കണ്ണൂർ:കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദുഖവെള്ളിയോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകളും പീഡാനുഭവ ശുശ്രൂഷകളും നടക്കും. യേശു ക്രിസ്തുവിന്റെ തിരുശരീരം കുരിശില്‍ നിന്നിറക്കി നഗരി കാണിക്കല്‍ പ്രദക്ഷിണവും ഇന്ന് നടക്കും.രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളിൽ അഗ്നി, ജല ശുദ്ധീകരണം നടക്കും.ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയർത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഈസ്റ്റർ ആചരിക്കുന്നത്.ഇതോടെ 50 ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന വലിയ നോമ്പിനും പരിസമാപ്തിയാവും. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് കുരിശ് മല കയറ്റം നടക്കും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും.
നവജാത ശിശുവിനെതിരെ വർഗീയ പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു
കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ച നവജാത ശിശുവിനെതിരെ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്ന ആംബുലന്‍സിന് കേരളം ഒന്നടങ്കം വഴിയൊരുക്കിയിരുന്നു.ഈ സമയത്താണ് കുഞ്ഞിനെതിരെ വർഗീയ പരാമർശം നടത്തി ബിനിൽ ഫേസ്ബുക് പോസ്റ്റിട്ടത്.’കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി ചികിത്സയിലായിരുന്ന മൂന്നരവയസ്സുകാരൻ മരിച്ചു
കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി ചികിത്സയിലായിരുന്ന മൂന്നരവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം.ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.അതീവ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്.അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് കുറ്റസമ്മതം നടത്തി.തുടർന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം അറിയുന്നതിനായി ഏലൂര്‍ പൊലീസ് ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
കുടിവെള്ള വിതരണം;കർശന നിർദേശങ്ങളുമായി ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷൻ
കണ്ണൂർ:സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവർക്ക് കർശന നിർദേശങ്ങളുമായി ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷൻ.കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി 2011 പ്രകാരം എഫ്ബിഒ ലൈസന്‍സ് എടുക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍/ടാങ്കുകളില്‍ മാത്രമേ സംസ്ഥാനത്ത് കുടിവെള്ളം വിതരണം/വില്‍പ്പന നടത്താന്‍ പാടുള്ളൂ. കുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്ബറുകള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും ‘Drinking Water /കുടിവെള്ളം’ എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം. മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെളളമാണെങ്കില്‍ ‘Not for Drinking Purpose/നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് എഴുതണം. ഇങ്ങനെ എഴുതാതെ കൊണ്ടുപോകുന്ന വെള്ളം കുടിവെള്ളമായി പരിഗണിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും എഫ്ബിഒ ലൈസന്‍സ് നമ്ബര്‍ രേഖപ്പെടുത്തണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക്ക് കോട്ടിങ്ങോ മറ്റ് അനുവദനീയ കോട്ടിങ്ങോ ഉള്ളവയായിരിക്കണം.വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ്ബിഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം ലൈസന്‍സുള്ള കുടിവെള്ള സ്രോതസ്സില്‍ നിന്ന് മാത്രമെ വെള്ളം ശേഖരിക്കാവൂ. കുടിവെള്ള സ്രോതസ്സുകളിലെ ജലം ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലൊ എന്‍എബിഎല്‍ അക്രിഡിറ്റഡ് ലാബുകളിലൊ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കറുകളിലും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിങ്ങ് എന്നിവയുടെ രേഖകള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം. രേഖകള്‍ ഇല്ലാതെ കുടിവെള്ളം വിതരണം നടത്തിയാല്‍ വാഹനം പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിൽ എ.വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്
മലപ്പുറം:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിൽ എ.വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണിത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലയിരുത്തി.ജനപ്രാതിനിധ്യ നിയമം 123(4) ന്‍റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.എല്‍ഡിഎഫ് കണ്‍വീനറുടെ മോശം പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി.വനിതാ കമ്മീഷനെതിരേ രമ്യ ഹരിദാസ് നേരത്തെ രംഗത്തെതിയിരുന്നു. വനിതാ കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണ്. കെ. സുധാകരനെതിരേ പത്രത്തില്‍ വാര്‍ത്ത കണ്ട് കേസെടുത്ത വനിതാ കമ്മീഷന്‍ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും രമ്യാ ഹരിദാസ് ആരോപിച്ചു.
