കണ്ണൂർ:തലശ്ശേരിയിൽ രണ്ടിടങ്ങളിലായി റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തി.പുതിയ ബസ്‌സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ ട്രാക്കിലും കുയ്യാലി റെയില്‍വെ ട്രാക്കിലുമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കോട്ടയം പൊയില്‍ വടക്കയില്‍ വീട്ടില്‍ ഷാജിത്ത് (45), ധര്‍മടം കാരായി വീട്ടില്‍ പത്മനാഭന്‍ ( 71) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു
കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ പത്തോളം ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.വടവുകോട്,പുത്തന്‍കുരിശ് പഞ്ചാത്തംഗങ്ങളായ ബീനയുടെയും കെപി വിശാഖിന്റെയും നേതൃത്വത്തിലാണ് മാലിന്യവുമായി എത്തിയ ലോറികള്‍ തടഞ്ഞത്.ഇന്നലെ രാത്രി വൈകിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങളുമായി പത്തോളം ലോറികള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് എത്തിയത്. ലോറികള്‍ തടഞ്ഞ പ്രതിഷേധക്കാര്‍ താക്കോലും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും പിടിച്ചു വാങ്ങി. സംഭവം അറിഞ്ഞ് സ്ഥത്തെത്തിയ പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആദ്യം വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം വിശാഖിനെ അറസ്റ്റു ചെയ്തു നീക്കി. വാഹങ്ങളുടെ താക്കോല്‍ തിരികെ നല്‍കി പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റു ചെയ്യുമെന്ന കര്‍ശന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് താക്കോല്‍ തിരികെ നല്‍കിയെങ്കിലും മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ ഇന്നും തടയുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ മടങ്ങിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതുകാരണം ആറു ദിവസത്തോളമായി എറണാകുളം ജില്ലയിലെ മാലിന്യ സംസ്‌ക്കരണം പ്രതിസന്ധിയില്‍ ആയിട്ട്.നിലവില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രമേ എത്തിക്കുന്നുള്ളൂ. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ പ്ലാസ്റ്റിക് എത്തിക്കുയുള്ളുവെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ നിലപാട്.
കാസർകോഡ് ഇരട്ടക്കൊലപാതകം;പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഒരു കാര്‍ കൂടി കണ്ടെത്തി
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കപ്പെടുന്ന ഒരു കാർ കൂടി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.പ്ലാക്കാത്തൊട്ടി തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്.കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കല്യോട്ട് കൂരാങ്കര റോഡില്‍ നിന്നു മുന്നൂറു മീറ്ററോളം അകലെയാണ് പുരുഷോത്തമന്റെ വീട്. ക്രൈംബ്രാഞ്ച് സംഘവും പോലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു.നേരത്തെ രണ്ടു കാറുകളും ഒരു ജീപ്പും കണ്ടെത്തിയിരുന്നു.കേസില്‍ അന്വേഷണം തുടരുകയാണ്.
ലെവൽ ക്രോസ് അടച്ചിടും
കണ്ണൂർ:കണ്ണൂര്‍- തലശ്ശേരി നാഷണല്‍ ഹൈവേയില്‍ എടക്കാടിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239 ആം നമ്പർ ലെവല്‍ക്രോസ് ഇന്ന് രാവിലെ മുതല്‍ നാലിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം;പ്രതി പിടിയിൽ
കൊല്ലം:പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലം ജില്ലാ ജയില്‍ വാർഡൻ വിനീതാണ് പിടിയിലായത്.കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഴിഞ്ഞ മാസം 16 നാണ് കേസിനാസ്പദമായ സംഭവം.അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്.സംഭവത്തിന് ശേഷം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡനായ വിനീത് ഒളിവിൽ പോയിരിക്കുകയായിരുന്നു.താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും വളരെ ക്രൂരമായിട്ടാണ് രഞ്ജിത്തിനെ ഇവർ മര്‍ദ്ദിച്ചത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വർധമാനെ ഇന്ന് മോചിപ്പിക്കും; കൈമാറുക വാഗാ അതിർത്തി വഴി
ന്യൂഡൽഹി:വ്യോമാക്രമണം ചെറുക്കുന്നതിനിടെ മിഗ് 21 യുദ്ധവിമാനം തകർന്ന് പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക.റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്.പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്. വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും.