കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പുകള്‍. ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ മരിച്ചത് നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.പനി മരണമാണെന്ന് കരുതിയെങ്കിലും കൂടുതല്‍ പരിശോധനയില്‍ ഇവര്‍ക്ക് നിപ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് അതാത് സംസ്ഥാന ആരോഗ്യവകുപ്പുകള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള പഴങ്ങള്‍ കഴിക്കരുതെന്നും, പക്ഷി-മൃഗാദികളുമായി ഇടപെടുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഓച്ചിറയിൽ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച് 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.ബംഗളൂരുവിലും രാജസ്ഥാനിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. കേസന്വേഷണത്തിനായി ഇന്നലെ ബെംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു.ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികള്‍. റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടിയെടുത്ത ട്രെയിന്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങളും മറ്റും നിര്‍മ്മിച്ച് വിൽക്കുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരെ ആക്രമിച്ചിട്ടാണ് പെണ്‍കുട്ടിയുമായി റോഷന്‍ നാടുവിട്ടത്. ഓച്ചിറയ്ക്ക് സമീപം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറുപേർ പോലീസ് പിടിയിൽ
കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറുപേർ പോലീസ് പിടിയിലായി.ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് മുഖ്യപ്രതിയായ സെല്‍വനടക്കമുള്ള പ്രതികളെല്ലാം പിടിയിലായത്.തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്.ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
പത്തനംതിട്ട ഒഴികെ പതിമൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാർനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി:പത്തനംതിട്ട ഒഴികെ പതിമൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാർനാർത്ഥികളെ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആലപ്പുഴയിൽ ഡോ.കെ.എസ് രാധാകൃഷ്ണനും ചാലക്കുടിയിൽ എ.എൻ രാധാകൃഷ്ണനും സ്ഥാനാർത്ഥികളാവും.കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്തും,ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും മത്സരിക്കും.
മറ്റുസ്ഥാനാർത്ഥികൾ:കൊല്ലം-സാബു വർഗീസ്,പാലക്കാട്-സി.കൃഷ്ണകുമാർ,പൊന്നാനി-വി.ടി രമ,മലപ്പുറം-വി.ഉണ്ണികൃഷ്ണൻ,കോഴിക്കോട്-കെ.പി പ്രകാശ് ബാബു,വടകര-വി.കെ സജീവൻ,കണ്ണൂർ-സി.കെ പദ്മനാഭൻ,കാസർകോഡ്-രവീശ തന്ത്രി കുണ്ടാർ.
പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രെട്ടറി ജെ.പി നഡ്ഡ അറിയിച്ചു.ബിജെപി പരിഗണിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രെട്ടറി സുരേന്ദ്രനുമാണ് പത്തനംതിട്ടയിൽ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പത്തനംതിട്ടയെ പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.അതേസമയം അടുത്തിടെ ബിജെപിയിലെത്തിയ കോൺഗ്രസ് നേതാവ് ടോം വടക്കന് സീറ്റില്ല.എം.ടി രമേശ്,പി.കെ കൃഷ്ണദാസ് തുടങ്ങിയവരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടില്ല.സംസ്ഥാനത്തെ പതിനാലു സീറ്റുകളിൽ ബിജെപിയും അഞ്ചുസീറ്റുകളിൽ ബിജെഡിഎസും ഒരു സീറ്റിൽ പി.സി തോമസിന്റെ കേരള കോൺഗ്രസ്സും മത്സരിക്കാനാണ് ധാരണയായത്.
കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി;പോലീസും ഇന്റലിജൻസും അന്വേഷണം തുടങ്ങി
തിരുവനന്തപുരം:കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളില്‍ ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി.കോവളത്ത് വ്യാഴാഴ്ച രാത്രിയില്‍ പട്രോളിംഗ് നടത്തിയ പൊലീസിന്റെ ശ്രദ്ധയിലാണ് ഡ്രോണ്‍ ക്യാമറ പതിഞ്ഞത്.വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്‍റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയത്.സംഭവത്തെ കുറിച്ച് പോലീസും ഇന്റലിജൻസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് പിന്തുണ നൽകാനാവില്ലെന്ന് ഐക്യദാർഢ്യ സമിതി
കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനൊരുങ്ങുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് പിന്തുണ നൽകാനാവില്ലെന്ന് ഐക്യദാർഢ്യ സമിതി.സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കീഴാറ്റൂരിലെ ബൈപ്പാസ് സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കിയാല്‍ വിജയിക്കാനാകില്ലെന്നും ഐക്യദാര്‍ഢ്യ സമിതി വിലയിരുത്തുന്നു. പ്രാദേശിക വിഷയം ഉയര്‍ത്തികാണിച്ച് തെരഞ്ഞെടുപ്പില്‍ മതേസരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. കീഴാറ്റൂര്‍ മാതൃകയില്‍ സമരം തുടങ്ങിയ തുരുത്തി കോളനിവാസികളും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ലഭിച്ചതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രാഥമിക വാദം കേൾക്കുന്നത് ഏപ്രിൽ അഞ്ചിലേക്ക് മാറ്റി
കൊച്ചി:ഓടുന്ന വാഹനത്തിൽ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് കേസില്‍ വിചാരണ നടത്തുന്നത്.അടുത്തമാസം അഞ്ചിന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കും.എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം. വർഗീസാണ് പ്രാഥമിക വാദത്തിനായി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുണ്ടായിരുന്ന ഫയലുകള്‍ സി.ബി.ഐ കോടതി ഇന്ന് പരിശോധിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്.മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരായി. അതേസമയം കേസിൽ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവൻ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.
കർണാടകയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 10 ആയി
ബെംഗളൂരു:കര്‍ണാടക ധര്‍വാദില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം പത്തായി.ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ചൊവ്വാഴ്ചയാണ് വടക്കന്‍ കര്‍ണാടകയിലെ ധര്‍വാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണത്.എട്ടുവയസുകാരി ദിവ്യ ഉനകല്‍,ദാക്ഷായണി(45) എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ് ഇന്നു കണ്ടെത്തിയത്. 15 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ് മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നു വീണ നാല് നിലകെട്ടിടം. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ കൊണ്ട് കെട്ടിടം ഉണ്ടാക്കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം. കെട്ടിട ഉടമകള്‍ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു
കണ്ണൂർ:ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു.ചിത്രപ്രദർശനത്തിന്റെ ഉൽഘാടനം മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4.30 ന് കലാനിരൂപകൻ ഡോ.എ.ടി മോഹൻരാജ് നിർവഹിക്കും.ചടങ്ങിൽ ശ്രീ.കെ.കെ.ആർ വെങ്ങര,മാധവൻ പുറച്ചേരി,ഡോ.ജിനേഷ് കുമാർ എരമം,ഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ,ഗംഗാധരൻ മേലേടത്ത്, ഗോവിന്ദൻ കണ്ണപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രദർശനം.’കുർത്തം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനം ഒരർത്ഥത്തിൽ നമുക്ക് ചുറ്റുമുള്ള കാഴ്ചകളുടെ അടയാളപ്പെടുത്തലുകളാണ്. ശിഥിലമായ കാഴ്ചകളെ കൂട്ടിച്ചേർത്തുള്ള കൊളാഷ് ചിത്രങ്ങളാൽ ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് പ്രദർശനം മുന്നോട്ട് വെയ്ക്കുന്നത്.മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക.ഇതിൽ പകുതിയോളം ചിത്രങ്ങളും കൊളാഷുകളാണ്.
സമകാലിക ജീവിത പ്രശ്നങ്ങളും സ്ത്രീയുടെയും പുരുഷന്റെയും ലോകത്തെ അന്ത:സംഘർഷങ്ങളും പ്രകൃതിയും പൂക്കളും ഉത്സവങ്ങളും പ്രണയവും ഉർവ്വരതയും എല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു.അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള കൊളാഷ് ഇത്തരത്തിൽ ശ്രദ്ധേയമാണ്. അക്രിലിക്കിലും സോഫ്റ്റ് പേസ്റ്റിലുമായി തീർത്ത മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ സമൂഹത്തോട് ശക്തമായി സംവദിക്കുന്നവയാണ്. സ്ത്രീ കേന്ദ്രിതമായ രചനകളാവട്ടെ അവളുടെ പ്രണയത്തെയും അസ്വസ്ഥതകളെയും ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നു.സാഹിത്യത്തിൽ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കൃഷണ സങ്കൽപ്പത്തെ സോഫ്റ്റ് പേസ്റ്റൽ എന്ന മാധ്യമത്തിലൂടെയാണ് ചിത്രകാരൻ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.
കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാലയിലെ അധ്യാപകനായ ശോഭരാജ് കടന്നപ്പള്ളി കണ്ണൂർ,കാസർകോഡ് ജില്ലകളിലെ നിരവധി ബിഎഡ് കോളേജുകളിൽ ആർട്ട് ആൻഡ് കൊളാഷ് ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ചിത്രകലയിൽ അക്കാദമികമായ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഈ ചിത്രകാരൻ തന്റെ തോന്നലുകളുടെ അടയാളപ്പെടുത്തലുകളായിട്ടാണ് ചിത്രങ്ങളെ കാണുന്നത്.ചിത്ര വഴികളിൽ പ്രചോദനമായത് പ്രൈമറി ക്ലാസ്സുകളിൽ ഡ്രോയിങ് പരിശീലിപ്പിച്ച എം.ഗംഗാധരൻ മാഷും ബിഎഡ് കാലത്ത് സൗന്ദര്യശാസ്ത്രത്തെ കുറിച്ച് പറഞ്ഞ അധ്യാപകനും ചിത്രകാരനുമായ ബി.ഉദയകുമാറുമാണ്.ഡിസൈനിങ് രംഗത്ത് തന്നെ പ്രവർത്തിക്കുന്ന മാതൃസഹോദരന്മാരുടെയും കുടുംബത്തിന്റെയും പിന്തുണയും ചിത്രകലയോട് താല്പര്യമുണ്ടാകാൻ കാരണമായി.2002 ഇൽ സ്പാസ്റ്റിക് ഇന്ത്യ സൊസൈറ്റി കണ്ണൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും 2005 ഇൽ വിശ്വകലാ അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.ഇത് ആദ്യത്തെ സോളോ എക്സിബിഷനാണ്.കണ്ണൂർ കടന്നപ്പള്ളിയിലെ പദ്മനാഭൻ-ശോഭ ദമ്പതികളുടെ മകനാണ്.പദ്മരാജ് സഹോദരനാണ്.ഗവേഷക വിദ്യാർത്ഥിയായ ആതിരയാണ് ഭാര്യ.
സിപിഎം പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി
ചെർപ്പുളശ്ശേരി:സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും പീഡന വിവാദം.പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതി നൽകി.ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.ഈ മാസം 16നാണ് മണ്ണൂരില്‍ റോഡരികില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം ആരോപണ വിധേയനായ യുവാവ് ബി.ജെ.പി ബന്ധമുള്ള ആളാണെന്നാണ് സി.പി.എം വിശദീകരണം. ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു.