നെയ്‌റോബി:എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു.എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.ദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്ബനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു.കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ബോയിങ് വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ഈ ദുരന്തം.അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ ദ നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ നാല് അംഗങ്ങളും എത്യോപ്യക്കൊപ്പം അന്വേഷണത്തില്‍ പങ്കാളികളാകും.
മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;സുരക്ഷയ്ക്കായി 300 പോലീസുകാർ മാത്രം
ശബരിമല:ഉത്സവ-മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. യുവതീ പ്രവേശനത്തെ ചൊല്ലിയുണ്ടായിരുന്ന സംഘർഷം അല്പം കെട്ടടങ്ങിയ സാഹചര്യത്തിൽ ശബരിമലയിലെ പോലീസ് സുരക്ഷ വെട്ടിക്കുറച്ചു.കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പോലീസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്ബ എന്നിവിടങ്ങളിലായി ഉണ്ടാകുക. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.അതേസമയം ഇത് സ്ത്രീകള്‍ക്ക് മല കയറാന്‍ പറ്റിയ അവസരമാണെന്നും യുവതികളെ തടയുമെന്നും തറപ്പിച്ച് പറഞ്ഞ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെ രംഗത്തുണ്ട്.
അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ കണ്ണൂർ വിമാനത്താവളം;സഞ്ചാരികളെ ആകർഷിക്കുവാൻ പ്രത്യേക അവധിക്കാല പാക്കേജുകൾ
കണ്ണൂർ:അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരുങ്ങി കണ്ണൂർ വിമാനത്താവളം. സഞ്ചാരികളെ ആകർഷിക്കുവാൻ പ്രത്യേക അവധിക്കാല പാക്കേജുകളുമായി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളും ടൂർ ഓപ്പറേറ്റർമാരും ഒരുങ്ങിക്കഴിഞ്ഞു.ബൾക്ക് ബുക്കിങ്ങിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് പലരും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും വിമാനയാത്ര നടത്തുന്നത്.ബെംഗളൂരു,ചെന്നൈ,ഗോവ, മുംബൈ,ഹൈദരാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ നിശ്ചിത തീയതി വരെ മാത്രമാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. ഏപ്രിൽ,മെയ് മാസങ്ങളിലാണ് യാത്രകൾ.കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും വിമാനയാത്ര ഉൾപ്പെടെയുള്ള ടൂറിസം പാക്കേജുകളുമുണ്ട്.കുടുംബശ്രീ പ്രവർത്തകർ,സ്വയം സഹായസംഘങ്ങൾ,റെസിഡന്റ്‌സ് അസോസിയേഷൻ എന്നിവരും വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.ബെംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇത്തരം യാത്രക്കാർ കൂടുതൽ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഗോ എയർ അടക്കമുള്ള വിമാനകമ്പനികൾ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്.അതേസയം ജില്ലയിൽ ഹോട്ടൽ സൗകര്യങ്ങളുടെ അപര്യാപ്തത ടൂറിസം വികസനത്തിന് തിരിച്ചടിയാണ്.
കാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു
കൊച്ചി:കാന്‍സര്‍ ചികിത്സാ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു.ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് (എന്‍പിപിഎ) പുതിയ തീരുമാനം ആവിഷ്‌കരിച്ചത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മാര്‍ച്ച് എട്ടുമുതൽ കുറഞ്ഞ വില നിലവില്‍ വന്നു.രാജ്യത്തെ 22 ലക്ഷം കാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം മരുന്നിന് ചെലവിടുന്ന തുകയില്‍ 800 കോടി രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞത്. ഇന്നലെയോടെ 38 മരുന്നുകള്‍ക്ക് 75-87% വില കുറഞ്ഞു.124 മരുന്നുകള്‍ക്ക് 50 മുതല്‍ 75% വരെയും 121 മരുന്നുകള്‍ക്ക് 25 മുതല്‍ 50% വരെയും വില കുറഞ്ഞു. 107 മരുന്നുകളുടെ വിലയില്‍ 25% വരെ കുറവുണ്ടായി. പുതിയതായി 390 മരുന്നുകള്‍ക്ക് വിപണി വില നിശ്ചയിച്ചതിലൂടെ ക്യാന്‍സര്‍ ചികിത്സാരംഗത്തെ 91 ശതമാനം മരുന്നുകളും രാജ്യത്ത് വില നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലായി. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 426 തരം മരുന്ന് ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായുളളത്.
