ന്യൂഡൽഹി:അയോദ്ധ്യ കേസിൽ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച കേസ് സുപ്രിം കോടതി വിധി പറയാനായി മാറ്റി.മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദം ഒന്നരമണിക്കൂര്‍ നീണ്ടിരുന്നു. ഇതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.വിശ്വാസവും വൈകാരികവുമായ പ്രശ്നമാണിതെന്നും അതിനാൽ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യത പോലും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്‍റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഈ നീക്കം.ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്. എന്നാൽ മധ്യസ്ഥതയെ ഹിന്ദു സംഘടനകൾ എതിർത്തു.പൊതുജനങ്ങൾ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഹിന്ദു മഹാസഭ വാദിച്ചു.മധ്യസ്ഥതയ്ക്ക് ഉത്തരവിടും മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും ഹിന്ദു മഹാസഭ പറഞ്ഞു.എന്നാൽ നിങ്ങൾ ഇതിനെ മുൻവിധികളോടെയാണോ കാണുന്നതെന്ന് ഹിന്ദു സംഘടനകളോട് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു.പരാജയപ്പെട്ടാലും കോടതി മധ്യസ്ഥതയുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹി സിജിഒ കോംപ്ലക്സിലെ തീപിടുത്തം; തീയണയ്ക്കുന്നതിനിടെ പരിക്കേറ്റ സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു
ന്യൂ ഡൽഹി: സിജിഒ കോംപ്ലക്സിലെ തീയണയ്ക്കുന്നതിനിടെ പരിക്കേറ്റ സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു.വിഷപ്പുക ശ്വസിച്ച് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പണ്ഡിറ്റ് ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയില്‍ ആണ് രാവിലെ എട്ടുമണിയോടെ തീ പടര്‍ന്നത്. 24 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി തീയണച്ചു.സാമൂഹിക നീതി വകുപ്പിന്‍റെ ഓഫീസിലെ തീയും നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തീ പിടുത്തത്തിന് പിന്നലെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള സിജിഒ കോംപ്ലക്‌സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.
കർഷകർക്ക് ആശ്വാസം;ജപ്തി നടപടികൾ നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു
തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് വിളകള്‍ നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപടി.കർഷകർ എടുത്തിട്ടുള്ള കാർഷിക, കാർഷികേതര വായ്പ്പകളുടെ ജപ്തി നിര്‍ത്തിവെക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്‍പകളില്‍ സർഫാസി നിയമം ചുമത്തില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.ഇതിനായി റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.സർക്കാർ നടപടികൾ വിശദീകരിക്കാൻ പഞ്ചായത്ത് തലങ്ങളിലും ഇനി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്‍പ എടുത്തവര്‍ക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‍സ് സമിതി വ്യക്തമാക്കി.ബാങ്കുകൾ ജപ്തി നോട്ടീസുകൾ അയക്കുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യ ഉയരുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കർഷകരുടെ വായ്പ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണ്ണം പിടികൂടി. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രെസ്സിൽ വിമാനത്താവളത്തിലെത്തിയ വടകര സ്വദേശിയിൽ നിന്നുമാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.പേസ്റ്റ് രൂപത്തിലാക്കി കവറിൽ ശരീരത്തിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
പയ്യന്നൂർ കോളേജിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം
പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം.ചുമരെഴുത്തിനെ ചൊല്ലിയാണ് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തത്.അക്രമത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഘർഷം ഉണ്ടായതു.പരിക്കേറ്റ എസ്എഫ്ഐ ഏരിയ സെക്രെട്ടറിയേറ്റ് അംഗവും പയ്യന്നൂർ കോളേജ് യൂണിയൻ ജോയിന്റ് സെക്രെട്ടറിയുമായ ടി.പി കീർത്തന,കോളേജ് യൂണിയൻ വൈസ് പ്രസിഡന്റ് സി.പി പ്രണവ്, എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും കെഎസ്‌യു യുണിറ്റ് പ്രസിഡന്റ് ഹർഷരാജ്,ആകാശ് ഭാസ്കരൻ,ടി.ജി അശ്വിൻ,ബിലാൽ,അശ്വിൻ കുമാർ എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു സ്ഥിരമായി ചുമരെഴുത്ത് നടത്തുന്ന സ്ഥലം എസ്എഫ്ഐ പ്രവർത്തകർ കയ്യേറിയതായി കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.ഇത് ചോദ്യം ചെയ്ത കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.അതേസമയം കെഎസ്‌യു പ്രവർത്തകർ നശിപ്പിച്ച എസ്എഫ്ഐയുടെ പ്രചാരണ സാമഗ്രികൾ പുനഃസ്ഥാപിക്കുന്ന വേളയിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ അക്രമം നടത്തുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.
ചൂട് ഉയരുന്നു;തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
കണ്ണൂർ:പകൽ സമയത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു.ഇത് പ്രകാരം പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണി വരെ ആയിരിക്കും.ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമസമയം ആയിരിക്കും.രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകിട്ടത്തെ ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്ന് തൊഴിലുടമകൾക്ക് ലേബർ ഓഫീസർ നിർദേശം നൽകി.ജോലിസ്ഥലത്ത് ആവശ്യമായ കുടിവെള്ളം അനുവദിക്കണമെന്നും കണ്ണൂർ ലേബർ ഓഫീസർ അറിയിച്ചു.
ഈ അധ്യയന വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷകൾ ഇന്നാരംഭിക്കും
തിരുവനന്തപുരം:ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി വാര്‍ഷിക പരീക്ഷകൾ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകള്‍ പതിവ് പോലെ രാവിലെയാണ് നടക്കുക.പ്ലസ് ടുവില്‍ ഈ വര്‍ഷം ആകെ 4,59,617 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം എന്‍ഐസി രൂപകല്‍പ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്.
തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. വിജിന്‍ദാസ് എന്ന യുവാവിനാണ് വെട്ടേറ്റത്.മൂന്നംഗ സംഘം വിജിന്‍ ദാസിന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് വിളിച്ചിറക്കി വെട്ടുകയുമായിരുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം.വിജിന്‍ദാസിനെ വെട്ടിയ ആളുകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇതൊരു രാഷ്ട്രീയ സംഘര്‍ഷമല്ലെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ വിജിന്‍ ദാസിന്റെ പരിക്ക് ഗുരുതരമല്ല.
റഫേല്‍ ഇടപാട്;പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി:റഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും.സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.
ഡൽഹിയിൽ സിജിഒ കോംപ്ലക്സില്‍ തീപിടുത്തം
ന്യൂഡൽഹി:ഡൽഹിയിൽ സിജിഒ കോംപ്ലക്സില്‍ തീപിടുത്തം.പണ്ഡിറ്റ് ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നില സിജിഒ കോംപ്ലക്സിലാണ് മിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്.എയർഫോർസിന്റെ ഓഫീസ്,കേന്ദ്ര ജല ശുചീകരണ മന്ത്രാലയത്തിന്റെ ഓഫിസ്,വനമന്ത്രാലയത്തിന്റെ ഓഫീസ്,ദേശീയ ദുരന്ത നിവാരണ സേനയുടെ ഓഫീസ് എന്നിവയെല്ലാം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.രാവിലെ എട്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ എത്തുന്നതിന് മുൻപ് തീപിടുത്തമുണ്ടായതിനാല്‍ ആളപായമില്ല എന്നാണ് വിവരം.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.