പാലക്കാട്:കേരളം കൊടും വരൾച്ചയിലേക്ക്.മാര്‍ച്ച് മാസം ആരംഭിച്ചതോടെ വരുംദിവസങ്ങളില്‍ ചൂട് കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്.കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍നിന്നു കൂടുവാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളിലെങ്കിലും ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ അനുമാനം.ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കരുതിയിരിക്കണം. പൊതുജനങ്ങള്‍ പ്രത്യേകിച്ച് രോഗികള്‍ 11 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞതും ഇളം നിറമുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടുത്തം, കൃഷ്ണമണി വികാസം, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.സൂര്യാഘാതമേറ്റാല്‍ ഉടനടി രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചെയ്യണം.
കടൽ വഴി ആക്രമണത്തിന് സാധ്യയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടൽ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി.മുങ്ങിക്കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ച് കരുതലോടെയിരിക്കണമെന്നും സംശയകരമായ എന്തു കാര്യവും അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി.കടല്‍ മാര്‍ഗമുള്ള തിരിച്ചടിക്ക് ഭീകരര്‍ തയാറായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം എന്നാണ് സൂചനകള്‍. ബന്ധപ്പെട്ട ഏജന്‍സികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ സന്ദേശം നല്‍കിയതെന്ന് ഫീഷറീസ് വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് പറഞ്ഞു.കടലോര ജാഗ്രതാ സമിതികള്‍, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കാണ് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാസർകോട്ട് മദ്യവില്പനശാലയിൽ വൻ തീപിടുത്തം;മദ്യക്കുപ്പികൾ കത്തിനശിച്ചു
കാസർകോഡ്:കാസർകോട്ട് മദ്യവില്പനശാലയിൽ വൻ തീപിടുത്തം.വെള്ളരിക്കുണ്ടിലെ മദ്യവില്പനശാലയിലാണ് തീപിടുത്തമുണ്ടായത്.ഞായറാഴ്ച അര്‍ദ്ധ രാത്രിയിലാണ് തീ പടര്‍ന്നത്.അപകടത്തിൽ മദ്യക്കുപ്പികൾ കത്തിനശിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തു നിന്ന് രണ്ടും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്സേന മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കും
ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്സേന മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കും.പാകിസ്ഥാന്‍ തടങ്കലില്‍ ശാരീരിക മര്‍ദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാന്‍ കരസേനയും ഐഎസ്‌ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി . ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് കാട്ടി നയതന്ത്രതലത്തില്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.വ്യോമസേനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുക്കും.ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍സ ചികിത്സയിലുള്ള അഭിനന്ദന്റെ നട്ടെല്ലിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും അവര്‍ വ്യക്തമാക്കി. അഭിനന്ദന് ഈ ആഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നാണ് സൂചന.പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ശാരീരികമായി മര്‍ദ്ദനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മാനസികമായി വളരെ യാതന അനുഭവിക്കേണ്ടി വന്നെന്ന് അഭിനന്ദന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ഇന്ന് കൂടി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇന്നുകൂടി അവസരം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് കൂടി പ്രയോജനപ്പെടുത്താം. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകും. വിലാസവും ഫോട്ടോയും ജനന തിയ്യതിയും തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയുമായാണ് പേരുചേര്‍ക്കാന്‍ എത്തേണ്ടത്. ഓണ്‍ലൈനായി പേരുചേര്‍ക്കാനുള്ള സൗകര്യം തെരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള തിയ്യതി വരെ പേര് ചേര്‍ക്കാനാകും.
പാക് സൈന്യം തന്നെ മാനസികമായി പീഡിപ്പിച്ചതായി അഭിനന്ദൻറെ വെളിപ്പെടുത്തൽ
ന്യൂഡൽഹി:പാക് സൈന്യം തന്ന മാനസികമായി പീഡിപ്പിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വെളിപ്പെടുത്തല്‍. അതേസമയം, പാക് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ ‘ഡീ ബ്രീഫിംഗ്’ സെഷനുകളിലാണ് പാക് കസ്റ്റഡിയില്‍ താന്‍ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദന്‍ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദന്‍ വ്യക്തമാക്കി.അഭിനന്ദന്റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് നല്ല പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദന് വിദഗ്ദ്ധ പരിശോധന നടത്തുന്നത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടന്‍ തീരുമാനിക്കും.
അതിർത്തിയിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു
ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ ഹന്ദ്‍വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന‌് പിന്നാലെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. ഒട്ടേറെ വീടുകള്‍ക്ക‌് കേടുപാടുകള്‍ പറ്റിയിട്ടുണ്ട‌്. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.ഏറ്റുമുട്ടലിന് ശേഷമുള്ള തിരച്ചിലിനിടയിലാണ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. രാവിലെ മുതല്‍ ഹന്ദ്‍വാരയില്‍ വെടിവയ്‌പ്പ് തുടരുകയാണ്. ഒൻപത് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ക്കെതിരെ നടപടിയെ തടയാനെത്തിയ ഒരു സംഘം നാട്ടുകാര്‍ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം അഴിച്ചു വിട്ടു.ഇതേ തുടര്‍ന്നാണ് ഇവര്‍ക്കു നേരെ സേന വെടിയുതിര്‍ത്തത്.
കാസർകോഡ് ഇരട്ടക്കൊലപാതകം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കാസര്‍ഗോഡ്:കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബി മാത്യുവിനാണ് പകരം ചുമതല. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങലും രംഗത്തെത്തിയിരുന്നു. കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറി
ന്യൂഡൽഹി:പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വിങ് കമാന്റർ അഭിനന്ദൻ വർധമനെ ഇന്ത്യക്ക് കൈമാറി.പാക്കിസ്ഥാന്‍ സൈന്യം വാഗാ അതിര്‍ത്തിയിലെത്തിച്ച അഭിനന്ദനെ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായരവി കപൂറും ആര്‍ ജി കെ കപൂറുമാണ്ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. റെഡ്ക്രോസിന്‍റെസാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്.അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പേരാണ് അതിര്‍ത്തിയിലെത്തിയത്.വൈകുന്നേരം 05.30 ഓടെയാണ് അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്.ന്ത്യക്ക് കൈമാറുന്നതിന് മുമ്പ് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് വൈദ്യ പരിശോധന നടത്തി. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ബി.എസ്.എഫ് ഉപേക്ഷിച്ചിരുന്നു.
തലശേരി നഗരത്തിലെ ബോംബ് സ്ഫോടനം; അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു
തലശേരി: നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പൈപ്പ് ബോംബ് സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു.തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.വ്യാഴാഴ്ച രാവിലെ 11.30 ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്ബ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയും സിപിഎമ്മും ആരോപിച്ചിരുന്നു. അതിനിടെ സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Dailyhunt