ന്യൂഡൽഹി:അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രെട്ടറി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും.കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിന് ഇടയാക്കിയിരുന്നു.പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെയാണ് ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എം.ടി.രമേശ്, അല്‍ഫോന്‍സ് കണ്ണാന്താനം തുടങ്ങിയവരും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു.സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായിരിക്കുകയാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്;കെപിസിസിയുടെ ആവശ്യം അംഗീകരിച്ചതായി മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും. രാഹുലിന് വേണ്ടി പിന്മാറാന്‍ തയ്യാറെന്ന് സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു.വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.
ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു;ഡൽഹിയിൽ നിന്നും മത്സരിക്കാൻ സാധ്യത
സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നാലുകോടി രൂപ സുള്ള്യയിലെ ഹോട്ടലുടമയ്ക്ക്
കാസർകോഡ്:സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നാലുകോടി രൂപ സുള്ള്യയിലെ ഹോട്ടലുടമയ്ക്ക്.സുള്ള്യ ടൗണിലെ നിധീഷ് ഹോട്ടൽ ഉടമ ബി.സുധാമനാണ് ഒന്നാം സമ്മാനം ലഭിച്ചത്.മാർച്ച് ഒന്നിന് കുടുംബത്തോടൊപ്പം മല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി സുള്ള്യയിലേക്ക് മടങ്ങുംവഴി മുള്ളേരിയയിലെ ചെറുകിട ലോട്ടറി ഏജന്റായ കുഞ്ഞിക്കണ്ണന്റെ സ്റ്റാളിൽ നിന്നാണ് സുധാമൻ ടിക്കറ്റെടുത്ത്.എസ്.ബി 131399 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.ഇതാദ്യമായാണ് തനിക്ക് ലോട്ടറിയിൽ നിന്നും സമ്മാനം ലഭിക്കുന്നതെന്ന് സുധാമൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം;പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിക്കും
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പരിശോധിക്കാൻ പോലീസ് സർജൻ പരിയാരം മെഡിക്കൽ കോളേജിലെ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള കോടതിയിലെത്തും. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിശോധിച്ച ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതിന് അനുമതി നൽകിയത്.കോടതിയിൽ ഹാജരാക്കിയ വടിവാൾ,ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹർജി സമർപ്പിച്ചത്.എന്നാൽ ആയുധങ്ങൾ സീൽ ചെയ്തിരിക്കുന്നതിനാൽ അവ തുറന്ന് പരിശോധിക്കാനാവില്ലെന്നും സൂപ്രണ്ട് മുൻപാകെ കാണിക്കാമെന്നും കോടതി അറിയിച്ചു. അതോടൊപ്പം പ്രവൃത്തി സമയങ്ങളിൽ അസി.പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരിക്കണം പോലീസ് സർജൻ ആയുധങ്ങൾ പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിക്കുന്നത് വളരെ അപൂർവമാണ്. ശരത്ലാലിന്റെയും കൃപേഷിന്റേയും ശരീരത്തിലുണ്ടായ മുറിവുകളുടെ ആഴവും നീളവുമെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന കോടതിൽ ഹാജരാക്കിയ ആയുധങ്ങളുടെ അളവും മൃതദേഹങ്ങളിൽ കണ്ടെത്തിയ മുറിവുകളും തമ്മിൽ പൊരുത്തമില്ലെങ്കിൽ അത് പ്രതികൾക്ക് അനുകൂലമാകും.ഇത് മുന്നിൽക്കണ്ടാണ് കുറ്റപത്രം കുറ്റമറ്റതാക്കാൻ വേണ്ടി ക്രൈം ബ്രാഞ്ച് ഇത്തരം മുന്നൊരുക്കങ്ങൾ നടത്തുന്നത്.
