കൊച്ചി:ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെ.എം മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.മാണിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മാണിയെ കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം.ശ്വാസകോശ രോഗമുള്‍പ്പെടെയുള്ള അസുഖത്തെ തുടര്‍ന്നാണ് കെ എം മാണിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഈ മാസം 10 വരെ നീട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സൂര്യാഘാത,സൂര്യതാപ മുന്നറിയിപ്പ് ഈ മാസം 10 വരെ നീട്ടി.11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും
മുംബൈ:ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും.മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്.മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ പതിനാലിന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്.ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ജൂണ്‍ 9ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ,13ന് ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും.ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ്;അഞ്ചു ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി.ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ചില മണ്ഡലങ്ങളില്‍ ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വരും.ഒരു മണ്ഡലത്തിലെ ഒരു ഇ.വി.എമ്മിലെ വിവിപാറ്റുകള്‍ എണ്ണുന്നതാണ് നിലവിലെ രീതി. അത് അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റുകള്‍ ആക്കി ഉയര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ വോട്ടെണ്ണൽ രണ്ടുദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കൂടാതെ, 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് കുറഞ്ഞത് 9 ദിവസമെങ്കിലും വേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.എന്നാല്‍, ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.
വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവി പാറ്റ് മെഷിന്റെ പ്രത്യേകത. അതിനാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.തത്സമയം തന്നെ ഫീഡ്ബാക്ക് ലഭിക്കുന്നതോടെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നോ എന്ന് അറിയാന്‍ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇലക്‌ട്രോണിക് വോട്ടിഗ് യന്ത്രത്തില്‍ മാത്രമല്ല, അത് വിവിപാറ്റിലും അതേസമയം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. അതായത് തിരഞ്ഞെടുപ്പിന് ശേഷം ഇലക്‌ട്രോണിക് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ പോലും വിവി പാറ്റില്‍ തല്‍സമയം പ്രിന്റാകുന്ന വോട്ട് രേഖയില്‍ പിന്നീട് മാറ്റംവരുത്തുക സാധ്യമല്ല. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്ബോള്‍ അത് വിവിപാറ്റിലും രേഖപ്പെടുത്തപ്പെടും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് പ്രിന്റൗട്ട് ആയി പുറത്തു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ആ പേപ്പര്‍ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടര്‍മാര്‍ക്ക് ഏഴ് സെക്കന്റ് സമയം നല്‍കും.എന്നാല്‍ ആ രസീതുകള്‍ പോളിങ് ബൂത്തുകള്‍ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ല. അതത് ബൂത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ രസീതുകള്‍ നിക്ഷേപിക്കപ്പെടും.ഇത്തരത്തില്‍ പേപ്പര്‍ രസീതുകള്‍ ബോക്‌സുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാന്‍ സാധിക്കും. വിവിപാറ്റ് മെഷിനുകള്‍ വോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി:കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്.എംപാനല്‍ഡ് ജീവനക്കാരായ 1565 ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചു വിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2455 ഒഴിവുകളില്‍ പി.എസ്.സിക്ക് ആവശ്യമെങ്കില്‍ അഡൈ്വസ് ചെയ്യാം.നേരത്തെ കെഎസ്ആർടിസി എം പാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടിരുന്നു. ഈ നടപടി വന്‍പ്രതിഷേധത്തിനും എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരത്തിനും ഇടയാക്കിയിരുന്നു.
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം
കണ്ണൂർ:കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ജബ്ബാറിന്റെ ആക്രിക്കടയിൽ തീപിടുത്തമുണ്ടായത്.കണ്ണൂർ,തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ മൂന്നു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയിൽ സൂക്ഷിച്ചിരുന്ന റെഫ്രിജറേറ്ററുകളുടെ ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെയുള്ളവ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടർത്തി.തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പലർക്കും പൊള്ളലേറ്റു.ടയർ,പ്ലാസ്റ്റിക് കത്തിയുണ്ടായ പുക അന്തരീക്ഷത്തിൽ പടർന്നത് കൂടുതൽ ദുരിതമുണ്ടാക്കി.അപകടത്തെ തുടർന്ന് സമീപത്തെ വൈദ്യുതി വിച്ഛേദിച്ചു.
ഒളിക്യാമറ വിവാദം;എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി
കോഴിക്കോട്:ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.എ.സി.പി. വാഹിദ്, ഡി.സി.പി ജമാലുദ്ദീൻ എന്നിവരാണ് മൊഴി രേഖപ്പെടുത്തുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന രാഘവന്റെ പരാതിയിലും എല്‍.ഡി.എഫ് രാഘവനെതിരെ നല്‍കിയ പരാതിയിലുമാണ് അന്വേഷണം.അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്കിയതായി എം.കെ രാഘവന്‍ പ്രതികരിച്ചു. കോടതിയും ജനകീയ കോടതിയും കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും മൊഴി നല്‍കിയ ശേഷം രാഘവന്‍ പറഞ്ഞു. രാഘവനെതിരായ ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചാനലിന്റെ മേധാവികളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ദേശീയ ചാനലായ tv 9 ആണ് വിവാദമായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്.സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്.കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്.അതേസമയം, തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ പറഞ്ഞു.സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു.ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചിയിൽ ട്രെയ്‌ലര്‍ ഇടിച്ച് കാര്‍ മേൽപാലത്തില്‍ നിന്നും റെയില്‍വേ ട്രാക്കില്‍ പതിച്ചു;ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു
കൊച്ചി:കൊച്ചി വൈറ്റില ദേശീയപാതയില്‍ വൈറ്റില ബൈപാസ്സിന് സമീപം ട്രെയ്‌ലര്‍ ഇടിച്ച് കാര്‍ മേൽപാലത്തില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്ക് പതിച്ചു.പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.35 ഓടെയായിരുന്നു അപകടം. വൈറ്റിലയിലേക്ക് വരികയായിരുന്ന കാറിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കാര്‍ തലകീഴായി റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.ട്രാക്കില്‍ ജോലി ചെയ്തിരുന്ന ട്രാക്ക്മാന്‍മാരാണ് സംഭവം ആദ്യം കണ്ടത്. ഒരു അഭിഭാഷകന്‍രെ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.നിലവില്‍ 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശ പത്രികകള്‍ക്കാണ് അംഗീകരം ലഭിച്ചിട്ടുള്ളത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ മത്സര ചിത്രം മനസിലാക്കാന്‍ സാധിക്കും.പല മണ്ഡലങ്ങളിലം അപരന്‍മാര്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുന്നതോടെ ഇതിനും വ്യക്തത വരും.നിലവില്‍ വയനാട് മണ്ഡലത്തിലാണ് ഏറ്റവും നാമനിര്‍ദേശപത്രിക അംഗീകരിച്ചിട്ടുള്ളത്.ഇന്ന് വൈകിട്ടോടെ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും. ഈ മാസം 23നാണ് വോട്ടെടുപ്പ്.
കോട്ടയം പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു
കോട്ടയം:പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു.പാലാ-തൊടുപുഴ റോഡില്‍ മാനത്തൂര്‍ പള്ളിക്കു സമീപമാണ് അപകടം നടന്നത്. പാലാ കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ് സോമന്‍, ഉല്ലാസ്, രാമപുരം സ്വദേശി സുധി ജോര്‍ജ്, വെള്ളിലാപ്പള്ളി സ്വദേശി ജോബിന്‍ കെ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അന്തിനാട് സ്വദേശി പ്രഭാതിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയനാട്ടില്‍ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.