തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി യിൽ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീർന്നു.അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കണ്ടക്ടര്‍ ലൈസന്‍സുമുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 3861 എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് 47 ദിവസമായി എംപാനല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ മാസം അഞ്ച് മുതല്‍ ഇവർ അനിശ്ചിതകാല നിരാഹരസമരവും ആരംഭിച്ചു.സമരം വിജയമാണെന്നും സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും എംപാനല്‍ ജീവനക്കാരുടെ കൂട്ടായ്മ പ്രതികരിച്ചു. അതേസമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പേ എംപാനല്‍ ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍.
വൈത്തിരിയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മോവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു
മലപ്പുറം:വൈത്തിരിയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മോവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.മലപ്പുറം പാണ്ടിക്കാട്ടെ നാലുസെന്റ് സ്ഥലത്തുള്ള വീടിന്റെ തറയോട് ചേർത്ത് കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.വീടിന്റെ ചുമരിനോട് ചേർന്ന് അരിവാൾ ചുറ്റിക അടയാളമുള്ള ബാനർ കെട്ടിയിരുന്നു.മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് സംസ്ക്കാരം നടന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് ജലീലിന്റെ മൃതദേഹം സഹോദരനും കുടുംബത്തിനും വിട്ടുകൊടുത്തത്.മൃതദേഹം കൊണ്ടുപോകുന്ന വഴിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അനുവദിക്കുകയില്ലെന്നും പ്രകടനമോ ജാഥയോ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ ഗ്രോ വാസു,പി.രാവുണ്ണി,അഡ്വ.പി.പൗരൻ,ലുക്മാൻ പള്ളിക്കണ്ടി തുടങ്ങിയവരും തമിഴ് നക്സൽ നേതാവ് അറിവോളിയുമെല്ലാം സ്ഥലത്തെത്തിയിരുന്നു.മറ്റ് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള സംഘടനാ പ്രവർത്തകരും വനിതാ പ്രവർത്തകരും എത്തി.വൈകുന്നേരം നാലുമണിയോടെ മൃതദേഹം സംസ്ക്കരിക്കാനായെടുത്തു.ജലീലിന്റെ സഹോദരന്മാരായ റഷീദും ജിഷാദും വിപ്ലവ മുദ്രാവാക്യം വിളിച്ചു.മറ്റുള്ളവർ അതേറ്റു വിളിച്ചു.സംസ്ക്കാരത്തിന് ശേഷം വൈകിട്ട് അഞ്ചുമണിക്ക് പാണ്ടിക്കാട് നഗരത്തിൽ അനുസ്മരണ സമ്മേളനം നടന്നു.
മയക്കുമരുന്ന് കടത്തിയ മൂന്ന് യുവാക്കളെ പേരാവൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു
പേരാവൂർ:നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ,ലഹരി ഗുളികയായ സ്പാസ്മോ പ്രോക്സി വോൺ എന്നിവ കടത്തിയ മൂന്ന് യുവാക്കളെ പേരാവൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ചൊക്ലി സ്വദേശി മുഹമ്മദ് റയീസ്(29),ധർമടം സ്വദേശി കെ.വി ഷുഹൈബ്(28),ഈസ്റ്റ് പള്ളൂർ സ്വദേശി സി.എച് തംസീം(30) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട് മുരിങ്ങോടി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്നും ലഹരിഗുളികകളും പിടികൂടിയത്.സിന്തറ്റിക് മയക്കുമരുന്നുകളിൽ ഏറ്റവും വീര്യം കൂടിയതും അന്താരാഷ്ട്ര വിപണയിൽ വിലപിടിപ്പുള്ളതുമായ മയക്കുമരുന്നാണ് എം.ഡി.എം.എ. ഒരു കിലോ എം.ഡി.എം.എ ക്ക് കോടികൾ വിലവരും.പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. എക്‌സൈസ് ഇൻസ്പെക്റ്റർ എ.കെ വിജേഷ്,പ്രിവന്റീവ് ഓഫീസർമാരായ എം.ബി സുരേഷ് ബാബു,എം.പി സജീവൻ,പി.സി ഷാജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എൻ സതീഷ്,പി.എസ് ശിവദാസൻ,കെ.ശ്രീജിത്ത്,എൻ.സി വിഷ്ണു,എക്‌സൈസ് ഡ്രൈവർ കെ.ടി ജോർജ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കും.ഇതിനായി മിസോറാം ഗവർണ്ണർ സ്ഥാനം കുമ്മനം രാജിവെച്ചിരുന്നു.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസ്സിന്റെ ശശി തരൂർ,സിപിഐയിലെ സി.ദിവാകരൻ എന്നിവരാകും തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തിന്റെ എതിർ സ്ഥാനാർത്ഥികൾ.കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്നും ജയസാധ്യത മുൻനിർത്തി തിരുവനന്തപുരത്ത് മത്സരിക്കണമെന്നും സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം കേന്ദ്ര ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ കൊണ്ടുവരുന്നതിനായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ,നടൻമാരായ മോഹൻലാൽ,സുരേഷ്‌ഗോപി, എന്നിവരെ ബിജെപി പരിഗണിച്ചെങ്കിലും കുമ്മനമായിരുന്നു ആർഎസ്എസിന്റെ പ്രഥമ പരിഗണനയിൽ.കുമ്മനം തിരിച്ചുവരണമെന്ന് പാർട്ടിയിലെ എല്ലാവരും ആഗ്രഹിച്ചിരുന്നതായും ഗവർണ്ണർ പദവിയിലായിരുന്നതിനാൽ പുറത്തുപറയാതിരുന്നതാണെന്നും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂട് ശക്തമാകുന്നു;എസ്‌എസ്‌എല്‍സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ എസ്‌എസ്‌എല്‍സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍.ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉള്‍പ്പടെയുള്ളവയുടെ നിര്‍ദ്ദേശം നിലനിൽക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്.11 മണി മുതല്‍ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.എന്നാല്‍ കൊടും ചൂടിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്.ഉച്ചക്ക് ഒന്നരയ്ക്കാണ് പരീക്ഷ ആരംഭിക്കുന്നത്.3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്ഥലങ്ങളിലും സ്കൂള്‍ ബസ് ഉണ്ടാവില്ല.മിക്ക സ്കൂളുകളിലും ഫാന്‍ പോലുമില്ല. ഈ മാനസികാവസ്ഥയില്‍ പരീക്ഷ എഴുതിയാല്‍ അത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ജമ്മുവിലെ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഒൻപതാംക്ലാസ്സുകാരൻ
ശ്രീനഗർ:ജമ്മുവിലെ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഒൻപതാം ക്ലാസ്സുകാരൻ.ഭക്ഷണപാത്രത്തിലാണ് ഗ്രനേഡ് കൊണ്ടുവന്നതെന്നും തെളിഞ്ഞു.സംഭവസ്ഥലത്ത് കാറില്‍ എത്തിയ കുട്ടി ബസ്സില്‍ ഭക്ഷണപാത്രം വച്ച് തിരികെ വരികയായിരുന്നു. ഇയാള്‍ ഒരു കാറിലാണ് എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഡ്രൈവറെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് 15 വയസ്സുകാരനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തെളിഞ്ഞത്.യൂട്യൂബില്‍ നിന്നുമാണ് ഗ്രനൈഡ് എങ്ങിനെ നിര്‍മ്മിക്കുമെന്നും ഉപയോഗിക്കുമെന്നും കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണെന്നും ഇതിന്റെ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.
ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്;വാർത്ത തള്ളി പ്രതിരോധമന്ത്രാലയം
ശ്രീനഗർ:ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടില്‍ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ അംഗമാണ് തട്ടിക്കൊണ്ട് പോകപ്പെട്ട സൈനികന്‍.എന്നാല്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സൈനികനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുദ്ഗാമിലെ ഖാസിപോര ചദൂരയിലെ വീട്ടില്‍ കഴിഞ്ഞ മാസം 26 ന് ആണ് ഒരു മാസത്തെ അവധിക്കായി യാസീന്‍ ഭട്ട് എത്തിയത്. അദ്ദേഹം വീട്ടില്‍ സുരക്ഷിതനായുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്നവിവരം.
ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ പിൻവലിക്കാനൊരുങ്ങി ടാറ്റ
മുംബൈ:ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു.മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്ന് 1.1 ലിറ്റര്‍ ഡീസല്‍ മോഡലുകളെ പൂര്‍ണ്ണമായും കമ്പനി പിന്‍വലിക്കും. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം വാഹനങ്ങള്‍ പുറത്തിറങ്ങേണ്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും.അതോടെ സ്വാഭാവികമായും മോഡലുകളുടെ വിലയും വര്‍ധിക്കും.ഡിമാന്‍ഡ് കുറഞ്ഞ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് വില ഉയരുക കൂടി ചെയ്താല്‍ വിറ്റുപോകില്ലെന്ന് ആശങ്ക കമ്പനിക്കുണ്ട്. 2018 ഏപ്രില്‍ – 2019 ജനുവരി കാലയളവില്‍ വിറ്റുപോയ ആകെ ടിയാഗൊ യൂണിറ്റുകളില്‍ 14 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകളുടെ വിഹിതം. ഇതേകാലയളവില്‍ 15 ശതമാനം മാത്രമെ ടിഗോര്‍ ഡീസല്‍ മോഡലുകളും വിറ്റുപോയുള്ളൂ. ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തി പുതിയ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നീക്കം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്ന് ടാറ്റ വിലയിരുത്തുന്നു.ഡീസൽ മോഡൽ പിൻവലിക്കുന്നതോടെ 1.2 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഈ വാഹങ്ങൾ നിരത്തിലെത്തുക. ഇത് 85 പിഎസ് പവറും 114 എൻ. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു;യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
കാസർകോഡ്:കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തളങ്കര തെരുവത്താണ് അപകടമുണ്ടായത്.ട്രാന്‍സ്‌ഫോര്‍മര്‍ തീപിടിച്ച് കത്തിയതോടെ വൈദ്യുതി ലൈന്‍ റോഡിലേക്ക് പൊട്ടിവീണു.അപകടം നടക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തി മണലുപയോഗിച്ച് തീപടരുന്നത് തടഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു.ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തില്‍ പടര്‍ന്നു പിടിച്ച കാട് മൂലം ട്രാന്‍സ്‌ഫോര്‍മറില്‍ സ്പാര്‍ക്ക് ഉണ്ടാവുകയും മരത്തിന് സമീപത്തെ കാടുകള്‍ പൂര്‍ണമായും കത്തുകയായിരുന്നു.
കടൽകുതിരയെ കടത്താൻ ശ്രമം;മുംബൈയിൽ യുവാവ് അറസ്റ്റിൽ
മുംബൈ: കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവിനെ മഹാരാഷ്ട്ര സ്‌റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്. 30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാളിൽ നിന്നും പിടികൂടിയത്.സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്.അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിർമാണത്തിനായായാണ് കടല്‍ക്കുതിരകളെ കൂടുതലായതും ഉപയോഗിക്കുന്നത്.