കിടന്നിരുന്ന ഇഷ്‌ടിക എടുത്ത് ബിനുകുമാറിന്റെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ബിനുവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊടുപുഴയിൽ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു

keralanews the dead body of seven year old boy who was beaten to death in thodupuzha was buried

കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി മരണപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാത്രി 8.30 ഓടെയാണ് മൃതദേഹം സംസ്ക്കരിച്ചത്. തൊടുപുഴ ഡി.വൈ.എസ്.പിയും സി.ഐയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്.മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ ഒരു ഗ്രാമം മുഴുവൻ തേങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധിപേരാണ് കുട്ടിയെ ഒരു നോക്കു കാണാന്‍ തടിച്ചുകൂടിയത്.മൃതദേഹം വീട്ടിനുള്ളില്‍ കയറ്റിയ ശേഷം അമ്മയ്ക്കും മൂന്നു വയസുകാരന്‍ സഹോദരനും മുത്തശ്ശിക്കും അടുത്ത ബന്ധുക്കള്‍ക്കും കാണാന്‍ പൊലീസ് അവസരം ഒരുക്കി.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും കുട്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. 9.30 ഓടെ സംസ്കാര ചടങ്ങുകള്‍ അവസാനിച്ചു.

അയ്യപ്പൻറെ പേരിൽ വോട്ടഭ്യർത്ഥന;സുരേഷ് ഗോപിക്ക് കളക്റ്ററുടെ നോട്ടീസ്

keralanews request vote in the name of lord ayyappan collector send notice to suresh gopi

തൃശൂർ:സ്വാമി അയ്യപ്പൻറെ പേരിൽ വോട്ടഭ്യർത്ഥിച്ചതിന് തൃശൂർ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നോട്ടീസ്.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ശബരിമലയുടെയും അയ്യപ്പന്റെയും കാര്യം പറഞ്ഞതിനാണ് ജില്ലാ കളക്ടറുടെ നോട്ടീസ്.48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പ്രസംഗം നടത്തിയതെന്നും അതുവഴി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ജില്ലാ കളക്ടര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം തൃപ്തികരമാണോ എന്ന് കളക്ടര്‍ പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുക എന്നതടക്കമുളള തുടര്‍ നടപടികളിലേക്ക് വരണാധികാരി കൂടിയായ കളക്ടര്‍ക്ക് കടക്കാവുന്നതാണ്.സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച്‌ മറുപടി നല്‍കും. ഇഷ്ട ദേവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഭക്തന്റെ ഗതികേടാണ്. ഇത് എന്ത് ജനാധിപത്യമാണെന്ന് ചോദിച്ച സുരേഷ് ഗോപി ഇതിന് ജനം മറുപടി നല്‍കുമെന്നും പറഞ്ഞു.

കണ്ണൂരില്‍ അവകാശികളില്ലാതെ ഒന്നേകാല്‍ ലക്ഷം രൂപ റോഡരികിൽ;പണം പോലീസ് കോടതിക്ക് കൈമാറി

keralanews 1.25lakh rupees found near road side in kannur and police handed over the amount to court

കണ്ണൂർ:കണ്ണൂരില്‍ അവകാശികളില്ലാതെ ഒന്നേകാല്‍ ലക്ഷം രൂപ റോഡരികിൽ നിന്നും കളഞ്ഞു കിട്ടി.പണം പോലീസ് കോടതിക്ക് കൈമാറി.മാര്‍ച്ച്‌ 13ന് രാവിലെയാണ് കണ്ണൂര്‍ കളക്‌ട്രേറ്റിനു മുന്നില്‍ നിന്ന് പാതിരിയാട് സ്വദേശി കീഴത്തൂര്‍ മോഹനന് റോഡരികിൽ നിന്നും പണമടങ്ങിയ പൊതി കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് അദ്ദേഹം അത് പോലീസിനെ ഏല‍്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസില്‍ ഏല്‍പ്പിച്ച്‌ ഇത്ര ദിവസം കഴിഞ്ഞിട്ടും ഉടമസ്ഥൻ എത്താത്തതിനെ തുടര്‍ന്ന് പോലീസ് അത് കോടതിയില്‍ ഹാജരാക്കി. കളഞ്ഞുകിട്ടിയ പണത്തെക്കുറിച്ച്‌ പത്രത്തിലൂടെ പോലീസ് പൊതുജനങ്ങളെ അറിയിച്ചു. എന്നാല്‍ ഇതന്വേഷിച്ച്‌ യഥാര്‍ഥ ഉടമ എത്താത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പോലീസ് പണം തളിപ്പറമ്പ് കോടതിക്ക് കൈമാറുകയായിരുന്നു.