കൊല്‍ക്കത്തയില്‍ ലോറിയിൽ കടത്തുകയായിരുന്ന 1000കിലോ സ്ഫോടക വസ്തുക്കൾ പിടികൂടി;രണ്ടുപേര്‍ അറസ്റ്റില്‍
കോല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 1000 കിലോ സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പ്രത്യേക ദൗത്യ സംഘം പിടികൂടി. കൊൽക്കത്തയിലെ താല പാലത്തില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പിടികൂടിയത്. ലോറിയുമായെത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഫോടക വസ്തുക്കളുമായി ഒരു ലോറി ഒഡീഷയില്‍ നിന്നും സംസ്ഥാനത്തെത്തിയതായി പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ലോറി പിടികൂടിയത്.
ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍
മുംബൈ:ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍.ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഏകീകൃത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്‍കുന്നത്.ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ ഏകീകൃത സംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ ക്യൂ.ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ ആറ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ആക്കുന്നതോടെ ലൈസന്‍സ് ഉടമ കഴിഞ്ഞ പത്ത് വര്‍ഷം നേരിട്ട ശിക്ഷ നടപടി, പിഴ തുടങ്ങിയ കാര്യങ്ങള്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കും.ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തലവാചകത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രയൊടു കൂടിയ പുതിയ ലൈസന്‍സില്‍ ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും ഉണ്ടാകും.മുന്‍വശത്ത് രക്തഗ്രൂപ്പും ലൈസന്‍സിന്റെ പിറകുവശത്ത് ക്യു.ആര്‍.കോഡും പതിപ്പിച്ചിരിക്കും.ഇരുവശങ്ങളിലും ലൈസന്‍സ് നമ്ബരും മോട്ടോര്‍ വാഹന വകുപ്പിന്റെ മുദ്രയും പതിപ്പിച്ചതായിരിക്കും പുതിയ ലൈസന്‍സ്.
ചേലോറയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മേയര്‍ ഇ.പി ലതയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം ജബല്‍പൂരിലെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു
കണ്ണൂർ:ചേലോറയില്‍ നടപ്പിലാക്കാൻ പോകുന്ന മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂർ മേയര്‍ ഇ.പി ലതയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ജബല്‍പൂരിലെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു.15 മെഗാവാട്ട് ശേഷിയുടെ പ്ലാന്റില്‍ നിന്ന് 12.5 കോടി യൂണിറ്റ് വൈദ്യുതിയാണ് ജബല്‍പൂര്‍ കോര്‍പ്പറേഷന്‍ ഉത്പാദിപ്പിച്ചത്. ഈ മോഡല്‍ കണ്ണൂരിലും നടപ്പാക്കുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം.ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം വിലയിരുത്തി.15 ലക്ഷത്തോളം ജനസംഖ്യയുള്ള ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് മാലിന്യ സംസ്‌കരണത്തിന് മാതൃകയാണെന്ന് പ്ലാന്റ് സന്ദര്‍ശിച്ച സംഘം അഭിപ്രായപ്പെട്ടു. പ്ലാന്റില്‍ എത്തിക്കുന്ന മാലിന്യം വലിയ ബര്‍ണറില്‍ നിക്ഷേപിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മാലിന്യം സംസ്‌കരിക്കുമ്ബോള്‍ ഉണ്ടാകുന്ന വാതകം ശാസ്ത്രീയമായി ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതിനാല്‍ അന്തരീക്ഷ മലിനികരണം ഉണ്ടാകുന്നില്ലെന്നും സംഘം വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജമിനി, വെള്ളോറ രാജന്‍, അഡ്വ. പി. ഇന്ദിര,സി. സീനത്ത്, സി.