ന്യൂഡല്‍ഹി: 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.12 കോണുകളുള്ള രൂപത്തിലായിരിക്കും നാണയം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകിയിട്ടുണ്ട്.രണ്ടു നിറത്തിലാകും 27 മില്ലീ മീറ്റര്‍ നീളത്തിലുള്ള നാണയം പുറത്തിറങ്ങുക.നാണയത്തിന്‍റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്‍മിക്കുക. നടുവിലെ ഭാഗത്തിന് 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ഉപയോഗിക്കും.10 രൂപ നാണയം ഇറങ്ങി 10 വര്‍ഷം തികയുന്ന സമയത്താണ് പുതിയ 20 രൂപ നാണയമിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് നാണയം പുറത്തിറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ ദേവ്നാറിൽ മാലിന്യക്കൂമ്പാരം കത്തുന്നു; നഗരത്തിന് ഭീഷണിയായി വിഷപ്പുക
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ സ്ഥലമായ ദേവ്നാറിൽ മാലിന്യക്കൂമ്പാരം കത്തുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് മാലിന്യകൂമ്പാരത്തിൽ നിന്നും തീയുയരുന്നത് കണ്ടത്.തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക നഗരത്തിന് ഭീഷണിയായിട്ടുണ്ട്.മൂന്നുകോടി ജനസംഘ്യയുള്ള പ്രദേശമാകെ കറുത്ത പുകയില മൂടിയിരിക്കുകയാണ്.ഫയർ എൻജിനുകൾ തീകെടുത്താനുള്ള ശ്രമത്തിലാണ്.7000 മുതൽ 9000 മെട്രിക് ടൺ വരെയുള്ള മാലിന്യമാണ് ദിവസവും ഇവിടെയെത്തുന്നത്.തീപടരാനുള്ള കാരണം വ്യക്തമല്ല.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ സഹോദരന്‍;ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം
കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ റഷീദ്. വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റഷീദ് പറഞ്ഞു.ജലീലിന്റെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറയുന്നില്ല.പിന്നെങ്ങനെ ഏറ്റുമുട്ടലാകുമെന്നും റഷീദ് ചോദിക്കുന്നു.എവിടെനിന്നെങ്കിലും പിടിച്ചുകൊണ്ടുവന്ന ശേഷം വെടിവെച്ച് കൊന്നതാകാമെന്നും റഷീദ് പറഞ്ഞു.ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍.പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചൂട്;വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം:അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.ഇറുകിയ യൂണിഫോം,ടൈ,ഷൂസ്,സോക്സ്,തലമുടി ഇറുക്കികെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്കൂൾ അധികാരികൾ ഇതിനായി വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ലെന്ന് കമ്മീഷൻ ചെയർമാൻ പി.സുരേഷ് നിർദേശിച്ചു.സിബിഎസ്ഇ സ്കൂളുകളിൽ രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നടക്കുന്ന പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണം.പരീക്ഷ ഹാളിലും ക്ലാസ് മുറികളിലും ഫാനുകൾ, കുടിവെള്ളം എന്നിവ സജ്ജീകരിക്കണം.കഠിനമായ ചൂടിൽ നടക്കുന്ന പരീക്ഷ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സിബിഎസ്ഇ ക്ക് ഉണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഡൽഹി-കണ്ണൂർ ഉഡാൻ സർവീസ് മേയിൽ ആരംഭിക്കും
ന്യൂഡൽഹി:ഡൽഹിയിലെ ഹിൻഡാൻ വ്യോമസേനാ കേന്ദ്രത്തിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള ഉഡാൻ സർവീസ് മേയിൽ ആരംഭിക്കും.നേരത്തെ ഇത് ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.എയർപോർട്ട് അതോറിട്ടി ഇന്ത്യ ഹിൻഡാനിൽ നിർമിച്ച ആഭ്യന്തര ടെർമിനലിന്റെ ഉൽഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.ഇതോടെ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.മാർച്ച് ആദ്യവാരം പത്തോടെ തന്നെ വിമാനത്താവളം പൂർണ്ണ സജ്ജമാവുകയും മെയ് രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.ഇൻഡിഗോയും മറ്റ് ചെറുകിട കമ്പനികളുമാവും സർവീസ് തുടങ്ങുക.80 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങളാവും ഉണ്ടാവുക.
ഇരിട്ടി പടിയൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നായയുടെ തല ചിന്നിച്ചിതറി
ഇരിട്ടി:പടിയൂർ പഞ്ചായത്തിലെ കല്യാട്- പൂവ്വം റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നായയുടെ തല ചിന്നിച്ചിതറി.ഇ.കെ.കെ ടാർ മിക്സിങ് പ്ലാന്റിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. മാലിന്യങ്ങൾക്കിടയിൽ ഭക്ഷണം തേടിയെത്തിയ തെരുവുനായ സ്‌ഫോടക വസ്തു കടിച്ചെടുക്കുകയും നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ച് നായയുടെ തല ചിന്നിച്ചിതറുകയുമായിരുന്നു.ഒഴിഞ്ഞു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങൾ കൊണ്ടുവന്ന് തള്ളാറുണ്ട്. സംഭവത്തിൽ ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാഹി പന്തക്കലിൽ ഗർഭിണിയടക്കം 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു
മാഹി:മൂലക്കടവ്,ഇടയിൽപീടിക പ്രദേശത്ത് ഗർഭിണിയടക്കം 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.ബുധനാഴ്ച വൈകിട്ടാണ് സംഭവം.മൂലക്കടവിലെ തയ്യിൽ ഇബ്രാഹിം(55),പന്തക്കലിലെ എൽകെജി വിദ്യാർത്ഥി ഐസം അബ്ദുൽഖാദർ,ഇടയിൽ പീടികയിലെ ഇനിക(3),മൂലക്കടവിലെ വസന്ത(55),പ്രേമവല്ലി(40),പുനത്തിൽ ചന്ദ്രി(56),കൊടിയേരിയിലെ രാമചന്ദ്രൻ(50),നിടുമ്പ്രത്തെ റിമിഷ(25),കുനിയൻ വീട്ടിൽ ചന്ദ്രൻ(66),പാറാൽ ശ്രീവത്സത്തിൽ ശോഭ(52),നിടുമ്പ്രത്തെ പ്രസൂന(40),ചൊക്ലിയിലെ യാസിത്(രണ്ടര) എന്നിവർക്കും മറ്റു മൂന്നുപേർക്കുമാണ് കടിയേറ്റത്. ഇവരെയെല്ലാം മാഹി ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുത്തിവെയ്പ്പിനായി തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗർഭിണിയായ റിമിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വയനാട് വൈത്തിരിയിൽ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകൾ;പോലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐജി
വൈത്തിരി: വയനാട് വൈത്തിരിയില്‍ പോലീസുകാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂർ റേഞ്ച് ഐജി.ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്നും ഐജി വ്യക്തമാക്കി.വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വെടിവയ്പ് നടന്ന റിസോര്‍ട്ടിലെത്തി. മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചിലിനായി പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കാട്ടിലുണ്ട്.ആയുധധാരികളായ അഞ്ചു പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന.കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ:കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പ്രദേശത്തെ മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷാ സേന ഭീകരര്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തിരുന്നു. കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തത്.
വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു;പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം
വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്.ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീലാണെന്ന് സൂചനയുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം പ്രദേശത്ത് എത്തുകയും മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടത്തുകയുമായിരുന്നു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പോലീയും ഇന്ന് രാവിലെയോടെ എത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് കട്ടിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.പ്രദേശവാസികളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.