അവസാനദിനം ആഘോഷമാക്കാൻ വിദ്യാർഥികൾ;ബാഗിൽ നിന്നും കണ്ടെത്തിയത് മൊബൈൽഫോൺ,മുഖംമൂടി മുതൽ പടക്കം വരെ
ഇരിട്ടി:പരീക്ഷയുടെ അവസാനദിനം ആഘോഷമാക്കാൻ ബാഗിൽ മൊബൈൽഫോണും, മുഖമൂടിയും പടക്കവുമൊക്കെയായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ കയ്യോടെ പിടികൂടി അധ്യാപകർ.അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതയില്‍ പൊളിഞ്ഞിരിക്കുകയാണ്. ചില ബാഗുകളിൽ ഹോളി ആഘോഷങ്ങൾക്കുള്ള ചായവും ഉണ്ടായിരുന്നു.ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ തീരുന്ന ദിവസം ആയിരുന്നു.മുൻവർഷങ്ങളിൽ സ്കൂളിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകരാണ് വിലകൂടിയ മൊബൈൽ ഫോണുകൾ മുതൽ പടക്കം വരെ കണ്ടെടുത്തത്.വിലപിടിപ്പുള്ള 30 മൊബൈല്‍ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങള്‍, മുഖംമൂടികള്‍, വിവിധ തരം ചായങ്ങള്‍, വലിയ തരം വാദ്യോപകരണങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.രക്ഷിതാവിന്റെ ആഡംബര ജീപ്പുമായാണ് ഒരു വിദ്യാര്‍ഥി എത്തിയത്. ഉടന്‍ അധ്യാപകര്‍ ആറളം പൊലിസിനെ വിളിച്ച് വരുത്തി സാധനങ്ങള്‍ കൈമാറി. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ മടങ്ങും വരെ സ്‌കൂളിന് കാവല്‍ നിന്ന പൊലിസ് അധ്യാപകര്‍ കൈമാറിയ സാധനങ്ങള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.പൊലിസ് വിളിപ്പിച്ചതനുസരിച്ച് രക്ഷിതാക്കളും സ്റ്റേഷനിലെത്തി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത വസ്തുക്കൾ പോലീസ് രക്ഷിതാക്കൾക്ക് കൈമാറി.അധ്യയനത്തിന്റെ അവസാന ദിവസം അതിരുകടന്ന ആഘോഷമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടാന്‍ പൊലിസ് തീരുമാനിച്ചു. പ്ലസ്ടു പരീക്ഷ 27 നും എസ്‌എസ്‌എല്‍സി പരീക്ഷ 28 നുമാണ് തീരുന്നത്. ഈ രണ്ടു ദിവസവും മുഴുവന്‍ സ്‌കൂള്‍ പരിസരങ്ങളും പൊലിസ് നിരീക്ഷണത്തിലായിരിക്കും.
കര്‍ണാടകയിലെ ധാര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 15 ആയി
കര്‍ണാടക:ധാര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 15 ആയി.61 പേരെ രക്ഷപെടുത്തി. ഇനിയും 12 പേരോളം അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 72 മണിക്കൂറായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണ്.മൂന്ന് നിലയ്‌ക്കുള്ള അനുമതിയെ ഉണ്ടായിരുന്നുള്ളുവെന്നും, നിലവാരം കുറഞ്ഞ സാമഗ്രികളുപയോഗിച്ച് അഞ്ച് നിലകള്‍ നിര്‍മിച്ചതാണ് അപകടകരണമെന്നും മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ഉടമകളെ പോലീസ് അറസ്റ്റു ചെയ്തു.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ശബ്ദം കേള്‍ക്കുന്നതിനാല്‍ തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു;26 വരെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ കടുത്ത ചൂട് കൂടുതല്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 24 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനിലയില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകും.25, 26 തീയതികളില്‍ കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ മൂന്നു മുതല്‍ നാല് ഡിഗ്രിസെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെയും ശരാശരി താപനിലയില്‍ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരന്‍ സജ്ജദ് ഖാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍.ഇന്നലെ രാത്രി ഡല്‍ഹി സ്പെഷ്യൽ സെല്ലാണ് സജ്ജദ് ഖാനെ പിടികൂടിയത്. പുല്‍വാമ ഭീകരാക്രമണ സൂത്രധാരകന്‍ മുദാസിര്‍ അഹമ്മദ് ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.മുദാസിര്‍ സ്ഫോടനത്തിനുപയോഗിച്ച വാഹനം സജ്ജദ് ഖാന്‍റെയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടിനടുത്ത് ഷാള്‍ വില്പന നടത്തുന്നതിനിടെയായിരുന്നു ഇയാളെ ഡല്‍ഹി പൊലീസ് പിടികൂടിയത്.എൻഐഎ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.സജ്ജാദ് ഖാനെ പിടികൂടാനായതോടെ പുൽവാമ ഭീകരാക്രമണത്തിന്റെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
കാസർകോഡ്:പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.സംഭവത്തിൽ സിപിഎം ജില്ലാ നേതാക്കളുടെയോ ഉദുമ മുന്‍ എംഎല്‍എയുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത്ലാൽ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ശരത്ലാലിന്റെ കൂടെയുണ്ടായിരുന്ന കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാസര്‍കോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്