കണ്ണൂർ:കൊട്ടിയൂരിൽ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു.മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഡ്രൈവര്‍ ബാവലി പെരുവക സ്വദേശി രമേശ് ബാബു (38) ,യാത്രക്കാരി ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ ശാന്ത എന്നിവരാണ് മരിച്ചത്.ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ രാജു (45), സീത (31), അപര്‍ണ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊട്ടിയൂര്‍-ബോയ്‌സ് ടൗണ്‍ ചുരം റോഡിലെ ആശ്രമം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ടാക്‌സിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ശബരിമല സന്നിധാനത്ത് സ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ കേസിൽ കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി റിമാൻഡിൽ
കോഴിക്കോട്:ചിത്തിരയാട്ട വിശേഷ സമയത്ത് ശബരിമല സന്നിധാനത്തെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. ശബരിമല യുവതി പ്രവേശന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ എട്ട് കേസാണുള്ളത്. അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോളാണ് ജാമ്യമെടുക്കാന്‍ കോടതിയെ സമീപിച്ചത്.ശബരിമലയില്‍ കലാപത്തിനു ശ്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ഡൽഹിയിൽ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു.സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ യമുന എക്സ്പ്രസ്‌വേയിലായിരുന്നു അപകടം.ആഗ്രയില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചുവരുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരേ ദിശയില്‍ സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓച്ചിറ കേസ്;പ്രതി റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും;പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടും പുറത്ത്
കൊല്ലം:ഓച്ചിറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക.പത്ത് ദിവസം മുൻപ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.മുംബൈയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു.പെൺകുട്ടി പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.ഇതോടെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു.അതേസമയം പെണ്‍കുട്ടിക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍ ആരോപിച്ചു.
നിർദേശം പാലിക്കാതെ പൊരിവെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ്
കണ്ണൂർ:നിർദേശം പാലിക്കാതെ പൊരിവെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ് രംഗത്ത്.ചൂടിനെ തുടർന്ന് തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് വിശ്രമം അനുവദിക്കണെമെന്ന് നേരത്തെ തൊഴിൽ വകുപ്പും ആരോഗ്യവകുപ്പും നിർദേശം നൽകിയിരുന്നു.എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കാതെ മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.ഉച്ചയ്ക്ക് 12 മണിമുതൽ 3 മണിവരെ തൊഴിൽദാതാക്കൾ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ലേബർ കമ്മീഷണറുടെ നിർദേശമുണ്ട്.നിർദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ജില്ലാതലത്തിൽ അസി.ലേബർ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാർഡുകൾ പരിശോധന നടത്തും.ഇങ്ങനെ കണ്ടെത്തിയാൽ പ്രവൃത്തി നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
