തമിഴ്‌നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച്‌ ആറ് തൊഴിലാളികള്‍ മരിച്ചു

keralanews six died in tamilnadu after inhaling poisonous gas while cleaning septic tank

ചെന്നൈ:തമിഴ്‌നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച്‌ ആറ് തൊഴിലാളികള്‍ മരിച്ചു.കാഞ്ചിപുരം ജില്ലയിലെ നെമിലിയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റിലാണ് സംഭവം.മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്.സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ കൃഷ്ണമൂര്‍ത്തിയെന്നയാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സ്വയരക്ഷയ്ക്കായുള്ള കൃഷ്ണമൂര്‍ത്തിയുടെ നിലവിളി കേട്ടാണ് 30കാരനായ മകന്‍ കണ്ണന്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. എന്നാല്‍, പിതാവിനെ രക്ഷപ്പെടുത്താന്‍ കഴിയാതെ കണ്ണന്‍ തല കറങ്ങി വീണു. 20 വയസുകാരനായ ഇളയമകന്‍ കാര്‍ത്തിക് ഇരുവരെയും രക്ഷിക്കാനായി സ്ഥലത്ത് എത്തിയെങ്കിലും വിഷശ്വാസം ശ്വസിച്ച്‌ കാര്‍ത്തികും തല കറങ്ങി വീഴുകയായിരുന്നു.മറ്റുമൂന്നുപേരും സെപ്റ്റിക് ടാങ്കിലിറങ്ങി വൃത്തിയാക്കുകയായിരുന്നു. അതേസമയം, യാതൊരു സുരക്ഷാമാര്‍ഗങ്ങളും ഒരുക്കാതെയാണ് സ്വകാര്യ അപ്പാര്‍ട്മെന്‍റ് തൊഴിലാളികളെ ജോലിക്ക് വിളിച്ചത്.ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്. മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കരുതെന്ന നിയമം നിലനിൽക്കെ തൊഴിലാളികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് ശുചീകരണം നടത്തിച്ചതില്‍ വന്‍പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതി റോഷനെയും പെൺകുട്ടിയെയും ഇന്ന് കേരളത്തിലെത്തിക്കും

keralanews the case of kidnapping girl in ochira accused roshan and girl will be brought to kerala today

കൊല്ലം:ഓച്ചിറയിൽ നിന്നും കാണാതായ പെൺകുട്ടിയെയും കേസിലെ പ്രതിയായ റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും.രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും.പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും.നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.ഇരുവരെയും കാണാതായതിന്റെ പത്താം ദിവസമാണ് രണ്ടുപേരെയും മുബൈയിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്.അതേസമയം റോഷൻ തന്നെ തട്ടികൊണ്ടുവന്നതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം റോഷനൊപ്പം ഇറങ്ങിവന്നതാണെന്നും പെൺകുട്ടി ഇന്നലെ പറഞ്ഞിരുന്നു.തനിക്ക് പതിനെട്ട് വയസായെന്നും പെണ്‍കുട്ടി അവകാശപ്പെടുന്നുണ്ട്. തന്‍റെ പ്രായം തെളിയിക്കാനുള്ള തെളിവുകള്‍ അച്ഛന്‍റെ പക്കലുണ്ടെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. ഏറെ വിവാദമായ  തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആശയക്കുഴപ്പങ്ങള്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണ്ണമായും നീങ്ങുകയുള്ളൂ.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ?തീരുമാനം ഇന്നുണ്ടായേക്കും

keralanews will rahul gandhi compete in wayanad final decision will be announced today

ന്യൂഡൽഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന.കേരളത്തിലോ കര്‍ണ്ണാടകത്തിലോ രാഹുല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ദക്ഷിണേന്ത്യയില്‍നിന്നും മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ കര്‍ണ്ണാടകയിലെ ഏതെങ്കിലും സീറ്റ് തെരഞ്ഞെടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കര്‍ണ്ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞിരുന്നു. ലോക്‌സഭാ സീറ്റില്‍ ദക്ഷിണേന്ത്യയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. ഇതേത്തുടര്‍ന്നാണ് ഉത്തരേന്ത്യയിലെ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍നിന്നുകൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

പ്രണയം നിരസിച്ച പെൺകുട്ടിയുടെ വീടിനു മുൻപിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം;സംഭവം കണ്ണൂരിൽ

keralanews man attempt to commit suicide when girl rejected his love proposal

തളിപ്പറമ്പ്:പ്രണയം നിരസിച്ച പെൺകുട്ടിയുടെ വീടിനു മുൻപിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം.ഇന്ന് പുലർച്ചെയാണ് സംഭവം. പ്രണയാഭ്യർഥനയുമായി പലവട്ടം കാത്തു നിന്നിട്ടും അനുകൂല മറുപടി കിട്ടാതായപ്പോൾ യുവാവ് പുലർച്ചെ യുവതിയുടെ വീടിനു സമീപത്ത് എത്തി കൈഞരമ്പ് മുറിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ നാട്ടുകാർ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് പെൺകുട്ടിയെ പതിവായി ശല്യം ചെയ്തുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം

keralanews man died when he falls down from moving bus

കോഴിക്കോട്:വെള്ളിപറമ്പിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം.അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്‍റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.താഴെ വീണ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മാവൂരിലേക്ക് പോകുകയായിരുന്ന പവാസ് മോന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് ഒരു ഐഫോണ്‍ കണ്ടെത്തിയെങ്കിലും ലോക്ക് ചെയ്ത നിലയിലാണ്. മെഡിക്കല്‍ കോളജ് പൊലീസ് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കോട്ടയം ജില്ലയിൽ നാലുപേർക്ക് സൂര്യാഘാതമേറ്റു

keralanews sunstroke to four in kottayam district

കോട്ടയം: ജില്ലയിൽ ഇന്ന് നാലുപേർക്ക് സൂര്യാഘാതമേറ്റു.ഉദയനാപുരം, ഏറ്റുമാനൂര്‍,പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്.നിർമാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കപ്പന്‍,കുറുമുള്ളൂര്‍ സ്വദേശി സജി,ശുചികരണ തൊഴിലാളിയായ ശേഖരൻ  എന്നിവർക്കാണ് പൊള്ളലേറ്റത്.ഇവരുടെ കൈക്കാണ് പൊള്ളലേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ അരുണിനും പൊള്ളലേറ്റു.

തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നും ഓച്ചിറയിലെ പെൺകുട്ടി

keralanews ochira girl said that she was not kidnapped by roshan

കൊല്ലം:ഓച്ചിറയിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ നിർണായക വെളിപ്പെടുത്തൽ.തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നും പെൺകുട്ടി വ്യക്തമാക്കി.പെൺകുട്ടിയെ താൻ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷനും പറഞ്ഞു.ഏറെനാളായി തങ്ങൾ പ്രണയത്തിലാണ്.പ്രണയം വീട്ടുകാർ അറിഞ്ഞു.ഇതോടെ വീട്ടുകാർ വേറെ കല്യാണാലോചന തുടങ്ങി.ഇതേ തുടർന്നാണ് നാടുവിടേണ്ടി വന്നത്.ട്രെയിനിൽ മംഗലാപുരത്തെത്തി അവിടെ ഒരു ദിവസം തങ്ങി.പിന്നീട് അവിടെ നിന്നും മറ്റൊരു ട്രെയിനിൽ മുംബൈയിലേക്ക് പോയി.നാല് ദിവസമായി മുംബൈയിൽ കഴിയുകയായിരുന്നുവെന്നും റോഷൻ പറഞ്ഞു.

സൂര്യാഘാതം;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

keralanews sunstroke factors to know

തിരുവനന്തപുരം:കനത്ത ചൂടിൽ കേരളം ചുട്ടുപൊള്ളുകയാണ്.നിരവധിയാളുകൾക്കാണ് ദിനംപ്രതി സൂര്യാഘാതമേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ചൂട് ഇനിയും ഉയരാനാണ്‌ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പുറമേ ചിക്കന്‍പോക്‌സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണണെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നോക്കാം:
സൂര്യാഘാതം:
അന്തരീക്ഷത്തിലെ ചൂട് ഒരു പരിധിയിൽ കൂടുതൽ ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കും.ഇതോടെ ശരീരത്തിനകത്തുണ്ടാകുന്ന താപം പുറന്തള്ളുന്നതിന് തടസ്സം നേരിടും.ഇതിന്റെ ഫലമായി ശരീരത്തിൽ നടക്കുന്ന പല നിർണായക പ്രവർത്തനങ്ങളും തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം.വരണ്ട് ചുവന്ന ശരീരം,ശക്തമായ തലവേദന,തലകറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്,മാനസിക നിലയിലുണ്ടാകുന്ന മാറ്റം,അബോധാവസ്ഥ എന്നിവയൊക്കെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്റ്ററുടെ സേവനം തേടണം. അതേസമയം സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം.തലവേദന,ഓക്കാനം,ഛർദി,അമിതമായ വിയർപ്പ്,തലകറക്കം,ക്ഷീണം,അതിയായ ദാഹം,മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇതും സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറാം.

സൂര്യാഘാതമേറ്റാൽ എന്തൊക്കെ ചെയ്യണം:
* സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്നും തണലിലേക്ക്     മാറി വിശ്രമിക്കണം.
* ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രം ഊരി മാറ്റണം.
* ധാരാളം വെള്ളം കുടിക്കുക.
* തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കണം.
* ധാരാളം പഴങ്ങളും സലാഡുകളും കഴിക്കുക.
* ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

കാറിൽ കുട്ടികളെ പിൻസീറ്റിൽ ഇരുത്തണം;ചൈൽഡ് സീറ്റ് നിർബന്ധമെന്നും ബാലാവകാശ കമ്മീഷൻ

keralanews child should sit in the back seat of the car and baby seat make compulsory

തിരുവനന്തപുരം:പതിമൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ കാറിൽ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദേശം.രണ്ടില്‍ താഴെയുള്ളവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഗതാഗത കമീഷണറും വനിതാ ശിശുവികസന വകുപ്പും നടത്തണമെന്നും നിര്‍ദേശിച്ചു.വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും കുട്ടിയുടെയും അപകട മരണത്തെത്തുടര്‍ന്ന‌് കമീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.13 വയസ്സിന‌് താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരുന്ന‌് യാത്ര ചെയ്യുന്നതാണ് സുരക്ഷിതം.എയര്‍ബാഗ് മുതിര്‍ന്നവര്‍ക്ക് സുരക്ഷിതമാണ‌്. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് അപകടകരമാണ‌്. അവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.

കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി;മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

keralanews the girl kidanapped from kollam ochira and main accused in the case roshan were found

മുംബൈ:കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി.കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്.പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്.ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയ ശേഷം റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.പ്രതി റോഷന്‍ കൊച്ചിയില്‍ നിന്ന് ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.ഇതോടെ റോഷനും പെൺകുട്ടിയും ബംഗളൂരുവിലേക്ക് കടന്നതായി പോലീസ് ഉറപ്പിച്ചു.തുടർന്ന് പോലീസ് അന്വേഷണം ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും വ്യാപിച്ചിരുന്നു.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പെൺകുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുകൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടുപടിക്കല്‍ നിരാഹാര സമരവും നടത്തി.ബിജെപിയും പൊലീസിനെതിരെ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു.