മലപ്പുറത്ത് ഏഴുവയസ്സുകാരന് വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു

keralanews west nile virus infection confirmed in 7year boy in malappuram

മലപ്പുറം:മലപ്പുറത്ത് ഏഴുവയസ്സുകാരന് വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു.കുട്ടിയെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരനിൽ രോഗബാധ സ്ഥിതീകരിച്ചതെന്ന് ഡിഎംഒ ഡോ.കെ.സക്കീന പറഞ്ഞു. ക്യൂലക്സ് വിഭാഗത്തിൽപെടുന്ന കൊതുകാണ് ഈ വൈറസ് പരത്തുന്നത്.1937 ഇൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.പിന്നീട് ആഫ്രിക്ക,യൂറോപ്പ്, ഏഷ്യ മേഖലകളിൽ നിരവധിപേർക്ക് ഈ രോഗം ബാധിച്ചെങ്കിലും 1999 ഇൽ ന്യൂയോർക്ക് സിറ്റിയിൽ കണ്ടെത്തിയതിനു ശേഷമാണ് വൈറസിനെ കുറിച്ച് കൂടുതൽ പഠനം നടത്തിയത്. ഇന്ത്യയിൽ 1952 ഇൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്.കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് ഈ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും രോഗം സ്ഥിതീകരിച്ചിരുന്നില്ല.പനി,ശക്തമായ തലവേദന,ബോധക്ഷയം,അപസ്മാരം,ഛർദി എന്നിവയാണ് രോഗലക്ഷണങ്ങൾ.കൊതുകിനെ നിയന്ത്രിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം.

കാസർകോഡ് ഇരട്ടക്കൊലപാതകം;ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

keralanews one more cpm worker arrested in kasarkode double murder case

കാസർകോഡ്:പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ.കല്ല്യോട്ട് സ്വദേശി മുരളി തനിത്തോടിനെയാണ്(35) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാനായി വാഹനം ഏർപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സിപിഎം പ്രവത്തകനാണിയാൾ.കേസിലെ ഏഴാം പ്രതി ഗിരിജന്റെ അച്ഛൻ ശാസ്താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ മേസ്തിരി തൊഴിലാളിയാണ് മുരളി.ശാസ്താ ഗംഗാധരന്റെ കാറാണ് ഇയാൾ പ്രതികൾക്ക് രക്ഷപ്പെടാനായി എത്തിച്ചു നൽകിയത്. ശരത്തിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ ശേഷം എട്ടംഗ കൊലയാളി സംഘം രണ്ടായി പിരിഞ്ഞു.നാലുപേരടങ്ങിയ ഒരു സംഘം ശാസ്താ ഗംഗാധരന്റെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലേക്കും രണ്ടാമത്തെ സംഘം സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലേക്കുമാണ് പോയത്.കേസിലെ ഒന്നാം പ്രതി പീതാംബരനടക്കമുള്ള നാലംഗ സംഘമാണ് പാർട്ടി ഓഫീസിലേക്ക് പോയത്.ഇവർക്ക് സഞ്ചരിക്കാനാണ് മുരളി കാർ എത്തിച്ചത്. പിടിയിലായ മുരളിയെ ഇന്ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

keralanews the main accused in the incident of kidnaping youths arrested

കണ്ണൂർ:യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.തെക്കിബസാർ എൻജിഒ ക്വാർട്ടേഴ്സിലെ ശ്രീരാഗ് എന്ന ടിറ്റുവിനെയാണ് (20) കണ്ണൂർ ടൌൺ എസ്‌ഐ എൻ  പ്രജീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ഉദയഗിരിയിലുള്ള രണ്ട് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്.കണ്ണൂർ എസ്എൻ പാർക്കിന് അടുത്തുള്ള കവിത ടാക്കീസിന്റെ സമീപത്ത് നിന്നും പയ്യാമ്പലത്തേക്കാണ് ഇവർ യുവാക്കളെ തട്ടിക്കൊണ്ടുപോയത്.എന്നാൽ പോലീസ് വരുന്നതറിഞ്ഞ് കാറിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച രണ്ടുപേരെ പുതിയതെരുവിൽ വെച്ച് പോലീസ് പിടികൂടി. രണ്ടുപേർ പിന്നീട് അറസ്റ്റിലായി.സോഷ്യൽ മീഡിയ വഴി സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ കെണിയിൽപെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഇന്നലെ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍

keralanews the answer sheets of sslc exam conducted yesterday found on road side

കോഴിക്കോട്:വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഇന്നലെ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍.കോഴിക്കോട് ജില്ലയിലെ കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയില്‍ നിന്നും ലഭിച്ചത്.സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിൽ നിന്നും ഇതുവഴിപോയ നാട്ടകാരനാണ് ഇവ കിട്ടിയത്.കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിച്ചു. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസില്‍ നിന്നും തപാല്‍വഴി അയയ്ക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോകുമ്ബോള്‍ കെട്ട് ബൈക്കില്‍നിന്ന് വീണതാണെന്ന് കരുതുന്നു. കെട്ടുകള്‍ സീല്‍ പൊട്ടാതെ, ഒരു പോറല്‍പോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍ അറിയിച്ചു. ബുധനാഴ്ച ഉത്തരക്കടലാസുകള്‍ പോലീസ് കാവലില്‍ സ്‌കൂളില്‍ത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, താന്‍ രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് സ്‌കൂള്‍ ജീവനക്കാരന്‍ ഡിഡിഇയോട് പറഞ്ഞത്.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞു

keralanews china blocks move to declare masood azhar as global terrorist

ന്യൂഡല്‍ഹി:ജയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന വീണ്ടും തടഞ്ഞു.യുഎന്‍ രക്ഷാ സമിതിയിലാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനയുടെ തടസ്സവാദം.മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെട്ടു.മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽപെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടെ യു .എന്‍ എടുക്കാവൂ എന്നതാണ് ചൈനയുടെ നിലപാട്.ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന നേരത്തെ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.ജയ്ഷെ മുഹമ്മദ് ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫ്രാന്‍സ്, യുഎസ്, യുകെ രാജ്യങ്ങള്‍ സംയുക്തമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ നടപടികളും ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്.അതേസമയം ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു

keralanews terrorist killed army jawan in pulwama

ശ്രീനഗർ:പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു.കശ്മീര്‍ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്.വീടിന് സമീപത്ത് വച്ചാണ് സൈനികന് വെടിയേറ്റതെന്നാണ് സൂചന. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ആക്രമണത്തിന്‍റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.

എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി

keralanews the ministry of civil aviation has asked all boeing 737 max aircraft must be grounded before 4pm

ന്യൂഡൽഹി:വൈകീട്ട് നാല് മണിക്ക് മുമ്പായി ഇന്ത്യയിലെ എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നിലത്തിറക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. എത്യോപ്യയിലെ വിമാനപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് നാല് മണിക്ക് വിമാനക്കമ്പനികളുടെ യോഗവും വ്യോമയാന മന്ത്രാലയം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്പൈസ് ജെറ്റിന് പതിമൂന്ന് ബോയിങ് 737 മാക്സ് 8 വിമാനങ്ങളും,ജെറ്റ് എയര്‍വൈസിന് അഞ്ചുമാണ് ഉള്ളത്. ഇതില്‍ ജെറ്റ് എയര്‍വെയ്സിന്‍റെ വിമാനങ്ങള്‍ സാമ്പത്തിക പ്രശ്നം കാരണം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. അടിയന്തരമായി നിലത്തിറക്കണമെന്ന നിര്‍ദേശം ഇന്നലെ തന്നെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആ സമയത്ത് സ്പൈസ് ജെറ്റ് വിമാനങ്ങള്‍ പലതും യാത്രയിലായിരുന്നു. അതിനാല്‍ നാലുമണിക്ക് ഉള്ളില്‍ നിര്‍ദേശം നടപ്പാക്കാനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.നിര്‍ദേശത്തിന് പിന്നാലെ ഫ്ലൈറ്റുകള്‍ റദ്ദാക്കിയതായുള്ള വിവരം സ്പൈസ് ജെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ മുഴുവന്‍ പണവും നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

തിരുവനന്തപുരം നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

keralanews the dead body of youth who were kidnapped found in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം  തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്.രമന-കളിയക്കാവിള ദേശീയപാതയില്‍ കൈമനത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെയാണ്‌ അനന്തുവിനെ ഒരു സംഘം തട്ടികൊണ്ടുപോയത്‌.ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ തടഞ്ഞുനിര്‍ത്തിയാണ്‌ തട്ടികൊണ്ടുപോയത്‌.അനന്ദുവിന്റെ ഫോണിലേയ്ക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരം മനസിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കുകയായിരുന്നു.അനന്തു ഗിരീഷിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ പാടുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു കൈയിലേയും ഞരമ്ബുകള്‍ മുറിഞ്ഞ നിലയിലാണ്.കഴിഞ്ഞ ദിവസം കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായതായി പറയുന്നു. ഇതാകാം അക്രമത്തിന് പിന്നിലെന്നാണ് സൂചന.

ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് ആക്ടിവിസ്റ്റ്

keralanews pakistani activists claim that hundreds of terrorists have been killed in indias attack in balakot

വാഷിങ്ടണ്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ്. പാക് അധീന കശ്മീര്‍ സ്വദേശിയായ സെന്‍ജെ ഹസ്‌നാന്‍ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അമേരിക്കയിലുള്ള സെന്‍ജെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അനവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും സെന്‍ജെ ഹസ്‌നാന്‍ സെറിങ് അവകാശപ്പെട്ടു. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നു.വ്യോമാക്രമണം നടന്ന സ്ഥലത്തേക്ക് ഇതുവരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കോ പ്രാദേശിക മാദ്ധ്യമങ്ങള്‍ക്കോ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടില്ല. അവര്‍ കള്ളം പറഞ്ഞതിനാണ് മാധ്യമങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്ത എന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ അനുവദിക്കാത്തതിനല്‍ ന്യായീകരണമില്ലെന്നും സെന്‍ജെ സെറിംഗ് പറഞ്ഞു.കൂടാതെ ഇതിനൊക്കെ തെളിവായി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട എല്ലാ ഭീകരര്‍ക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനിക ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ച്‌ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലശ്ശേരിയിൽ ഡ്യൂട്ടിക്കിടെ സിവിൽ പോലീസ് ഓഫീസർക്ക് സൂര്യാഘാതമേറ്റു

keralanews civil police officer affected with sunburn during duty in thalasseri

തലശ്ശേരി:തലശ്ശേരിയിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ സിവിൽ പോലീസ് ഓഫീസർക്ക് സൂര്യാഘാതമേറ്റു.തലശ്ശേരി ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ  കൊടോളിപ്രത്തെ പി.പി സനീഷിനാണ് സൂര്യതാപമേറ്റത്.തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ സനീഷ് അവശനിലയിലായതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.ഞായറാഴ്ച പകൽ മുഴുവൻ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സനീഷിന് രാത്രിയിൽ വീട്ടിലെത്തിയപ്പോൾ മുതൽ ശരീരമാസകലം പൊള്ളലും ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു.തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ അസ്വസ്ഥത കൂടിയതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്.പരിശോധന നടത്തിയ ഡോക്റ്റർമാരാണ് സൂര്യതാപമേറ്റതാണെന്ന് കണ്ടെത്തിയത്.