കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മൃതദേഹം കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചു.ബുധനാഴ്ച്ച രാവിലെ കെഎം മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്നും കോട്ടയത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് 12ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിലും 12.30ന് തിരുനക്കര മൈതാനിയിലും 4.30ന് പാലാ ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് ആറു മണിയോടെ മൃതദേഹം പാലായിലെ വസതിയില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണു സംസ്‌കാരം. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് മാണി അന്തരിച്ചത്.ശ്വാസകോശരോഗത്തെ തുടര്‍ന്ന് ചികില്‍ത്സയിലായിരുന്നു കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാണി.
ലോക്സഭാ തിരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധയെഴുതും. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, സിക്കിം, നാഗാലന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആദ്യ ഘട്ടത്തിലാണ് പോളിംഗ്.മഹാരാഷ്ട്രയിലെ ഏഴും ഉത്തര്‍പ്രദേശിലെ എട്ടും ബിഹാറിലെയും ഒഡീഷയിലെയും നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നാളെ തന്നെയാണ്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു
ന്യൂഡൽഹി:ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു.ദണ്ഡേവാഡയില്‍ ബിജെപി വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടായത്.കിരണ്‍ദുലില്‍ നടന്ന ബിജെപി മഹിള മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎല്‍എ ഉള്‍പ്പെടുന്ന സംഘം.വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു മാവോയിസറ്റ് സംഘം. ദന്തേവാഡയില്‍ സി.ആര്‍.പി.എഫും മാവോയിസറ്റുകളും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുകയാണ്.ദണ്ഡേവാഡ ഉൾപ്പെട്ട ബസ്തർ ലോക്സഭാമണ്ഡലത്തിൽ നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മ,മുൻ കേന്ദ്രമന്ത്രി വി.സി ശുക്ല എന്നിവരുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായൻ
കൊച്ചി:കേരളാ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാക്കളിലൊരാളാണ് വിടവാങ്ങിയ കെ.എം മാണി.1965 മുതൽ കേരളാ നിയമസഭയിൽ സാന്നിധ്യമായിരുന്ന കെ.എം മാണി കേരളത്തിലെ 10 മന്ത്രിസഭകളിൽ അംഗമായിരുന്നു. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്താന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കോട്ടയം മീനച്ചല്‍ താലൂക്കില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കല്‍ മാണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നാണ്. പാലായിലെ കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം മദ്രാസില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട്ട് അഭിഭാഷകനായി ജോലി നോക്കി.1959 ല്‍ കെ.പി.സി.സി യില്‍ അംഗമായി.1964 മുതല്‍ കേരള കോണ്‍ഗ്രസിലെത്തി.1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. ഏറ്റവുമധികം തവണ (13പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് മാണിയുടെ പേരിലാണ്. ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡും അദ്ദേഹത്തിനാണ്.
ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതിക മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക.
കെ.എം മാണി അന്തരിച്ചു
കൊച്ചി:മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ കെ.എം മാണി(86) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോട് കൂടിയാണ് മരണം സംഭവിച്ചത്.മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രലില്‍ കെഎം മാണിയുടെ സംസ്‌ക്കാരം നടക്കും.ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള കുറ്റപത്രം നാളെ സമർപ്പിക്കും
കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കും.നാളെ പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്.10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്.നാളെ പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം.ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഒരു മാസം മുന്‍പ് കുറ്റപത്രം തയ്യാറായിരുന്നുവെങ്കിലും ചില തിരുത്തുകള്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ പരിഗണനയ്ക്ക് വിട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഡി.ജി.പി അനുമതി നല്‍കിയത്.
കെഎസ്ആർടിസിയിലെ കൂട്ടപ്പിരിച്ചുവിടൽ;തുടർ നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം നാളെ ചേരും
കൊച്ചി:കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ ചേരും.വിഷയത്തിൽ നിയമോപദേശം തേടാൻ എംഡിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിനു ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും ഗതാഗതമന്ത്രി പറഞ്ഞു.ഇത്രയധികം ഡ്രൈവർമാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നും സർവീസ് മുടങ്ങുന്നത് ജനങ്ങളുടെ അതൃപ്തിക്ക് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.ഇപ്പോള്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണ്ടി വരും. ഈ മാസം 30-നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2455 ഒഴിവുകളില്‍ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കണ്ണൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി കസ്റ്റഡിയിൽ
കണ്ണൂർ:കണ്ണൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി കസ്റ്റഡിയിൽ. കണ്ണൂരിലെ കണ്ണവത്താണ് സംഭവം.ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കരാണ് പെണ്‍കുട്ടിക്കെതിരായി അതിക്രമം നടത്തിയത്. പതിനേഴുകാരിയുടെ പരാതിയില്‍ പൂജാരിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മഹേഷ് പണിക്കര്‍. വീട്ടില്‍ പൂജയ്ക്കെത്തിയപ്പോഴാണ് മഹേഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തെ കുറിച്ച് പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ പ്രതിയെ ഇപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
കെ.എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി:ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ ശ്വാസോച്ഛാസവും രക്തസമ്മര്‍ദവും സാധാരണ നിലയില്‍ ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്.മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്.അണുബാധ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
കൊച്ചിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം
കൊച്ചി:കൊച്ചിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം.നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് രണ്ടു പേരും മരടില്‍ കാറിടിച്ച് വഴിയാത്രക്കാരനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രണ്ട് അപകടങ്ങളുമുണ്ടായത്. നെട്ടൂരില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിറുത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുൻപിൽ ഉണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാർ സ്വദേശി രമേശന്‍ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.