കൊച്ചി:ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലിബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു.ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ആന്‍സിയുടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയോടെ ചേരമാന്‍ ജുമാമസ്ജിദ് ഖബറിസ്‌ഥാനില്‍ സംസ്‌കരിക്കും.ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സി.ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വയനാട്ടിൽ വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി
വയനാട്:വയനാട്ടിൽ വനപാലകരെ ആക്രമിക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്ത കടുവയെ പിടികൂടി.വനംവകുപ്പ് വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.ഞായറാഴ്ചയാണ് വനപാലകർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്.മൂന്ന് വാച്ചര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ തലയ്ക്ക് കടുവ അടിച്ചുവെന്നാണ് റിപ്പോർട്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കുറച്ചു ദിവസം മുൻപാണ് ഈ വാച്ചർമാരെ നിയമിച്ചത്.പരിക്കേറ്റ മറ്റു രണ്ടു പേരുടെ നില തൃപ്തികരമാണ്. ഇവരെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വനപാലകര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു;ഇന്നും നാളെയും ചൂട് കൂടും
തിരുവനന്തപുരം:സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു.പതിനൊന്ന് ജില്ലകളിൽ ഇന്ന് നാളെയും ചൂട് കൂടും.കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരും.തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.പകല്‍ 11 മുതല്‍ ശേഷം 3 മണിവരെ ആരും സൂര്യതാപം നേരിട്ട് ഏല്‍ക്കരുതെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റത്.വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് ചൂട് കൂടാൻ കാരണം.
തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ അനി എന്ന എസ്.പി അനിലിനെ ആണ് വെട്ടി കൊലപ്പെടുത്തിയത്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന അനിലിനെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിരവധി കേസുകളില്‍ പ്രതിയായ ജീവന്‍ ആണ് അനിയെ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ഒന്നരവര്‍ഷം മുൻപ് അനില്‍ ജീവന്റെ വീട്ടില്‍ കയറി ആക്രമിച്ചിട്ടുള്ളതായി പറയുന്നു. ഇതിന്റെ പകയാണ്‌ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു
തിരുവനന്തപുരം:ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു.ക്ഷയം പോലുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്.വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി കാർഡ് നൽകും.ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചിലവാക്കുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ.കിടപ്പു രോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കം വരാത്ത രീതിയിൽ പ്രത്യേക മേഖല വേർതിരിക്കും. ക്ഷയരോഗബാധിതരായി പ്രൈവറ്റ് ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യ ചികിത്സ ലഭിക്കും.ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിൽ ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും.ഇതിനായി 200 സെന്ററുകൾ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളിൽ ആരംഭിച്ചു.എച്1 എൻ1 ബാധിതർക്കും കഫ് കോർണറിലൂടെ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകും.രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റുകൾ രോഗികൾക്ക് നൽകും.
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ വീട്ടമ്മ മുങ്ങിമരിച്ചു;മകളെ കാണാതായി
ഇരിട്ടി: ഇരിട്ടി എടക്കാനം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വീട്ടമ്മ മുങ്ങിമരിച്ചു.ഇവരുടെ പത്തുവയസ്സുള്ള മകളെ കാണാതായി.എടക്കാനത്തെ നടുവിലെ പുരയിൽ എൻ.വി മനോജിന്റെ ഭാര്യ ടി.പി ധന്യയാണ്(32)മരിച്ചത്.മകൾ എടക്കാനം എൽ.പി സ്കൂൾ വിദ്യാർത്ഥിനി അനന്തശ്രീയെയാണ് കാണാതായിരിക്കുന്നത്. എടക്കാനം പുഴയുടെ സമീപത്താണ് ഇവരുടെ വീട്.ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുഴയിൽ കുളിക്കാനായി പോയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകൽ തിരച്ചിൽ നടത്തി.ധന്യയുടെ മൃതദേഹം അഞ്ചരയോടെ പഴശ്ശി ജലാശയത്തിൽ കണ്ടെത്തി.എന്നാൽ അനന്തശ്രീയെ കണ്ടെത്താനായില്ല. ഇരിട്ടി അഗ്നിരക്ഷാ ഓഫീസർ ജോൺസൺ പീറ്ററിനെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.തിരച്ചിൽ ഇന്നും തുടരും.ധന്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പിതാവിനെയും മകളെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു:പിതാവിനെയും മകളെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാള്‍ ബി സി റോഡ് വിവേക് നഗറിലെ വാടക വീട്ടില്‍ താമസിക്കുന്ന പ്രഭാകര്‍ (45), മകള്‍ പ്രമണ്യ (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്നു വര്‍ഷമായി ഇവര്‍ വാടക വീട്ടിലാണ് താമസം. പ്രഭാകര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. മകള്‍ പ്രമണ്യ ബണ്ട്വാള്‍ എസ് വി എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ;അന്തിമ തീരുമാനം ഇന്നുണ്ടായേക്കും
വയനാട്:വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോൺഗ്രസ് അധ്യക്ഷൻ വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രനേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കള്‍.രാഹുല്‍ ഗാന്ധി അനുകൂല നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ യുഡിഎഫിന് വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോൺഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു.എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് രാഹുൽ മത്സരിക്കണം എന്ന നിർദേശം ചർച്ചയിൽ ഉണ്ടെന്നത് ശരിവച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന നിലയിൽ വയനാട് സജീവ പരിഗണനയിൽ ഉണ്ടെന്നും കുട്ടിച്ചേർത്തു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സൂചന
കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിനു ശേഷം വീണ്ടും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സൂചന.സുഗന്ധഗിരിയില്‍ നാലു തവണ മാവോയിസ്റ്റുകള്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെടിവെയ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കണ്ണൂർ നടുവിലിൽ ബോംബ് സ്ഫോടനം;രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ: നടുവിലിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് നിലത്തു വീണ് പൊട്ടുകയായിരുന്നു. കതിരുമ്മല്‍ ഷിബുവിന്റെ മകന്‍ എം.എസ്.ഗോകുല്‍ (8), ശിവകുമാറിന്റെ മകന്‍ ഇളം പാവില്‍ കാഞ്ചിന്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുട്ടികളെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഗോകുലിന്റെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.