ലോക്സഭാ ഇലക്ഷൻ;രണ്ടാംഘട്ടത്തിൽ 61.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ മികച്ച പോളിംഗ്. ആകെ 61.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ആസാം 73.32%, ബിഹാര്‍ 58.14%, ഛത്തീസ്ഗഢ് 68.70%, ജമ്മു കാഷ്മീര്‍ 43.37%,കര്‍ണാടക 61.80%, മഹാരാഷ്ട്ര 55.37%, മണിപ്പൂര്‍ 74.69%, ഒഡീഷ 57.41%, പുതുച്ചേരി 72.40%, തമിഴ്നാട് 61.52%, ഉത്തര്‍പ്രദേശ് 58.12%, പശ്ചിമ ബംഗാള്‍ 75.27% എന്നിങ്ങനെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.പശ്ചിമ ബംഗാളില്‍ ഒഴികെ എല്ലായിടത്തും സമാധാപരമായിരുന്നു വോട്ടെടുപ്പ്. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ബംഗാളിലെ ചോപ്രയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ പോളിംഗ് ബൂത്ത് അടിച്ചുതകര്‍ക്കുകയും വോട്ടിഗ് യന്ത്രം തകരാറിലാക്കുകയും ചെയ്തു.
കാസർകോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് വീടൊരുങ്ങി;ഗൃഹപ്രവേശം നാളെ
കാസർകോഡ്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് സ്വപ്‌നഗൃഹം ഒരുങ്ങി.നാളെ ഗൃഹപ്രവേശനം നടക്കുന്ന വീട്, തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഹൈബി ഈഡന്‍ എം എല്‍ എ 44 ദിവസം കൊണ്ടാണ് യാഥാര്‍ഥ്യമാക്കിയത്. ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡനും പങ്കെടുക്കും.സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുമ്ബോള്‍ ഇതൊന്നും കാണാന്‍ മകനില്ലെന്ന ദുഃഖം മാത്രമേ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്.ചെറിയ നല്ലൊരു വീടുവെക്കണം.ആ വീട്ടില്‍ വെച്ച് ചെറിയ പെങ്ങളുടെ കല്യാണവും നടത്തണം എന്നതൊക്കെയായിരുന്നു കൃപേഷിനുണ്ടായിരുന്ന സ്വപ്നങ്ങള്‍. കൃപേഷിന്റെ മരണത്തെ തുടര്‍ന്ന് വീട് സന്ദര്‍ശിച്ച ഹൈബി ഈഡന്‍ വീടിന്റെ ദയനീയാവസ്ഥ കണ്ട് വീടു നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസുമായും കൂടിയാലോചിച്ച് 1000 ചതുരശ്രയടി സിസ്തീര്‍ണമുള്ള വീടിന് അനുമതി നല്‍കുകയായിരുന്നു.കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്.
ആലുവയിൽ മൂന്നു വയസ്സുകാരനെ ഗുരുതരമായി മർദിച്ച സംഭവം;കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു
ആലുവയിൽ മൂന്നു വയസ്സുകാരനെ ഗുരുതരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു.ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.സംഭവത്തില്‍ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയ്ക്ക് പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയുന്നതിന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയെ മർദിച്ചത് താനാണെന്ന് അമ്മ കുറ്റ സമ്മതം നടത്തിയത്.ദിവസങ്ങളായി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അനുസരണകേട് കാണിക്കുന്നത് കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പറഞ്ഞു. ചട്ടുകം പോലെയുള്ള വസ്തുക്കള്‍കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ട്. അതേസമയം, ഗുരുതരമായി പരിക്കേറ്റ 3 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്.എന്നാൽ സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പിനാണ് ചികിത്സയുടെ ചുമതല.
മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും
കൊച്ചി:ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. ഇന്ന് രക്ത പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ശസ്ത്രക്രിയ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണെങ്കിലും അതില്‍ സ്ഥിരത കൈവന്നതോടെയാണ് ശസ്ത്രക്രിയ നടപടികളിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തപരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച് സാഹചര്യം അനുകൂലമായാല്‍ ഇന്ന് തന്നെ ശസ്ത്രക്രിയ നടക്കും.ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്.കാസർഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ചത്.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചത്.ഹൃദ്യം പദ്ധതിയില്‍പെടുത്തി ചികില്‍സാ ചിലവ് പൂര്‍ണമായും സര്‍ക്കാരാണ് വഹിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.വേനല്‍ മഴയുടെ ഭാഗമായി ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സമയങ്ങളില്‍ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണമെനന്നും തുറസ്സായ സ്ഥലത്തുനിന്ന് കളിക്കുന്നതില്‍ നനിന്നും കുട്ടികള തടയണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.സംസ്ഥാനത്ത് ഇന്നലെ ഉണ്ടായ ഇടിമിന്നലിൽ രണ്ട് പേര്‍ മരിച്ചിരുന്നു.മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്സ് (15) എന്നിവരാണ് മരിച്ചത്.