തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവിധി തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.വിഷയം ഏതുരീതിയിൽ ഉന്നയിക്കണമെന്നും വ്യാഖ്യാനിക്കണമെന്നും അവരവർക്ക് തീരുമാനിക്കാം.മതപരമായ ഒരു വികാരവും ദുരുപയോഗം ചെയ്യരുത്.മതം,ജാതി,ദൈവം,അമ്പലം എന്നിവയുടെ പേരിൽ ജനവികാരം വഷളാക്കരുത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഉള്ളത് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്നും മീണ വ്യക്തമാക്കി. യുവതീ പ്രവേശനത്തിൽ കോടതിവിധി നിലവിലുണ്ട്.അത് ചെയ്യേണ്ടെന്ന് പറയാൻ തനിക്ക് അവകാശമില്ല.താൻ പറഞ്ഞതിന് അമിത വ്യാഖ്യാനം നല്കിയതാണെന്നും മീണ പറഞ്ഞു.
തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു
പത്തനംതിട്ട:തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുകയാണ് പെണ്‍കുട്ടി.ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 65 ശതമാനം പൊള്ളല്‍ ഏറ്റതിന് പുറമെ യുവതിയുടെ വയറില്‍ കുത്തേറ്റിട്ടുമുണ്ട്.തിരുവല്ലയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴി അജിന്‍ റെജി എന്ന യുവാവ് ആക്രമിച്ചത്.പ്ലസ് ടുവിന് പഠിക്കുന്ന കാലംതൊട്ട് യുവാവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചു. തുടര്‍ന്ന് യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തി ഇതും പെണ്‍കുട്ടി നിരസിച്ചതോടെയാണ് ആക്രമണം ഉണ്ടായത്.തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ കാത്തു നിന്ന യുവാവ് പെണ്‍കുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച ശേഷം പെൺകുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍;കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം:രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാഗര്‍കോവിലിലെ പാര്‍ട്ടി റാലിക്ക് ശേഷം വൈകുന്നേരത്തോടെ അദ്ദേഹം തിരുവനന്തപുരത്തെത്തും.അതിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.തൃശ്ശൂര്‍ രാമനിലയത്തിലാണ് അദ്ദേഹത്തിന്റെ താമസം. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. അതിനുശേഷം മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. വൈകീട്ട് കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കും.
ഉഷ്‌ണതരംഗം;സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം
തിരുവനന്തപുരം:കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രാവിലെ 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് വിലക്ക് ഏർപ്പെടുത്തി.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.എഴുന്നള്ളിക്കുന്നതിന് മാത്രമല്ല, ചൂടിന് മാറ്റം വരുന്നതുവരെ തുറസായ സ്ഥലങ്ങളില്‍ ആനകളെ നിര്‍ത്തുന്നതിനും ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചില ഉത്സവ ചടങ്ങുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം എങ്കിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കനത്ത ചൂട് പരിഗണിച്ചും ആനകള്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ട് പരിഗണിച്ചും ആന ഉടമകളും ആന ഡെക്കറേഷന്‍ ഏജന്റുമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പാലിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി/ ടിഎച്ച്‌എസ്‌എല്‍സി/ എഎച്ച്‌എസ്‌എല്‍സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്.ഇതിൽ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. പരീക്ഷ 28ന് സമാപിക്കും.മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 27,436 പേര്‍. ഏറ്റവും കുറച്ച് പേര്‍ ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍, 2,114 പേര്‍. സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്ബുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ച് മുതല്‍ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25ന് ആരംഭിക്കും.
അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു; രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കണ്ണൂർ:അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു.രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ കുര്യപറമ്ബില്‍ തോമസ് ലാലന്റെ മകൻ സ്‌കോളസ് തോമസാണ് (25) മരിച്ചത്.തലശ്ശേരി വടക്കുമ്പാട്ടെ സിദ്ധാര്‍ഥ് (25), കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റൂട്ടില്‍ വളവില്‍പീടികയില്‍ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം ഉണ്ടായത്.കോളേജില്‍ നിന്ന് രാത്രിയോടെ ചക്കരക്കല്ലിലെത്തിയ ഇവര്‍ തിരിച്ച് പോകുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി പോസ്റ്റിലും തുടര്‍ന്ന് സമീപത്തുള്ള മരത്തിലും ഇടിക്കുകയായിരുന്നു.ശേഷം കാര്‍ പൊങ്ങി അല്പം താഴെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വീണു.നാട്ടുകാരും അഗ്നിരക്ഷസേനയും ചക്കരക്കല്ല് പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ പോകുന്ന് വഴിയില്‍ സ്‌കോളസ് മരിച്ചു. മറ്റു രണ്ടുപേരെയും പ്രാഥമികചികിത്സ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു;മൂന്നു മാസത്തിനിടെ പിടികൂടിയത് 10 കിലോ സ്വർണ്ണം
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് മൂന്നു മാസത്തിനിടെ അഞ്ചുതവണയായി 10.6 കിലോ സ്വർണ്ണം പിടികൂടി.തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനായ ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷില്‍ നിന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണ്ണം.പെയ്സ്റ്റില്‍ കലര്‍ത്തിയ സ്വര്‍ണം നാല് മണിക്കൂറോളം സമയമെടുത്താണ് വേര്‍തിരിച്ചെടുത്തത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.കണ്ണൂര്‍ പിണറായി സ്വദേശിയിൽ നിന്നാണ് ആദ്യമായി സ്വർണ്ണം പിടികൂടിയത്.പിന്നീട് കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നും.പെയിസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചാണ് കൂടുതലും സ്വര്‍ണക്കടത്ത് നടത്തുന്നത്.
സൂര്യതാപം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം:ഉഷ്‌ണതരംഗവും സൂര്യതാപവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവയിലൂടെയുണ്ടാകുന്ന നഷ്ട്ടങ്ങൾക്ക് സംസ്ഥാന ദുരന്ത ലഘൂകരണ വകുപ്പ് നഷ്ടപരിഹാരവും നിശ്ചയിച്ചു.ഈ ദുരന്തം കാരണം മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകും.കാഴ്ചശക്തി നാല്പതുശതമാനം നഷ്ടപ്പെട്ടാൽ 59100 രൂപയും അറുപതു ശതമാനം നഷ്ടപ്പെട്ടാൽ രണ്ടുലക്ഷം രൂപയും ലഭിക്കും.ഒരാഴ്ചയിലേറെ ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ 12700 രൂപയും ഒരാഴ്ചയിൽ താഴെയാണ് ചികിത്സയെങ്കിൽ 4300 രൂപയും ലഭിക്കും.സർക്കാർ ഡോക്റ്റർ സാക്ഷ്യപ്പെടുത്തുന്നവർക്ക് മാത്രമാണ് സഹായത്തിന് അർഹതയുള്ളൂ.മൃഗങ്ങൾക്ക് അപകടം സംഭവിച്ചാലും നഷ്ടപരിഹാരം നൽകും. പോത്ത്,പശു,ഒട്ടകം എന്നിവ ചത്താൽ 30000 രൂപയും കഴുത,കന്നുകുട്ടി എന്നിവയ്ക്ക് 16000 രൂപയും കോഴി,താറാവ് തുടങ്ങിയവയ്ക്ക് 50 രൂപവീതവും ലഭിക്കും.നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇയയെ ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതിനാലാണ് സംസ്ഥാന ദുരന്തപട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രെട്ടറി ഡോ.ശേഖർ ലൂക്കോസ് പറഞ്ഞു.
മാഹിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ:മാഹിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.മാഹി കെ.ടി.സി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത് എരിക്കില്‍ ഹൗസില്‍ ഉമനസ്(28),സഹയാത്രികനായ കുഞ്ഞിപ്പള്ളിയിലെ നിരത്തിരത്ത് അമല്‍ എന്ന കണ്ണൻ(24) എന്നിവരാണ് മരിച്ചത്.റോഡിലെ വളവിൽ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.രണ്ടുപേരും ലോറിയുടെ ടയറിനടിയിൽപെടുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാസിക്കില്‍ നിന്നു ഉള്ളി കയറ്റി ആലുവയിലേക്കു പോവുകയായിരുന്നു ലോറി.ലോറി ഡ്രൈവർ സാധാരയിലെ വിനോദ് ബാലകൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. എരിക്കില്‍ ഉമ്മറിന്റെയും ഉമ്മുക്കുല്‍സുവിന്റെയും മകനാണ് ഉംനാസ്. നിരത്തിരത്ത് രാജന്റെ മകനാണ് അമല്‍. മൃതദേഹങ്ങള്‍ തലശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.