തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി.ഇങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കി.ജാതി,മതം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും കൂടുതൽ വിശദീകരണം ചൊവ്വാഴ്ച വിവിധ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പെരുമാറ്റ ചട്ടം സംബന്ധിച്ച ബുക്‌ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകി.ജില്ലകളിൽ ചട്ടലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കളക്റ്റർമാക്കും നിർദേശം നൽകി.
പ്രണയനൈരാശ്യം;തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി
പത്തനംതിട്ട:തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി.സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം.രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ പെൺകുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണ് യുവാവിനെ ഇത്തരമൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പ്ലസ് ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു.എന്നാല്‍ വീട്ടുകാര്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് പോകുന്നതിനിടെ ചിലങ്ക ജംഗ്ഷനില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.കൃത്യം നടത്തിയശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു.
ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ
ന്യൂഡൽഹി:ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ.മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് വീണ്ടും കടുപ്പിച്ചത്.യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപെയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇക്കാര്യത്തിൽ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കി.സൗദി മന്ത്രി ആഡെല്‍ അല്‍-ജുബൈറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗാന്‍ എന്നിവരുമായി പ്രധാനമന്ത്രി ഇന്നലെ ടെലഫോണില്‍ സംസാരിച്ചു.പത്തുവര്‍ഷത്തിനിടെ നാലാംതവണയാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. മുമ്ബ് മൂന്നു തവണയും ചൈനയുടെ എതിര്‍പ്പു കാരണം പ്രമേയം പാസാക്കാനായില്ല.ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ മസൂദ് അസറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം ആറുമൊട്ടാംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. ക്ഷീരകര്‍ഷകനായ രാഘവന്‍ സമീപത്തെ വീടുകളിൽ പാല്‍ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പുലര്‍ച്ചെ ആയതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.തുടര്‍ന്ന് നാട്ടുകാര്‍ രാഘവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തെ കാട്ടാന ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
21 ദിവസത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് സൂചന
ന്യൂഡൽഹി:21 ദിവസത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് സൂചന.ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പാന്‍ ആധാറുമായി യോജിപ്പിക്കേണ്ട ആവശ്യമുണ്ട്. മാര്‍ച്ച് 31നാണ് അവസാന തീയതി.11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ജീവമാക്കിയെന്നാണ് വിവരം.മാര്‍ച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെര്‍മനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാന്‍ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യയാണ് പാന്‍.അതായത് ഒരു പാന്‍ സീരിയല്‍ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാര്‍ഡ് മാത്രമേ ഉണ്ടാകൂ.കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാന്‍ വ്യവസ്ഥകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കില്‍, അതായത് ആദായ നികുതി അടയ്ക്കാന്‍ വേണ്ട പരിധിക്കുള്ളിലാണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും പാന്‍കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാണ്.
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അമ്മയും രണ്ട് കുട്ടികളും വെന്ത് മരിച്ചു;അച്ഛനും ഒരു മകളും രക്ഷപ്പെട്ടു
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അമ്മയും രണ്ട് കുട്ടികളും വെന്ത് മരിച്ചു. കാറോടിച്ചിരുന്ന ഭര്‍ത്താവും ഒരു കുട്ടിയും കാറില്‍നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. അക്ഷര്‍ധാം ഫ്ളൈഓവറില്‍ ഞായറാഴ്ചയായിരുന്നുസംഭവം.രഞ്ജന മിശ്ര,മക്കളായ റിധി, നിക്കി എന്നിവരാണ്‌അപകടത്തില്‍ മരിച്ചത്. രഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയാണ് കാറോടിച്ചിരുന്നത്.അപകടമുണ്ടായ ഉടനെ മുന്‍സീറ്റിലിരുന്ന ഇളയ മകളെയുമെടുത്ത് ഉപേന്ദര്‍ പുറത്തേക്ക് ചാടുകയായിരുന്നു.കാറിനുള്ളിലെ സിഎന്‍ജി സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.പിന്‍സീറ്റിലിരുന്ന രഞ്ജനയും കുട്ടികളും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു
കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാർ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയത്.ഈ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും, യാതൊരു തരത്തിലും നശിക്കാന്‍ സാധ്യതയില്ലാത്ത ഫ്‌ളെക്‌സുകള്‍ ബോര്‍ഡുകൾ പരിസ്ഥിതിതിക്ക് ദോഷമുണ്ടാക്കുമെന്നും കോടതി ഇടപെട്ട് അടിയന്തിരമായി ഇതില്‍ പരിഹാരം കാണണം എന്നുമായിരുന്ന ശ്യാം കുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ്;കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും
കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും.ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ അതൃപ്തിയാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ പിംഗ്ലിഷില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഏറ്റുമുട്ടലില്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെയ്പ്പുണ്ടാവുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയുമായിരുന്നു.സ്ഫോടനത്തിനായി കാര്‍ വിലക്കെടുത്ത ജെയ്ഷെ ഭീകരന്‍ സജാദ് ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ 23 കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീടുവിട്ട മുദസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ മുദസിര്‍ ഐടിഐയില്‍ നിന്ന് ഇലക്‌ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്
ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നടക്കും. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും സുനിൽ അറോറ ആവശ്യപ്പെട്ടു.പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്നും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.