കണ്ണൂരിൽ 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:22 കിലോ കഞ്ചാവുമായി തൃശൂർ,മലപ്പുറം സ്വദേശികളായ രണ്ടുപേർ കണ്ണൂരിൽ അറസ്റ്റിൽ.റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.ഇവരിൽ ഒരാൾ നേരത്തെ ഇത്തരം കേസിൽ പിടിയിലായിട്ടുള്ള ആളാണ്.മലപ്പുറം താനൂർ മംഗലം സ്വദേശി പണക്കാട്ടിൽ മുഹമ്മദലി (42 ) , തൃശൂർ മുളംകുന്നംകാവ് സ്വദേശി പുത്തൻപുരയ്‌ക്കൽ നിഥിൻ എന്നിവരാണ് പിടിയിലായത്.ആന്ധ്രാപ്രദേശിലെ തുനി സ്ഥലത്തുനിന്നുമാണ് കഞ്ചാവ് കണ്ണൂരിലേക്ക് കൊണ്ടുവന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ട്രെയിൻ മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്.22 കിലോയോളം വരുന്ന ഉണക്ക കഞ്ചാവ് 10 പാക്കറ്റുകളിലായി സ്യുട്ട് കേസിലാണ് സൂക്ഷിച്ചിരുന്നത്.ഡിവൈഎസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക്ക് സെൽ അംഗങ്ങളായ എസ് ഐ രാജീവൻ, എ എസ് ഐ മഹിജൻ, സി.പി.ഒമാരായ അജിത്ത്, മഹേഷ്, സുഭാഷ്, ടൗൺ എസ് ഐ എൻ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ബഹിരാകാശത്ത് ഇന്ത്യൻ കരുത്ത്;ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി:ബഹിരാകാശത്ത് കരുത്ത് തെളിയിച്ച് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു.ഇതോടെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി.അമേരിക്ക,ചൈന,റഷ്യ എന്നിവയാണ് ഉപഗ്രഹവേധ മിസൈൽ ശക്തിയുള്ള മറ്റ് രാജ്യങ്ങൾ.ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ന് പ്രത്യേക അഭിസംബോധനയിലൂടെ പ്രധാനമന്ത്രിയാണ് രാജ്യത്തെ ഇക്കാര്യം അറിയിച്ചത്.’മിഷൻ ശക്തി’ എന്ന ദൗത്യം മൂന്നു മിനിറ്റിനുള്ളിൽ ലക്‌ഷ്യം കണ്ടെന്നും ഇത് ചരിത്ര മുഹൂർത്തമാണെന്നും മോഡി പറഞ്ഞു.ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്‍ത്താന്‍ കഴിയും എന്നതാണ് ആന്‍റി സാറ്റലൈറ്റ് മിസൈലുകളുടെ പ്രത്യേകത. ഈ മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. മൂന്ന് മിനിറ്റ് കൊണ്ടാണ് ദൗത്യം പൂർത്തിയായത്. ഏറെ കൃത്യത ആവശ്യമായ ഈ ദൗത്യം ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തികരിച്ചെന്ന് മോദി പറഞ്ഞു.ബുധനാഴ്ച രാവിലെ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രി സഭ ഉപസമിതി യോഗം ചേർന്നിരുന്നു.തുടർന്ന് സുപ്രധാനമായ ഒരു വിവരം രാജ്യത്തെ അറിയിക്കാനുണ്ടെന്നും താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും മോഡി ട്വീറ്റിലൂടെ അറിയിച്ചു.അഞ്ചു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മോഡി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യ്യുന്നതു.ആദ്യത്തേത് 2016 നവംബർ 8 ന് നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിക്കാനായിരുന്നു.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമറിയാൻ രാജ്യം ഒരുമണിക്കൂറോളം ആകാംഷയുടെ മുൾമുനയിൽ നിന്നു.പ്രതിരോധ, വാർത്താവിനിമയ കാർഷികനിരീക്ഷണ ഉപഗ്രഹങ്ങളടക്കം എല്ലാത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി ഇന്ത്യക്കാകും എന്ന് മോദി പറഞ്ഞു. അതിനാൽ ‘മിഷൻ ശക്തി’എന്ന് ഈ മിസൈലിന് പേര് നൽകിയതായും മോദി കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോഡി അഭിനന്ദിച്ചു.ഒഡിഷയിലെ ഡോ.എ.പി.ജെ അബ്ദുൽ കലാം ഐലൻഡ് ലോഞ്ച് കോംപ്ലക്സിലാണ് മിസൈൽ പരീക്ഷണം നടത്തിയത്.
പെരിയ ഇരട്ടക്കൊലപാതകം;പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിച്ചു
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സംഘം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതി ഹാജരാക്കിയ ആയുധങ്ങൾ പോലീസ് സർജൻ കോടതിയിലെത്തി പരിശോധിച്ചു.ഇരുവരുടെയും മൃതദേഹ പരിശോധന നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ എസ്.ഗോപാലകൃഷ്ണ പിള്ളയാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി ആയുധങ്ങൾ കണ്ടത്.മൂന്നു വടിവാൾ,രണ്ട് ഇരുബ് പൈപ്പുകൾ,രണ്ട് ഇരുമ്പ് ദണ്ഡ് എന്നിവയാണ് കാണിച്ചത്.പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ആയുധങ്ങൾ അഴിച്ചുനോക്കാനോ കയ്യിലെടുത്ത് പരിശോധിക്കാനോ കോടതി അനുമതി നൽകിയിരുന്നില്ല.കോടതി സൂപ്രണ്ട് കെ.അനിതകുമാരി ആയുധങ്ങൾ കോടതിമുറിയിലെ മേശപ്പുറത്ത് നിരത്തിവെച്ചു.തൊട്ടുനോക്കാതെ ആയുധങ്ങളുടെ മൂർച്ച എങ്ങനെയറിയുമെന്ന് സർജൻ ചോദിച്ചു.എന്നാൽ കോടതി ഉത്തരവനുസരിച്ച് ആയുധങ്ങൾ തൊട്ട് പരിശോധിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.വി ദിലീപ് കുമാർ വാദിച്ചു.തുടർന്ന് കോടതിയുത്തരവ് വായിച്ച പോലീസ് സർജൻ ഒരോ ആയുധങ്ങളുടെയും പുറത്ത് കുറിപ്പിലുണ്ടായിരുന്ന കാര്യങ്ങൾ എഴുതിയെടുത്തു.സുപ്രണ്ടിനോട് ആയുധങ്ങൾ ഓരോന്നായി എടുത്തുനോക്കാൻ പറയുകയും അതിനനുസരിച്ച് ഓരോന്നും എടുക്കുമ്പോൾ കനമുണ്ടോ മൂർച്ച തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ച് മറുപടി എഴുതിയെടുക്കുകയും ചെയ്തു.അസി.പബ്ലിക് പ്രോസിക്യൂട്ടർ എം.വി ശൈലജ,ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം പ്രദീപ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്;ഭിന്നശേഷിക്കാർക്ക് പോളിംഗ്സ്റ്റേഷനിലെത്താൻ വാഹനസൗകര്യം ഒരുക്കും;ഏപ്രിൽ 18 വരെ അപേക്ഷിക്കാം
കണ്ണൂർ:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനിലെത്താൻ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ഒരുക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് തീരുമാനം.വാഹന സൗകര്യം ആവശ്യമുള്ളവർ അതാത് വില്ലേജ് ഓഫീസുകളിൽ ഫോൺ മുഖേന രെജിസ്റ്റർ ചെയ്യണം.ജില്ലയിലെ വില്ലേജ് ഓഫീസർമാരുടെ നമ്പറുകൾ ‘we are kannur’ എന്ന മൊബൈൽ ആപ്പ്ളിക്കേഷനിൽ നിന്നും ലഭിക്കും.പേർ, വിലാസം,ഫോൺ നമ്പർ,പോളിംഗ് സ്റ്റേഷൻ,വാഹനം എത്തേണ്ട സ്ഥലം എന്നിവ രെജിസ്ട്രേഷൻ സമയത്ത് അറിയിക്കണം.ഭിന്നശേഷിക്കാരായ വോട്ടർമാർ അറിയിക്കുന്ന സ്ഥലങ്ങളിൽ നിന്നും അവരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുകയും വോട്ട് ചെയ്‌ത ശേഷം തിരികെ ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യും.ഇത് സംബന്ധിച്ച് കണ്ണൂർ കലക്റ്റർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്റ്റർ അർജുൻ പാണ്ഢ്യൻ,ഇലക്ഷൻ ഡെപ്യൂട്ടി കലക്റ്റർ എ.കെ രമേന്ദ്രൻ,അഖിലകേരളാ വികലാംഗ അസോസിയേഷൻ പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രിൽ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം;പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് ആയിട്ടില്ലെന്ന് രേഖകൾ
കൊല്ലം:ഓച്ചിറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്.സ്‌കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 2001 ആണ് പെണ്‍കുട്ടിയുടെ ജനന വര്‍ഷം ആയി ചേര്‍ത്തിരിക്കുന്നത്.രേഖകളുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയും താനും തമ്മിൽ ഇഷ്ട്ടത്തിലായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ്സ് ആയി എന്നുമായിരുന്നു കേസിലെ പ്രതി റോഷൻ പോലീസിനോട് പറഞ്ഞത്.ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് പറഞ്ഞത്. ഇതിന് പുറമെ കോടതിയില്‍ ഹാജരാക്കുമ്ബോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും.പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് ആയില്ലെന്ന് തെളിഞ്ഞതോടെ നേരത്തെ പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസ് തുടർന്നും നിലനിൽക്കും.പത്ത് ദിവസം മുന്‍പാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നാട്ടിൽ നിന്നും കടന്ന ഇവരെ മുംബൈയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.നാട്ടിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്.ഇവരെ ഇന്ന് മുംബൈയിൽ നിന്നും ഓച്ചിറയിലെത്തിക്കും.അന്വേഷണസംഘം പോയ സ്വകാര്യ വാഹനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്.പോക്സോ ചുമത്തിയ കേസായതിനാല്‍ കരുതലോടെയാണ് പൊലീസ് നീക്കം.