കെ വിനോദ്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ സി.സമീര്‍,എന്‍.ബാലകൃഷ്ണന്‍, സജിത്ത് കെപി, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.രാധാകൃഷ്ണന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സജീവന്‍ കെ.വി,ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശിവദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.ജബല്‍പൂരിലെത്തിയ കോര്‍പ്പറേഷന്‍ സംഘത്തെ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. സ്വാതി സദാനന്ദ് ഗോഡ്‌ബോളെ, അഡീഷണല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.പേരാവൂര്‍ മണത്തണ മഠപ്പുരച്ചാലില്‍ തങ്കച്ചന്‍ (52) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.ശനിയാഴ്ച രാവിലെ 7. 30 ഓടെ പാലത്തും കരക്കും തൊക്കിലങ്ങാടിക്കും ഇടയില്‍ വച്ചായിരുന്നു അപകടം നടന്നത്.അപകടത്തില്‍ കാർ പൂര്‍ണമായി തകര്‍ന്നു. കാറിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
പരീക്ഷയെ ധൈര്യപൂർവ്വം നേരിടുന്നതിനുള്ള കൗൺസിലിംഗ് പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്
കണ്ണൂർ:പരീക്ഷാകാലത്തെ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനും പരീക്ഷയെ ധൈര്യപൂർവ്വം നേരിടുന്നതിനുമായി സധൈര്യം എന്ന പേരിൽ കൗൺസിലിംഗ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്തും സയൻസ് പാർക്കും.ഒരു ഫോൺ കോളിലൂടെ കുട്ടികളുടെ മാനസിക സമ്മർദം ഇല്ലാതാക്കുന്ന പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും കൗൺസിലറുമായ എം.വി സതീഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ മിച്ച കൗൺസിലർമാരുടെ ഒരു സംഘത്തെയാണ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. വീഡിയോ കോൺഫറൻസുകളിലൂടെയും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.കൗൺസിലിംഗ് ആവശ്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 5.30 മുതൽ 8.30 വരെയും കൗൺസിലർമാരെ വിളിക്കാം. ഫോൺ നമ്പറുകൾ:എം.വി സതീഷ്:9495369472, ശ്യാമിലി കണ്ണാടിപ്പറമ്പ:9544741525, രാധാകൃഷ്ണൻ ശ്രീകണ്ഠപുരം:9496360562, ശ്രീജേഷ് തലശ്ശേരി:8861865996, പി.ഡയാന:8547371328. എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി നിലവിൽ സയൻസ് പാർക്കിൽ നടന്നുവരുന്ന കൗൺസിലിംഗ് പരിപാടിക്ക് പുറമെയാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി.
ലോക്സഭാ തിരഞ്ഞെടുപ്പ്;എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കാസര്‍കോട് കെ.പി സതീഷ് ചന്ദ്രൻ, കണ്ണൂരില്‍ പി.കെ ശ്രീമതി, വടകരയില്‍ പി.ജയരാജൻ, കോഴിക്കോട് എ.പ്രദീപ് പ്രദീപ് കുമാർ,മലപ്പുറത്ത് വി.പി സാനു,പൊന്നാനിയിൽ പി.വി അന്‍വര്‍, പാലക്കാട് എം.ബി രാജേഷ്, ആലത്തൂരില്‍ പി.കെ ബിജു, ഇടുക്കിയില്‍ ജോയ്സ് ജോർജ്, ചാലക്കുടിയില്‍ ഇന്നസെന്റ്,കോട്ടയത്ത് വി.എന്‍ വാസവൻ,എറണാകുളത്ത് പി.രാജീവ്, പത്തനംതിട്ടയില്‍ വീണാ ജോർജ്, ആലപ്പുഴയിൽ എ.എം ആരിഫ്, കൊല്ലത്ത് കെ.എന്‍ ബാലഗോപാൽ, ആറ്റിങ്ങലിൽ എ.സമ്പത്ത്,എന്നിങ്ങനെയാണ് സിപിഐഎം സ്ഥാനാർഥിപ്പട്ടിക. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ 4 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം: സി ദിവാകരന്‍, മാവേലിക്കര: ചിറ്റയം ഗോപകുമാര്‍, തൃശൂര്‍: രാജാജി മാത്യു തോമസ്, വയനാട്: പിപി സുനീര്‍.