തൊടുപുഴയിലെ ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി

keralanews police charged murder case against the accused arun anand in thodupuzha case

കൊച്ചി:തൊടുപുഴയിൽ ഏഴുവയസ്സുകാരൻ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി.കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ പോക്സോ ചുമത്തിയിരുന്നു.മരിച്ച കട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെ മാര്‍ച്ച്‌ 28 ന് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം നേരത്തെ ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് നാല് കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ രണ്ടു കേസുകളുണ്ട്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് അരുണ്‍. 2008ലെ വിജയരാഘവല്‍ കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. കൂടാതെ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനു ഇയാള്‍ക്കെതിരെ കേസുണ്ട്.

വയനാട്ടിലെ കര്‍ഷകരോട് വോട്ട് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

keralanews maoist direction to boycott election to farmers in wayanad

വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാന്‍ വയനാട്ടിലെ കര്‍ഷകര്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്.പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തു.നാടുകാണി ദളം വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലാണ് കര്‍ഷകരോട് വോട്ട് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിലപാടുകളാണ് സംസ്ഥാനത്ത് കാര്‍ഷിക ആത്മഹത്യകള്‍ വർധിക്കാൻ ഇടയായത്.സര്‍ക്കാരിന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കര്‍ഷകര്‍ മറുപടി നല്‍കേണ്ടതെന്നും മാവോയിസ്റ്റുകളുടെ കത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കത്തിന്‍റെ ഉറവിടത്തെക്കുറിച്ച്‌ കല്‍പ്പറ്റ പൊലീസ് അന്വേഷണം തുടങ്ങി.

കനത്ത ചൂട് തുടരുന്നു;സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് വീണ്ടും നീട്ടി

keralanews sunstroke alert extended in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.അടുത്ത മൂന്നു ദിവസം കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.വയനാട് ഒഴികയുള്ള ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സൂര്യാഘാത,സൂര്യതാപ മുന്നറിയിപ്പ് വീണ്ടും നീട്ടി.

പ്രാർത്ഥനകൾ വിഫലം;തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി

keralanews the boy beaten up by step father in thodupuzha passes away

കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയുടെ മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ആദ്യമേ വ്യക്തമാക്കിയ മെഡിക്കൽ സംഘം സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു.വ്യാഴാഴ്ച കുട്ടിക്ക് ഭക്ഷണം നല്കാൻ ശ്രമിച്ചെങ്കിലും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ അതും വിജയിച്ചില്ല.ഇന്ന് രാവിലെയോടെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മാർച്ച് ഇരുപത്തിയേഴാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്തു.ഇതോടെയാണ് കുട്ടിക്കെതിരെ നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ  ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

2018 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ചരിത്ര നേട്ടവുമായി വയനാട്ടിൽ നിന്നുള്ള ആദിവാസി പെൺകുട്ടി

keralanews 2018 civil service exam result announced adivaasi girl from wayanad got 410th rank

തിരുവനന്തപുരം: 2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പരീക്ഷയിൽ 410 ആം റാങ്ക് സ്വന്തമാക്കി വയനാട്ടില്‍നിന്നുള്ള വനവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമായി.കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വനവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്.വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റു യൂണിവേഴ്സിറ്റിയില്‍ നിന്നു അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്.
അതേസമയം 29 ആം റാങ്കുമായി തൃശൂര്‍ സ്വദേശി ആര്‍ ശ്രീലക്ഷ്മി, രഞ്ജിനാ മേരി വര്‍ഗീസ് (49 ആം റാങ്ക്), അര്‍ജുന്‍ മോഹന്‍(66 ആം റാങ്ക്) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.കനിഷാക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.ഐഐടി ബോംബെയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കനിഷാക് കടാരിയ ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. ആദ്യ 25 റാങ്ക് ജേതാക്കളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.