തിരുവനന്തപുരം:രണ്ടു ദിവസത്തെ യുഡിഎഫ് പ്രചാരണ പരിപാടികൾക്കായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും.ഇന്ന് രാവിലെ പത്തുമണിക്ക് കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പതിനൊന്നരയ്ക്ക് പത്തനംതിട്ടയിലെയും പൊതുയോഗത്തില്‍ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് അന്തരിച്ച മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പൊതുയോഗത്തോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും.നാളെ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ജില്ലയിലെ റോഡ് ഷോയിലും രാഹുല്‍ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും തന്റെ മത്സര സ്ഥലമായ വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ എത്തുക. തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തും. സുല്‍ത്താന്‍ ബത്തേരിയിലെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പിന്നീട് കോടഞ്ചേരിയിലും വണ്ടൂരും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. പൊന്നാനി മണ്ഡലത്തിലെ തൃത്താലയിലെ പരിപാടിയില്‍ പ്രസംഗിച്ച ശേഷം രാഹുൾ ദില്ലിയിലേക്ക് മടങ്ങും.
ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രേ ദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം
പാരീസ്:ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ ദേവാലയമായ നോത്രേ ദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം.റ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽ നിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ പടരുകയായിരുന്നു. പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നാണ് തീ ഉയരുന്നത് കണ്ടത്.മേല്‍ക്കൂരയില്‍ തീ പ്രത്യക്ഷപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഗോപുരങ്ങളിലേക്ക് പടരുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായ തീ അണച്ചു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ളെ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ട്.തീപിടിത്തത്തെ തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്നിരക്ഷാ സേനയും തടഞ്ഞു. 400ല്‍ പരം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്.തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു.
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
മലപ്പുറം:മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.പശ്ചിമ ബംഗാളുകാരായ സഹോദരങ്ങള്‍ എസ് കെ സാദത്ത്(40), എസ് കെ സബീര്‍ അലി(47), സെയ്ദുല്‍ ഖാന്‍ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വിഷുവെത്തി;സജീവമായി പടക്കവിപണിയും
കണ്ണൂർ:ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. മേടച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ കൂടെയാണ് ഇത്തവണത്തെ വിഷു ആഘോഷം. വിഷുകച്ചവടത്തിനായി ഈ വേനല്‍ച്ചൂടിലും വിപണികള്‍ സജീവമായി.പടക്ക വിപണിയാണ് ഇതിൽ പ്രധാനം.കൈപൊള്ളാത്ത പടക്കങ്ങളാണ് വിഷുവിപണിയിലെ ഇത്തവണത്തെ താരങ്ങള്‍. നിലച്ചക്രം, കമ്പിത്തിരി, കയര്‍, പൂക്കുറ്റി തുടങ്ങിയവ കത്തിക്കുമ്പോള്‍ കൈയ്യില്‍ പൊള്ളല്‍ ഏല്‍ക്കാത്ത തരത്തിലുളള കൂള്‍ ഫയറുകളാണ് പടക്കങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരങ്ങള്‍. 200 രൂപ മുതലാണ് ഇവയുടെ വില.ശബ്ദത്തേക്കാള്‍ വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ലോലിപോപ്പ്, പോപ്പ് കോണ്‍, ലോട്ടസ് വീല്‍, മാജിക് സ്പ്രിങ് തുടങ്ങിയ വിത്യസ്ത പേരുകളിലാണ് ഇത്തരം പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുളളത്.കൂടാതെ കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ്, നിലച്ചക്രം, കയര്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ ലഭ്യമാണ്. 1200 മുതല്‍ 1500 രൂപ വരെയാണ് കിറ്റുകള്‍ ലഭ്യമാകുന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ താത്കാലിക പടക്കകടകള്‍ക്ക് ഇത്തവണ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന കടകള്‍ സജീവമാണ്.
ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി ചന്തകള്‍ വിഷു പ്രമാണിച്ച് സജീവമാണ്. കണിവെളളരിയാണ് പച്ചക്കറി ചന്തകളിലെ പ്രധാന ഐറ്റം.ശ്രീകൃഷ്ണ വിഗ്രഹങ്ങളും വാല്‍ക്കണ്ണാടികളും വിപണികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.ഖാദി കൈത്തറി മേളകളും വിഷു വിഷു ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു.കേരളസര്‍ക്കാര്‍, കൈത്തറി ആന്‍റ് ടെക്സ്റ്റൈല്‍ വകുപ്പ്, ജില്ലാ വ്യവസായങ്ങളും കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. വസ്ത്രവില്‍പ്പനയുമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തെരുവു കച്ചവടക്കാരും സജീവമാണ്.
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്
കോഴിക്കോട്:തനിക്കെതിരെ മോശം പരാമർശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്.പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്.ഇതിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് പാര്‍ലമെന്‍റ് കമ്മറ്റിയുടെ തീരുമാനം.സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസെടുക്കാതിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ സ്ഥിരം രീതിയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്; അറസ്റ്റിലായ പ്രതികളെ ഇന്ന് കാസർകോഡ് എത്തിച്ച് തെളിവെടുക്കും
കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും.പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.പ്രതികളെ സഹായിച്ച ആലുവ സ്വദേശി അല്‍ത്താഫിനെ ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കേസിലെ മുഖ്യ പ്രതികളായ ബിലാലും വിപിനും അറസ്റ്റിലായതിന് പിന്നാലെയാണ് ആസൂത്രണം നടത്തിയ അല്‍ത്താഫും അറസ്റ്റിലായത്.ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ ബിലാലിനും വിപിനും ആവശ്യമായ സൌകര്യങ്ങളൊരുക്കിയതും സഹായങ്ങളെത്തിച്ചു നല്‍കിയതും അല്‍ത്താഫാണന്നാണ് ക്രെം ബ്രാഞ്ച് സംഘം പറയുന്നത്.പ്രതികളെ ബ്യൂട്ടി പാര്‍ലറിലെത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ക്രെം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.പ്രതികളെ കാസര്‍ഗോഡെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍ അന്തരിച്ചു
തിരുവനന്തപുരം:എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍(78)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21 ആം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59 ആം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു.1998-2000 കാലയളവില്‍ സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) പ്രവര്‍ത്തിക്കവെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ-ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ബാബു പോൾ. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു.ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവ കുറിപ്പുകള്‍), കഥ ഇതുവരെ, രേഖായനം, നിയമസഭാ ഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്ന. മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ.
പാക്കിസ്ഥാനിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഉണ്ടായ സ്‌ഫോടനത്തിൽ 20 പേര്‍ കൊല്ലപ്പെട്ടു
ലാഹോർ:പാക്കിസ്ഥാനിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഉണ്ടായ സ്‌ഫോടനത്തിൽ 20 പേര്‍ കൊല്ലപ്പെട്ടു.ട്ട മേഖലയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.ഷിയാ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ഉന്നംവച്ചായിരുന്നു സ്ഫോടനമെന്നും ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും പൊലീസ് മേധാവി അബ്ദുള്‍ റസാഖ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സിയായുള്ള ലങ്കോവ് അറിയിച്ചു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ആന്ധ്രയില്‍ വാഹനാപകടത്തിൽ ഏഴു മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു.അപകടത്തിൽ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.ദേശീയപാത 42-ലാണ് അപകടമുണ്ടായത്.മരിച്ചവരില്‍ അധികവും ആനന്ദപുരം ജില്ലയില്‍ നിന്നുള്ളവരാണ്.അപകടത്തില്‍ പരിക്കേല്‍ക്കാതിരുന്ന ബസ് ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ഈ മാസം പതിനാല് വരെ ചൂട് ഗണ്യമായി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. താപനില രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കും.കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തില്‍. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടാന്‍ കാരണം.
ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ചൂട് ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.