വയനാട്:രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തയിൽ മലക്കംമറിഞ്ഞ് ഉമ്മൻചാണ്ടി.രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.രാഹുൽ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുക മാത്രമാണ് ചെയ്തത്.വരുമോ ഇല്ലയോ എന്ന സൂചന നല്കാൻ രാഹുലിന് മാത്രമേ കഴിയുകയുള്ളൂ എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.എന്നാല്‍ കേന്ദ്ര നേതാക്കള്‍ ഈ വിഷയത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധിയും ഇതിനെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല ഈ അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി തന്‍റെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്.
മാർച്ച് 31 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും
മുംബൈ:സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.സാമ്പത്തിക വര്‍ഷ ക്ലോസിങിനോട് അനുബന്ധിച്ച് സര്‍ക്കാറിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.അതോടൊപ്പം സര്‍ക്കാരിന് അയച്ച പ്രത്യേക നിര്‍ദ്ദേശത്തില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാര്‍ച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആര്‍ ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അക്കൗണ്ട് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ ബി ഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഞായറാഴ്ച്ചയായതിനാല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കാരിനെ അറിയിച്ചു.
അനിശ്ചിതത്വങ്ങൾക്ക് വിരാമം;തൃശൂർ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും
തൃശൂര്‍: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെളളാപ്പളളി മത്സരിക്കാൻ ധാരണയായി.വയനാട്ടില്‍ പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായും ബിഡിജെഎസ് പ്രഖ്യാപിച്ചു.സ്ഥാനാര്‍ത്ഥിയായാല്‍ എസ്‌എന്‍ഡിപിയിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ തുഷാര്‍. എസ്‌എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നും രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.അച്ഛന്‍ വെളളാപ്പളളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെളളാപ്പളളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കുമെന്നായിരുന്നു തുഷാര്‍ നല്‍കിയ സൂചന.അതേസമയം വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ സ്ഥാനാര്‍ത്ഥി മാറാമെന്ന സൂചന തുഷാര്‍ വീണ്ടും ആവര്‍ത്തിച്ചു.രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാനാണ് ധാരണ.
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.കള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തന്നെ പ്രതി ചേര്‍ത്തതെന്നും തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. യഥാര്‍ത്ഥ സത്യം പുറത്തു വരുന്നതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ വിചാരണ നടപടി തടയണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും ദിലീപ് പറഞ്ഞു.
കാസർകോട് ജില്ലയിൽ ഒരാൾക്ക് സൂര്യതാപമേറ്റു
കാസർകോഡ്:കാസർകോട് ജില്ലയിൽ ഒരാൾക്ക് സൂര്യതാപമേറ്റു.മഞ്ചേശ്വരത്താണ് ബാബു എന്നയാൾക്ക് സൂര്യതാപമേറ്റത്.പൊള്ളലേറ്റ ബാബു ആശുപത്രിയിൽ ചികിത്സ തേടി.സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും ചൂട് 42 ഡിഗ്രി സെൽഷ്യസിലെത്തി.വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു
തൃശൂര്‍: പ്രശസ്ത എഴുത്തുകാരി അഷിത(63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55 ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിസായിരുന്നു.തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5 നായിരുന്നു അഷിതയുടെ ജനനം. ദില്ലിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.കഥ, കവിത, നോവ്‌ലെറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നി വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. മറ്റ് ഭാഷയില്‍ നിന്നുള്ള പ്രശസ്തമായ രചനകള്‍ മലയാളത്തിന് പരിചയപ്പെടുത്തി.അപൂര്‍ണവിരാമങ്ങള്‍, മഴ മേഘങ്ങള്‍, വിസമയചിഹ്നങ്ങള്‍, അഷിതയുടെ കഥകള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവെച്ച നുണകള്‍, മീര പാടുന്നു തുടങ്ങിയവയാണ് അഷിതയുടെ പ്രധാനകൃതികള്‍.അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് 2015ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: കേരള സര്‍വ്വകലാശാലയില്‍ ജേണലിസം വിഭാഗം അധ്യാപകനായിരുന്ന ഡോ. കെ വി രാമന്‍കുട്ടി. മകള്‍-ഉമ. മരുമകന്‍-ശ്രീജിത്.
വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ കണ്ടക്റ്റർമാർക്കെതിരെ നടപടി
മട്ടന്നൂർ:ബസ് പുറപ്പെടും മുൻപ് വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കണ്ടക്റ്റർക്കെതിരെ നടപടിയെടുത്തു.കണ്ണൂർ-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലക്ഷ്യ’ ബസ്സിലെ കണ്ടക്റ്റർ എം.പി പ്രജിത്തിന്റെ ലൈസൻസ് തലശ്ശേരി ജോയിന്റ് ആർടിഒ ഉണ്ണികൃഷ്ണൻ രണ്ടുമാസത്തേക്ക് റദ്ദാക്കി.ബസ് ജീവനക്കാരിൽ നിന്നും പിഴയീടാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർത്ഥികളെ വെയിലിൽ ബസ്സിന് പുറത്തു നിർത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൊവ്വാഴ്ച മുതൽ മട്ടന്നൂർ സ്റ്റാൻഡിൽ പരിശോധന നടത്തി.കുട്ടികളെ ബസ്സിൽ കയറാൻ അനുവദിക്കാത്ത അഞ്ചു ബസുകളിലെ കണ്ടക്ട്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.കുട്ടികളെ പുറത്തുനിർത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ലക്ഷ്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ ബാലാവകാശ കമ്മീഷനും രംഗത്ത് വന്നു.വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ അധികൃതരിൽ നിന്നും കമ്മീഷൻ വിശദീകരണം തേടി.സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ.പി.സുരേഷ് നിർദേശം നൽകി.
പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി
ന്യൂഡല്‍ഹി: പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്കെന്ന് സൂചന.കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് അറിയിച്ചു. കൂടാതെ ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും ചേക്കേറാൻ സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിലേക്ക് പോകാനുള്ള നീക്കം ജനപക്ഷം വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ജനപക്ഷം തീരുമാനിച്ചതോടെ യു.ഡി.എഫ് ആദ്യം ചില പ്രതീക്ഷകൾ നൽകി. ഇതോടെയാണ് 20 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പിൻവലിക്കാൻ പി.സി ജോർജും ജനപക്ഷവും തീരുമാനിച്ചത്. യു.ഡി.എഫ് കൈവിട്ടതോടെ പത്തനംതിട്ട അടക്കം മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും പി.സി ജോർജിന്‍റെ അടക്കം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. എന്നാൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതോടെയാണ് വിശ്വാസ സംരക്ഷണത്തിന്‍റെ പേര് പറഞ്ഞു എന്‍.ഡി.എക്കൊപ്പം നില്‍ക്കാന്‍ നീക്കം നടത്തുന്നത്.പി.സി.ജോര്‍ജിനെ ഒപ്പം കൂട്ടിയാല്‍ പത്തനംതിട്ടയില്‍ പ്രബല വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
എച്ച് വൺ എൻ വൺ പനി;ജില്ലയിൽ ജാഗ്രത നിർദേശം നൽകി
കണ്ണൂർ:ജില്ലയിൽ എച്ച് വൺ എൻ വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായൺ നായിക് നിർദേശം നൽകി.വായുവിലൂടെയാണ് ഈ രോഗം പകരുക.മിക്കവരിലും ഇത് നാലഞ്ച് ദിവസം കൊണ്ട് ഭേദമാകും.എന്നാൽ ചിലരിൽ ഇത് ഗുരുതരമായ ശ്വാസതടസ്സം,ഓർമ്മക്കുറവ്,അപസ്മാരം,സ്വഭാവ വ്യതിയാനങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കും.ഗർഭിണികൾ,അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ,65 വയസ്സിനു മുകളിലുള്ളവർ,പ്രമേഹരോഗികൾ,വൃക്കരോഗം,കരൾ രോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളായ പണി,ശരീരവേദന,തൊണ്ടവേദന,തലവേദന,വരണ്ട ചുമ,വിറയൽ,ഛർദി,വയറിളക്കം, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തണം.വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.രോഗം ബാധിച്ചവർ മറ്റുള്ളരുമായി സമ്പർക്കം കുറയ്ക്കുക.ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യണം.
കണ്ണൂർ അഴീക്കോട് 11 കാരന് സൂര്യതാപമേറ്റു
കണ്ണൂർ: അഴീക്കോട് കപ്പക്കടവിൽ 11 കാരന് സൂര്യതാപമേറ്റു.പി വി ഹൗസിൽ എം. റഫീഖ് പി.വി ഷാഹിന ദമ്പതികളുടെ മകൻ ഹാഫിസ് ഹസ്സനാണ് സൂര്യതാപമേറ്റത്.അഴീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ വിദ്യാർത്ഥിയാണ് ഹാഫിസ്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.